Image

ശരണമയ്യപ്പാ....(സുധീര്‍ പണിക്കവീട്ടില്‍)

Published on 04 December, 2012
ശരണമയ്യപ്പാ....(സുധീര്‍ പണിക്കവീട്ടില്‍)
ദക്ഷിണ ഗംഗയെന്നറിയപ്പെടുന്ന പമ്പാ നദിയുടെ ഓളങ്ങള്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ തലോടുന്ന പശ്‌ചിമഘട്ട നിരകളിലൊന്നില്‍ ശബരിമല ക്ഷേത്രം സ്‌ഥിതി ചെയ്യുന്നു. ഇതിഹാസങ്ങള്‍ മയങ്ങുന്ന ആ പൊന്നമ്പല മേട്ടിലേക്ക്‌ ഭഗവാന്റെ പുണ്യദര്‍ശനത്തിനായി പതിനെട്ടാംപടി കയറി അയ്യപ്പഭക്‌തന്മാര്‍ ശരണം വിളിയോടെ പോകുന്നത്‌ മണ്‌ഡലകാലത്തെ കാഴ്‌ക്ലയാണു്‌. വ്രുശ്‌ചികമാസം ഒന്നാം തിയ്യതി പിറക്കുന്നതോടെ മണ്‌ഡലകാലം ആരംഭിക്കുകയായി.അയ്യപ്പന്റെ പൂങ്കാവനം എന്ന പേരിലറിയപ്പെടുന്ന അമ്പലപരിസരങ്ങളിലെ കാനന ശാന്തതയില്‍ തീര്‍ത്ഥാകരുടെ ശരണം വിളികൊണ്ട്‌ ഭക്‌തി നിറഞ്ഞ്‌ കവിയുന്നു.ശബരിമല സന്ദര്‍ശിക്കുന്ന ഭക്‌തന്മാര്‍ക്ക്‌ കഠിനമായ വൃതാനുഷ്‌ഠാനം നിര്‍ബന്ധമാണ്‌.

വ്രുശ്‌ചികമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ ഭഗവാന്‍ പിറന്നു എന്ന്‌ വിശ്വസിക്കുന്നത്‌കൊണ്ട്‌ ആ ദിവസം ശബരിമലയില്‍ ഉത്സവം കൊടിയേറുന്നു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിലെ പ്രധാന പരിപാടികള്‍ പള്ളിവേട്ടയും ആരാട്ടുമാണ്‌. ധര്‍മ്മത്തെ ശാസിക്കാനായി അവതരിച്ച സാക്ഷാല്‍ ധര്‍മ്മശാസ്‌താവ്‌ തന്നെയാണു അയ്യപ്പന്‍ എന്നും വിശ്വസിച്ചുവരുന്നുണ്ട്‌. ഈ ഉപാസനമൂര്‍ത്തി വിഷ്‌ണു-മഹേശ്വരന്മാരുടെ സംയോഗത്തില്‍ നിന്ന്‌ ജനിച്ചത്‌കൊണ്ട്‌ ഹരിഹരസുതന്‍ എന്നും അറിയപ്പെടുന്നു.

അഴുതമേട്‌, നീലിമല, കരിമല തുടങ്ങി മലകള്‍ ചവുട്ടി അയ്യപ്പദര്‍ശനത്തിനായി നീങ്ങുന്ന ഭക്‌തര്‍ യാത്രയുടെ ക്ഷീണമോ, പ്രയാസങ്ങളോ, അറിയാതിരിക്കുന്നത്‌ ഭഗവാന്‍ അവരോടൊപ്പം ഉണ്ടെന്ന വിശ്വാസം കൊണ്ടത്രെ. തീര്‍ത്ഥാടകര്‍ അഴുതയില്‍ മുങ്ങിക്കുളിച്ച്‌ അവിടെനിന്നു ഒരു കല്ലെടുക്കുന്നു. ആ കല്ലു `കല്ലിടാം കുന്നില്‍' നിക്ഷേപിക്കുന്നു. മഹിഷിയുടെ ജഡം സംസ്‌കരിച്ച സ്‌ഥലമാണിത്‌. മഹിഷി നിഗ്രഹമായിരുന്നു ഭഗവാന്റെ അവതാര ലക്ഷ്യമെന്നു കരുതുന്നു. ആ ഐതിഹ്യം ഇപ്രകാരം.

ഭോഗാലസയായ ഭാര്യ കാമകേളികള്‍ക്കായി ഭര്‍ത്താവിനെ നിരന്തരം ശല്യം ചെയ്‌തപ്പോള്‍ അദ്ദേഹം അവളെ ഒരു എരുമയായി പോകാന്‍ ശപിച്ചു. ശാപഗ്രസ്‌തയായ അവല്‍ എരുമയായി കാട്ടിലും പരിസരത്തും നാശനഷ്‌ടങ്ങല്‍ വരുത്തുകയും, മനുഷ്യര്‍ക്ക്‌ക്ക്‌ വഴി നടക്കുക പ്രയാസമാക്കുകയും ചെയ്‌തു. അവളെ നിഗ്രഹിക്കാന്‍ വേണ്ടി ശ്രീ അയ്യപ്പന്‍ മര്‍ദ്ദിച്ച്‌്‌ കൊണ്ടിരുന്നപ്പോള്‍ ഹരിഹരസുതനാണീ ദൗത്യം നിര്‍വ്വഹിക്കുന്നത്‌ എന്നു മനസ്സിലാക്കിയ മഹിഷി അദ്ദേഹത്തെ വന്ദിക്കാന്‍ തുടങ്ങി. തല്‍ക്ഷണം സ്‌ത്രീരൂപം പ്രാപിച്ച മഹിഷി ഭഗവാനോട്‌ അവളെ ഭാര്യയായി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടു. എന്നാല്‍ നിത്യ ബ്രഹമചാരിയായ ഭഗവാന്‍ ആആവശ്യംനിരസിക്കയാണ്‌ ചെയ്‌തത്‌. അവരാണ്‌ `മാളികപ്പുറത്തമ്മ' എന്ന പേരിലറിയപ്പെടുന്നത്‌. ഇവര്‍ക്കായി പതിനെട്ടാം പടിക്കടുത്ത്‌ ഒരു അമ്പലമുണ്ട്‌. കൊട്ടും മേളവുമായി ആഹ്ലാദത്തോടെ ആറാട്ട്‌ വേളയില്‍ മാളികപ്പുറത്തമ്മ പതിനെട്ടാംപടി വരെ പോകുന്നു.

കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോ എന്ന്‌ ചോദിക്കാനാണ്‌. കാരണം കന്നി അയ്യപ്പന്മാര്‍ അതായത്‌ ആദ്യം മല ചവിട്ടുന്നവര്‍ വരാത്ത വര്‍ഷം അയ്യപ്പന്‍ അവരെ പരിണയിച്ചുകൊള്‍ലാമെന്ന്‌ ഏറ്റിട്ടുണ്ട്‌. അവരുടെ ചോദ്യത്തിനു മറുപടിയായി `ശരംകുത്തിയാലില്‍ പോയി നോക്കുക' എന്ന്‌ മേല്‍ശാന്തി പറയും.

ആദ്യം ശബരിമല സന്ദര്‍ശിക്കുന്ന ഭക്‌തന്മര്‍ പതിനെട്ടാം പടിക്കടുത്തുള്ള ഒരാലില്‍ ശരങ്ങള്‍ കുത്തി വക്കുന്നു. ആലിനു സമീപമെത്തുന്ന മാളികപ്പുറത്തമ്മ ആല്‍ നിറയെ ശരങ്ങല്‍ കുത്തി വച്ചിരിക്കുന്നത്‌ കണ്ട്‌ ജാള്യതയോടെ തിരിച്ചുപോകുന്നു. കൊട്ടും മേളവുമില്ലാതെ, നിരാശയോടെ, നിശ്ശബ്‌ദവേദനയോടെ. നിത്യാനുരാഗവുമായി അടുത്ത വര്‍ഷം ഭാഗ്യം പരീക്ഷിക്കാന്‍ അവര്‍ കാത്തിരിക്കുന്നു.

കേരളം വീണ്ടെടുത്ത പരശുരാമന്‍ ശാസ്‌താം കോവിലുകളില്‍ പൂജ ചെയ്യുന്നതിനായി ആന്ധ്രയില്‍ നിന്നും രണ്ട്‌ ബ്രാഹ്‌മണരെ കേരളത്തില്‍ കൊണ്ടുവന്നുവെന്നും അവരുടെ പിന്‍ഗാമികളാണ്‌ ഇപ്പോഴും ശബരിമലയിലെ മുഖ്യകാര്‍മ്മികര്‍ എന്നും വിശ്വസിച്ചുവരുന്നു. ഇവരില്‍ ഒരാള്‍ തരണനെല്ലൂര്‍ എന്നും മറ്റേ ആള്‍ `താഴമണ്‍' എന്നും അറിയപ്പെടുന്നു. അതിന്റെ ഐതിഹ്യം ഇങ്ങനെ. മേല്‍പ്പറഞ്ഞ ബ്രാഹ്‌മണരെ കൂട്ടി വരുന്ന വഴി കലങ്ങി മറിഞ്ഞൊഴുകുന്ന കൃഷ്‌ണാ നദിയുടെ തീരത്തെത്തിയപ്പോള്‍ അവിടെവച്ച്‌ ബ്രാഹ്‌മണരുടെ ശക്‌തി പരീക്ഷിക്കാന്‍ നദിയുടെ മറുകര കടക്കാന്‍ പരശുരാമന്‍ അവരോട്‌ ആവശ്യപ്പെട്ടു. ഒരാള്‍ ശക്‌തിയായി ഒഴുകുന്ന പുഴയുടെ മാറിലൂടെ നടന്ന്‌ അക്കരെ കടന്നു.. അയാള്‍ തരണം ചെയ്യല്‍ എന്നാല്‍ കടക്കല്‍ എന്ന അര്‍ഥത്തില്‍ `തരണനെല്ലുര്‍' എന്നും മറ്റെയാള്‍ നദിയുടെ ഒഴുക്ക്‌ നിര്‍ത്തിച്ച്‌ വെള്ളം പകുത്ത്‌ താഴെ മണലില്‍ കൂടി നടന്നത്‌കൊണ്ട്‌ `താഴമണ്‍' എന്നും പേരുകളില്‍ പില്‍ക്കാലത്ത്‌ അറിയപ്പെട്ടു.

സന്നിധാനത്തിലേക്കുള്ള ഓരോ ചുവടിലും ശരണം വിളിക്കുന്ന തീര്‍ത്ഥാടകര്‍ അന്യോന്യം സം ബോധന ചെയ്യുന്നത്‌ `സ്വാമി/അയ്യപ്പ സ്വാമി' എന്നാണ്‌. അവരില്‍ ആരും അപരിചിതരല്ല.എല്ലാവരും ഈശ്വരന്റെ പ്രതിരൂപങ്ങല്‍. ഭഗവാനും ഭക്‌തനുമിടയില്‍ ഭേദങ്ങളില്ലാതാകുന്ന അദൈ്വതമാണത്രെ ശബരിമല തീര്‍ത്ഥാടനത്തിന്റെ സാരാംശം. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടികള്‍ ചവുട്ടി കയറുന്ന ഭക്‌തര്‍ ശ്രീകോവിലിന്റെ മുകളില്‍ എഴുതിയിരിക്കുന്ന `അതു നീയ്യാകുന്നു' എന്നര്‍ത്ഥമുള്ള `തത്വമസി''എന്ന വേദവാക്യമാണു കാണുന്നത്‌. `പതിനെട്ടു പടികള്‍ ഓരോ ഭക്‌തര്‍ക്കും നല്‍കുന്ന പാഠമിതാണു.' കാമം, ക്രോധം, ലോഭം, മോഹം,മദം, മാത്സര്യം, എന്നീ ആറു്‌ ശത്രുക്കളത്രെ മനുഷ്യ പുരോഗതി തടയുന്നത്‌.അവയെ മൂന്നു കരണങ്ങള്‍ അതായ്‌ത്‌ `മനസ്സു, വാക്ക്‌, കര്‍മ്മം' എന്നിവ കൊണ്ട്‌ ജയിക്കണം ആറും മൂന്നും കൂടി ഗുണിക്കുമ്പോള്‍ കിട്ടുന്ന പതിനെട്ട്‌ എന്ന സംഖ്യയാണ്‌ ചവിട്ടുപടികളുടെ എണ്ണവും. പലരും ഇതിനെ പല വിധത്തിലും വ്യാഖ്യാനിക്കുന്നുണ്ട്‌.

ധര്‍മ്മ മാര്‍ഗ്ഗം ആഗ്രഹിക്കുന്ന ഏവനും മതത്തിന്റേതായ അതിരുകളോ നിബന്ധനകളോ ഇല്ലെന്ന സന്ദേശം ശബരിമല സന്ദര്‍ശനത്തില്‍ നിന്നും ഓരോ ഭക്‌തനും മനസ്സിലാക്കുന്നു. അയ്യപ്പന്റെ ഉറ്റമിത്രമായി ഇതിഹാസങ്ങളില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന വാവര്‍ മക്കം പുരയില്‍ ഇസ്‌മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ മകനായി ജനിച്ച മുസ്‌ളീം വിശ്വാസിയാണ്‌. അദ്ദേഹത്തിനായി പണിത മുസ്‌ളീം പള്ളിയില്‍ പേട്ട തുള്ളിയതിനുശേഷമണ്‌ അയ്യപ്പ ഭക്‌തന്മര്‍ സന്നിധാനത്തിലെത്തുന്നത്‌. മത മൈത്രിയുടെ സന്ദേശമാണ്‌്‌ എരുമേലിയിലെ പേട്ടതുള്ളല്‍. ഹൈന്ദവ തീര്‍ത്ഥാടകര്‍ മുസ്‌ളീ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നു. അവിടെ കാണിക്കയിടുന്നു.

മകരവിളക്ക്‌ കാലത്ത്‌ പന്തളം രാജകൊട്ടാരത്തില്‍ നിന്നു ആര്‍ക്കും സന്നിധാനത്തില്‍ പ്രവേശനമില്ലത്രെ. രാജാവിന്റെ പ്രതിനിധി മകരവിളക്ക്‌ കഴിഞ്ഞ്‌ രണ്ടാം ദിവസം സന്നിധാനത്തിലെത്തുന്നു. അപ്പോള്‍ പ്രധാന പൂജാരി പതിനെട്ടാംപടിക്ക്‌ സമീപം ആ പ്രതിനിധിയെ കാല്‍ കഴുകിച്ച്‌ വരവേല്‍ക്കുന്നു. ജാതിമത ഭേദങ്ങളുടെ ഐതിഹ്യങ്ങള്‍ നിറഞ്ഞ്‌ നില്‍ക്കുന്ന കേരള ഭൂമിയിലെ സഹ്യാദ്രി സാനുക്കളില്‍ ഒരു ബ്രാഹ്‌മണന്‍ ഒരു ക്ഷത്രിയന്റെ കാല്‍ കഴുകിക്കുന്നത്‌ എത്രയോ മഹത്തായ സംഭവമാണ്‌. ശബരിമല സന്ദര്‍ശനം ഒരു വ്യക്‌തിയുടെ ഹൃദയവിശാലത വര്‍ദ്ധിപ്പിക്കാനും മതദ്വേഷമില്ലാതെ എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ പെരുമാറാനും ഓര്‍മ്മിപ്പിക്കുന്നു.

അയ്യപ്പന്‍ രാജാവിന്റെ ദത്തുപുത്രനായി കഴിഞ്ഞതിനാല്‍ രാജാവിന്റെ മുമ്പില്‍ അദ്ദേഹത്തിനു എഴുന്നേല്‍ക്കേണ്ടി വരുമെന്നുള്ളത്‌കൊണ്ട്‌ പന്തളം രാജകൊട്ടാരത്തിലെ ആരും തന്നെ നടക്ക്‌ നേരെ ചെന്ന്‌ സ്വാമിയെ വന്ദിക്കുക പതിവില്ല.

ഭഗവാന്റെ തിരുവാഭരണം തലയില്‍ ചുമന്ന്‌ കൊണ്ട്‌ പന്തളം രാജകൊട്ടാരത്തില്‍ നിന്നും സന്നിധാനത്തിലേക്ക്‌ വരുമ്പോള്‍ ഗരുഡന്‍ മുകളില്‍ കൂടി പറക്കുന്ന കാഴ്‌ച കാണാവുന്നതാണ്‌, ഈ ലേഖകന്റെ ശബരിമല യാത്രയില്‍ ഈ ദൃശ്യം കാണാന്‍ ഭാഗ്യമുണ്ടായി. തിരുവാഭരണങ്ങള്‍ ഭഗവാനെ ചാര്‍ത്തുന്ന സമയം മുഴുവനും ഭക്‌തന്മര്‍ ശരണം വിളിച്ചു കൊണ്ടിരിക്കും. മകരസംക്രമ ദിവസം അതുവരെ കാണാത്ത ഒരു നക്ഷത്ര പ്രകാശം ഭക്‌തന്മര്‍ കാണുന്നു. പൊന്നമ്പലമേട്ടിന്റെ ഉത്തുംഗ ശൃംഖങ്ങളില്‍ പ്രഭ ചൊരിയുന്ന ആ ദിവ്യ പ്രകാശം കണ്ട്‌ ഭക്‌തന്മര്‍ സംതൃപ്‌തരാകുന്നു. അയ്യപ്പന്റെ ഉറക്ക്‌ പാട്ടായ ഹരിവരാസനം പാടികൊണ്ട്‌ അത്താഴ പൂജക്ക്‌ ശേഷം നടയടക്കുന്നു.

ഹരിവരാസനം വിശ്വമോഹനം
ഹരിഭധീശ്വരം ആരാദ്ധ്യപാദുകം
അരിപി മര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും പാഠമാണു്‌ ഭഗവാന്‍ അയ്യപ്പന്‍ പഠിപ്പിക്കുന്നത്‌. സമാധാനവും, സന്തോഷവും, ജീവിതത്തിലുണ്ടാകുവാന്‍ സത്യവും, വിശ്വാസവും ഭക്‌തിയും, അറിവും, അദ്ധ്വാനവും ആവശ്യമാണെന്നു ശബരിമല തീര്‍ത്ഥാടകര്‍ മനസ്സിലാക്കുന്നു. ഇതില്‍ അറിവിനു മുന്‍ തൂക്കം കൊടുക്കാന്‍ ആളുകള്‍ ശ്രമിക്കേണ്ടതാണു. അറിവില്ലായ്‌മയും, തെറ്റായ അറിവും മനുഷ്യരുടെ ശാപമാണ്‌. അറിവില്ലായ്‌മ സംശയങ്ങളെ ഉണ്ടാക്കുന്നു. മകരവിളക്ക്‌ എന്ന പേരില്‍ ഭക്‌ത ജനങ്ങള്‍ വിശ്വസിച്ചുപോന്ന ദിവ്യ പ്രകാശം ദൈവീകമല്ലെന്ന്‌ ഈ അടുത്ത കാലത്ത്‌ വെളിപ്പെടുകയുണ്ടായി. എന്നാല്‍ മകരജ്യോതി യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നും അതു ഒരു നക്ഷത്രമാണെന്നും മനുഷ്യര്‍ മനസ്സിലാക്കി കഴിഞ്ഞു. ഭഗവത്‌ ഗീതയില്‍ ( അദ്ധ്യായം 4:40) ഇങ്ങനെ പറയുന്നു. അറിവില്ലാത്തവനും, എല്ലാറ്റിനേയും സംശയിക്കുന്നവനും നശിച്ചുപോകുന്നു. സംശയമുള്ളവനു (ന്യായപൂര്‍വ്വമായ സംശയങ്ങള്‍ ഉന്നയിക്കുന്നവരെയല്ല ഉദ്ദേശിക്കുന്നത്‌) ഈ ലോകത്തിലും, പരലോകത്തിലും സുഖമുണ്ടാകുന്നില്ല.

ശബരിമല ക്ഷേത്രം ജാതിമത ഭേദമെന്യെ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു.

സ്വാമി ശരണം.
ശരണമയ്യപ്പാ....(സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക