Image

കേജരിവാളിനു ഒരവസരം കൊടുക്കണം- ജോണി ജെ. പ്ലാത്തോട്ടം

ജോണി ജെ. പ്ലാത്തോട്ടം Published on 23 November, 2012
കേജരിവാളിനു ഒരവസരം കൊടുക്കണം- ജോണി ജെ. പ്ലാത്തോട്ടം
അന്നാ ഹസാരെയുടെ മൂന്നാമത്തെ നിരാഹാര സമരം പരാജയപ്പെട്ടത്- ആള്‍ക്കൂട്ടമില്ലാതെ പോയത്-എന്തുകൊണ്ടാണ്? അഴിമതിയോടു ജനങ്ങള്‍ക്കുള്ള എതിര്‍പ്പു കുറഞ്ഞതുകൊണ്ടല്ലെന്നു തീര്‍ച്ച. ജനങ്ങള്‍ക്കു ത്യാഗം സഹിക്കാനുള്ള മടിയാണു കാരണം. ഹസാരെയുടെ കൂടെ നിരാഹാരമിരിക്കാനൊ ജയിലില്‍ പോകാനോ അധികം പേരും തയ്യാറല്ല. കാത്തിരിക്കാനും അവര്‍ക്കു ക്ഷമയില്ല. വളരെപെട്ടെന്നു കാര്യം നേടിത്തരുന്ന, സിനിമാ നായകരെപ്പോലുള്ള രാഷ്ട്രീയക്കാരെയാണവര്‍ക്കുവേണ്ടത്.

ഇന്‍ഡ്യന്‍ ജനതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം വോട്ടു ചെയ്യുക എന്നതും ഏതെങ്കിലും പാര്‍ട്ടിയില്‍ സര്‍വ്വപ്രതീക്ഷയും അര്‍പ്പിക്കുക എന്നതുമാണ്. അതേ സമയം ഇപ്പോഴുള്ള സകല പാര്‍ട്ടികളിലും അവര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞതുമാണ്. ഒരുപാടു നേതാക്കന്മാരേയും പാര്‍ട്ടികളേയും അവര്‍ കണ്ടതാണ്. ചൂടുവെള്ളത്തില്‍ ചാടിയ പൂച്ചയേപ്പോലാണു ജനങ്ങളിപ്പോള്‍. ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പാര്‍ട്ടികളെപ്പോലും വിശ്വാസമില്ല. എങ്കില്‍പോലും അന്നാഹസാരെ ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ അതിനെ വിശ്വാസത്തിലെടുക്കും.

ഇതു ഹസാരെയ്ക്കും അറിയാം. എന്നാല്‍ പാര്‍ട്ടിയുണ്ടാക്കാതെയും അധികാരം കൈയ്യാളാതെയും അഴിമതിയും മറ്റു രാഷ്ട്രീയ തിന്മകളും അവസാനിപ്പിക്കാമെന്നാണ് അദ്ദേഹം കരുതിയത്. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കില്ലെന്ന് ആദ്യം തന്നെ അദ്ദേഹം പ്രഖ്യാപിച്ചതും അതുകൊണ്ടായിരുന്നു.

പക്ഷേ, അഴിമതി ഞങ്ങളുടെ ജന്മാവകാശമാണെന്നുള്ള മട്ടില്‍ എല്ലാ പാര്‍ട്ടികളും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞും ഐക്യപ്പെടുന്ന കാഴ്ചയാണ് ഹസാരെയുടെ സത്യാഗ്രഹകാലത്ത് രാജ്യം കണ്ടത്. അതോടെ ഹസാരെ പോലും പാര്‍ട്ടിയുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതാണ്. ഗാന്ധിജി ചെയ്തിരിക്കുന്നതുപോലെ അധികാരത്തിനു പുറത്തുനിന്നുകൊണ്ട് ഒരു പാര്‍ട്ടിയെ നയിക്കുകയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യാമല്ലോ. രാജ്യത്തോടുള്ള കടമ നിറവേറ്റാന്‍ പാര്‍ട്ടിയുണ്ടാക്കേണ്ടത് അനിവാര്യമാണെങ്കില്‍ അങ്ങനെതന്നെ ചെയ്യുകയാണല്ലോ വേണ്ടത്. പാര്‍ട്ടിയുണ്ടാക്കാമെന്ന അഭിപ്രായത്തിലേയ്ക്ക് അദ്ദേഹത്തിന്റെ മനസ്സു ചായുകയും ചെയ്തതാണ്.

ഞങ്ങളെപ്പോലെ വൃത്തികെട്ടവരാകരുത്!
മുകളില്‍ പറഞ്ഞ സാഹചര്യത്തില്‍ ഹസാരയെ പിന്‍തിരിപ്പിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, അധികാരം ലക്ഷ്യമല്ലെന്നും പാര്‍ട്ടിയുണ്ടാക്കില്ലെന്നും നേരത്തെ പറഞ്ഞുപോയതില്‍ നിന്നു പിന്‍മാറാനുള്ള മടി. രണ്ട് പാര്‍ട്ടിയുണ്ടാക്കിയാല്‍, അതിന്റെ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ സത്യസന്ധരല്ലാത്തവര്‍ കടന്നു വന്ന് പാര്‍ട്ടിയെ വഷളാക്കുകയും പാര്‍ട്ടിയുടെ മേല്‍ തനിക്കുള്ള നിയന്ത്രണം വിട്ടുപോകുകയും ചെയ്യുമോ എന്നുള്ള ഭയം.

ഹസാരെ പാര്‍ട്ടിയുണ്ടാക്കാനുള്ള ആലോചന നടത്തിയപ്പോള്‍ സമൂഹത്തിലുണ്ടായ പ്രധാന സംഭവ വികാസം എന്താണെന്ന് ഓര്‍മ്മിക്കുമല്ലോ? രാഷ്ട്രീയ വൃന്ദങ്ങളില്‍ വലിയ സംഭീതിയാണുണ്ടായത്. കോണ്‍ഗ്രസ്, ബി.ജെ.പി, തുടങ്ങി ചെറുതും വലുതുമായ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ഉപദേശിക്കുകയായിരുന്നു. ഹസാരെ പാര്‍ട്ടിയുണ്ടാക്കിയാല്‍ അതും ഭാവിയില്‍ അഴിമതിയില്‍ മുങ്ങിപ്പോകും എന്നാണവര്‍ പറഞ്ഞത്. ഇക്കാര്യം ഏറ്റവും ഉറക്കെയും ഉറപ്പിച്ചും പറഞ്ഞത് കോണ്‍ഗ്രസിന്റെ നേതാക്കന്മാരായിരുന്നു. ഇതിനകത്തെ തമാശ പത്രക്കാര്‍പ്പോലും ആസ്വദിക്കാതെ പോയത് കഷ്ടമാണ്. ഞങ്ങളെപ്പോലെ നിങ്ങളും വൃത്തികെട്ടവരായിപോകരുത്” എന്നു തന്നെയല്ലേ അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം?!

ഹസാരെ അധികാരമോഹിയാണെന്ന്- കബില്‍ സിബലിനെപ്പോലുള്ള അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത എതിരാളികള്‍ പോലും പറഞ്ഞില്ല. പകരം, പാര്‍ട്ടിയുണ്ടാക്കില്ലെന്നു മുന്‍പു പറഞ്ഞിരുന്നതല്ലേ എന്നു ചോദിച്ച് അദ്ദേഹത്തെ ചമ്മിച്ചു കളയാന്‍ ശ്രമിക്കുകയും രാഷ്ട്രീയപാര്‍ട്ടിപോലുള്ള വൃത്തികെട്ട ഇടപാടുകള്‍ വേണ്ടാ എന്ന് ഉപദേശിക്കുകയുമായിരുന്നു.

ഈ ഘട്ടത്തിലാണ് ഹസാരെയുടെ ഏറ്റവും വിശ്വസ്ത അനുയായി ആയ
കേജരിവാള്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള തീരുമാനവുമായി മുന്നോട്ടു വന്നതും ഹസാരെ പിന്നോട്ടു വലിഞ്ഞതും.
റോബര്‍ട്ട് വധേര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ
കേജ്രിവാളും സംഘവും നടത്തിയ വെളിപ്പെടുത്തലുകള്‍ ദേശീയ രാഷ്ട്രീയ രംഗത്ത് വലിയ കൊടുങ്കാറ്റായി വളരാല്‍ ഒട്ടും തന്നെ സമയമെടുത്തില്ല. കേന്ദ്ര ഗവണ്‍മെന്റും കോണ്‍ഗ്രസ് നേതൃത്വവും പകച്ചുപോയി. നാണമില്ലായ്മയുടെ ഏക ബലത്തില്‍, പതര്‍ച്ചയോടെ തന്നെ അവര്‍ പ്രതിരോധിച്ചു നില്‍ക്കുകയായിരുന്നു. ബി.ജെ.പി.യെപ്പോലുള്ള വലിയ പ്രതിപക്ഷ കക്ഷികള്‍ ഇതെല്ലാം ആഘോഷിച്ചിരിക്കുമ്പോഴാണ് ബി.ജെ.പി. അദ്ധ്യക്ഷനായ ഗഡ്കരിക്കെതിരെയുള്ള അഴിമതിയാരോപണം കേജ്രിവാള്‍ പരസ്യപ്പെടുത്തുന്നത്. അതോടെ കേജ്രിവാള്‍ ബി.ജെ.പി.ക്കാരുടെ കിങ്കരനാണെന്നുള്ള കോണ്‍ഗ്രസിന്റെ വാദത്തിന്റെ മുനയൊടിഞ്ഞു. കേജിരിവാള്‍ ഇരുതലമൂര്‍ച്ചയുള്ള വാളുപോലെയാണെന്നു പ്രതിപക്ഷ പാര്‍ട്ടികളും കണ്ടു പകച്ചു.

സ്വന്തം കാര്യത്തില്‍, അഴിമതിയാരോപണങ്ങളെക്കുറിച്ച് പി.അദ്ധ്യക്ഷനെതിരെ കുതിച്ചുചാടി അന്വേഷണം ആരംഭിച്ചു. പാര്‍ട്ടിക്കുള്ളില്‍ തന്നെ അദ്ധ്യക്ഷനായ ഗഡ്കരിക്കെതിരെ പ്രസ്താവനകളുണ്ടായി. അതോടെ,
കേജ്രിവാള്‍ സംഘത്തിന്റെ നീക്കം തുടക്കത്തില്‍ തന്നെ ഒരു പ്രമുഖ അഖിലേന്ത്യാപാര്‍ട്ടിയുടെ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ കാരണമായി.

കേജ്രിവാള്‍ സംഘം നടത്തിയ എല്ലാ അഴിമതിയാരോപണങ്ങളും വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും പിന്‍ബലത്തിലായിരുന്നു. വാസ്തവത്തില്‍, നേരത്തെ തന്നെ പുറത്തായ തെളിവുകളും ആരോപണങ്ങളുമായിരുന്നു പലതും. അഴിമതിയുടെ കറപുരളാത്ത പാര്‍ട്ടിയോ ഗ്രൂപ്പുകളോ ഇച്ഛാശക്തിയുള്ള വ്യക്തികളോ അവ ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകാന്‍ രംഗത്തില്ലാത്തതു കൊണ്ടുമാത്രം ആ അഴിമതികളെല്ലാം തേഞ്ഞുമാഞ്ഞു തുടങ്ങിതായിരുന്നു. വേണ്ടിവന്നാല്‍, പ്രധാനമന്ത്രിയുടെ വസ്തിയിലേക്കുപോലും ഇടിച്ചുകയറാനും അറസ്റ്റുവരിക്കാനും കല്‍തുറങ്കിനെ നേരിടാനും തയ്യാറുള്ളവരാണ് തങ്ങളെന്നു കൂടി ഗജ്രിവാള്‍ സംഘം തെളിയിച്ചു.

ഇതിനിടെ ഹസാരെ പല ഘട്ടങ്ങളിലും
കേജ്രിവാളിനെ തള്ളിപ്പറഞ്ഞെങ്കിലും, അദ്ദേഹം തന്റെ ഗുരുവാണെന്നും താനദ്ദേഹത്തെ ആദരിക്കുന്നു എന്നുമാണ് കേജ്രിവാള്‍ പ്രതികരിച്ചത്. ഗജ്രിവാള്‍ സംഘത്തിനു കിട്ടിയ വമ്പിച്ച പ്രശസ്തി ഒരു ഘട്ടത്തില്‍ ഹസാരെയെ അസഹിഷ്ണുവാക്കുക പോലുമുണ്ടായി. എന്നാല്‍ ഗജ്രിവാളിന്റെ ലക്ഷ്യവും തന്റെ ലക്ഷ്യവും രണ്ടല്ല എന്ന സന്തോഷത്തിലും സമാധാനത്തിലും ഹസാരെയും അദ്ദേഹത്തിന്റെ സംഘവും എത്തിച്ചേര്‍ന്നു എന്നാണു മനസ്സിലാകുന്നത്.
കേജ്രിവാളും കൂട്ടരും അവരുടെ പാര്‍ട്ടിയുടെ പേരും മറ്റു വിശദാംശങ്ങളും സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുന്ന ദിവസവും പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇത്രയും ശുഭസൂചകമായ സംഭവങ്ങളൊക്കെ ഉണ്ടായിക്കഴിഞ്ഞിട്ടും ജനങ്ങളില്‍, പൊതുസമൂഹത്തില്‍ നല്ലൊരുണര്‍വോ, ഉന്മേഷമോ ഉണ്ടായിട്ടില്ല എന്നുള്ളതു ഖേദകരമാണ്.
കേജ്രിവാളിന്റെ പാര്‍ട്ടിയുടെ ഘടകം രൂപീകരിക്കുന്ന ആഘോചനകള്‍ കേരളത്തിലും നടക്കുന്നുണ്ടാകാം. അതു മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സാംസ്‌ക്കാരികമായ ഒരുത്തേജനമാണുണ്ടാകേണ്ടത്. അഴിമതിക്കെതിരെയും സംശുദ്ധമായ രാഷ്ട്രീയത്തിനു വേണ്ടിയുമുള്ള ഒരു ദേശീയ പ്രസ്ഥാനമായി ഇതു വളരേണ്ടതും വളര്‍ത്തിയെടുക്കേണ്ടതുമാണ്. രണ്ടാം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മാനങ്ങള്‍ നല്‍കേണ്ടതാണ്. നമ്മുടെ ബുദ്ധിജീവികളും സാംസ്‌കാരിക നായകരും പ്രതിരോധ പ്രവര്‍ത്തകരും ഇതിനെ സ്വാഗതം ചെയ്യുകയും ചര്‍ച്ചാ വിഷയമാക്കുകയും ചെയ്യേണ്ടതാണെന്നു തോന്നുന്നു. റ്റി.വി. ചാനലുകളില്‍ ഗജ്രിവാളിന്റെ പ്രസ്ഥാനം ചര്‍ച്ചാവിഷയമായോ എന്നും സംശയമുണ്ട്.

പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ദുരന്തബോധം മാറിവരേണ്ടതാണ്. കേരളത്തിലോ ഇന്‍ഡ്യന്‍ സമൂഹത്തിലോ ഇനിയൊരു രാഷ്ട്രീയ ചലനത്തിനോ അര്‍ത്ഥപൂര്‍ണ്ണമായ മുന്നേറ്റത്തിനോ സാധ്യതയില്ലെന്നുള്ള വിഷാദചിന്ത ജനതയ്ക്കുണ്ടെന്നു തോന്നുന്നു. അതുമാറ്റിയെടുക്കേണ്ടതു സാംസ്‌ക്കാരിക നായകര്‍ തന്നെയാണ്. ഗാന്ധിജിക്കും ജെ.പി.ക്കും. ഹസാരെയ്ക്കും ശേഷവും ആ ജനുസ്സില്‍പെട്ട ഹീറോകള്‍ രാജ്യത്തുണ്ടായിവരും എന്ന ശുഭാപ്തി വിശ്വാസം ജനതയ്ക്കുണ്ടാകണം.

ഇപ്പോഴത്തെ പൊതുജനസ്വഭാവം ഒന്നുകില്‍ ആരാധിക്കുക അല്ലെങ്കില്‍ അകറ്റി നിര്‍ത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യുക എന്നതാണ് തീര്‍ച്ചയായും
കേജ്രിവാളിനെ ആരാധനയോടെ കാണേണ്ടാ. പക്ഷേ അയാളെ ഒന്നു പരീക്ഷിച്ചുനോക്കണം. നിലവിലുള്ള ഒരു പാര്‍ട്ടിയിലും നേതാവിലും പ്രതീക്ഷവെയ്‌ക്കേണ്ടതില്ല, അവര്‍ നന്നാകുന്ന പ്രശ്‌നമില്ല എന്നറിയാവുന്ന ലക്ഷക്കണക്കിനാളുകള്‍ രാജ്യത്തുണ്ട്- അവരില്‍ പലരും ഒരു ശീലം പോലെ ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുമായിരിക്കും.

ഗജ്രിവാളിന്റെ പാര്‍ട്ടി അതിന്റെ ആദര്‍ശങ്ങള്‍ ബലികഴിക്കാതെ വളര്‍ന്നു വരുകയാണെങ്കില്‍, ഇപ്പോഴുള്ള വലിയ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ഒരു വശത്തും പുതിയ പ്രസ്ഥാനം മറുവശത്തു നിലകൊള്ളുന്ന തരത്തിലുള്ള ധ്രുവീകരണമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. എതിര്‍പക്,ത്തിന് ആളും അര്‍ത്ഥവുമുണ്ട്. ഇപ്പുറത്ത് നമ്മള്‍ പ്രതീക്ഷ വയ്ക്കുന്ന പുതിയ പ്രസ്ഥാനത്തിന് ആളുവേണം. അര്‍ത്ഥം പ്രശ്‌നമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക