Image

പ്രസവ ചിത്രീകരണം നീല ചിത്രത്തിന്റെ മുന്നോടി

കോര ചെറിയന്‍, യു.എസ്‌.എ Published on 01 December, 2012
പ്രസവ ചിത്രീകരണം നീല ചിത്രത്തിന്റെ മുന്നോടി
പ്രസവം യഥാര്‍ത്ഥമായി സിനിമകളില്‍ വരുമ്പോള്‍ സ്വാഭാവികമായി പ്രസവത്തിനു ഹേതുവായ ക്രീഢപ്രവര്‍ത്തനങ്ങളും ക്രമേണ സിനിമയിലേക്ക്‌ എത്തിച്ചേരും. അങ്ങനെ അന്തസും ആഭിജാത്യവുമുള്ള ആര്‍ഷ ഭാരതത്തില്‍ നീല ചിത്രങ്ങളുടെ ഉത്‌പാദനവും വരുംകാലങ്ങളില്‍ ആരംഭിക്കാനുള്ള ഇടമാണ്‌ ഈ പ്രസവ ചിത്രീകരണം.

ഗര്‍ഭിണികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നീല ചിത്രങ്ങള്‍ അംഗീകൃത രാജ്യങ്ങളില്‍ അനുവദിച്ചിട്ടുണ്ട്‌. തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ലൈവായി പ്രസവം ചിത്രീകരിക്കുന്നത്‌ നീല ചിത്ര നിര്‍മ്മാണത്തിലും തരംതാഴ്‌ന്ന പ്രവര്‍ത്തനമായേ ഏതു സദാചാരപാലകനും അംഗീകരിക്കുകയുള്ളൂ. വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യയില്‍, അഭിനയിക്കുന്ന അനേകം നടികള്‍ക്കോ, സംവിധായകര്‍ക്കോ ഈ ഹീനമായ ചേതോവികാരം പലപ്പോഴും തോന്നിയിരിക്കാം. എന്നാല്‍ സാമൂഹ്യ വ്യവസ്ഥിതിയ്‌ക്കും, സ്വന്തം വ്യക്തിത്വത്തിനും പ്രധാന്യം തീര്‍ച്ചയായും അവര്‍ കൊടുത്തിരിക്കും.

പതിനായിരക്കണക്കിന്‌ വാട്‌സ്‌ പവ്വറുള്ള കത്തിജ്വലിക്കുന്ന വൈദ്യുതി വെളിച്ചത്തിന്റേയും, ആതുരസേവനത്തിന്റെ ആദ്യപാഠം പോലും അറിയാത്ത അനേകം പുരുഷന്മാര്‍ അടങ്ങുന്ന സിനിമാ നിര്‍മ്മാണ പ്രവര്‍ത്തകരുടേയും മധ്യത്തില്‍ കിടുന്നുകൊണ്ട്‌, ഒരു പക്ഷെ പരിപൂര്‍ണ്ണ നഗ്‌നയായി, ഒരു മനുഷ്യനു ജന്മം നല്‍കുന്ന സ്‌ത്രീത്വത്തിന്റെ പരമപ്രധാനമായ ഉത്തരവാദിത്വ നിര്‍വഹണം ചിത്രീകരിക്കുന്നതിനു അനുമതി നല്‍കിയ ചേതന തികച്ചും അമാനുഷികമാണ്‌. ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളില്‍ പോലും പ്രസവ രംഗങ്ങള്‍ വീക്ഷിക്കുവാന്‍ ഭര്‍ത്താവിനെ അനുവദിക്കുന്നത്‌ ഡോക്‌ടറുടെ പ്രത്യേക അനുമതിയോടുകൂടി മാത്രമാണ്‌. പുരുഷന്മാരായ ഗൈനക്കോളജിസ്റ്റുകള്‍ അപ്രതീക്ഷിതമായി സ്വന്തം സഹോദരിയുടെ പ്രസവം എടുക്കേണ്ടി വന്നാല്‍ സമീപത്തുള്ള നഴ്‌സുമാരോട്‌ മുഖവും മാറിടവും മറയ്‌ക്കുവാന്‍ ആവശ്യപ്പെടുന്നതു സാധാരണ സംഭവമാണ്‌.

ഏറ്റവും ക്രൂര വന്യമൃഗമായ സിംഹം പ്രസവിക്കുമ്പോള്‍ പെണ്‍ സിംഹങ്ങള്‍ മാത്രം കാവല്‍ നില്‍ക്കുന്നതായി മുത്തശ്ശിക്കഥകളില്‍ കേട്ട മലയാളികള്‍, മാധ്യമങ്ങളില്‍ക്കൂടി കേട്ട ഈ ജാള്യമായ വാര്‍ത്തയെ ആത്മാര്‍ത്ഥതയോടെ അംഗീകരിക്കുക അസാദ്ധ്യമാണ്‌. ആദിമ മനുഷ്യന്‍ നഗ്‌നത ഇലകളും മരത്തൊലിയും ഉപയോഗിച്ച്‌ മറിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.

പേരും പ്രശസ്‌തിയും സാമ്പത്തികവും സമാഹരിക്കുന്നത്‌ സാന്മാര്‍ഗ്ഗികമായ പ്രവര്‍ത്തനശൈലിയില്‍ കൂടിയും കഠിനാധ്വാനത്തില്‍ക്കൂടിയും ആണ്‌.

മഹിമയുള്ള മാതൃത്വത്തെ മാനിക്കുന്ന ഒരു വ്യക്തിപോലും പ്രസവദൃശ്യം ജന സമൂഹത്തിനു മുന്നില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത്‌ അംഗീകരിക്കുകയില്ല. പെറ്റമ്മ കാണിച്ച ധീരതയോ, നീചത്വമോ ഭൂമിയിലേക്ക്‌ പിറന്നുവീണ പിഞ്ചുകുഞ്ഞിന്റെ അനുമതിയോടെ ആണോ? കാലത്തിന്റെ തിരുവില്‍ വളര്‍ന്നുവരുന്ന നിരപരാധിയായ ഈ കുട്ടിയെ ലോകം എങ്ങനെ വീക്ഷിക്കും? സ്‌കൂള്‍ പഠനത്തിലും കോളജ്‌ പഠന കാലത്തും സഹപാഠികള്‍ നിര്‍ദോഷിയായ ഈ കുട്ടിയെ പരിഹസിക്കുമോ, അഭിനന്ദിക്കുമോ? എല്ലാം തികച്ചും അവ്യക്തമായി അവശേഷിക്കുന്നു.

സ്‌ത്രീത്വം പവിത്രമാണ്‌. സ്‌ത്രീ ദേവിയാണ്‌. ഓരോ ഭാരതീയനും പഠിച്ചതും പഠിപ്പിക്കുന്നതുമായ തത്വശകലങ്ങള്‍ നിലനില്‍ക്കുന്ന ആര്‍ഷഭാരതത്തിന്റെ മടിത്തട്ടില്‍ കിടന്നുകൊണ്ട്‌ നടത്തിയ നീചവും നികൃഷ്‌ഠവുമായ ചെയ്‌തികളെ നിശേഷം നിര്‍മ്മാജ്ജനം ചെയ്യാന്‍ നിയമ സംവിധാനം തന്നെ നിലനിര്‍ത്തണം.

ദുര്‍ബലമായ ഇന്ത്യന്‍ സിനിമാ നിര്‍മ്മാണ നിബന്ധനകളുടേയും ഭാരതീയ സംസ്‌കാരത്തിന്റേതുമായ ലക്ഷ്‌മണ രേഖ ലംഘിക്കുവാന്‍ ഭാരതീയരും സെന്‍സര്‍ ബോര്‍ഡും അനുവദിക്കുന്നത്‌ അന്തസ്‌ ഇല്ലായ്‌മയാണ്‌.

കേരളത്തിലെ ചില രാഷ്‌ട്രീയ നേതാക്കള്‍ ഈ സിനിമാ ചിത്രീകരണത്തെ പരസ്യമായി പഴിക്കാനുള്ള ധൈര്യം കാട്ടിയതില്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. രാഷ്‌ട്രീയമായും സാമൂഹ്യമായും അതിലുപരിയായി മതാനുചാരികളും സംഘടിതമായി ഈ അരോചകമായ പ്രവണതയെ നിശേഷം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സന്നദ്ധരാകണം.

കോര ചെറിയന്‍ (punnooss@gmail.com)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക