Image

ഫാര്‍മസിസ്റ്റുകളുടെ കേന്ദ്ര സംഘടനയുടെ ദേശീയ സമിതിയിലേക്ക്‌ മലയാളി യുവതിക്ക്‌ നിയമനം

ജോയിച്ചന്‍ പുതുക്കുളം Published on 31 August, 2011
ഫാര്‍മസിസ്റ്റുകളുടെ കേന്ദ്ര സംഘടനയുടെ ദേശീയ സമിതിയിലേക്ക്‌ മലയാളി യുവതിക്ക്‌ നിയമനം
മിയാമി (ഫ്‌ളോറിഡ): ആരോഗ്യപരിപാലന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിസ്റ്റുകളുടെ ദേശീയ സംഘടനയായ എ.എസ്‌.എച്ച്‌.പി (American Society of helth system pharmacist) യുടെ ദേശീയ ഭരണസമിതിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിലേക്ക്‌ മലയാളി വിദ്യാര്‍ത്ഥിനിയായ ജെസ്‌നി മാത്യു നിയമിക്കപ്പെട്ടു.

ഫാര്‍മസിസ്റ്റുകളുടെ ജോലിനിര്‍വ്വഹണത്തില്‍ കാലാനുസൃതമായ പുരോഗമനത്തിനായി അവരെ സഹായിക്കുകയും, അതോടൊപ്പം രോഗികളുടെ സംരക്ഷയ്‌ക്കും, ശുശ്രൂഷയ്‌ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ രൂപീകരിച്ച്‌ നടപ്പാക്കുകയുമാണ്‌ ഈ കേന്ദ്രസംഘടന ചെയ്യുന്നത്‌.

എ.എസ്‌.എച്ച്‌.പിയുടെ പതിനായിരക്കണക്കിന്‌ അംഗസംഖ്യയുടെ മൂന്നിലൊന്നു ഭാഗം ഫാര്‍മസി വിദ്യാര്‍ത്ഥികളാണ്‌. അമേരിക്കയിലെ നൂറിലധികം പ്രശസ്‌ത കലാലയങ്ങളില്‍ നിന്നുമുള്ള ദേശീയ പ്രതിനിധിയായാണ്‌ ജെസ്‌നി മാത്യു തെരഞ്ഞെടുക്കപ്പെട്ടത്‌.

ദേശീയ സമിതിയും വിദ്യാര്‍ത്ഥിവിഭാഗവും തമ്മിലുള്ള സുഗമമായ പ്രവര്‍ത്തനമേഖല ഉറപ്പാക്കുക സംഘടനയുടെ Policy and Legislative Advocay (നയങ്ങളും നിയമനിര്‍മ്മാണവും) എന്നീ വിഷയങ്ങളിലാണ്‌ ജെസ്‌നിക്ക്‌ ഉത്തരവാദിത്വം.

ഫ്‌ളോറിഡയിലെ ഗെയിന്‍സ്‌ വില്ലയില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്‌ളോറിഡയില്‍ ഫാര്‍മസിയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഫാം.ഡി ഡിഗ്രിക്കുവേണ്ടിയുള്ള പ്രായോഗിക പരിശീലനം (Rotation) നടത്തിവരികയാണ്‌ യുവതി. സൗത്ത്‌ ഫ്‌ളോറിഡയില്‍ പെം ബ്രൂക്ക്‌ പൈന്‍സില്‍ താമസിക്കുന്ന സേവി മാത്യു, ലിസ്സി ദമ്പതികളുടെ പുത്രിയും, സി.പി.എ പഠനശേഷം ന്യൂയോര്‍ക്കില്‍ പി.ഡബ്ല്യു.സിയില്‍ ഉദ്യോഗസ്ഥനായ ജെമ്പി മാത്യുവിന്റെ ഇരട്ട സഹോദരിയുമാണ്‌ ഈ കൊച്ചുമിടുക്കി.

2010 വേനല്‍ക്കാലത്ത്‌ എ.എസ്‌.എച്ച്‌.പിയുടെ വാഷിംഗ്‌ടണിലെ തലസ്ഥാന ഓഫീസില്‍ ജെസ്‌നി പരിശീലനം നേടിയിരുന്നു. കൂടാതെ കഴിഞ്ഞ ഡിസംബറില്‍ കാലിഫോര്‍ണയയില്‍ നടന്ന ഫാര്‍മസിസ്റ്റുകളുടെ ദേശീയ സംഗമത്തിലും സജീവ പങ്കാളിയായിരുന്നു. കൂടാതെ ഫ്‌ളോറിഡ സംസ്ഥാന ഘടകത്തിന്റെ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഫാര്‍മസിസ്റ്റുകളുടെ അമേരിക്കയിലെ ഏറ്റവും വലിയ സമ്മേളനം അടുത്ത ഡിസംബറില്‍ ലൂസിയാനായിലെ ന്യൂഓര്‍ലിയന്‍സില്‍ നടക്കുന്നതാണ്‌. പ്രസ്‌തുത സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, പരിപാടികളുടെ ആസൂത്രണം, നടത്തിപ്പ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ നിരവധി ഉത്തരവാദിത്വങ്ങള്‍ ദേശീയ സംഘടന ജെസ്‌നി മാത്യുവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌. പ്രസ്‌തുത സംഗമത്തിലേക്ക്‌ എല്ലാ വിദ്യാര്‍ത്ഥി സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായും ജെസ്‌നി മാത്യു അറിയിച്ചു.
ഫാര്‍മസിസ്റ്റുകളുടെ കേന്ദ്ര സംഘടനയുടെ ദേശീയ സമിതിയിലേക്ക്‌ മലയാളി യുവതിക്ക്‌ നിയമനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക