Image

ലല്ലേശ്വരിയുടെ കവിതകള്‍ക്ക് ആമുഖം - വേണു വി.ദേശം

വേണു വി. ദേശം Published on 07 December, 2012
ലല്ലേശ്വരിയുടെ കവിതകള്‍ക്ക് ആമുഖം - വേണു വി.ദേശം
ഏകദേശം 1326 നോടടുത്ത് കാശ്മീരിലുള്ള പാംപോറില്‍ ചോതാഭട്ട് എന്ന ബ്രാഹ്മണന്റെ പുത്രിയായി ലല്ലേശ്വരി ജനിച്ചുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ആരാധകര്‍ അവര്‍ക്ക് പരമഹംസ പദവിയാണ് നല്‍കിയിട്ടുള്ളത്. ലല്ലേശ്വരിയുടെ കൃതികളുടെ വായന നമ്മെയും ആ അഭിപ്രായത്തിലെത്തിക്കാതിരിക്കില്ല.

പന്ത്രണ്ടാം വയസ്സില്‍ ശ്രീനഗറിനടുത്തുള്ള ഒരുയര്‍ന്ന ബ്രാഹ്മണ കുടുംബത്തിലേക്കാണ് ലല്ലയെ വേളികഴിച്ചു കൊണ്ടുപോയത്. ഭര്‍തൃമാതാവിന്റെ ചപലതയും ലല്ലയുടെ സ്വഭാവനുസാരമായ സദ്പ്രവണതകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പിതൃദായക്രമത്തിലുള്ള അന്നത്തെ കാശ്മീരി സമൂഹത്തിന് ലല്ലയുടെ ചിന്താസ്വാതന്ത്ര്യം വെച്ചു പൊറുപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഭര്‍ത്താവ് അവരെ തിരസ്‌ക്കരിച്ചു.

ഭര്‍തൃഭവനത്തിലെ ജീവിതം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ ലല്ലേശ്വരി വീടുവിട്ടിറങ്ങുകയും ശൈവപാരമ്പര്യത്തിലുള്ള സിദ്ധാനന്ദ എന്ന ഗുരുവിനെ കണ്ടെത്തുകയും ചെയ്തു. പിന്നീടുള്ള ലല്ലയുടെ ജീവിതം സത്യസാക്ഷാത്കാരത്തിന്റെ ഗാനങ്ങള്‍ പാടി.(ദക്ഷിണേന്ത്യയില്‍ അക്ക മഹാദേവി എന്ന പേരില്‍ ലല്ലയെപ്പോലെ ഒരു മുക്താത്മാവുണ്ടായിരുന്നു.)

ലല്ല എന്ന പദത്തിനര്‍ത്ഥം പ്രിയപ്പെട്ടവള്‍ , അന്വേഷി എന്നൊക്കെയാണ്. ശിവഭക്തയായിരുന്നു ലല്ല. ശിവന്‍ തന്നില്‍ വസിക്കുന്നതായി അവര്‍ അറിഞ്ഞു. അവരുടെ വൈദ്യുതി പ്രസരിക്കുന്ന ഗീതങ്ങള്‍ ശാന്തി സന്ദേശം വഹിക്കുന്നവയായിരുന്നു.

ലളിതവും ഋതുവുമായ ഭാഷയില്‍ രചിക്കപ്പെട്ട ഹ്രസ്വരചനകളാണ് ലല്ലയുടേത്. എന്നാല്‍ സങ്കീര്‍ണ്ണമായ യോഗരഹസ്യങ്ങളെപ്പറ്റിയും അവബോധത്തിന്റെ ഉദാത്ത ലോകങ്ങളെപ്പറ്റിയുമാണ് അവര്‍ പാടിയത്.
കവി കബീറിനെപ്പോലെ ഹിന്ദുവും മുസ്ലീമും തമ്മിലുള്ള സ്വരൈക്യത്തില്‍ ലല്ല വിശ്വസിച്ചു. ഒരു സൂഫിഗുരുവിനെ പിന്നീട് ലല്ല സ്വീകരിച്ചുവെന്നും ഇസ്ലാംമതം സ്വീകരിച്ചുവെന്നും ബീബി ലല്ല ആരിഫ എന്ന പേര് അംഗീകരിച്ചുവെന്നും ചില ചരിത്രകാരാര്‍ പറയുന്നു. ഒരു പക്ഷേ കാശ്മീരില്‍ അത് മുസ്ലീം ഭരണത്തിന്റെ ഉദയഘട്ടമായിരുന്നതിനാലും അവരുടെ ആശയങ്ങള്‍ക്ക് സൂഫിവിശ്വാസങ്ങളുമായി ഇഴയടുപ്പം ഉണ്ടായിരുന്നതിനാലുമാകാം ഇങ്ങനെ വന്നത്.

എന്തൊക്കെതന്നെയായാലും ചരിത്രപരമായ കാരണങ്ങളും സാധാരണ സാംസ്‌കാരിക വഴക്കങ്ങളും കൊണ്ട് ഈ ഉപഭൂഖണ്ഡത്തിലെ അവതാര പുരുഷന്മാരെയെല്ലാം ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെയാണ് ആദരിച്ചിരുന്നത് എന്ന് കാണാം.

ആധുനിക കാശ്മീരി ഭാഷയുടെ ജനനിയായിക്കൂടി ലല്ലേശ്വരി അംഗീകരിക്കപ്പെട്ടു. കവിതയ്ക്കായി ഗ്രാമീണഭാഷയാണ് അവര്‍ ഉപയോഗിച്ചത്.

അടിയാള ജനതയോടൊപ്പമായിരുന്നു അവരുടെ ജീവിതം. ഈ കവിതകള്‍ ഉദ്‌ബോധനത്തിനായോ, സന്ദേശമായോ രചിക്കപ്പെട്ടവയല്ല. ദിവ്യോന്മാദം തുളുമ്പിയപ്പോള്‍ ഉറന്നൊഴുകപ്പെട്ട കാവ്യങ്ങളാണിവ. ആ അദൈ്വതാവസ്ഥയില്‍ ആലാപകയും ശ്രോതാവും ഒന്നാകുന്നു. കാശ്മീരിന്റെ ഇന്നത്തെ സംഘര്‍ഘാവസ്ഥയില്‍പോലും ലല്ലേശ്വരിയെ ഹിന്ദുക്കളും മുസ്ലീംങ്ങളും ഒരേപോലെ ആരാധിക്കുന്നു.
ലല്ലേശ്വരിയുടെ രചനകള്‍ മലയാളത്തില്‍ ആദ്യമായാണ് പകര്‍ത്തപ്പെടുന്നത്. ഇതിനെന്നെ ഉപകരണമാക്കിയ പരാശക്തിക്ക് പ്രണാമം.

ഈശ്വരപ്രണയം മതാതീതദര്‍ശനമായി മാറിയ ലല്ലേശ്വരിയുടെ കുറച്ചു വരികള്‍

ദൈവത്തെ തേടി ഞാന്‍
അനവധി അലഞ്ഞു.
ശ്രമമുപേക്ഷിച്ച്
പിന്‍തിരിയാനൊരുങ്ങിയപ്പോഴോ,
പൊടുന്നനെ, അതാ അവന്‍ .
എന്റെ ഉള്ളില്‍ തന്നെ.
ഹേ, ലല്ലേ
നീയെന്തിനിനിയും ഒരു
ഭിക്ഷാടകയെപ്പോലെയലയുന്നു?
പരിശ്രമിക്കുക.
അവന്‍ നിനക്ക് ദര്‍ശനം തരും.
ഹൃദയത്തില്‍ ,
ആനന്ദത്തിന്റെ രൂപത്തില്‍ .

ക്ഷീണിച്ചു വീഴും വരേയ്ക്കും
ഞാന്‍ സ്വാത്മാവെത്തേടിയുഴറി,
പക്ഷേ, ഇപ്പോഴെനിക്കറിയാം,
ആര്‍ക്കുമേ പരിശ്രമത്തിലൂടെ
ആ നിഗൂഢ ജ്ഞാനം
നേടാനാവുകയില്ലെന്ന്.
അവിടുന്ന് ഞാന്‍ തന്നെയെന്ന
ബോധത്തില്‍ ലയിക്കവെ
വീഞ്ഞിരിക്കുന്ന ഇടം
ഞാന്‍ കണ്ടെത്തി.
കണക്കറ്റു നിറഞ്ഞ വീഞ്ഞിന്‍
ഭരണികളുണ്ടവിടെ, എന്നാല്‍
പാനം ചെയ്യാനാര്‍ക്കുമനുവാദമില്ല.
  **********
 
ആഗ്രഹങ്ങളെ നിഹനിച്ച്
ആത്മധ്യാനത്തിലാഴാമെന്നതിന്
വലിയ വിലകൊടുക്കേണ്ടി വരുമെന്ന
ഭാവന വെടിയൂ.
അവന്‍ തൊട്ടരികില്‍ തന്നെ.
അവനുവേണ്ടി
അകലേക്കുറ്റു നോക്കേണ്ട.
ശൂന്യത ശൂന്യതയില്‍ തന്നെ
വിലയിച്ചിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക