Image

കാവ്യയുടെ ഗാനവുമായി `മാറ്റിനി'

Published on 27 November, 2012
കാവ്യയുടെ ഗാനവുമായി `മാറ്റിനി'
പ്രശസ്‌ത സിനിമാതാരം കാവ്യാ മാധവന്‍ ആലപിച്ച ഗാനത്തോടെയുള്ള മാറ്റിനി എന്ന ചിത്രം പ്രശസ്‌ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ്‌ ഉപാസന ആദ്യമായി സംവിധാനംചെയ്യുന്നു. ചിത്രത്തില്‍ മഖ്‌ബുല്‍ സല്‍മാന്‍, നജീബായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൈഥിലിയാണ്‌ സാവിത്രി. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തവും വ്യക്തിത്വവുമാര്‍ന്ന കഥാപാത്രമാണ്‌ സാവിത്രി.- മൈഥിലി പറഞ്ഞു. ബാപ്പ മൂസാ ഹാജിയായി തലൈവാസല്‍ വിജയ്‌ പ്രത്യക്ഷപ്പെടുന്നു. കലിംഗ ശശി, സുനില്‍ സുഖദ, ദിനേശ്‌ നായര്‍, വിഷ്‌ണു, വിജു കൊടുങ്ങല്ലൂര്‍, നിത, ലെന, സോജ, ഫാത്തിമാ ബാബു തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍. സെക്കന്‍ഡ്‌ ഷോയ്‌ക്കുശേഷം എ.ഒ.പി.എല്‍ നിര്‍മിക്കുന്ന മാറ്റിനിയുടെ തിരക്കഥ, സംഭാഷണം എഴുതുന്നത്‌ അനില്‍ നാരായണനാണ്‌.

നജീബ്‌. മലപ്പുറത്തുള്ള ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമാണ്‌. ആചാര നിഷ്‌ഠയോടെയുള്ള ജീവിതസാഹചര്യങ്ങള്‍ക്കൊപ്പം വളര്‍ന്ന നജീബിന്‌ എങ്ങനെയോ ഒരു മോഹം മനസില്‍ കടന്നുകൂടി. സിനിയില്‍ അഭിനയിക്കുക. അറിയപ്പെടുന്ന നടനാവുക. പക്ഷേ, ഒരു മോഹം ഒളിപ്പിച്ചുവയ്‌ക്കുംതോറും കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയായിരുന്നു. നജീബിന്റെ ബാപ്പ മൂസാ ഹാജിയാര്‍ സിനിമയെന്നു കേട്ടാല്‍ കലിതുള്ളുന്ന പ്രകൃതം. പക്ഷേ, എത്രനാള്‍ തന്റെ മോഹം ആരെയും അറിയിക്കാതെ ഒളിപ്പിച്ചുവയ്‌ക്കും. തന്റെ സ്വപ്‌നസാക്ഷാത്‌കാരത്തിനായി ഒരിക്കല്‍ ആരെയും അറിയിക്കാതെ നജീബ്‌ ചെന്നൈയിലേക്ക്‌ വണ്‌ടികയറി.

ചെന്നൈയിലെത്തിയ നജീബ്‌ തന്റെ സ്വപ്‌നയാത്രയ്‌ക്കിടയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. പാലക്കാടന്‍ ഗ്രാമീണതയില്‍ നിഷ്‌ക്കളങ്കതയുടെ പ്രതീകമായിരുന്നു സാവിത്രി. വളരെ താണ ജീവിതനിലവാരത്തില്‍ വളര്‍ന്ന സാവിത്രി. കുടുംബം പോറ്റാന്‍ ജോലിതേടി ചെന്നൈയിലെത്തിയതാണ്‌ സാവിത്രി. എന്നിട്ട്‌ ഒരിക്കലും സ്വപ്‌നത്തില്‍പോലും ചിന്തിച്ചിട്ടില്ലാത്ത രംഗത്താണ്‌ സാവിത്രി എത്തിയത്‌.

ഭാവിയെ സ്വപ്‌നമോഹങ്ങളാല്‍ നിറച്ച്‌ രണ്‌ട്‌ വ്യത്യസ്‌ത സാഹചര്യങ്ങളില്‍നിന്നെത്തിയ നജീബും സാവിത്രിയും രണ്‌ടു ലക്ഷ്യത്തിലേക്കാണ്‌ യാത്ര തിരിച്ചതെങ്കിലും ജീവിതസത്യം ഇരുവരെയും ഒന്നിപ്പിച്ച്‌ ഒരു ലക്ഷ്യത്തിലേക്ക്‌ നീങ്ങി. അങ്ങനെയാണ്‌ രണ്‌ടുപേരും സിനിമയിലെത്തിയത്‌. ആദ്യചിത്രത്തി െമാറ്റിനിയിലൂടെ രണ്‌ടുപേരുടെയും ജീവിതത്തിലുണ്‌ടാകുന്ന മാറ്റവും അതു കുടുംബത്തിലും സമൂഹത്തിലും സൃഷ്‌ടിക്കുന്ന പ്രതികരണവുമാണ്‌ മാറ്റിനി എന്ന ചിത്രത്തില്‍ ദൃശ്യവത്‌കരിക്കുന്നത്‌.

പ്രൊഡ. കണ്‍ട്രോളര്‍- കിച്ചു ഹൃദയ്‌, കല- ജ്യോതി ശങ്കര്‍, മേക്കപ്‌- രതീഷ്‌ അമ്പാടി. പ്രശസ്‌ത സിനിമാതാരം കാവ്യാ മാധവന്‍ മാറ്റിനിക്കുവേണ്‌ടി ഒരു ഗാനമാലപിച്ചത്‌ ഏറെ ശ്രദ്ധേയമാണ്‌.
-എ.എസ്‌. ദിനേശ്‌
കാവ്യയുടെ ഗാനവുമായി `മാറ്റിനി'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക