Image

കേരള കണ്‍വന്‍ഷനില്‍ പങ്കെടുക്കുക : ഫോമാ നേതാക്കള്‍

Published on 27 November, 2012
കേരള കണ്‍വന്‍ഷനില്‍ പങ്കെടുക്കുക : ഫോമാ നേതാക്കള്‍
ചിക്കാഗോ : ജനുവരി പത്തിന് കൊച്ചിയില്‍ നടക്കുന്ന ഫോമ കേരള കണ്‍വന്‍ഷന്‍ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് ഫോമ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യൂ, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

സമ്മേളനത്തെ നാലുഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. രാവിലെ നടക്കുന്ന ആഗോള ബിസിനസ് ഉച്ചകോടിയുടെ ചിന്താവിഷയം ആഗോളതലത്തില്‍ എങ്ങനെ ബിസിനസ് ചെയ്യാമെന്നും അതിന്റെ ഗുണദോഷഫലങ്ങള്‍ എന്തെല്ലാമെന്നതുമാണ്. രാജ്യാതിര്‍ത്തികള്‍ മായുകയും വ്യാപാരരംഗം ആഗോളവല്‍ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ മലയാളിക്ക് ഇന്ത്യയിലും അമേരിക്കയിലും ഗള്‍ഫിലുമൊക്കെയായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ഗ്ലാഡ്‌സണ്‍ പറഞ്ഞു. അമേരിക്കയില്‍ ജീവിക്കുമ്പോള്‍ തന്നെ മറ്റു രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. ഗള്‍ഫിലെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ അമേരിക്കയില്‍ ശാഖകളും ഫ്രാഞ്ചൈസുകളും രൂപപ്പെടുത്തുന്നതും ആലോചനാ വിഷയമാകും.

ഫോമയുടെ തിലകക്കുറിയായി മാറിയ ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സിന്റെ രണ്ടാംഭാഗവും സമ്മേളനത്തിന്റെ ഭാഗമാണ്. കേരളത്തിലെയും അമേരിക്കയിലെയും വിദഗ്ധരെ പരസ്പരം കൂട്ടിമുട്ടിക്കാനും യോജിച്ചുള്ള കര്‍മ്മപരിപാടികള്‍ക്ക് അവസരമൊരുക്കാനുമുള്ള ഈ സെഷന്‍ ഏറെ ആകാംക്ഷാപൂര്‍വമാണ് കേരളത്തിലെ വിദഗ്ധര്‍ കാത്തിരിക്കുന്നത്. പുതിയ കൂട്ടുകെട്ടുകളും സംയുക്ത സംരംഭങ്ങളും ഇതില്‍ നിന്ന് ഉരുത്തിരിയുമെന്ന് കരുതുന്നതായി ഗ്ലാഡ്‌സണ്‍ ചൂണ്ടികാട്ടി.

വൈകിട്ടത്തെ കലാസാംസ്‌കാരിക സമ്മേളനത്തില്‍ ഈ രംഗത്തെ മുഖ്യ പ്രതിഭകളെയാണ് അണിനിരത്തുക. സിനിമയിലും സാഹിത്യത്തിലുമെല്ലാം തിളങ്ങി നില്‍ക്കുന്നവരാണ് അണിനിരക്കുക.
ബിസിനസ് രംഗത്ത് വിജയഗാഥ രചിച്ച മൂന്നുപേര്‍ക്ക് സമ്മേളനത്തില്‍ അവാര്‍ഡ് നല്‍കും. അമേരിക്ക, ഗള്‍ഫ്, കേരളം എന്നിങ്ങനെ തിരിച്ച് മൂന്നുപേര്‍ക്കാണ് അവാര്‍ഡ് നല്‍കുക.

മാതൃകാ വ്യക്തികളായി മലയാളി സമൂഹം കാണുന്നവരെയും ആദരിക്കും. ഫിലിം അവാര്‍ഡ് നല്‍കുന്ന കാര്യവും പരിഗണയിലുണ്ട്. അവാര്‍ഡുകള്‍ നിര്‍ണയിക്കാന്‍ ജോണ്‍ സി. വര്‍ഗീസ്, അനിയന്‍ ജോര്‍ജ്ജ്, ബിനോയി തോമസ് എന്നിവരടങ്ങിയ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റു മന്ത്രിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യം സമ്മേളനത്തില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. കേരളത്തിലെ വ്യവസായ പ്രമുഖരെയും ക്ഷണിക്കുന്നുണ്ട്.

യു.എസില്‍ നിന്നും കാനഡയില്‍ നിന്നുമായി 300 നും 400നും ഇടയില്‍ ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി ഭാരതീയ ദിവസ് തീരുന്നതിന്റെ പിറ്റേന്നാണ് കണ്‍വന്‍ഷന്‍. പി.ബി.ഡിയുടെ വേദിയായ ലേ മെരിഡിയന്‍ തന്നെയാണ് കണ്‍വന്‍ഷന്റേയും വേദി. ജനുവരി ആദ്യം നാട്ടിലെത്തുന്നവര്‍ക്ക് പല പരിപാടികളില്‍ പങ്കെടുക്കാമെന്ന അപൂര്‍വ സൗകര്യമാണുള്ളത്. ഇതു കഴിയുന്നത്ര പേര്‍ ഉപയോഗപ്പെടുത്തണമെന്നവര്‍ അഭ്യര്‍ത്ഥിച്ചു. വെറുതെ കാഴ്ചക്കാരായുള്ള ഒരു ആള്‍ക്കൂട്ടമെന്നതല്ല മറിച്ച് കേരളത്തിലെയും ഗള്‍ഫിലെയും പ്രമുഖരുമായെല്ലാം നേരിട്ടു ബന്ധപ്പെടാനും നെറ്റ് വര്‍ക്കിംഗിനുമുള്ള വേദിയായാണ് സമ്മേളനത്തെ കാണേണ്ടത്.

കേരളത്തിലും അമേരിക്കയിലുമുള്ള മലയാളികള്‍ക്ക് സമ്മേളനം പുതിയ അനുഭവമായിരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. ഫോമക്ക് കേരളത്തില്‍ കൂടുതല്‍ അംഗീകാരം നേടാനും സമ്മേളനം കാരണമാകും.
ഫോമയുടെ പുതിയ സാരഥികളായി സ്ഥാനമേറ്റ് അധികം കഴിയാതെ തന്നെ കണ്‍വന്‍ഷന്‍ പ്രഖ്യാപിക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തുവെന്നവര്‍ ചൂണ്ടികാട്ടി. ചുരുങ്ങിയ മാസങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചത്. എങ്കിലും കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാന്‍ എല്ലാ വിധത്തിലും ശ്രമിക്കുന്നു.

ജോണ്‍ ടൈറ്റസ് ചെയര്‍മാനും ശശിധരന്‍ നായര്‍, ബേബി ഊരാളില്‍ എന്നിവര്‍ കോ ചെയര്‍മാന്മാരുമായുള്ള കണ്‍വന്‍ഷന്‍ കമ്മിറ്റിയാണ് സമ്മേളനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ജനുവരി 11ന് ഹൗസ് ബോട്ട് ടൂറോടെയാണ് സമ്മേളനം സമാപിക്കുക.

സാന്‍ഡി ചുഴലിക്കാറ്റ് മൂലം നാശനഷ്ടമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനായി ഫോമ സജീവമായി രംഗത്തുണ്ടെന്ന് ഗ്ലാഡ്‌സണ്‍ പറഞ്ഞു. ഫോമ ഹെല്‍പ് ലൈന്‍ വഴി സഹായമെത്തിക്കും.
കേരള കണ്‍വന്‍ഷനില്‍ പങ്കെടുക്കുക : ഫോമാ നേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക