Image

മദര്‍ ആശുപത്രിയിലെ നഴ്‌സ് സമരം ഒത്തുതീര്‍ന്നു

Published on 24 November, 2012
മദര്‍ ആശുപത്രിയിലെ നഴ്‌സ് സമരം ഒത്തുതീര്‍ന്നു
തൃശൂര്‍: മദര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ 80 ദിവസമായി നടത്തിയ സമരം ഒത്തുതീര്‍പ്പായി. ഹൈക്കോടതി മധ്യസ്ഥ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാവില്ലെന്നും ശമ്പളവും ആനുകൂല്യവും നല്‍കുമെന്നും ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി. സമരം ചെയ്ത 187 പേരെയും ഒരുമിച്ച് തിരിച്ചെടുത്തു. ഇവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ജോലിയില്‍ തുടരാം.

സമരം ഒത്തുതീര്‍പ്പാക്കാന്‍ 15 ഓളം ചര്‍ച്ചകളാണ് ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്നത്. തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന നിരന്തര ചര്‍ച്ചകളില്‍, മിനിമം വേതനം സംബന്ധിച്ച വിഷയത്തില്‍ പരിഹാരമുണ്ടായി. എന്നാല്‍ സമരം തുടങ്ങി രണ്ട് ആഴ്ചക്ക് ശേഷം സമരത്തിന് നേതൃത്വം നല്‍കിയ 15 പേരെ സസ്‌പെന്‍ഡ് ചെയ്തത് വീണ്ടും പ്രശ്‌നം വഷളാക്കി.
മദര്‍ ആശുപത്രിയില്‍ 17 നഴ്‌സുമാരുടെ ഡ്യൂട്ടി മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സമരത്തിലേക്ക് നീങ്ങിയത്.

ഡ്യൂട്ടി മാറ്റം പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രണ്ടാംഘട്ട സമരം തുടങ്ങിയത്. തുടര്‍ന്ന് മിനിമം വേതനം സംബന്ധിച്ചായി സമരം.
വേതനം സംബന്ധിച്ച് മാനേജ്‌മെന്റും നഴ്‌സുമാരും തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പു വ്യവസ്ഥ പ്രകാരം 69 പേര്‍ക്ക് മാത്രമാണ് മിനിമം വേതനം ലഭിക്കുന്നതെന്നും ബാക്കി 126 പേര്‍ക്കുകൂടി ലഭിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.എന്നാല്‍ മിനിമം വേതനം നല്‍കുന്നുണ്ടെന്ന് മാനേജ്‌മെന്റ് വാദിച്ചു.

മാത്രമല്ല, സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ച സമരത്തില്‍ മിനിമം വേതനം എന്ന ആവശ്യം ഉള്‍പ്പെട്ടിരുന്നില്ലെന്നും ഇത് പിന്നീട് ഉള്‍പ്പെടുത്തിയതാണെന്നും മാനേജ്‌മെന്റ് ആരോപിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. സമരത്തിനെതിരെ കേരള പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ മാനേജ്മന്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈകോടതി മീഡിയേഷന്‍ സെന്റര്‍ മുഖേനെ പ്രശ്‌ന പരിഹാരത്തിന് ഇരുകൂട്ടരെയും വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്നാണ് സമരം ഒത്തതീര്‍പ്പായത്.
സസ്‌പെന്‍ഷന്‍ കാലത്ത് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാമെന്ന് മദര്‍ ആശുപത്രി മാനേജ്‌മെന്റും ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും മീഡിയേഷന്‍ സെല്ലിനെ അറിയിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്ന് സമരവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ മറ്റ് നഴ്‌സുമാര്‍ക്ക് നാളെ മുതല്‍ ജോലിയില്‍ പ്രവേശിക്കാം. ഇവര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ല.
എന്നാല്‍, ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള നഴ്‌സുമാരുടെ സസ്‌പെന്‍ഷന്‍ കാലാവധി 30 ദിവസം കൂടി തുടരും. മുപ്പത്തിയൊന്നാം നാള്‍ മുതല്‍ ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക