Image

വേണ്ട, ആറന്മുള വിമാനത്താവളം (സുഗതകുമാരി)

Published on 29 November, 2012
വേണ്ട, ആറന്മുള വിമാനത്താവളം (സുഗതകുമാരി)
പമ്പാതീരത്താണ്‌ ആറന്മുള. അനന്തവിശാലമായ നെല്‍പാടങ്ങളും തോടുകളും കാവുകളും നിരവധി ക്ഷേത്രങ്ങളും അവക്കെല്ലാം നടുനായകമായി തിരുവാറന്മുള ക്ഷേത്രവും നിലകൊള്ളുന്ന ഒതുങ്ങിയ പൈതൃകഗ്രാമം. ഇവിടെയിപ്പോഴും കൊയ്‌ത്തും വിതയും നാടന്‍പാട്ടും തുയിലുണര്‍ത്തും ആറന്മുള കണ്ണാടി നിര്‍മാണവും അക്ഷരശ്‌ളോകവും പഴയരീതിയിലുള്ള ഉത്സവാഘോഷങ്ങളും വള്ളപ്പാട്ടും വള്ളം കളിയും വള്ളസദ്യയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഈ നെല്‍പാടങ്ങളുടെ നടുവിലേക്കാണ്‌ ഒരു എയര്‍പോര്‍ട്ട്‌ ഭീകരമായി താണിറങ്ങാന്‍ പോകുന്നു എന്ന്‌ അറിയുന്നത്‌.

അതുവേണ്ടാ എന്നും അരുത്‌ എന്നും ഞങ്ങള്‍ ശക്തമായി പറയുന്നു. കാരണം, ഇപ്പോള്‍ തന്നെ മൂന്ന്‌ ഇന്‍ര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളും നിര്‍മാണത്തിലിരിക്കുന്ന നാലാമത്തെ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടായ കണ്ണൂരും കൊച്ചിയില്‍ ഒരു നാവിക എയര്‍പോര്‍ട്ടും നിലവിലുണ്ട്‌. ആകപ്പാടെ 600 കിലോമീറ്റര്‍ മാത്രം ഭൂവിസ്‌തൃതിയുള്ള ഈ കൊച്ചു കേരളത്തില്‍ എന്തിനാണിത്രമാത്രം എയര്‍പോര്‍ട്ടുകളെന്ന്‌ മനസ്സിലാകുന്നില്ല. സ്വകാര്യ കമ്പനികള്‍ക്ക്‌ ലാഭം കൊയ്യുവാന്‍ വേണ്ടി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ഭൂമാഫിയകളും ഒത്തുചേര്‍ന്ന്‌ നടത്തുന്ന തികച്ചും നിയമവിരുദ്ധമായ ഇത്തരം പരിപാടികള്‍ക്ക്‌ സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കാന്‍ പാടില്ല. ഒരുപിടി സമ്പന്നരുടെ ആവശ്യമാണ്‌ വിമാനത്താവളം. സാധാരണക്കാര്‍ക്ക്‌ വേണ്ടിയുള്ളതല്ല എന്നും ആറന്മുളനിന്നും ഏതാണ്ട്‌ രണ്ടുമണിക്കൂര്‍ ദൂരത്തില്‍ തിരുവനന്തപുരം, നൊടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ ഉണ്ടെന്നും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വിമാനത്താവളത്തിനുവേണ്ടി നഷ്ടപ്പെടുന്നതോ ഫലഭുയിഷ്‌ഠമായ നെല്‍പാടങ്ങളാണ്‌. അവ കുറെ വര്‍ഷങ്ങളായി തരിശ്‌ ഇട്ടിരിക്കയാണെന്നതാണ്‌ കാരണം പറയുന്നത്‌. എന്നാല്‍, കാരണം മറ്റ്‌ പലതുമാണ്‌. സമ്പന്നനായ ഒരു വ്യക്തി അവിടെയുള്ള കുറച്ചു വയലുകള്‍ വിലക്കു വാങ്ങുന്നു. ആ വിശാലമായ നെല്‍പാടങ്ങള്‍ക്കെല്ലാം സമൃദ്ധമായി ജലം നല്‍കുന്ന വലിയ തോടിനു നടുവില്‍ ആ വ്യക്തി തടസ്സം സൃഷ്ടിക്കുന്നു. സമീപത്തുള്ള വന്‍ കുന്നുകള്‍ വിലക്കു വാങ്ങി വെട്ടിയിടിച്ച്‌ ആ മണ്ണ്‌ കൊണ്ടുവന്ന്‌ വലിയ തോട്ടില്‍ ഇടുകയാണ്‌ സധൈര്യം ചെയ്‌തത്‌. തോട്‌ തിരിഞ്ഞ്‌ ഒഴുകി പാടങ്ങളെല്ലാം ചെളി കെട്ടി ഉപയോഗ ശൂന്യമായി. നാട്ടുകാര്‍ വര്‍ഷങ്ങളായി സര്‍ക്കാറിന്‍െറയും കോടതിയുടെയും പിറകെ നടക്കുകയാണ്‌. തോട്ടിലെ മണ്ണ്‌ നീക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ പലവട്ടം കലക്ടര്‍ ആജ്ഞ പുറപ്പെടുവിച്ചിട്ടും അത്‌ അനുസരിക്കപ്പെട്ടിട്ടില്ല. വളരെ വൈകിവന്ന അതേരീതിയിലുള്ള കോടതിവിധിയും അതുപോലെ അവഗണിക്കപ്പെട്ടു. ഈ അവസ്ഥയിലാണ്‌ പെട്ടെന്ന്‌ ഒരു വിമാനത്താവള പദ്ധതി അവിടെ ആവിഷ്‌കരിക്കപ്പെട്ടത്‌. അതിന്‍െറ നിയമ വൈരുധ്യങ്ങളെപ്പറ്റിയും മറ്റും അന്വേഷണങ്ങളും കേസുകളും നടന്നുകൊണ്ടിരിക്കയാണ്‌.

ഈ ഘട്ടത്തിലാണ്‌ കേന്ദ്രത്തില്‍നിന്നും അലുവാലിയ എന്ന സര്‍ക്കാറിന്‍െറ പ്രധാന ആസൂത്രണോപദേശകന്‍ കേരളത്തില്‍ എത്തിച്ചേരുന്നത്‌. അദ്ദേഹത്തിന്‌ കേരളത്തിന്‍െറ നിറഞ്ഞ പച്ചപ്പ്‌ കണ്ടിട്ട്‌ പിടിച്ചില്ല. `എന്തിനാണിവിടെ കൃഷി? പ്രത്യേകിച്ചും നെല്‍കൃഷി? എല്ലാ വയലുകളും നികത്തിയിട്ട്‌ വ്യവസായങ്ങള്‍ സ്ഥാപിക്കുകയാണ്‌ വേണ്ടത്‌. നിങ്ങള്‍ക്കുവേണ്ട ആഹാരം അന്യനാട്ടുകാര്‍ തന്നോളും' എന്നാണ്‌ അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്‌. ഈ ധിക്കാരത്തിന്‌ മറുപടി കേരളം അതേനാണയത്തില്‍ തിരിച്ചു നല്‍കേണ്ടതാണ്‌. കേരളം ജലസമൃദ്ധിയുടെയും ഫലസമൃദ്ധിയുടെയും നാടാണ്‌. പൊന്നുവിളയുന്ന നാടാണ്‌. മനുഷ്യന്‍െറ ഏറ്റവും പ്രധാന ആവശ്യങ്ങള്‍ പ്രാണവായുവും ജലവും അന്നവുമാണ്‌. ഈ മൂന്നും നല്‍കാന്‍ കെല്‍പുള്ളവയാണ്‌ നമ്മുടെ കാടുകളും വയലേലകളും. വയലെന്നാല്‍ അന്നദായിനി മാത്രമല്ല ജലസംഭരണിയും കൂടിയാണ്‌. പെയ്യുന്ന മഴവെള്ളം മുഴുവനും മാര്‍ത്തടത്തില്‍ ഏറ്റുവാങ്ങി ഭൂഗര്‍ഭജലമാക്കി മാറ്റി ഉറവകളായി പുനരുജ്ജീവിപ്പിക്കുന്നത്‌ പ്രകൃതിയുടെ സുകൃതമായ രാസവിദ്യയാണ്‌. അവിടെ നെല്ല്‌ മാത്രമല്ല വരമ്പുകളില്‍ ഒരായിരം സസ്യജാലങ്ങള്‍ തഴച്ചുനില്‍ക്കുന്നു. അവക്കിടയിലും നെല്ലിന്‍െറ കാല്‍ച്ചുവട്ടിലെ ജലപ്പരപ്പിലും ലക്ഷക്കണക്കിന്‌ ജീവജാലങ്ങള്‍ വിഹരിക്കുന്നു. തവളയും മാനത്തു കണ്ണിയും ചെറുമീനുകളും നീര്‍ച്ചിലന്തികളും അരണകളും നീര്‍പാമ്പുകളും പാമ്പുകളും ശലഭങ്ങളും തുമ്പികളും വണ്ടുകളും തേനീച്ചകളും കിളിക്കൂട്ടങ്ങളും വയലുകളും കൊണ്ടു പുലരുന്നു. എല്ലാം നശിപ്പിക്കാന്‍ എന്തെളുപ്പം! ഒരു ജെ.സി.ബി മതിയാകും. ഇങ്ങനെയൊരു ജൈവപ്രഭവ കേന്ദ്രം സൃഷ്ടിക്കുവാനോ എത്ര ദശ വര്‍ഷങ്ങള്‍ വേണം.

വയല്‍ എന്നാല്‍ നെല്ലു മാത്രമല്ല, ജലം മാത്രമല്ല, ജൈവ വൈവിധ്യം മാത്രമല്ല. ഒരു മനോഹര സംസ്‌കാരം കൂടിയാണ്‌. നടീല്‍ പാട്ടും കൊയ്‌ത്തു പാട്ടും തേക്ക്‌ പാട്ടും ഒരു നൂറ്‌ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വയലുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ഏറ്റവുമധികം പെണ്ണുങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുന്നത്‌ നെല്‍കൃഷിയിടങ്ങളായിരുന്നു. വയലുകള്‍ കേരളത്തിന്‍െറ മുഖമുദ്രയാണ്‌, ഐശ്വര്യമാണ്‌, അമൂല്യ സമ്പത്താണ്‌.

നെല്‍കൃഷിയെയും പച്ചക്കറി കൃഷിയെയും പുനരുജ്ജീവിപ്പിക്കുക എന്നതാണ്‌ കേരളത്തിന്‍െറ ധര്‍മം. പമ്പാ തീരത്തിന്‍െറ വളക്കൂറുള്ള മണ്ണ്‌ നശിപ്പിച്ചുകൂടാ. കോണ്‍ക്രീറ്റിട്ട്‌ ശ്വാസംമുട്ടിച്ച്‌ കൊന്നുകൂടാ. അയല്‍വക്കക്കാര്‍ അമിതവിലക്ക്‌ കനിഞ്ഞുനല്‍കുന്ന അരിയും `കേരളാവുക്ക്‌ സെപറേറ്റ്‌ താന്‍' എന്ന്‌ വേര്‍തിരിച്ചയക്കുന്ന കൊടും വിഷംകലര്‍ന്ന പച്ചക്കറിയും പഴങ്ങളുമല്ല മലയാളിക്കാവശ്യം. അവന്‍െറ നാഴിയിടങ്ങഴി മണ്ണില്‍ അന്നം വിളയട്ടെ. നാടന്‍ പശുക്കള്‍ പുലരട്ടെ. ചേറില്‍ പണിയെടുക്കാന്‍ മടിയില്ലാത്ത പുതിയൊരു മലയാളി പുനര്‍ജനിക്കട്ടെ. ഞങ്ങളുടെ പ്രാര്‍ഥന ഇതാണ്‌. അതിനാലത്രെ സര്‍ക്കാറിനോട്‌ ആറന്മുള എയര്‍പോര്‍ട്ട്‌ അരുത്‌ എന്ന്‌ ഞങ്ങള്‍ ആയിരമായിരം കണ്‌ഠങ്ങളിലൂടെ രാഷ്ട്രീയാതീതമായി ഉറക്കെ വിളിച്ചുപറയുന്നത്‌. ആറന്മുള ഒരു പ്രതീകമാണ്‌. കേരളത്തിലുടനീളം നടക്കുന്ന വയല്‍ തണ്ണീര്‍ത്തട സംഹാരത്തിന്‍െറ ഒരു പ്രതീകം. അത്‌ തടയുവാന്‍ ലോകമെങ്ങുമുള്ള മലയാളികളുടെ ശബ്ദം ഉയരട്ടെ.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക