Image

വേനലില്‍ ഒരു മഴ (റീനി മമ്പലം )

റീനി മമ്പലം (reenimambalam@gmail.com) Published on 20 November, 2012
വേനലില്‍ ഒരു മഴ (റീനി മമ്പലം )
വിഷയം അവതരിപ്പിച്ചപ്പോള്‍ നീതുവിന്‌ രണ്ടാമതൊരിക്കല്‍ക്കൂടി അമ്മയെ നിര്‍ബന്ധിക്കേണ്ടിവന്നില്ല. അമ്മ മൗനം പാലിക്കുന്നതും `അച്ഛനെ തനിച്ചാക്കി എങ്ങനെ ഇത്രനാള്‍ നിന്റെ കൂടെ വന്നു നില്‌ക്കും, നീ ഇങ്ങോട്ട്‌ വരുന്നതല്ലേ എല്ലാവര്‍ക്കും സൗകര്യം ' എന്നീ മുടന്തന്‍ ന്യായങ്ങള്‍ പുറത്തെടുക്കാതിരുന്നതും പ്രത്യേകം ശ്രദ്ധിച്ചു. തന്നെയുമല്ല `അച്ഛന്‍ രണ്ടുമൂന്നു മാസത്തേക്ക്‌ വിശാലിന്റെ വീട്ടില്‍ താമസിക്കുന്നതുകൊണ്ട്‌ കുഴപ്പമൊന്നുമില്ല' എന്ന്‌ നീതുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അമ്മതന്നെ പറയുകയും ചെയ്‌തു.

കൊച്ചുമോളുടെ മുറിയിലാണ്‌ മാലിനി ഉറങ്ങിയത്‌. ചുറ്റുമുള്ള ലോകം നിശ്ശബ്ദത പുതച്ചുറങ്ങുന്നു. യാത്രാക്ഷീണം കൊണ്ടാവും സ്ഥലകാലബോധം വരുവാന്‍ കുറച്ചു സമയം എടുത്തു. അടുക്കളയില്‍ നിന്ന്‌ റെഫ്രിജറേറ്ററിന്റെ മൂളല്‍ മാത്രം. ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്ന്‌ തോന്നി. ഭര്‍ത്താവിനെ ഉണര്‍ത്തി ചായ കൊടുക്കുന്ന പതിവിലേക്ക്‌ ചിന്തകള്‍ ഇറങ്ങി. പിടിച്ചുപറിക്കാന്‍ പാല്‍ക്കാരനും പത്രക്കാരനും ഇല്ലാത്ത ഈ സമയം മാലിനിയുടേതാണ്‌, മാലിനിയുടേതു മാത്രം. എന്നിട്ടും `മാലിനി' അല്ലെങ്കില്‍ `ചേച്ചി' എന്ന പരിചിതമായൊരു വിളിക്കു വേണ്ടി അറിയാതെ കാതോര്‍ത്തു. ചുവരിലെ ക്ലോക്കിന്റെ സൂചി മന്തുകാല്‍ വലിച്ചുവെച്ച്‌ മുന്നോട്ട്‌ നീങ്ങുന്നത്‌ നോക്കിക്കിടന്ന്‌ ബോറടിച്ചപ്പോള്‍ മാലിനി എഴുന്നേറ്റ്‌ പെട്ടിയില്‍നിന്നും പുസ്‌തകമെടുത്ത്‌ വായിച്ചു തുടങ്ങി.

അടുത്ത മുറിയില്‍ താരയുടെ ചിണുക്കം. പിന്നെ ബാത്ത്‌റൂമില്‍ ആളനക്കം. തുറന്ന കതകിനോടൊപ്പം വന്ന വെളിച്ചത്തില്‍ നീതുവിന്റെ വീര്‍ത്തവയറും അകത്തേക്ക്‌ വരുവാന്‍ ശ്രമിക്കുന്നു.

`അമ്മ നേരത്തെ ഉണര്‍ന്നുവല്ലേ, സമയത്തിന്റെ വ്യത്യാസം ശരിയാവാന്‍ കുറച്ചുദിവസം എടുക്കും'. നീതു മാലിനിയെ ചാരി കട്ടിലില്‍ ഇരുന്നു.

അവളുടെ മുറിയിലുറങ്ങിയ മുത്തശ്ശിയോട്‌ എന്തുപറയണമെന്നറിയാതെ താര വാതിലിനരികില്‍ മാലിനിയെ നോക്കി നിന്നു. മമ്മിയുടെ ശ്രദ്ധയെല്ലാം തനിക്കുമാത്രം അവകാശപ്പെട്ടതെന്ന്‌ വിശ്വസിക്കുന്ന താര മാലിനിയെ തള്ളിമാറ്റി നീതുവിന്റെ `സ്‌റ്റ്രെച്ച്‌ മാര്‍ക്കുകളുള്ള' വലിയ വയറിലേക്ക്‌ ചൂണ്ടി `ബേബി' യെ കാട്ടിക്കൊടുത്തു. മാലിനി താരയെ ചേര്‍ത്തുനിര്‍ത്തി അവളുടെ തലയില്‍ തലോടി.

പിന്നീട്‌ അവള്‍ കളിപ്പാട്ടങ്ങളുമായി കളിയാരംഭിച്ചു. പെട്ടെന്ന്‌ തന്റെ മുറി എന്നേക്കുമായി നഷ്ടപ്പെട്ടുപോകുമോ എന്ന്‌ ഭയന്നിട്ടാവണം `വെന്‍ ആര്‍ യു ഗോയിങ്ങ്‌ ബാക്ക്‌' എന്ന ചോദ്യം മാലിനിക്ക്‌ നേരെ എറിഞ്ഞു.

`ഞാന്‍' `എനിക്കു മാത്രം', `എന്റെ മാത്രം ' എന്ന്‌ ചിന്തിക്കുന്നുവെന്ന്‌ കേട്ടിട്ടുള്ള അമേരിക്കന്‍ സംസ്‌കാരം ഇത്ര ചെറുപ്പത്തില്‍ത്തന്നെ അവള്‍ക്ക്‌ കിട്ടിയോ എന്ന്‌ മാലിനി അത്ഭുതപ്പെട്ടു.

`സോറി അമ്മേ, അവള്‍ വളരെ പൊസ്സസീവ്‌ ആണ്‌, തനിയെ വളര്‍ന്നതല്ലെ ഒന്നും ഷെയര്‍ ചെയ്യുവാനറിയില്ല.'

`താരേ, ബി നൈസ്‌ റ്റു മുത്തശ്ശി. ഷി വില്‍ പ്ലേ വിത്ത്‌ യു' അവള്‍ താരയോടായി പറഞ്ഞു.

`അമ്മേ, അടുത്ത രണ്ടുമൂന്ന്‌ ദിവസം ഞാന്‍ അവധിയെടുത്തു. അമ്മക്ക്‌ എല്ലാം പരിചയമായി വരണമല്ലോ. അപ്പോഴേക്കും താര അമ്മയുമായി അടുക്കുകയും ചെയ്യും. ഇനിയിപ്പോള്‍ അവള്‍ ഡേകെയറില്‍ പോകേണ്ട, ഇവിടെ നിന്നാല്‍ അമ്മക്ക്‌ കൂട്ടാവുമല്ലോ'

ചായപ്പൊടിയും പഞ്ചസാരയും കപ്പും ഗ്യാസ്‌ സ്റ്റൗവ്വും ഷവറുമെല്ലാം നീതു അമ്മക്ക്‌ കാണിച്ചുകൊടുത്തു. താര മാലിനിയെ സ്‌കൈപ്പിലൂടെ പലവട്ടം കണ്ടിട്ടുണ്ട്‌. എങ്കിലും കമ്പ്യൂട്ടര്‍ സ്‌ക്രീനിനുപുറത്ത്‌ കാണുന്ന മുത്തശ്ശിയെ അത്ര പെട്ടന്ന്‌ സ്വീകരിക്കുവാന്‍ വിഷമിക്കുന്നതുപോലെ. വൈകുന്നേരം അപ്പാര്‍ട്ട്‌മെന്റ്‌ കോംപ്ലെക്‌സിലെ അസേലിയപ്പൂക്കളുടെ ഭംഗിയാസ്വദിച്ച്‌ അവര്‍ നടന്നു. താരയപ്പോഴേക്കും മാലിനിയോടടുക്കുകയും കൈകോര്‍ത്ത്‌ നടക്കുകയും ചെയ്‌തു. അവളുടെ സ്‌റ്റോറി ബുക്കിലും കാര്‍ട്ടൂണിലും കാണുന്ന `ഗ്രാനി'യെപ്പോലെ ഒരു മുത്തശ്ശിക്ക്‌ ചേര്‍ന്ന വിധം മാലിനിക്കെന്തേ ചുക്കിച്ചുളിഞ്ഞ തൊലിയും വെള്ളിമുടിയും ഇല്ലാത്തതെന്ന്‌ മമ്മിയോട്‌ മാലിനി കേള്‍ക്കാത്തവിധം ചെവിയില്‍ ചോദിച്ചു. `ഐയാം ഗോയിങ്ങ്‌ റ്റു കോള്‍ ഹെര്‍ അമ്മ, ഷി ഡസിന്റ്‌ ലുക്ക്‌ ലൈക്ക്‌ എ ഗ്രാനി'.

`അമ്മെ, ഇതെന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാ. പേര്‌ സന്ധ്യ. ഇവിടെ അടുത്തുതന്നെ താമസം. ഇത്‌ സന്ധ്യയുടെ മോന്‍ ദീപക്ക്‌'. പാര്‍ക്കിനടുത്തെത്തിയപ്പോള്‍ കണ്ട കൂട്ടുകാരിയെ നീതു പരിചയപ്പെടുത്തി.

`കണ്ടാല്‍ നിന്റെ മൂത്ത ചേച്ചിയാണെന്നേ തോന്നു.' തമാശ പറയുമ്പോലെ അവള്‍ കണ്ണിറുക്കി. നിങ്ങളെ രണ്ടാളെയും ഒരു ദിവസത്തേക്ക്‌ വെറുതെ വിടാമെന്ന്‌ കരുതി. ആല്ലെങ്കില്‍ ഞാന്‍ ഓടി എത്തുമായിരുന്നു. ഇനിയിപ്പോള്‍ നല്ലൊരു കേരള ഊണിന്‌ ഇടിച്ചുകയറുവാന്‍ ഒരു സ്ഥലമായല്ലോ. താരയും ദീപക്കും പാര്‍ക്കിലെ ഊഞ്ഞാലില്‍ ആടുവാന്‍ തുടങ്ങിയിരുന്നു.

`നല്ല കുട്ടി, എന്തുകൊണ്ടൊ സന്ധ്യയോട്‌ ഒരിഷ്ടം തോന്നുന്നു.' തിരികെ പോകുംവഴി മനസ്സില്‍ തോന്നിയത്‌ മാലിനി പറഞ്ഞു.

`പിന്നെ അമ്മയുടെ ഇഷ്ടവും സ്‌നേഹവും ഒന്നും ഇപ്പോള്‍ ആരുമായി ഷെയര്‍ ചെയ്യേണ്ട' അവള്‍ കുറുമ്പു കാട്ടി.

`അവളുടെ അമ്മ കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ മരിച്ചു. സഹോദരങ്ങള്‍ ആരുമില്ല. അഛന്‍ മാത്രമേയുള്ളു, അഛന്‍ കുറെക്കാലമായി ഇവിടെ സന്ധ്യയുടെ അടുത്തുണ്ട്‌'.

തന്റെ ചെറുപ്പത്തില്‍ മരിച്ചുപോയ അമ്മയെക്കുറിച്ച്‌ മാലിനി ഒരുനിമിഷം ചിന്തിച്ചു. ചെറിയമ്മയുടെ സ്‌നേഹം മഞ്ഞിന്റെ മരവിപ്പും അഗ്‌നിയുടെ പൊള്ളലുമേകിയിരുന്നു. അതുകൊണ്ടാവണം ചെറുപ്പത്തില്‍ത്തന്നെ അഛന്‍ അവളെ വിവാഹജീവിതത്തിന്റെ ഭദ്രതയിലേക്ക്‌ കയറ്റിവിട്ടത്‌.

`ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്‌ ഒരു അഛന്റെ സ്‌നേഹവും വാത്സല്യവും അഛന്‍ കാട്ടുന്നില്ലല്ലോ എന്ന്‌. അഛന്‌ എപ്പോഴും ബിസിനെസ്സിന്റെ തിരക്ക്‌ തന്നെ. സന്ധ്യയോടെനിക്ക്‌ ചിലപ്പോള്‍ അയൂയ തോന്നാറുണ്ട്‌ അവളുടെ അഛന്റെ അവളോടുള്ള കരുതലും സ്‌നേഹവും കാണുമ്പോള്‍. എനിക്കും എന്തോ അങ്കിളിനോട്‌ അഛനോടുള്ളതുപോലൊരു അടുപ്പമാണ്‌.'

`നിന്നോട്‌ സ്‌നേഹം ഇല്ലാഞ്ഞിട്ടല്ല നീതു. അതു കാണിക്കുവാന്‍ അഛന്‌ അറിയില്ല എന്നു മാത്രം. സ്‌നേഹമില്ലായിരുന്നെങ്കില്‍ രണ്ടു മൂന്നു മാസത്തേക്ക്‌ എന്നെ ഇങ്ങോട്ടു വിടുമായിരുന്നോ? കുടുംബത്തിനുവേണ്ടി എത്ര ചെലവാക്കിയും എന്തും ചെയ്യും. പക്ഷെ സ്‌നേഹവും വാത്സല്യവുമൊന്നും പ്രകടിപ്പിക്കുവാന്‍ അഛനോട്‌ പറയരുതെന്ന്‌ മാത്രം.'

ഫലിതം കേട്ടതുപോലെ രണ്ടാളും കുലുങ്ങിചിരിച്ചു. നീതു വലിയ വയറുമായി ഏന്തി നടന്നു. അവളുടെ പ്രസവ സമയം അടുത്തുവരുന്നു.

`കുഞ്ഞ്‌ ഉണ്ടായിക്കഴിഞ്ഞ്‌ അമ്മ ഇവിടെ കുറച്ചുമാസങ്ങള്‍ നില്‍ക്കു. അപ്പോഴേക്കും അഛനെയും ഇങ്ങോട്ടുകൊണ്ടുവരാം. അമേരിക്കയൊക്കെ കണ്ടിട്ട്‌ നിങ്ങള്‍ രണ്ടാളും തിരികെ പൊയ്‌ക്കോളു' മാലിനി വരുംമുന്‍പുതന്നെ നീതുവിന്‌ പല ആലോചനകളായിരുന്നു.

താര നന്നായി ഇണങ്ങിക്കഴിഞ്ഞിരുന്നു. ഒറ്റക്ക്‌ പുറത്ത്‌ പോകുവാനുള്ള ധൈര്യം മാലിനിക്ക്‌ വരുന്നില്ല. അമേരിക്കന്‍ സായിപ്പിന്റെ വഴുവഴുത്ത ഇംഗ്‌ളീഷ്‌ ഉച്ചാരണം അവള്‍ക്കൊട്ട്‌ മനസ്സിലാവുന്നുമില്ല. പാര്‍ക്കില്‍ പോകാമെന്ന്‌ പറഞ്ഞ്‌ താര മാലിനിയെ പിടിച്ചിറക്കുകയായിരുന്നു.

പാര്‍ക്കിന്റെ പച്ചപ്പും ഊഞ്ഞാലും പൂഴിമണലും ആരെയാണ്‌ ബാല്യത്തിന്റെ പടവുകള്‍ ഇറക്കാത്തത്‌?

മാലിനി ഊഞ്ഞാലിലാടി. വായുവിലേക്ക്‌ ഉയര്‍ന്ന്‌ ആടിയപ്പോള്‍ മനസ്സും ലാഘവമായി. അവളൊരു മലയാളം സിനിമാഗാനം അറിയാതെ പാടി.

`നന്നായി പാടി. പരിചയപ്പെടാമെന്ന്‌ കരുതി.'

തിരിഞ്ഞ്‌ നോക്കിയപ്പോള്‍ പുറകില്‍ ഒരപരിചിതന്‍. താന്‍ സ്വയം മറന്ന്‌ പാടുകയായിരുന്നു.

`നീതുവിന്റെ അമ്മയാണല്ലേ? വന്നുവെന്ന്‌ കേട്ടു. വന്നു കാണുവാന്‍ തരപ്പെട്ടില്ല ഇതുവരെ'

അടുത്തുതന്നെ സാന്‍ഡ്‌ബോക്‌സില്‍ കളിക്കുന്ന ദീപക്കിനെ അപ്പോളാണ്‌ മാലിനി കാണുന്നത്‌.

`സോറി, ഞാന്‍ പരിചയപ്പെടുത്തുവാന്‍ മറന്നു, പാട്ടുകേട്ടതിന്റെ എക്‌സൈറ്റ്‌മെന്റിലാവണം. ഞാന്‍ സന്ധ്യയുടെ അഛനാണ്‌, ശേഖര്‍. നിങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടുവെന്ന്‌ സന്ധ്യ പറഞ്ഞു.'

ശാന്തമായ സംഭാഷണം, സൗമ്യമായ മുഖം, ദീക്ഷ വളര്‍ത്തിയിരിക്കുന്നു. നീതു അമേരിക്കയില്‍ കണ്ടെത്തിയ, അഛന്‌ തുല്യനായ അയാളെ നോക്കി അവള്‍ ജാള്യതയോടെ നിന്നു.

`ഞാനും അല്‍പ്പം പാടും. അതിലേറെ പാട്ട്‌ ആസ്വദിക്കും. കവിതയും എഴുതും.'

ഒരാണും പെണ്ണും തമ്മിലുള്ള ഒരു സാധാരണ പരിചയപ്പെടല്‍. അയാളുടെ കണ്ണില്‍ കവിത ഉറഞ്ഞു കിടക്കുന്നത്‌ അവള്‍ കണ്ടു. അവളുടെ കണ്ണില്‍ സംഗീതം തിരയടിക്കുന്നത്‌ അയാളും കണ്ടു.

മാലിനി ഭര്‍ത്താവിനോട്‌ മിക്കവാറും രാത്രികളില്‍ സംസാരിച്ചു. ഫോണ്‍ കമ്പനിക്കാര്‍ ഭൂഖണ്ഡങ്ങളുടെ വിടവ്‌ കുറച്ചു. സ്‌കൈപ്പിലൂടെ കണ്ടപ്പോള്‍ അയാളുടെ മുടിവെട്ടുവാന്‍ സമയമായെന്ന്‌ ഓര്‍മ്മിപ്പിച്ചു. അയാളെ ``മിസ്‌' ചെയ്യുന്നുവെന്ന്‌ അവളറിയിച്ചു. അത്‌ കേള്‍ക്കുമ്പോള്‍ അയാളുടെ മുഖത്ത്‌ വിരിഞ്ഞേക്കാവുന്ന പുഞ്ചിരി മനസില്‍ കണ്ടു. സ്വതവേ ഗൗരവക്കാരനായ ഭര്‍ത്താവ്‌ ഒരു പക്ഷെ ആ പുഞ്ചിരിയെ അടിച്ചോടിച്ചുണ്ടാവുമെന്ന്‌ ചിന്തിച്ചപ്പോള്‍ അവള്‍ക്ക്‌ ചിരി വന്നു.

മാലിനിയും ശേഖറും പാര്‍ക്കില്‍ വെച്ച്‌ വീണ്ടും കണ്ടു. പേരക്കുട്ടികള്‍ കളിക്കുന്നത്‌ നോക്കി അവര്‍ പരിചയത്തിന്റെ പടവുകളില്‍ ഇരുന്നു. സാഹചര്യങ്ങള്‍ അനുവദിച്ചപ്പോള്‍ അവളോട്‌ തന്റെ പ്രിയപ്പെട്ട പാട്ടുകള്‍ പാടുവാന്‍ അയാള്‍ ആവശ്യപ്പെട്ടു. അവള്‍ക്ക്‌ അയാളോട്‌ ആരാധന തോന്നുംവിധം അവള്‍ വായിച്ച ബുക്കുകളെക്കുറിച്ചും അവളുടെ വായനാശീലത്തെക്കുറിച്ചും മതിപ്പോടെ സംസാരിച്ചു. സായിപ്പിന്റെ നാട്ടില്‍ മലയാളത്തില്‍ സംസാരിക്കാന്‍ ഒരാളെ കിട്ടിയത്‌ അവര്‍ക്കിരുവര്‍ക്കും സന്തോഷമായി. സന്ധ്യയെയും കുടുംബത്തിനെയും ഊണിന്‌ വിളിച്ചപ്പോള്‍ മാലിനിയുടെ കൈപ്പുണ്യത്തെക്കുറിച്ച്‌ പ്രശംസിച്ചു. തനിക്ക്‌ ധാരാളം ശ്രദ്ധ തരുന്ന ഒരാളെ ഏതൊരു സ്‌ത്രീയാണ്‌ ഇഷ്ടപ്പെടാത്തത്‌?

അയാളോട്‌ തോന്നിത്തുടങ്ങിയ പേരില്ലാത്തൊരു വികാരം അവളെ പരിഭ്രമിപ്പിച്ചു. അവളുടെ മുഖം ചുവക്കുകയും പരിഭ്രമം കരണംമറിഞ്ഞ്‌ ഒരു മൂളിപ്പാട്ടായി മാറുകയും ചെയ്‌തു. താരനിബിഡമായ തണുപ്പുള്ള രാത്രിയില്‍ തീ കായുന്നതുപോലെ സുഖകരമായൊരു അനുഭൂതി. തീയില്‍ തൊട്ടാല്‍ പൊള്ളുമെന്നറിയാം, പുക കാഴ്‌ചയെ മറയ്‌ക്കുമെന്നറിയാം.

വൈകാതെ നീതുവിന്‌ ഒരു സര്‍പ്രൈസ്‌ *`ബേബി ഷവര്‍' കൊടുക്കണമെന്നത്‌ സന്ധ്യയുടെ ഐഡിയ ആയിരുന്നു. അവള്‍ക്ക്‌ ജോലിയില്‍ തിരക്കായതിനാല്‍ അഛന്‍ എല്ലാം ഓര്‍ഗനൈസ്‌ ചെയ്യുവാന്‍ സഹായിക്കുമെന്ന്‌ സന്ധ്യ മാലിനിയെ അറിയിച്ചു.

`സ്‌റ്റോര്‍ക്ക്‌' എന്ന പക്ഷി കുഞ്ഞിനെ തുണിസഞ്ചിയിലിട്ട്‌ തന്റെ കൊക്കിലാക്കി അമ്മമാര്‍ക്ക്‌ കൊടുക്കുന്നുവെന്ന അമേരിക്കന്‍ ഐതീഹ്യകഥ ഒരു മുത്തശ്ശന്റെ വാത്സല്ല്യത്തോടെ ശേഖര്‍ താരക്കും ദീപക്കിനും പറഞ്ഞുകൊടുത്തു. അവരുടെ കുഞ്ഞുകുഞ്ഞു സംശയങ്ങള്‍ക്ക്‌ ക്ഷമയോടെ മറുപടികൊടുത്തു. ഒരു അഛന്റെ ഉത്സാഹത്തോടെ ബേബി ഷവറിന്‌ വേണ്ട ഷോപ്പിങ്ങ്‌ പട്ടണത്തിലെ തെരുവുകളില്‍ നടത്തി. സഹായത്തിന്‌ മാലിനിയെ വിളിച്ചു. ബേക്കറിയില്‍ അവര്‍ കേക്ക്‌ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മാലിനിയോട്‌ അഭിപ്രായം ചോദിക്കുകയും പേരക്കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള ഡിസൈന്‍ തിരഞ്ഞെടുക്കുകയും ചെയ്‌തു. നീതുവില്‍ നിന്നും ഒരുക്കങ്ങള്‍ രഹസ്യമായി വെക്കുന്നതിന്‌ `സര്‍പ്രൈസ്‌' എന്ന വാക്കിനര്‍ത്ഥം പേരക്കുട്ടികള്‍ക്ക്‌ മനസിലാക്കിക്കൊടുത്തു. സന്ധ്യയുടെ വീട്ടിലാണ്‌ ബേബി ഷവര്‍ നടത്തുവാന്‍ നിശ്ചയിച്ചത്‌. രണ്ടുമൂന്നു ദിവസം ഏറെ നേരം ഒരുമിച്ച്‌ ചെലവഴിച്ചപ്പോള്‍ ഒരാള്‍ മറ്റെയാളുടെ സാമിപ്യം ഇഷ്ടപ്പെടുന്നുവെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു.

അഛനോട്‌ സംസാരിച്ചിട്ട്‌ രണ്ടുമൂന്ന്‌ ദിവസമായെന്നും സ്‌കൈപ്പില്‍ കണ്ടിട്ട്‌ ഒരാഴ്‌ച ആയെന്നും നീതു ഓര്‍മ്മിപ്പിച്ചപ്പോള്‍ മാലിനിയുടെ ഉള്ളിലൊരു നടുക്കം ഉണ്ടായി. ബേബി ഷവറിന്റെ ഒരുക്കങ്ങള്‍ കൊണ്ട്‌ തിരക്കിലായിരുന്നുവല്ലൊ എന്ന്‌ സ്വയം സമാധാനിച്ചു.

ഭര്‍ത്താവിനെ സ്‌കൈപ്പ്‌ ചെയ്യുമ്പോള്‍ മാലിനി എന്തിനെക്കുറിച്ചോ വാചാലയായിരുന്നു. അയാള്‍ക്കാകട്ടെ അതൊന്നും കേള്‍ക്കുവാനുള്ള ക്ഷമയില്ലായിരുന്നു. ഏതോ നിസാരകാര്യത്തിന്‌ അയാളുമായി വഴക്കിടുകയും ചെയ്‌തു. അയാള്‍ക്ക്‌ തന്നെ മനസിലാവുന്നില്ലല്ലോ എന്ന്‌ അവള്‍ ഖേദത്തോടെ ഓര്‍ത്തു. ഒരു പ്രായം കഴിഞ്ഞാല്‍ പരസ്‌പരം വിവാഹിതരായിരിക്കുന്നവരുടെ കാര്യങ്ങള്‍ ഇങ്ങനെയാണ്‌. അന്യോന്യം ദാനം കിട്ടിയൊരു മനോഭാവമാണ്‌. ക്ലാവെടുത്തിരിക്കുന്ന നല്ല വാക്കുകള്‍ പുറത്തെടൂത്ത്‌ പ്രീതിപ്പിക്കേണ്ടതില്ല എന്ന്‌ പരസ്‌പരധാരണയുള്ളതുപോലെ.

പിറക്കാനിരിക്കുന്ന കുഞ്ഞിനായി ഉടുപ്പുകളും കളിപ്പാട്ടങ്ങളും ബേബിയ്‌ക്ക്‌ ആവശ്യമുള്ള മറ്റ്‌ സാധനങ്ങളുമായി ബേബിഷവറില്‍ പങ്കെടുക്കുവാന്‍ നീതുവിന്റെ സുഹൃത്തുക്കള്‍ എത്തി. ആണ്‍ കുട്ടിയാണന്ന്‌ അറിയാവുന്നതുകൊണ്ട്‌ ഉടുപ്പുകളുടെ നിറം നീലയോ മഞ്ഞയോ ആയിരുന്നു. താര അവള്‍ക്കുവേണ്ടി തിരഞ്ഞെടുക്കുന്ന ഉടുപ്പുകള്‍ അധികവുംപിങ്കാണ്‌.നിറങ്ങളെ ആണും പെണ്ണുമായി തരംതിരിക്കുന്നതിനെക്കുറിച്ച്‌ മാലിനി എന്തോ പറഞ്ഞപ്പോള്‍ വലിയൊരു താമാശകേട്ട മട്ടില്‍ ശേഖര്‍ പൊട്ടിച്ചിരിച്ചു. അധികം പരിചയമില്ലാത്തവര്‍ ശേഖര്‍ നീതുവിന്റെ അഛനാണോ എന്നുപോലും ചോദിച്ചു. തിരക്കൊഴിഞ്ഞപ്പോള്‍ ഒരു പ്രണയഗാനം പാറിവന്ന്‌ മാലിനിയുടെ ചുണ്ടിലിരുന്നു. പേരില്ലാത്ത വികാരം അവളെ പൊതിഞ്ഞു. കനത്ത ജനാലക്കര്‍ട്ടനിലൂടെ കയറിവരുവാന്‍ ശ്രമിച്ച നിലാവ്‌ നിരാശയോടെ മടങ്ങിപ്പോവുന്നു. മാലിനി കര്‍ട്ടന്‍ മാറ്റി ജനാലകള്‍ തുറന്നിട്ടു. മുറിയിലേക്ക്‌ കടന്നു വന്ന നിലാവിന്‌ പ്രണയഭാവമായിരുന്നു. പുറത്ത്‌ നിഴലുകള്‍ നൃത്തമാടി. മനസ്സ്‌ പ്രണയാതുരമായി.

താരയും ദീപക്കും `സ്‌റ്റോര്‍ക്ക്‌' എന്ന പക്ഷി കുഞ്ഞിനെ ഒരു തുണിസഞ്ചിയില്‍ തന്റെ കൊക്കിലാക്കി പറന്നുവരുന്നതും കാത്തിരുന്നു

കുഞ്ഞുപിറന്നപ്പോള്‍ ശേഖര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. `ഇയാള്‍ നിങ്ങളുടെ ഭര്‍ത്താവാണോ?' എന്ന, കഥയറിയാത്ത, നേര്‍സ്‌ഴിന്റെ ചോദ്യത്തില്‍ മാലിനി ചിരിച്ചു.

നീതു ആശുപത്രിയില്‍ നിന്ന്‌ വീട്ടില്‍ എത്തിയിരുന്നില്ല. നീതുവിന്റെ ഭര്‍ത്താവ്‌ അവള്‍ക്ക്‌ കൂട്ടായി ആശുപത്രിയില്‍ ആയിരുന്നു. ശേഖറായിരുന്നു മാലിനിയെ വീട്ടില്‍ കൊണ്ടുവിട്ടത്‌. വീട്ടില്‍ വന്നപാടെ താരയും ദീപക്കും കളിപ്പാട്ടങ്ങള്‍ തേടി ബെഡ്‌റൂമിലേക്കോടി.

മാലിനി ഉണ്ടാക്കിയ ചായകുടിക്കുമ്പോള്‍ അടുക്കളയില്‍ അവര്‍ തനിയെ ആയിരുന്നു. അയാളുടെ വാക്കുകള്‍ കുടുതല്‍ ആര്‍ദ്രമാവുന്നതും കണ്ണുകളുടെ ആഴങ്ങളില്‍ എന്തൊക്കെയോ ഒളിപ്പിച്ചുവെച്ചിരിക്കുന്നതും അവളറിഞ്ഞു. അയാളുടെ സംസാരത്തില്‍ വിറയല്‍. മുഖത്ത്‌ സംഭ്രമം. വാക്കുകള്‍ പരതി.

`മാലിനി, ഞാനിപ്പോള്‍ പറയുവാന്‍ ശ്രമിക്കുന്നത്‌ ശരിയല്ലെന്നെനിക്കറിയാം. പറയാതിരിക്കാനും എനിക്കാവില്ല. സതി, അതായിരുന്നു എന്റെ ഭാര്യയുടെ പേര്‌. സതിയുടെ മരണശേഷം എനിക്ക്‌ ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്ന്‌ ആദ്യമായി തോന്നുന്നു. ആ പങ്കാളി നിങ്ങളായിരുന്നെങ്കില്‍ എന്നും ആശിച്ചു പോവുന്നു, അത്‌ തെറ്റാണന്ന്‌ അറിയാമെങ്കിലും. അടുത്തുണ്ടെങ്കിലും എനിക്ക്‌ നിങ്ങള്‍ എത്രോ അകലത്തിലാണ്‌. ഒരു നിമിഷത്തേക്കെങ്കിലും നിങ്ങളെ എനിക്കൊന്ന്‌ ചേര്‍ത്തുനിര്‍ത്തണം. ഇതിനെ സ്വാര്‍ഥതയെന്നോ ബുദ്ധിഹീനതയെന്നോ എന്തെങ്കിലും നിങ്ങള്‍ വിളിച്ചോളു. തിരുത്താനാവാത്ത ഈ തെറ്റിനെ സ്‌നേഹമെന്ന്‌ ഞാന്‍ വിളിക്കും.' അയാള്‍ അവളെ ഗാഢമായി പുണര്‍ന്നു. ഒരു മക്കള്‍ക്കും പൊറുക്കുവാനാവാത്ത തെറ്റില്‍ അവര്‍ ലയിച്ചുനിന്നു. `ഈ നിമിഷം ഒരു നിയോഗമാണ്‌. ഈ കഥ പണ്ടേ നമുക്കായി എഴുതിയതാണ്‌' ശേഖര്‍ പിറുപിറുത്തു. അവളുടെ പിന്‍കഴുത്തിലെ പ്രണയനരമ്പുകള്‍ തുടിച്ചു. ജാലകത്തിലൂടെ കയറിവന്ന കാറ്റ്‌ പ്രണയത്തോടെ തഴുകി. അവള്‍ ആ പ്രണയത്തിലേക്ക്‌ കണ്ണുകള്‍ കൂമ്പി നിന്നു.

പ്രണയം അവസരോചിതമില്ലാത്ത കള്ളനാണ്‌. എന്താണ്‌ മോഷ്ടിക്കേണ്ടതെന്ന്‌ അറിയാം, എപ്പോഴാണ്‌ മോഷ്ടിക്കേണ്ടതെന്ന്‌ അറിയില്ല. എല്ലാ നിയന്ത്രണങ്ങളും വിട്ട്‌ മനസ്സാകെ അലങ്കോലമാക്കിയിട്ട്‌ ഇറങ്ങിപ്പോവും.

`അമ്മാ, റ്റോയി വര്‍ക്ക്‌ ചെയ്യുന്നില്ല' താര കളിപ്പാട്ടത്തിനെക്കുറിച്ച്‌ പരാതിപ്പെട്ട്‌ അടുക്കളയിലേക്ക്‌ ഓടിവന്നു.

നീതു തിരികെ വീട്ടിലെത്തി. നീതുവിന്റെയും കുട്ടിയുടെയും കാര്യങ്ങള്‍ നോക്കി മാലിനി തിരക്കിലായിരുന്നു. സന്ധ്യയും അഛനും പലതവണ നീതുവിനെ കാണുവാന്‍ വന്നു. പേരക്കുട്ടികളുമായി അമ്മയും ശേഖറും പാര്‍ക്കിലേക്ക്‌ നടന്നകലുന്നത്‌ നീതു ജനാലയിലൂടെ നോക്കിനിന്നു. ഈയിടെയായി അഛനെ വിളിക്കുവാന്‍ അമ്മയെ ഓര്‍മ്മിപ്പിക്കേണ്ടിവരുന്നു.

`സൂക്ഷിച്ച്‌, വേദനിക്കരുത്‌'. സാന്‍ഡ്‌ബോക്‌സില്‍ പൂഴിമണ്‌ണ്‍ അന്യോന്യം വാരിയെറിഞ്ഞ്‌ കളിക്കുന്ന പേരക്കുട്ടികളോട്‌ മാലിനി പറഞ്ഞു, സ്വയം താക്കീത്‌ നല്‍കുന്നപോലെ.

`അഛന്‍ തനിയെ അല്ലേ, അമ്മ ഇനി നാട്ടില്‍ പൊക്കോളു' ഞാന്‍ ജോലി തുടങ്ങുമ്പോഴേക്കും മോനെ താര പോവുന്ന ഡേകെയറില്‍ വിടുവാന്‍ എല്ലാം പറഞ്ഞുവെച്ചിട്ടുണ്ട്‌.

`അപ്പോള്‍ അഛനെ അമേരിക്ക കാണിക്കേണ്ടേ?. അഛന്റെ പേപ്പേര്‍സ്‌ എല്ലാം താമസിയാതെ റെഡിയാവുമല്ലോ' മാലിനിക്ക്‌ നീതുവിന്റെ തീരുമാനം വിശ്വസിക്കാനായില്ല.

`അടുത്ത വര്‍ഷമാവട്ടെ അമ്മേ, അപ്പോഴേക്കും മോന്‌ ഒരു വയസ്സ്‌ ആവും. യാത്ര ചെയ്യുവാന്‍ എളുപ്പമാവുകയും ചെയ്യും'.

നീതുവിന്റെ മനംമാറ്റത്തിന്റെ കാരണം കണ്ടുപിടിക്കുവാന്‍ മാലിനി ശ്രമിച്ചു. അവള്‍ക്ക്‌ എന്തെങ്കിലും സംശയം? അതോ സ്വന്തം അഛനെക്കുറിച്ചുള്ള ചിന്തയോ? അവള്‍ ആശങ്കയുടെ ആഴങ്ങളില്‍ മുങ്ങി.

താര ഡേകെയറില്‍ പോയിത്തുടങ്ങിയതിനാല്‍ പാര്‍ക്കിലും പോവാതെയായി. മാലിനി പോവുന്നതിന്റെ തലേദിവസം ശേഖര്‍ വന്നു. അങ്കിളിനെ കണ്ടതില്‍ നീതുവിന്‌ സന്തോഷമെ ഉണ്ടായിരുന്നുള്ളു. അവളുടെ മുഖത്ത്‌ സംശയത്തിന്റെ ലാഞ്ചനയൊന്നുമില്ല. മാലിനിക്ക്‌ സമാധാനമായി.

`താരെ, വരു. നീ പാര്‍ക്കില്‍ പോയിട്ട്‌ കുറച്ചുദിവസ്സങ്ങള്‍ ആയില്ലേ? നമ്മുക്ക്‌ ബേബിയുമായി പാര്‍ക്കില്‍ പോവാം. അങ്കിള്‍, നിങ്ങള്‍ സംസാരിച്ചിരിക്കു. പിന്നെ കാണാം' നീതു കുട്ടികളുമായി വാതിലടച്ചിറങ്ങി.

എങ്ങനെ തുടങ്ങണമെന്നറിയാതെ ശേഖര്‍ കുഴങ്ങി. അയാളുടെ അങ്ങിങ്ങുനരച്ച മുടി വളര്‍ന്ന്‌ നെറ്റിയിലേക്ക്‌ വീണിരുന്നു. മാലിനിക്ക്‌ അയാളുടെ മുടി ഒതുക്കി വെക്കണമെന്ന്‌ തോന്നി.

`വീണ്ടും ഒറ്റപ്പെട്ടതുപോലെ. ഞാന്‍ വല്ലപ്പോഴും വിളിക്കുന്നതില്‍ വിരോധമുണ്ടോ? ഒന്ന്‌ കാണണമെന്ന്‌ തോന്നിയാലോ?' അയാളുടെ ദുഃഖം അവള്‍ വായിച്ചെടുത്തു. അവളുടെ ദുഃഖം തൊണ്ടയില്‍ കുടുങ്ങി.

അന്യോന്യം ഒന്ന്‌ സാന്ത്വനിപ്പിക്കാനാവാതെ ആശ്‌ളേഷിക്കാനാവാതെ ലോകത്തിന്റെ ആയിരം കണ്ണുകള്‍ അവര്‍ക്ക്‌ നേരേ നോക്കി. ലോകപ്രമാണങ്ങളിലെ കുടുംബബന്ധങ്ങളില്‍ അവളുടെ പേരില്ലാത്ത വികാരം ഞെരിഞ്ഞമര്‍ന്നു. തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ളതല്ല.

ശേഖര്‍ മാലിനിയുടെ അടുത്തേക്ക്‌ വന്ന്‌ അവളുടെ കൈകള്‍ സ്വന്തം കൈകളിലെടുത്തു. അയാളുടെ ചുണ്ടുകള്‍ ശലഭമായി അവളുടെ നെറുകയില്‍ താണിരുന്നു. `മാലിനി, എന്റെ കൂട്ടുകാരി' അയാള്‍ പിറുപിറുത്തു.

വിവേകം വികാരങ്ങള്‍ക്ക്‌ വഴിമാറിക്കൊടുത്തപ്പോള്‍ സാന്ത്വനമായി ശലഭങ്ങള്‍ പറന്നുനടന്നു.

`എന്നെങ്കിലും നാട്ടില്‍ വരുമ്പോള്‍ കാണുവാന്‍ ശ്രമിക്കണം. വിളിക്കണമെന്ന്‌ തോന്നുമ്പോള്‍ വിളിച്ചോളു. ഓര്‍മ്മയില്‍ സൂക്ഷിച്ചുവെക്കുവാനും ഏകാന്തതയില്‍ ഓര്‍ത്തെടുക്കുവാനും നമുക്ക്‌ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ഉണ്ടല്ലോ.' മാലിനി യാത്ര പറയുവാന്‍ ശ്രമിച്ചു. യാത്രാമൊഴികള്‍ കരുതിവെക്കാത്ത ആകസ്‌മികതകളല്ലേ കണ്ടുമുട്ടലുകള്‍.

`അമ്മ പോകുവാ താരെ, ഇനി ഈ മുറി നിന്റേതു മാത്രം' അവളോട്‌ ഒട്ടിനിന്ന താരയോട്‌ തമാശ പറഞ്ഞു. എയര്‍പോര്‍ട്ടിലേക്ക്‌ യാത്രയാകുവാന്‍ ഇനി കുറച്ചുമണിക്കൂറുകള്‍ മാത്രം.

മാലിനി അവളുടെ സാധനങ്ങള്‍ പെട്ടിയില്‍ വെക്കുകയായിരുന്നു. നീതു മുറിയിലേക്ക്‌ വന്നു.

`അമ്മയെ പറഞ്ഞ്‌ വിടേണ്ടിയിരുന്നില്ല എന്ന്‌ ഞാന്‍ ആഗ്രഹിച്ചു പോവുന്നു. എനിക്കെന്റെ അഛനെയും അമ്മയെയും വേണം. ശേഖരനങ്കിളിനെയും വേണം. ശേഖരന്‍ അങ്കിള്‍ എന്റെ അഛനായിരുന്നെങ്കില്‍ എന്ന്‌ ഞാനും ചിലപ്പോഴൊക്കെ ആഗ്രഹിച്ച്‌ പോവാറുണ്ട്‌ അമ്മേ. അത്‌ ശരിയല്ലെന്ന്‌ എനിക്കുമറിയാം.' അവള്‍ തേങ്ങിക്കരഞ്ഞു.

നീതുവിന്റെ മുഖത്തേക്ക്‌ നോക്കാനാവാതെ മാലിനി തുണികള്‍ പെട്ടിയിലിട്ടു.


റീനി മമ്പലം (reenimambalam@gmail.com)
വേനലില്‍ ഒരു മഴ (റീനി മമ്പലം )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക