Image

ഒരു നെഞ്ചു വേദനയുടെ കഥ (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 30 November, 2012
ഒരു നെഞ്ചു വേദനയുടെ കഥ (സുധീര്‍ പണിക്കവീട്ടില്‍)
ഹൃദയ മിടിപ്പിന്റെ അളവുകളെ
തിട്ടപെടുത്തിയ ഭിഷഗ്വരന്മാര്‍
രോഗനിദാനത്തിനായിയെന്നെ
മെത്തയിലാക്കി ഒരാഴ്‌ച്ചവട്ടം

ഒരു കൊച്ചു വേദന നെഞ്ചിനുള്ളില്‍
വന്നതിനിത്രയും കാര്യമുണ്ടൊ?
രോഗം നിസ്സാരമല്ലെന്ന പക്ഷം
അപ്പോത്തിക്കരിമാര്‍ തന്‍ ഏക ലക്ഷ്യം

കുറ്റപെടുത്തികൊണ്ടവരെയെല്ലാം
ചെറ്റും ഭയക്കാതെ ഞാന്‍ കിടന്നു
വൈദ്യന്മാര്‍ തീര്‍ക്കുന്ന വ്യാധിയല്ലാ-
തസുഖങ്ങളില്ലെനിക്കന്നുമിന്നും
എങ്കിലും സൂചി തുളുച്ചു കേറ്റി
നിണമൂറ്റി നാന പരീക്ഷകള്‍ക്കായി
തട്ടികുടഞ്ഞെന്റെ ദേഹമെല്ലാം
നിത്യവും ഡോക്‌ടര്‍മാര്‍ മാറി മാറി

ദൈവത്തിന്‍ കൃപകൊണ്ടു രോഗമൊന്നു
മില്ലെന്നു ചൊല്ലുന്നു പിന്നെയവര്‍
അതു കേട്ടിട്ടാഹ്ലാദ ചിത്തനായി
നാട്ടിലേക്കിണയെ വിളിച്ചു ഫോണില്‍
വിസയും പ്രതീക്ഷിച്ചു കഴിയുമെന്റെ
പത്‌നിയും, പുത്രിയും നാട്ടിലാണു
വാചാലയായ്‌ പറഞ്ഞതവളൊക്കെയും
മോളേകുറിച്ചായിരുന്നു
കണ്ടിട്ടില്ലെങ്കിലും പുത്രിരൂപം
ഏറെകുറെ ഞാന്‍ മനസ്സിലാക്കി
ഫോണ്‍ വച്ചു ഞാന്‍ മെല്ലെ വിശ്രമിക്കെ
മനസ്സിലാ ദൃശ്യങ്ങള്‍ വ്യക്‌തമായി
അങ്ങു വിദൂരമാം ദിക്കിലെങ്ങോ
പാലൊളി തൂകും ചിരിയുമായി
കുഞ്ഞിളം ചുണ്ടിലൊലിച്ചിറങ്ങും
ശര്‍ക്കര നീരു മുഖത്തു തേച്ച്‌
കുഞ്ഞികിടാവതാ കൊഞ്ചിനില്‍പ്പൂൂ
കുഞ്ഞികൈ നീട്ടി കൊതിച്ചു നില്‍പ്പൂ
മുട്ടിലൂന്നികൊണ്ടു നീന്തി മെല്ലെ
പൂമ്പൈതല്‍ എത്തിപിടിച്ചു ചിത്രം

ചില്ലിട്ട ചിത്രത്തിനുള്ളിലഛന്‍
മന്ദ്‌സ്‌മിതം തൂകി നിന്നതപ്പോള്‍

ആരുമില്ലന്നേരം അവിടെയെങ്ങും
കുഞ്ഞികൈ കൂട്ടിയടിച്ചു പൈതല്‍
പുവ്വുടലില്‍ നിന്നുടുപ്പു മാറ്റി
പൂമേനിയൊക്കെ പുറത്തു കാട്ടി
ഇമപൂട്ടാതോമനകുട്ടിയെന്തോ
അച്ഛന്റെ ചിത്രത്തില്‍ തൊട്ടു നോക്കി
ചിത്രമാണെങ്കിലും അവിടെയപ്പോള്‍
ആത്മബന്ധത്തിന്റെ ചരടഴിഞ്ഞു

കുഞ്ഞികൈകൊണ്ടവള്‍ തൊട്ടനേരം
ഹൃദയം തുടിച്ചുപോയ്‌ നിര്‍വൃതിയാല്‍
ആ നല്ല നിമിഷത്തില്‍ നെഞ്ചിലെങ്ങോ
അനുഭൂതി താളം പിടിച്ചുപോയി
അപ്പോത്തിക്കരിമാര്‍ക്കു നിര്‍ണ്ണയിക്കാന്‍
ആ താളം രോഗമല്ലായിരുന്നു
വൈദ്യശാസ്ര്‌തത്തിനു ആത്മബന്ധം
അളക്കാന്‍ അളവു കോലൊന്നുമില്ല
രക്‌തബന്ധത്തിനദ്രുശ്യ ശക്‌തി
ഔഷധങ്ങള്‍ക്കൊട്ടുമില്ലതാനും

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക