Image

സാന്‍ഡി ദുരിതാശ്വാസം: ഫോമാ 25,000 ഡോളര്‍ സമാഹരിക്കുന്നു

Published on 23 November, 2012
സാന്‍ഡി ദുരിതാശ്വാസം: ഫോമാ 25,000 ഡോളര്‍ സമാഹരിക്കുന്നു
ഫിലാഡല്‍ഫിയ: സാന്‍ഡി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഫോമ 25,000 ഡോളര്‍ സമാഹരിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ജോര്‍ജ് മാത്യു പ്രസ്താവനയില്‍ അറിയിച്ചു.

അംഗ സംഘടനകള്‍ മുഖേന ഈ തുക സമാഹരിക്കാന്‍ നാഷണല്‍ കമ്മിറ്റി അനുമതി നല്‍കി. ഇതിനായി 25 ഡോളറിന്റെ 2000 കൂപ്പണുകള്‍ വിതരണം ചെയ്യും.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം താഴെ:

സാന്‍ഡി കൊടുങ്കാറ്റില്‍ താങ്കള്‍ക്കും കുടുംബത്തിനും ദോഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കരുതട്ടെ. ദുരിതാവസ്ഥയിലുള്ളവരെ സഹായിക്കാനുള്ള താങ്കളുടെ സന്മനസിന് മുന്‍ കൂട്ടി നന്ദി പറയുന്നു.

സാന്‍ഡി കനത്ത നാശനഷ്ടമാണ് വരുത്തിയത്. പ്രത്യേകിച്ച് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖലയില്‍. ഈ പ്രദേശങ്ങളില്‍ നവംബര്‍ 11-ന് സന്ദര്‍ശനം നടത്തുകയുണ്ടായി. ഫോമാ ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോസ് ഏബ്രഹാം, ഷാജി എഡ്വേര്‍ഡ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അതിനുശേഷം ജോസ് ഏബ്രഹാമിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഫോമാ വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, കേരള സമാജത്തിന്റേയും സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റേയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഫോമ ഫണ്ട് ശേഖരണം നടത്തണമെന്ന് യോഗത്തില്‍ ഏകകണ്ഠമായ അഭിപ്രായമുയര്‍ന്നു.

ഏതാനും മലയാളികുടുംബങ്ങള്‍ അടക്കം ഒട്ടേറെ പേര്‍ കടുത്ത ദുരിതത്തിലാണ്. വീടുകള്‍ക്കു പുറമെ മലയാളികളുടെ രണ്ടു പള്ളികള്‍ക്കും കൊടുങ്കാറ്റില്‍ തകര്‍ച്ച നേരിട്ടു. അവയുടെ നിര്‍മ്മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായി സഹായം വേണ്ടതുണ്ട്.

ഇക്കാര്യങ്ങളെല്ലാം നാഷണല്‍ കമ്മിറ്റിയെ അറിയിക്കുകയുണ്ടായി. 25 ഡോളറിന്റെ 2000 സംഭാവന കൂപ്പണുകള്‍ അച്ചടിച്ച് തുക സമാഹരിക്കാന്‍ കമ്മിറ്റി അനുമതി നല്‍കി. പത്തുകൂപ്പണുകള്‍ വീതമുള്ള ബുക്ക്‌ലെറ്റുകളായിട്ടായിരിക്കും അത് പ്രിന്റ് ചെയ്യുക. കുറഞ്ഞത് 25000 ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം.

സഹായത്തിനു സന്തോഷപൂര്‍വ്വം മലയാളി സമൂഹം മുന്നോട്ടുവന്നിട്ടുണ്ട്. എല്ലാ മലയാളി സംഘടനകളോടും പൊതുജനങ്ങളോടും ഈ സദുദ്യമത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്യാവശ്യ വസ്തുക്കളും ഭക്ഷണവുമൊക്കെ എത്തിക്കുകയാണ് അടിയന്തര ദൗത്യം. ഫോമയില്‍ 54 അംഗസംഘടനകളുണ്ട്. 50 എണ്ണം 20 കൂപ്പണുകള്‍ (രണ്ട് ബുക്ക്‌ലെറ്റ്) വീതം നല്‍കി തുക സമാഹരിച്ചാല്‍ തന്നെ നിഷ്പ്രയാസം 25000 ഡോളര്‍ എന്ന ലക്ഷ്യം നേടാനാകും.

ജനുവരി 31-ന് മുമ്പ് തുക സമാഹരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ചുമതല ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പിനേയും ജോ. ട്രഷറര്‍ സജീവ് വേലായുധനേയും ഏല്‍പിക്കുകയാണ്. അവരുമായി സഹകരിച്ച് നമുക്ക് ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കാം.

ഫോമാ വെബ്‌സൈറ്റ് മുഖേനയോ (www.fomaa.com), നമ്മുടെ വിവിധ ചടങ്ങുകളില്‍ വച്ച് നേരിട്ടോ നികുതി ഒഴിവുള്ള സംഭാവന തുക നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു. ഫോമയുടെ ഹെല്‍പ് ലൈന്‍ വഴിയും സംഭാവന നല്‍കാം. അല്ലെങ്കില്‍ ട്രഷററുടെ പേരില്‍ ചെക്ക് അയയ്ക്കുക. വര്‍ഗീസ് ഫിലിപ്പ്, 11607 Kelvin Avenue, Philadelphia. PA 19116)

ഇന്നുതന്നെ സഹായം നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. മാറ്റിവെയ്ക്കരുതെന്നര്‍ത്ഥം. സാമ്പത്തിക സഹായം വഴിയാണ് പെട്ടെന്ന് ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുക. റെഡ്‌ക്രോസും മറ്റും വഴി ഭക്ഷണവും താമസവും മറ്റു സഹായങ്ങളും എത്തിക്കാനാകും.

അംഗ സംഘടനകളുമായി ചേര്‍ന്ന് ഇത്തരമൊരു പരിപാടി നടപ്പാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അതിന് എല്ലാവരോടും നന്ദിയും പറയുന്നു.

ഇക്കാര്യത്തില്‍ എന്തെങ്കിലും വിശദീകരണം ആവശ്യമുണ്ടെങ്കില്‍ ഫോമാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 267 549 1196 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യുക.

ജോര്‍ജ് മാത്യു, ഫിലാഡല്‍ഫിയ.
സാന്‍ഡി ദുരിതാശ്വാസം: ഫോമാ 25,000 ഡോളര്‍ സമാഹരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക