Image

പ്രസവം ഒരു വിവാദമാകുമ്പോള്‍...

Published on 21 November, 2012
പ്രസവം ഒരു വിവാദമാകുമ്പോള്‍...
മലയാള സിനിമയില്‍ വിവാദങ്ങള്‍ പുതുമയല്ല. എന്നാല്‍ മിക്കവയും യാതൊരു നിലവാരവുമില്ലാത്ത തരംതാണ ഗോസിപ്പുകളും കലഹങ്ങളുമാകാറാണ്‌ പതിവ്‌. എന്നാല്‍ ഇത്തരം പതിവ്‌ തമ്മില്‍ത്തല്ല്‌ വിവാദങ്ങളില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ്‌ കളിമണ്ണ്‌ എന്ന വരാന്‍ പോകുന്ന ബ്ലസി ചിത്രവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നിരിക്കുന്ന വിവാദം. അതിന്റെ കാരണം മറ്റൊന്നുമല്ല നടി ശ്വേതാ മേനോന്റെ ലൈവ്‌ പ്രസവ ചിത്രീകരണമാണ്‌. സാധാരണയില്‍ നിന്നും വ്യത്യസ്‌തമായി ഈ സിനിമക്കാര്യത്തില്‍ വിവാദ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നതാവട്ടെ നമ്മുടെ നിയമസഭാ സ്‌പീക്കര്‍ ജീ.കാര്‍ത്തികേയനാണ്‌. ജി.കാര്‍ത്തികേയന്റെ വിമര്‍ശനത്തിന്‌ ശ്വേതയുടെ മറുപടി കൂടുതല്‍ വിവാദങ്ങള്‍ സൃഷ്‌ടച്ചിരിക്കുകയാണ്‌ കേരളത്തില്‍ ഇപ്പോള്‍.

വിവാദത്തിന്റെ ഫ്‌ളാഷ്‌ ബാക്ക്‌ ഇങ്ങനെ:-

ബ്ലസി തിരക്കഥയെഴുതി അടുത്ത വര്‍ഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കളിമണ്ണ്‌. ചിത്രത്തില്‍ ശ്വേതാ മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജു മേനോന്‍ നായക കഥാപാത്രമായി വരുന്നു. സിനിമയെക്കുറിച്ച്‌ ഇത്രമാത്രമേ ബ്ലസി വിവരങ്ങള്‍ പുറത്തു വിട്ടിട്ടുള്ളു. പക്ഷെ ചിത്രം വന്‍ വാര്‍ത്താ പ്രധാന്യം നേടുകയുണ്ടായി. അതിനു കാരണം സിനിമയുടെ രംഗങ്ങളായി ശ്വേതാമേനോന്റെ പ്രസവം യഥാര്‍ഥമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു. സംവിധായകന്റെ ഈ താത്‌പര്യം ശ്വേതാ മേനോനും കൂടി അംഗീകരിച്ചതോടെയാണ്‌ കളിമണ്ണിലേക്ക്‌ ശ്വേതാ മേനോന്‍ നായികയായി എത്തുന്നത്‌. പൂര്‍ണ്ണ സമ്മതത്തോടെയും അഭിമാനത്തോടെയുമാണ്‌ തന്റെ പ്രസവം താന്‍തന്നെ നായികയാവുന്ന സിനിമയുടെ രംഗമായി ചിത്രീകരിക്കുന്നതിന്‌ തയാറായിരിക്കുന്നതെന്ന്‌ ശ്വേത അന്ന്‌ മാധ്യമങ്ങളോട്‌ പറയുകയും ചെയ്‌തു.

സ്വാകര്യ ആശുപത്രിയില്‍ കുഞ്ഞിന്‌ ജന്മം നല്‍കിയ ശ്വേതയുടെ പ്രസവം ബ്ലസിയും ഛായാഗ്രഹകനും തല്‍സമയം ഷൂട്ട്‌ ചെയ്യുകയും, ഷൂട്ട്‌ ചെയ്‌ത ടേപ്പുകള്‍ ഒരു ബാങ്ക്‌ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്‌തു. രംഗങ്ങള്‍ ഒരു വിധത്തിലും പുറത്തു പോകാതിരിക്കാനാണ്‌ ബാങ്ക്‌ ലോക്കറില്‍ സൂക്ഷിച്ചത്‌. പ്രസവമുറിയില്‍ ഷൂട്ട്‌ ചെയ്‌തെടുത്ത ലൈവ്‌ രംഗങ്ങള്‍ തിരക്കഥയിലെ രണ്ട്‌ സീനുകളായി കളിമണ്ണില്‍ കടന്നു വരുന്നുണ്ടെന്നും മൊത്തം ഷൂട്ടിംഗ്‌ വിഷ്വലുകളില്‍ നിന്നും തിരക്കഥയില്‍ ആവിശ്യമായവ എഡിറ്റ്‌ ചെയ്‌ത്‌ ഉപയോഗിക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. അന്ന്‌ തന്നെ ഇത്‌ വളരെ വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്‌തു. ശ്വേതക്ക്‌ നേരെ വിമര്‍ശനങ്ങളുമുണ്ടായി. അതുപോലെ തന്നെ ശ്വേതയുടെ ബോള്‍ഡ്‌ അറ്റംപ്‌റ്റിനെ പുകഴ്‌ത്തിയും അഭിപ്രായങ്ങള്‍ വന്നിരുന്നു. ശ്വേത നടത്തിയിരിക്കുന്നത്‌ ധീരമായ ഒരു കാര്യമാണെന്ന്‌ വരെ ഫെമിനിസ്‌റ്റുകള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി.

ജി.കാര്‍ത്തികേയന്റെ വിമര്‍ശനം

ശ്വേതയുടെ പ്രസവത്തിന്റെ ലൈവ്‌ ചിത്രീകരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കെട്ടടങ്ങിയിട്ട്‌ ഏറെ ദിവസങ്ങളായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിന്റെ നിയമസഭാ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഒരു പൊതുചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെയാണ്‌ ശ്വേതാ മേനോന്റെ പ്രസവ ലൈവ്‌ ചിത്രീകരണത്തെ ശക്തമായി വിമര്‍ശിച്ചത്‌. സിനിമക്കാരെ സിനിമക്കാര്‍ ചെളിവാരിയെറിയുന്ന പതിവ്‌ രീതിക്കപ്പുറം കേരളത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന രാഷ്‌ട്രീയ നേതാവ്‌ ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചു എന്നതിനാണ്‌ ഇവിടെ പ്രസക്തി. കാര്‍ത്തികേയനൊപ്പം ജി.സുധാകരന്‍ എം.എല്‍.എയും ഈ സംഭവത്തെ വിമര്‍ശിക്കുകയുണ്ടായി.

ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യവും അഭിമാനകരവുമായ മൂഹര്‍ത്തമായ പ്രസവം സിനിമക്കു വേണ്ടി ചിത്രീകരിച്ചതു കടുത്ത ചൂഷണവും മനുഷ്യാവകാശ ലംഘനവുമാണെന്നാണ്‌ ജി. കാര്‍ത്തികേയന്‍ പറഞ്ഞത്‌. ഈ പ്രസവത്തിന്റെ ലൈവ്‌ ചിത്രീകരണം ഒരു പബ്ലിസിറ്റിയായി ഉപയോഗിച്ചത്‌ ശരിയല്ലെന്നും കാര്‍ത്തിയേകന്‍ തുറന്നടിച്ചു. ജനിച്ചു വീഴുന്ന കുഞ്ഞിനും സ്വകാര്യതയുണ്ട്‌. അത്‌ ലംഘിക്കപ്പെടുന്നത്‌ ന്യായീകരിക്കാനാവില്ലെന്നും കാര്‍ത്തികേയന്‍ പറഞ്ഞു. തീര്‍ത്തും വ്യക്തതയുള്ളതും കാഴ്‌ചപ്പാടുകളോടുകൂടിയതുമായ വിമര്‍ശനം തന്നെയായിരുന്നു ജി.കാര്‍ത്തികേയന്റേത്‌.

ജനിച്ചു വീഴുന്ന കുഞ്ഞിനെ ചലച്ചിത്ര രംഗമാക്കി മാറ്റിയപ്പോള്‍ ഇനിയൊരുനാള്‍ വളര്‍ന്നു വരുന്ന ആ കുട്ടിക്ക,്‌ വ്യക്തിത്വം രൂപപ്പെടുന്ന ഏതെങ്കിലുമൊരു കാലഘട്ടത്തില്‍ തന്റെ സ്വകാര്യത ജനിച്ച നിമിഷം ലംഘിക്കപ്പെട്ടിരുന്നു എന്ന്‌ തോന്നിയാല്‍ അതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. അങ്ങനെ നോക്കിയാല്‍ കളിമണ്ണ്‌ എന്ന ചിത്രത്തിനു വേണ്ടി ശ്വേതാമേനോന്റെ പ്രസവ ചിത്രീകരണം ഒരു മനുഷ്യാവകാശ പ്രശ്‌നം തന്നെയാണ്‌. സ്വകാര്യതയായിരിക്കേണ്ട പ്രസവം പരസ്യമാക്കുന്നതിലെ അസ്വഭാവികതയാണ്‌ ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്‌. എന്തും തുറന്നു കാണിക്കാനും പരസ്യപ്പെടുത്താനും തുടങ്ങിയാല്‍ പിന്നെ ധാര്‍മ്മിതയ്‌ക്ക്‌ എന്ത്‌ പ്രസക്തിയാണുള്ളത്‌ എന്നതും ചോദ്യം തന്നെ. ഇങ്ങനെ നോക്കുമ്പോള്‍ ജി.കാര്‍ത്തികേയന്‍ ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനങ്ങള്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്‌ തന്നെ.

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ നിയമസഭാ സ്‌പീക്കര്‍ക്ക്‌ ഉന്നതമായ സ്ഥാനമാണുള്ളത്‌. ജി.കാര്‍ത്തികേയനാവട്ടെ എന്നും മാതൃകാപരമായ രാഷ്‌ട്രീയ പ്രവര്‍ത്തിപരിചയമുള്ള വ്യക്തിയും. എന്തുകൊണ്ടും ഗൗരവപൂര്‍വ്വം മുഖവിലക്കെടുക്കേണ്ട വിമര്‍ശനം തന്നെയാണ്‌ കാര്‍ത്തികേയന്‍ ഉന്നയിച്ചിട്ടുള്ളത്‌. പ്രസവം ചിത്രീകരിച്ച ഈ സിനിമ പ്രദര്‍ശിപ്പിക്കണോ എന്ന്‌ കേരളത്തിലെ സ്‌ത്രീകള്‍ തീരുമാനിക്കണമെന്നും ജി.കാര്‍ത്തികേയന്‍ പറയുമ്പോള്‍ കളിമണ്ണ്‌ എന്ന സിനിമയും ശ്വേതാമേനോന്റെ പ്രസവവും വരും നാളുകള്‍ വന്‍ വിവാദങ്ങളിലേക്ക്‌ എത്തുമെന്ന്‌ തീര്‍ച്ച.

ശ്വേതയുടെ മറുപടി

ജി.കാര്‍ത്തികേയന്റെ വിമര്‍ശനത്തെ ശ്വേതാ മേനോന്‍ ലാഘവത്തോടെ കാണുകയുണ്ടായി എന്നത്‌ വിവാദത്തിന്‌ പുതിയൊരു തലം നല്‍കുകയുണ്ടായി. ജി.കാര്‍ത്തികേയന്റെ വിമര്‍ശനം തനിക്ക്‌ കൂടുതല്‍ പ്രശസ്‌തി തരുന്നുവെന്നാണ്‌ ശ്വേതാ മേനോന്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. എന്തുകൊണ്ട്‌ തന്റെ പ്രസവം ചിത്രീകരിക്കപ്പെടുന്നു എന്നായിരുന്നു ശ്വേത ഇവിടെ വ്യക്തമാക്കേണ്ടിയിരുന്നത്‌. അതിനു പകരം യാഥാര്‍ഥ്യ ബോധമുള്ള ഒരു വിമര്‍ശനത്തെ ലാഘവ ബുദ്ധിയോടെ സമീപിച്ചത്‌ ശരിയായില്ല എന്ന അഭിപ്രായം സ്‌ത്രീ സമൂഹത്തില്‍ തന്നെ ഉയര്‍ന്നു വന്നിരിക്കുന്നു.

മാതൃത്വം ലോകം അറിയട്ടെ എന്നായിരുന്നു പ്രസവ ചിത്രീകരണത്തോട്‌ ആ സമയത്ത്‌ ശ്വേത പ്രതകരിച്ചത്‌. ഈ വീക്ഷണത്തോടു കൂടിയ ശ്വേതയുടെ നടപടിയെ നിരവധി പേര്‍ പ്രശംസിക്കുകയുമുണ്ടായി. മാതൃത്വത്തിന്റെ തീവ്രത സിനിമയിലൂടെ പ്രേക്ഷകരിലേക്ക്‌ യഥാര്‍ഥ്യമായി തന്നെ എത്തുന്നതില്‍ തെറ്റില്ല എന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടത്‌. ഇതേ രീതിയില്‍ തന്റെ പ്രവൃത്തിയുടെ പോസിറ്റീവ്‌ വശങ്ങള്‍ വീണ്ടും ശ്വേത സംസാരിക്കാന്‍ തയാറായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ വിവാദം സ്വഭാവികമായി അവസാനിച്ചേനെ. പക്ഷെ ജി.കാര്‍ത്തികേയന്റെ വിമര്‍ശനത്തെ പരിഹാസത്തോടെ ശ്വേത കാണാന്‍ ശ്രമിച്ചതാണ്‌ പ്രസവ വിവാദത്തിന്‌ പുതിയൊരു തലം നല്‍കിയിരിക്കുന്നത്‌.

ബ്ലസിയുടെ മറുപടി

കാഴ്‌ച, തന്മാത്ര, ഭ്രമരം, കല്‍ക്കട്ടാ ന്യൂസ്‌, പ്രണയം തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ചെയ്‌ത സംവിധായകനാണ്‌ ബ്ലസി. പത്മരാജന്റെ പ്രീയപ്പെട്ട ശിഷ്യനായ ബ്ലസിക്ക്‌ ചലച്ചിത്ര ലോകത്ത്‌ വര്‍ഷങ്ങളുടെ അനുഭവ പരിചയവുമുണ്ട്‌. ഇതുവരെ തിരക്കഥയെഴുതി ബ്ലസി സംവിധാനം ചെയ്‌ത ചിത്രങ്ങളൊന്നും കൊമേഴ്‌സ്യല്‍ വാല്യു പരിഗണിച്ചു ഒരുക്കിയവയായിരുന്നില്ല. മികച്ച ചിത്രങ്ങളായിരുന്നു എന്നതുകൊണ്ടാണ്‌ അവയൊക്കെ തീയേറ്ററിലും വിജയം നേടിയത്‌. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പുരസ്‌കാരങ്ങളും നേടിയ പ്രതിഭയാണ്‌ ബ്ലസി. അങ്ങനെയൊരാള്‍ക്ക്‌ ഒരു പ്രസവ ലൈവ്‌ ചിത്രീകരണത്തിലൂടെ വാര്‍ത്താ പബ്ലിസിറ്റി നേടേണ്ട ആവിശ്യമുണ്ടെന്ന്‌ ആരും വിശ്വസിക്കില്ല.

തന്റെ സിനിമയെക്കുറിച്ച്‌ മനസിലാക്കാതെയാണ്‌ ജി.കാര്‍ത്തികേയന്‍ വിമര്‍ശനം നടത്തിയിരിക്കുന്നതെന്ന്‌ ബ്ലസി പറയുന്നു. സിനിമ ചിത്രീകരിച്ചിട്ടു പോലുമില്ല. അതിനു മുമ്പു തന്നെ വിവാദങ്ങള്‍ക്ക്‌ മറുപടി പറയേണ്ട കാര്യമില്ലെന്നും ബ്ലസി തന്റെ നയം വ്യക്തമാക്കിയിരിക്കുന്നു. ശ്വേത പറഞ്ഞതിനേക്കാള്‍ ബ്ലസി പറഞ്ഞ വാക്കുകള്‍ക്ക്‌ കുറച്ചു കൂടി വ്യക്തതയുണ്ട്‌.

തീര്‍ച്ചയായും ബ്ലസിക്ക്‌ ബ്ലസിയുടെതായ ആവിഷ്‌കാര സ്വാതന്ത്രമുണ്ട്‌. ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‌ ജനാധിപത്യ സമൂഹത്തില്‍ ഏറ്റവും പ്രധാനമായി അനുവദിച്ചു കിട്ടേണ്ടതും അവന്റെ ആവിഷ്‌കാര സ്വാതന്ത്രമാണ്‌. അതിനെ ആരും ചോദ്യം ചെയ്യാനും പാടില്ല.

അതുകൊണ്ടു തന്നെ ബ്ലസി കളിമണ്ണ്‌ പൂര്‍ത്തിയാക്കേട്ടെ. ഒരു വിവാദത്തിനുള്ള കാര്യങ്ങള്‍ അതിലുണ്ടോ എന്ന്‌ സെന്‍സര്‍ ബോര്‍ഡിന്‌ തന്നെ പരിശോധിക്കാവുന്നതാണ്‌. അതിനു ശേഷവും ചിത്രം പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കും സാംസ്‌കാരിക നായകന്‍മാര്‍ക്കും വിലയിരുത്താവുന്നതാണ്‌. ജി.കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടിയതുപോലുള്ള പ്രശ്‌നങ്ങള്‍ അതിലുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രതികരണങ്ങള്‍ ബ്ലസിയും ശ്വേതയും അര്‍ഹിക്കുന്നുമുണ്ടാകാം. അത്‌ നമ്മുടെ സിവില്‍ സൊസൈറ്റി ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കട്ടെ. പക്ഷെ ഇപ്പോള്‍ ബ്ലസിയെ വിവാദങ്ങളില്‍ നിന്നും സ്വതന്ത്രമാക്കാം. അദ്ദേഹം സ്വസ്ഥമായി തന്റെ സിനിമ സംവിധാനം ചെയ്‌തുകൊള്ളട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക