Image

കുതിരശക്തി മനുഷ്യബുദ്ധിക്ക്‌ വഴി മാറുമ്പോള്‍.. (ടോം ജോസ്‌)

ടോം ജോസ് തടിയംപാട്, ലിവര്‍പ്പൂള്‍, യു.കെ. Published on 22 November, 2012
കുതിരശക്തി മനുഷ്യബുദ്ധിക്ക്‌ വഴി മാറുമ്പോള്‍.. (ടോം ജോസ്‌)
കണ്ടുപിടുത്തങ്ങളുടെയും പരിണാമങ്ങളുടെയും നിലയ്‌ക്കാത്ത തുടര്‍ച്ചയാണ്‌ മനുഷ്യകുലത്തിന്റെ ചരിത്രം. ലോകത്ത്‌ ഒരു കോണിലിരുന്ന്‌ ലോകത്തെവിടെയും നടക്കന്ന കാര്യങ്ങള്‍ തല്‍സമയം അറിയുകയും അപഗ്രഥിക്കുകയും ചെയ്യാവുന്ന കാലഘട്ടത്തിലാണ്‌ നാമിന്ന്‌. വിവരസാങ്കേതികവിദ്യയുടെ സ്‌ഫോടനാത്മകമായ കണ്ടുപിടുത്തങ്ങളും പരിണാമങ്ങളുമാണ്‌ ഇതില്‍ വഴി തുറന്നത്‌.

കല്ലുകള്‍ തമ്മിലുരസി തീപ്പൊരി കണ്ടുപിടിച്ച്‌ തീയില്‍ ഭക്ഷണം പാകം ചെയ്‌തു കഴിച്ചപ്പോള്‍ ആദിമ മനുഷ്യനു കിട്ടിയ ആനന്ദം ഒരു വേറെ തന്നെ. ഇന്നം ഇതേ ആനന്ദത്തിലാണ്‌ ഓരോ കണ്ടുപിടുത്തങ്ങളുടെയും പരിണാമങ്ങളുടെയും നന്മ അനുഭവിക്കുന്നവര്‍.

ഇത്തരം ഒരാനന്ദത്തിലേക്കാണ്‌ റെയില്‍വേയുടെ കണ്ടുപിടുത്തത്തിലൂടെ ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ ആധുനിക ലോക ജനതയെ നയിച്ചതും. 1804-ല്‍ കല്‍ക്കരി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന `ലോക്കോമോട്ടീവ്‌' ഇംഗ്ലണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. റിച്ചാര്‍ഡ്‌ ട്രെവിത്തിക്‌ (Richard Trevithick) രൂപകല്‍പന ചെയ്‌തു പ്രവര്‍ത്തിപ്പിച്ച ഈ എഞ്ചിന്‍ പ്രധാനമായും കല്‍ക്കരി ഖനികളില്‍ നിന്ന്‌ കല്‍ക്കരി കണ്ടെയ്‌നറുകള്‍ വലിച്ചുകൊണ്ടു വരുന്നതിനെ ഉദ്ദേശിച്ചുകൊണ്ടുുള്ളതായിരുന്നു.

വേഗതക്കുറവും പ്രവര്‍ത്തനത്തിനു വേണ്ടതായ അമിത ഇന്ധനചെലവുമായിരുന്നു ഇതിന്റെ പോരായ്‌മകള്‍. പിന്നീട്‌ ഏറെക്കുറെ ഇരുപത്‌ എഞ്ചിനുകള്‍ പരീക്ഷിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തന മേന്മ ഉയര്‍ത്താന്‍ റിച്ചാര്‍ഡിനു കഴിഞ്ഞില്ല. ഇത്‌ തീവണ്ടിയുടെ എഞ്ചിന്‍ ചരിത്രമാണെങ്കില്‍ റെയില്‍പാതയുടെ ചരിത്രത്തില്‍ കുറേക്കൂടി പഴക്കമാണുള്ളത്‌. പുരാതന കാലത്ത്‌ റോമന്‍കാരും ഗ്രീക്കുകാരും കല്ലു പതിച്ച വാഗണ്‍ ചാലുകള്‍ നിര്‍മ്മിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. ലോക്കോമോട്ടീവിന്റെ കണ്ടുപിടുത്തത്തില്‍ രണ്ടു പതിറ്റാണ്ടു മുമ്പ്‌ 1600-കളിലാണ്‌ നോട്ടിംഗ്‌ഹാം റെയില്‍പാത നിര്‍മ്മിക്കുന്നത്‌. കല്‍ക്കരിയുടെ ചരക്കു നീക്കം തന്നെയായിരുന്നു പ്രധാന ലക്ഷ്യം. എഞ്ചിനു പകരം ഉപയോഗിച്ചിക്കുന്നതാകട്ടെ മനുഷ്യശക്തിയും കുതിരശക്തിയും.

നന്നേ ചെറുപ്പത്തില്‍ കാലി മേയ്‌ക്കുന്ന തൊഴിലിലേര്‍പ്പെട്ടുകൊണ്ടാണ്‌ ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ തന്റെ തൊഴില്‍ ജീവിതം ആരംഭിക്കുന്നത്‌. പതിനാലാം വയസ്സില്‍ പിതാവ്‌ ജോലി ചെയ്യുന്ന കല്‍ക്കരി ഖനിയില്‍ തൊഴിലാളിയായി. കല്‍ക്കരിയുടെ ചരക്കു നീക്കം നിര്‍വ്വഹിച്ചിരുന്ന മൃഗങ്ങള്‍ക്ക്‌ ഏറെക്കുറെ സമാനമായ ജീവിത സാഹചര്യങ്ങളായിരുന്നു അന്നത്തെ ഖനി തൊഴിലാളികള്‍ക്കും. ഇംഗ്ലണ്ടില്‍ ന്യൂകാസിലിനടുത്ത്‌ വെയിലം എന്ന ഗ്രാമത്തില്‍ കല്‍ക്കരി ഉടമ ക്രിസ്റ്റഫര്‍ തന്റെ തൊഴിലാളികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ഭവനത്തിലെ ഒറ്റ മുറിയാണ്‌ ജോര്‍ജ്ജും അഞ്ചു സഹോദരങ്ങളും മാതാപിതാക്കളുമടങ്ങുന്ന എട്ടംഗ കുടുംബം അന്തിയുറങ്ങുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിച്ചിരുന്നത്‌. ഇത്തരം ജീവിതാനുഭവങ്ങളും കാലി മേയ്‌ക്കലില്‍ നിന്ന്‌ അവയോടു തോന്നിയ സഹാനുഭൂതിയുമൊക്കയാവണം ഖനിയിലെ ചരക്കു നീക്കത്തിനു മൃഗങ്ങള്‍ക്ക്‌ പകരം യന്ത്രം ഉപയോഗിക്കുന്നതിനെപറ്റി ചിന്തിക്കാന്‍ ജോര്‍ജ്ജിന്‌ പ്രേരണയായത്‌. ഇതിനു വേണ്ട അക്കാദമിക്‌ പാണ്ഡിത്യം നേടാന്‍ സാമ്പത്തിക ഞെരുക്കത്താല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാതെ പോയ ജോര്‍ജ്ജിന്‌ കഴിയുമായിരുന്നില്ല.

ഖനിയിലെ ജോലിക്കു ശേഷം രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ചേര്‍ന്ന്‌ സയന്‍സും കണക്കും പഠിച്ചുകൊണ്ടാണ്‌ ജോര്‍ജ്ജ്‌ ഇതിനു പ്രതിവിധി കണ്ടത്‌. അങ്ങനെ 1802-ല്‍ തന്റെ 21-ാമത്തെ വയസ്സില്‍ തൊഴിലാളിയായിരുന്ന അതേ കമ്പനിയില്‍ എഞ്ചിന്‍ മാന്‍ ആയി ജോലി ആരംഭിച്ചു. അവിടുന്നങ്ങോട്ടുള്ള ജോര്‍ജ്ജിന്റെ ചരിത്രം ആധുനിക റെയില്‍വേയുടേതുകൂടിയാണ്‌. എഞ്ചിന്‍ മാന്‍ എന്ന തസ്‌തികയില്‍ ജോലിക്കു കയറിയ സ്റ്റീഫന്‍സണിനു കൈകാര്യം ചെയ്യേണ്ടിയിരുന്നത്‌ ഖനിയില്‍ നിന്നു വെള്ളം പുറത്തു തള്ളുന്നതിന്‌ ഉപയോഗിച്ചിക്കുന്ന എഞ്ചിന്റെ പ്രവര്‍ത്തനമായിരുന്നു. ആവിയന്ത്രം കണ്ടുപിടിച്ച ജെയിംസ്‌ വാട്ടും മാത്യു ബര്‍ട്ടനും ചേര്‍ന്ന്‌ നടത്തിയിരുന്ന കമ്പനിയാണ്‌ ഈ യന്ത്രം നിര്‍മ്മിച്ചത്‌.

ഈ എഞ്ചിന്‍ അഴിച്ച്‌ പല ഭാഗങ്ങളാക്കിയും തിരിച്ചു വീണ്ടും ഘടിപ്പിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കിയും സ്റ്റീഫന്‍സണ്‍ ജോലിക്കിടയിലെ തന്റെ ഒഴിവുസമയങ്ങള്‍ പോക്കിയെങ്കില്‍, ജോലി കഴിഞ്ഞുള്ള ഒഴിവു സമയങ്ങള്‍ അദ്ദേഹത്തിനു ഷൂ റിപ്പയര്‍ ചെയ്‌തും വാച്ചും ക്ലോക്കും നന്നാക്കിയും തുടര്‍ പഠനത്തിനുള്ള പണം കണ്ടെത്താനുള്ളതായിരുന്നു.

ആറു വര്‍ഷത്തിനു ശേഷം തീരെ ചെറുതല്ലാത്ത കണ്ടുപിടുത്തം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. `കില്ലിംഗ്‌ വര്‍ത്ത്‌' എന്ന ഖനിയില്‍ എഞ്ചിന്‍ മാന്‍ ആയി ജോലി ചെയ്യുന്ന സമയം. വിളക്കില്‍ നിന്നും ഖനിയില്‍ തീ പിടുത്തം സര്‍വ്വ സാധാരണം. ഈ അപകടം ഒഴിവാക്കുന്നതിനുള്ള സേഫ്‌റ്റി ലാമ്പ്‌ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കണ്ടുപിടുത്തം. `ജോര്‍ഡീസ്‌' എന്ന പേരിലറിയപ്പെട്ട ഈ സേഫ്‌റ്റി ലാമ്പിന്റെ കണ്ടുപിടുത്തത്തിനു ശേഷം ന്യൂകാസിലിലുള്ള അദ്ദേഹത്തിന്റെ നാട്ടുകാര്‍ ജോര്‍ഡീസ്‌ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌.

ഖനിയില്‍ നിന്ന്‌ കല്‍ക്കരി വാഗണുകള്‍ പുറത്തേക്കുു വലിച്ചുകൊണ്ടു വരുന്നതിന്‌ കുതിരക്കു പകരം ലോക്കോമോട്ടീവ്‌ എഞ്ചിന്‍ എന്ന ആശയമായിരുന്നു പിന്നീട്‌ അദ്ദേഹത്തിന്റെ മനസ്സിലേക്ക്‌ വന്നത്‌. മാനേജര്‍ നിക്കോളാസ്‌ വുഡുമായി ഈ ആശയം പങ്കു വച്ചതിനെ തുടര്‍ന്ന്‌ പുതിയ എഞ്ചിന്‍ വികസിപ്പിച്ച്‌ നിര്‍മ്മിക്കുന്നതിനുള്ള ചുമതല അദ്ദേഹത്തിനു ലഭിച്ചു.

അങ്ങനെ 1815-ല്‍ 34-ാമത്തെ വയസ്സില്‍ 30 ടണ്‍ ഭാരവുമായി നാലു മൈല്‍ സ്‌പീഡില്‍ ഓടുന്ന ലോക്കോമോട്ടീവ്‌ അദ്ദേഹം വികസിപ്പിച്ചു. ഇതേത്തുടര്‍ന്ന്‌ 1820-ല്‍ ഹെല്‍ട്ടന്‍ കൊല്ലിയേരി മുതല്‍ സുമ്പഅലാന്‍ഡ്‌ വരെ എട്ടു മൈല്‍ റെയില്‍ പാത പണിയുന്നതിന്‌ മാനേജര്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. പാത പണിയുന്നതിന്‌ തടി പൂര്‍ണ്ണമായും ഒഴിവാക്കി, പകരം ഇരുമ്പും സ്റ്റീലും ഉപയോഗിച്ചു. മൃഗങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ആദ്യത്തെ റെയില്‍ ഗതാഗതം അങ്ങനെ നിലവില്‍ വന്നു. ഈ വിജയം ഇംഗ്ലണ്ടിന്റേതു കൂടിയായിരുന്നു. ആറു വര്‍ഷത്തിനു ശേഷം 1821-ല്‍ സ്റ്റോക്ടണ്‍-ഡാര്‍ലിഗ്‌ടണ്‍ റെയില്‍ വേ ആരംഭിക്കുന്നതിനുള്ള ആലോചന നടക്കുമ്പോള്‍ എഡ്വേര്‍ഡ്‌ പിയേഴ്‌സിന്റെ മനസ്സില്‍ എഞ്ചിന്റെ സ്ഥാനത്ത്‌ കുതിരകളായിരുന്നു. ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ അദ്ദേഹത്തെ നേരില്‍ കണ്ട്‌്‌ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കുതിരയ്‌ക്കു പകരം ലോക്കോമോട്ടീവും തടി കൊണ്ടുള്ള പാതക്കു പകരം സ്റ്റീലും ഇരുമ്പും എന്ന വ്യവസ്ഥയില്‍ ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ ചീഫ്‌ എഞ്ചിനീയറായി കരാര്‍ ഒപ്പു വച്ചു. 1825 സെപ്‌റ്റംബര്‍ 27ന്‌ പുതിയ പാത ഉദ്‌ഘാടനം ചെയ്‌തു. അന്ന്‌ 80 ടണ്‍ കല്‍ക്കരിയോടൊപ്പം ഒരു വാഗണില്‍ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി ലോകത്തില്‍ ആദ്യത്തെ ട്രെയിന്‍ ഓടി.

കേവലം 15 മെയില്‍ ചുറ്റളവിലുള്ളതായിരുന്നു അന്നത്തെ ശരാശരി ഇംഗ്ലീഷുകാരന്റെ ജീവിത സാഹചര്യങ്ങള്‍. ലിവര്‍പ്പൂളിലുള്ള ആല്‍ഫര്‍ഡ്‌ ഡോക്ക്‌ തുറമുഖത്തെത്തുന്ന വിദേശരാജ്യ അസംസ്‌കൃതവസ്‌തുക്കളുടെ ചരക്കു നീക്കം പ്രധാനമായും കനാല്‍ മാര്‍ക്ഷമാണ്‌ നടത്തിയിരുന്നത്‌. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിലുമായി കോളനി വഴ്‌ചകളിലൂടെ ബ്രിട്ടണ്‍ ലോകത്ത്‌ അത്ഭുതകരമായ മുന്നേറ്റം നേടി. വ്യാവസായിക വിപ്ലവത്തെ തുടര്‍ന്ന്‌ ബിര്‍മിങ്ങ്‌ഹാമില്‍ നിന്നുള്ള ഫാക്ടറി ഉല്‍പന്നങ്ങള്‍, മാഞ്ചസ്റ്ററില്‍ നിന്നുള്ള തുണിത്തരങ്ങള്‍, എന്നുവേണ്ട അടിമ വ്യാപാരം ഉള്‍പ്പെടെയുള്ള ചരക്കു നീക്കം പൂര്‍ണ്ണമായും നിറവേറ്റുവാന്‍ കനാല്‍ ഗതാഗതം പര്യാപ്‌തമായിരുന്നില്ല. ലിവര്‍പ്പൂള്‍- മഞ്ചസ്റ്റര്‍ റെയില്‍ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ 1825-ല്‍ പാര്‍ലമെന്റിലവതരിപ്പിച്ച ബില്‍ പരാജയപ്പെടുകയാണുണ്ടായത്‌. ഭൂവുടമകളുടെയും കനാല്‍ ഉടമകളുടെയും സമ്മര്‍ദ്ദമായിരുന്നു കാരണം. അടുത്ത വര്‍ഷം വീണ്ടും പരിഷ്‌കരിച്ച്‌ അവതരിപ്പിച്ച ബില്ലിന്‌ അനുമതി ലഭിച്ചു. അങ്ങനെ 56 കിലോമീറ്റര്‍ റെയില്‍ പാതയുടെ നിര്‍മ്മാണത്തിനും ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ നിയോഗിക്കപ്പെട്ടു. റെയിലിലൂടെ ഭാരം വഹിച്ചുകൊണ്ടു പോകുന്നതിനുള്ള ലോക്കോമോട്ടീവുകള്‍ ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍-നെ കൂടാതെ മറ്റു ചില കമ്പനികളൂം വികസിപ്പിച്ചെടുത്തിരുന്നു. ജോണ്‍ എറിക്ക്‌സണ്‍-ജോണ്‍ ബേര്‍ത്തുവയിസ്‌ എന്നിവര്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്ത നോവല്‍-4, തിമോത്തി ബസ്റ്റാള്‍ നിര്‍മ്മിച്ച പേഴ്‌സിവറന്‍സ്‌, തിമോത്തി ഹാക്ക്വര്‍ക്ക്‌ നിര്‍മ്മിച്ച ഡാന്‍സ്‌പരല്‍, സൈക്കിളോപീടിയ (?) എന്നിവയായിരുന്നു മറ്റു ലോക്കോമോട്ടീവുകള്‍. കാര്യക്ഷമതയിലും പ്രവര്‍ത്തന ശേഷിയിലും ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ നിര്‍മ്മിച്ച റോക്കറ്റ്‌ തന്നെയായിരുന്നു മുമ്പില്‍. എല്‍.എം.ആര്‍. (Liverpool Manchester Railway Company) ആണ്‌ ഇവ തമ്മിലുള്ള മാറ്റുരയ്‌ക്കുന്നതിനുള്ള മല്‍സരത്തിനു വേദിയൊരുക്കിയത്‌. 1829 ഒക്ടോബര്‍ ആറിന്‌ ആയിരുന്നു അത്‌.

ഒന്നേമുക്കാല്‍ മൈല്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലൂടെ എഞ്ചിന്റെ മൂന്നിരട്ടി ഭാരവും വഹിച്ചു കൊണ്ട്‌ മിനിമം പത്തു മൈല്‍ സ്‌പീഡില്‍ 40 പ്രാവശ്യം നിര്‍ത്താതെ ഓടണമെന്നതായിരുന്നു പരീക്ഷണം. മല്‍സരം തുടങ്ങുന്നതിനു മുമ്പു തന്നെ രണ്ടെണ്ണം ബ്രേക്ക്‌ ഡൗണ്‍ ആയി. റോക്കറ്റ്‌ ഒഴികെ മറ്റ്‌ രണ്ടെണ്ണത്തിനും പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതുമില്ല. 1.3 ടണ്‍ ഭാരവും വഹിച്ചു കൊണ്ട ശരാശരി 12 മൈല്‍ സ്‌പീഡില്‍ റോക്കറ്റ്‌ 40 പ്രാവശ്യം ഓടി വിജയം വരിച്ചു. 500 പൗണ്ടാണ്‌ (ഇന്നത്തെ 40000 രൂപ!) ഇതിനു സമ്മാനമായി എല്‍.എം.ആര്‍. കമ്പനി പ്രഖ്യപിച്ചിരുന്നത്‌.

തൊട്ടടുത്ത വര്‍ഷം ലിവര്‍പ്പൂള്‍-മാഞ്ചസ്റ്റര്‍ റെയില്‍ പാതയുടെ പണി പൂര്‍ത്തിയായി. റോക്കറ്റിന്റെ പരീക്ഷണ വിജയത്തോടെ ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ ലോക റെയില്‍ വേയുടെ പിതാവെന്നറിയപ്പെട്ടു. 1830 സെപ്‌റ്റംബര്‍ 15ന്‌ ലിവര്‍പ്പൂളില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക്‌ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ ട്രെയിന്‍ സര്‍വ്വീസ്‌ ആരംഭിച്ചു.

കൃത്യമായ സമയ നിഷ്‌ഠ പാലിച്ചും യാത്രക്കിടയില്‍ ഭക്ഷണത്തിനു സമയമനുവദിച്ചും ഓടിയ ട്രെയിനില്‍ ബ്രിട്ടീഷ്‌ കത്തിടപാടുകള്‍ നിര്‍വ്വഹിക്കന്ന റോയല്‍ മെയിലിന്റെ വക മാഞ്ചസ്റ്ററിലേക്കുള്ള കത്തുകളുമുണ്ടായിരുന്നു. പൂര്‍ണ്ണമായും സിഗ്നല്‍ സിസ്റ്റം അനുസരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ തുടക്കവും ഇവിടെ നിന്നു തന്നെ. ദി ഡ്യൂക്‌ ഓഫ്‌ വെല്ലിംഗ്‌ ടന്‍ ആയിരുന്നു അന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി.
അദ്ദേഹത്തോടൊപ്പം സമൂഹത്തിലെ നാനാ തുറയില്‍പെട്ട പ്രതിഭാശാലികള്‍ ചടങ്ങു വീക്ഷിക്കാനെത്തി. 1200 നും 1500 നുമിടയില്‍ സാധാരണ മനുഷ്യര്‍ ഈ രംഗത്തിനു സാക്ഷ്യം വഹിച്ചു. മൊത്തം എട്ടു ട്രെയിനുകള്‍ ഉദ്‌ഘാടനത്തില്‍ സംബന്ധിച്ചു. സ്റ്റീഫന്‍സണ്‍ നിര്‍മ്മിച്ച സ്‌ക്യൂ ബ്രിഡ്‌ജ്‌ അഥവാ ചരിഞ്ഞ ഓവര്‍ബ്രിഡ്‌ജും അന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. എ 57 വാരിംഗ്‌ടന്‍ റോഡ്‌ ഇന്നും ആ ബ്രിഡ്‌ജിലൂടെ കടന്നു പോകുന്നു.

ദൗര്‍ഭാഗ്യമെന്നു പറയട്ടെ, വരാനിരിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍ക്കുള്ള മൂന്നറിയിപ്പെന്നവണ്ണം ട്രെയിനടിയില്‍പെട്ടുള്ള ജീവഹാനിക്കും ആ ദിനം സാക്ഷിയായി. മുന്‍ മന്ത്രിയും ലിവര്‍പ്പൂള്‍ എം.പി.യുമായിരുന്ന വില്ല്യം ഹുക്കിംഗ്‌സണ്‍ ആ ഹതഭാഗ്യന്‍. പ്രധാന മന്ത്രിയെ ഹസ്‌തദാനം ചെയ്‌തു സ്വീകരിക്കുന്നതിന്‌ റെയില്‍ പാത മുറിച്ചു കടക്കാന്‍ ശ്രമിര്‌രമ്പോള്‍ സ്റ്റീഫന്‍സണ്‍ നിര്‍മ്മിച്ച റോക്കറ്റ്‌ വന്നിടിച്ച്‌ കാലുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആസ്‌പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിവര്‍പ്പൂളിലെ വിശ്വ പ്രസിദ്ധമായ ആംഗ്ലിക്കന്‍ കത്തീഡ്രലിനടുത്തുള്ള സെന്റ്‌ ജെയിംസ്‌ സെമിത്തേരിയില്‍ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു. അവിടെ അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്‌മാരകവുമുണ്ട്‌.

ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ 1781 ജൂണ്‍ ഒമ്പതിന്‌ ന്യൂകാസിലിനടുത്തുള്ള വെയിലം എന്ന കല്‍ക്കരി ഖനികളുടെ ഗ്രാമത്തിലാണ്‌ ജനിച്ചത്‌. ഖനി തൊഴിലാളിയായിരുന്ന റോബര്‍ട്ടിന്റെയും മേബിളിന്റെയും ആറു മക്കളില്‍ രണ്ടാമന്‍. അദ്ദേഹവും കുടുംബവും താമസിച്ചിര്‌രുന്ന കൊച്ചു മുറി നാഷണല്‍ ട്രസ്റ്റ്‌ ഏറ്റെടുത്ത്‌ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിരുന്നു.

1802-ല്‍ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഫ്രാന്‍സിസ്‌ ഹാന്‍ഡേഴ്‌സണ്‍ എന്ന യുവതിയെ അദ്ദേഹം വിവാഹം ചെയ്‌തു. 1803-ല്‍ മകന്‍ റോബര്‍ട്ട്‌ സ്റ്റീഫന്‍സണ്‍ പിറന്നു. റോബര്‍ട്ടിന്‌ മൂന്നു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ജോര്‍ജ്ജിന്റെ സഹോദരിയുടെ പരിചരണത്തിലാണ്‌ റോബര്‍ട്ട്‌ പിന്നീട്‌ വളര്‍ന്നത്‌. ലിവര്‍പ്പൂള്‍-മാഞ്ചസ്റ്റര്‍ റെയില്‍വേയുടെ ഉദ്‌ഘാടനത്തിനു ശേഷം അന്നത്തെ യുവ നടി ഫെന്നി കെമ്പിള്‍ ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണുമായി പ്രണയത്തിലായി. അവസാന കാലത്ത്‌ ന്യൂകാസിലിലുള്ള എഞ്ചിനീയറിംഗ്‌ കമ്പനി കൂടാതെ ഒട്ടേറെ കല്‍ക്കരി ഖനികളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അന്ത്യകാലത്ത്‌ വസിച്ചിരുന്ന ടോപ്‌ടണ്‍ ഹൗസ്‌ എന്ന ചെസ്റ്റര്‍ഫീല്‍ഡിലെ വലിയ ബംഗ്ലാവ്‌ ഇന്നൊരു കോളജാണ്‌. 1848 ഓഗസ്റ്റ്‌ 12ന്‌ 67-ാമത്തെ വയസ്സില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ അദ്ദേഹം ഈ ലോകത്തോടു വിട പറഞ്ഞു. ഭൗതിക ശരീരം ചെസ്റ്റര്‍ഫീല്‍ഡിലെ ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

അദ്ദേഹത്തോടുള്ള ആദരസൂചകമായി ബ്രിട്ടീഷ്‌ ഗവണ്‍മന്റ്‌ അഞ്ചു പൗണ്ടിന്റെ പിറകില്‍ 1990 മുതല്‍ 2003 വരെ അദ്ദേഹത്തിന്റെ ഫോട്ടോ അച്ചടിച്ചിരുന്നു. ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണിന്റെ മരണ ശേഷം മകന്‍ റോബര്‍ട്ടും മരുമകന്‍ ജോര്‍ജ്ജും ചേര്‍ന്ന്‌ നിരവധി പാലങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം തുടര്‍ന്നു. ടൈല്‍ നദിക്കു കുറുകെ മൂന്നു തട്ടുകളോടു കൂടിയ ഹൈലെവല്‍ ബ്രിഡ്‌ജാണ്‌ ഇതില്‍ പ്രധാനം. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ട്രെയിന്‍ ഗതാഗതത്തിനുമായി മൂന്നു തട്ടുകളായിട്ടാണ്‌ ഈ പാലം ക്രമീകരിച്ചിട്ടുള്ളത്‌. 1849-ല്‍ പണി കഴിപ്പിച്ച ഈ ബ്രിഡ്‌ജ്‌ ടൂറിസ്റ്റുകളെ ആകര്‍ഷിച്ചു കൊണ്‌ട്‌ ഇന്നും നിലനില്‍ക്കുന്നു.

റോബര്‍ട്ട്‌ സ്റ്റീഫന്‍സണ്‍ രാജ്യത്തിന്റെ വികസനമേഖലകള്‍ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ അദ്ദേഹത്തിന്റെ ഭൗതികദേഹം മഹാരാജാക്കന്മാരെയും പ്രധാനമന്ത്രിമാരെയും മറ്റും അടക്കം ചെയ്‌തിരിക്കുന്ന ലണ്ടനിലെ വെസ്റ്റ്‌മിനിസ്റ്റര്‍ ആബ്ബിയിലാണ്‌ അടക്കിയിരിക്കുന്നത്‌.

മഹാരാജാക്കന്മാരും സാധാരണക്കാരുമെന്നു വേണ്ട കുതിരയും പശുവും പോലുള്ള വളര്‍ത്തു മൃഗങ്ങളുടെ ദേശാന്തരഗമനത്തിനും റെയില്‍വേ കാരണമായിത്തീര്‍ന്നു. ലിവര്‍പ്പൂളില്‍ നിന്നും നോര്‍ത്ത്‌ ലണ്ടന്‍ വരെ പോയി ജോലി ചെയ്യാമെന്നതിനു പുറമേ മറ്റിടങ്ങളില്‍ നിന്നുള്ള പാലും പഴങ്ങളും ഇന്ധനവും കുറഞ്ഞ വിലയ്‌ക്കു ലഭ്യമായെന്നുള്ളതുമാണ്‌ സാധാരണക്കാര്‍ക്ക്‌ ഇതുകൊണ്ട്‌ ഉണ്ടായ നേട്ടം. ഹിന്ദിയില്‍ `ഷോലെ', മലയാളത്തില്‍ `കരിപുരണ്ട' ജീവിതങ്ങള്‍', ഇംഗ്ലീഷില്‍ `ബസ്റ്റര്‍' തുടങ്ങിയ ചലച്ചിത്രങ്ങളുടെ പ്രമേയവും ട്രെയിനുമായി ബന്ധപ്പെട്ടുള്ളവയാണ്‌.

ഒരു കഷണം റൊട്ടി മോഷ്ടിക്കന്നയാള്‍ പിറ്റേന്ന്‌ ബ്രിട്ടീഷ്‌ ജയിലില്‍ അകപ്പെടുമെങ്കില്‍ ട്രെയിന്‍ കൊള്ളയില്‍ ഏര്‍പ്പെടുന്നയാള്‍ ബ്രിട്ടീഷ്‌ പാര്‍ലമന്റിലായിരിക്കും കാണപ്പെടുകയെന്ന ജോര്‍ജ്ജ്‌ ബര്‍ണ്ണാഡ്‌ഷായുടെ കമന്റ്‌
പഴയകാല രാഷ്ട്രീയ ഫലിതമായിരുന്നെങ്കില്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ `കാറ്റില്‍ ക്ലാസ്‌' പദപ്രയോഗത്തിലൂടെ അടുത്ത കാലത്ത്‌ ഇന്‍ഡ്യന്‍ രാഷ്ട്രീയ മണ്ഡലങ്ങളിലേക്കും ട്രെയിന്‍ ചൂളം വിളിച്ചെത്തി. ഇംഗ്ലണ്ടില്‍ കുട്ടികളുടെ കാര്‍ട്ടൂണ്‍ പരമ്പരകളിലും കളിക്കോപ്പുകളിലും അനിഷേധ്യ സാന്നിധ്യമായി ട്രെയിന്‍ നിറഞ്ഞു നില്‍ക്കുന്നു.

ഭൂപ്രകൃതിയുടെ വിസ്‌തൃതി അനുസരിച്ച്‌ ഇന്‍ഡ്യന്‍ റെയില്‍വേയ്‌ക്കാണ്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ സഞ്ചാരപഥമുള്ളത്‌. വിക്ടോറിയ രാജ്ഞിയുടെ പേരില്‍ പണികഴിപ്പിച്ച മുംബെയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍ ആണ്‌ ലോകത്തിലെ ഏറ്റവും ബൃഹത്തായ റെയില്‍വേ സ്റ്റേഷന്‍. `റോമാക്കാര്‍ നിര്‍മ്മിച്ച പാലങ്ങള്‍
പോലെയും ഈജിപ്‌തിലെ പിരമിഡുകള്‍ പോലെയും ചൈനയിലെ വന്മതില്‍ പോലെയും മുഗള്‍ രാജാക്കന്മാര്‍ നിര്‍മ്മിച്ച കൊട്ടാരങ്ങള്‍ പോലെയും' ഇതു ലോകത്തറിയപ്പെടുമെന്നാണ്‌ 1850-ല്‍ ഇന്‍ഡ്യന്‍ റെയില്‍വേയുടെ
ഉദ്‌ഘാടനവേളയില്‍ അന്നത്തെ ഗവര്‍ണ്ണര്‍ ജനറല്‍ ആയിരുന്ന ഡല്‍ഹൗസി പ്രഭു പ്രഖ്യാപിച്ചത്‌.

ഒരു റെയിലില്‍ തുടങ്ങി ആ റെയില്‍ വിടാതെ ഏറ്റവും കൂടുതല്‍ ദൂരം ട്രെയിന്‍ യാത്ര നടത്താവുന്നത്‌ സ്‌പെയിനിലെ ആല്‍ജേശിറസ്‌ (Algecirus) സ്റ്റേഷന്‍ മുതല്‍ വിയറ്റ്‌നാമിലെ ഹോച്ചിമിഞ്ച്‌ (Hochiminch) സിറ്റി വരെയുള്ള 10600 മൈല്‍ ദൂരമാണ്‌.

ദക്ഷിണാഫ്രിക്കയില്‍ ഫസ്റ്റ്‌ ക്ലാസ്‌ ടിക്കറ്റെടുത്ത്‌ ട്രെയിനില്‍ വെള്ളക്കാര്‍ക്കൊപ്പം യാത്ര ചെയ്‌ത മഹാത്മ ഗാന്ധിയോട്‌ ക്ലാസ്‌ മാറിയിരിക്കാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്റെ ഉത്തരവ്‌ നിരസിച്ചതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ ട്രെയിനില്‍ നിന്നു തള്ളി താഴെയിട്ടെങ്കില്‍ പ്രത്യേകം ക്ലാസുകളില്ലാതെയാണ്‌ നോര്‍വ്വെയില്‍ ട്രെയിന്‍ സര്‍വ്വീസ്‌ നടത്തുന്നത്‌.

ന്യൂസിലാന്‍ഡാണ്‌ വ്യക്തിയടിസ്ഥാനത്തില്‍ ആളൊന്നിന്‌ ഏറ്റവും കൂടുതല്‍ ട്രെയിന്‍ ഉള്ള രാജ്യം. ഹൈസ്‌പീഡ്‌ ട്രെയിന്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ ഫ്രാന്‍സും ജപ്പാനുമാണെങ്കില്‍ ഇതിനു സമാനമായ ബുള്ളറ്റ്‌ ട്രെയിനുകളാണ്‌ ടര്‍ക്കി, അര്‍ജന്റീന, ഉക്രെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്‌.

ചൈന അടുത്ത കാലത്ത്‌ പരീക്ഷിച്ച ട്രെയിനാണ്‌ ഏറ്റവും കൂടുതല്‍ സ്‌പീഡ്‌. റെയില്‍വേയുടെ വികസനത്തോടെ നിരവധി റെയില്‍വേ ക്ലബ്ബുകള്‍ക്ക്‌ തുടക്കമായി. അങ്ങനെ നിലവില്‍ വന്ന ക്ലബ്ബാണ്‌ പിന്നീട്‌ ലോകപ്രശസ്‌തി നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ ഫുട്‌ബോള്‍ ക്ലബ്ബ്‌. Work Team of Lancashire and Yorkshire Railway Football Club എന്ന പേരില്‍ 1878-ലാണ്‌ ഇതിനു തുടക്കം കുറിച്ചത്‌. ഇംഗ്ലണ്ടിലെ രണ്ടാമത്തെ വേള്‍ഡ്‌ ടൂര്‍ ഓപ്പറേറ്റേഴ്‌സ്‌ ആയ തോമസ്‌ കുക്കിന്റെ ആരംഭവും റെയില്‍വേയുമായി ബന്ധപ്പെട്ടു തന്നെ.

1841-ല്‍ തന്റെ 32-ാമത്തെ വയസ്സില്‍ ലങ്കാഷയര്‍ മുതല്‍ 12 മൈല്‍ വരെ റെയില്‍വേ എസ്‌കര്‍ഷന്‍ ആരംഭിച്ചു കൊണ്ടായിരുന്നു തോമസ്‌ കുക്ക്‌ ഇതിനു തുടക്കം കുറിച്ചത്‌. റെയില്‍വേയുടെ ചരിത്രമുറങ്ങുന്ന ലിവര്‍പ്പൂളില്‍ ആദ്യ ട്രയല്‍ റണ്‍ നടന്ന `റെയിന്‍ ഹില്‍' റെയില്‍വേ സ്റ്റേഷനും 1836-ല്‍ പണി തീര്‍ന്ന്‌ വലിയ മാറ്റങ്ങള്‍ കൂടാതെ ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ `എഡ്‌ജ്‌ ഹില്‍' റെയില്‍വേ സ്റ്റേഷനും ചരിത്ര കുതുകികളെ ആകര്‍ഷിച്ചുകൊണ്ട്‌ നിലനില്‍ക്കുന്നു.

അക്കാലത്തു തന്നെ തുടക്കം കുറിച്ച `ലൈം സ്‌്രടീറ്റ്‌' റെയില്‍വേസ്റ്റേഷനാണ്‌ ലിവര്‍പ്പൂളില്‍ ഏറ്റവും വലുത്‌. പാലാക്കാരന്‍ തമ്പി ജോസും ചാലക്കുടിക്കാരന്‍ ജോസ്‌ മാത്യുവും ഉള്‍പ്പെടെ പത്തു പതിനഞ്ചു മലയാളികള്‍ അവിടെ ജോലി ചെയ്യുന്നു എന്നുള്ളത്‌ മലയാളികള്‍ക്ക്‌ അഭിമാനമേകുന്നു.
Photo:
1) the writer near
the first train at York museum

2 and 4) Stevenson 's house.

3) Rainhill the first train trail run took place

5) Statue of Stevenson in museum

കുതിരശക്തി മനുഷ്യബുദ്ധിക്ക്‌ വഴി മാറുമ്പോള്‍.. (ടോം ജോസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക