Image

മാഫിയ: ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 09 December, 2012
മാഫിയ: ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍

മണല്‍ക്കടത്ത് ഒരു കലയാണ്. കേരളത്തിലെ സാമൂഹിജീവിതം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ഈ കലാകാരന്‍മാരാണ് എന്നു വേണമെങ്കില്‍ പറയാം. മണല്‍മാഫിയ ജനങ്ങളുടെ നെഞ്ചത്തുകയറുമ്പോള്‍ നമ്മള്‍ രോഷാകുലരാവും. വീടുപണിയാന്‍ മണല്‍ അത്യാവശ്യമായി വരുമ്പോള്‍ നമ്മള്‍ അവരുടെ ആരാധകരാവും. മണലിന് ആവശ്യക്കാരായ മാന്യന്‍മാര്‍ എക്കാലവും നാട്ടിലുള്ളതുകൊണ്ട് മണല്‍മാഫിയ എന്നും ആരാധകരുടെ നടുവില്‍ ജീവിക്കുന്ന സമൂഹമായി. അപ്പോള്‍, മണല്‍ പിടിക്കാന്‍ രാത്രി അന്യവാഹനത്തില്‍ പിന്‍തുടര്‍ന്ന കോഴിക്കോട് കലക്ടര്‍ അവരെ സംബന്ധിച്ച് വില്ലനും അദ്ദേഹത്തിന്‍റെ മേല്‍ മണ്ണിട്ടു കടന്നുകളഞ്ഞ സുഹൃത്തുക്കള്‍ അസ്സല്‍ ഹീറോകളുമായി. കലക്ടറുടെ വാഹനം മണ്ണില്‍ മൂടിയ ഡ്രൈവറുടെ പേരില്‍ തന്നെയുണ്ട് ഹീറോയിസം – ഋഷി കപൂര്‍, 27 വയസ്സ്.

ഉറക്കം കളഞ്ഞ് പുലര്‍ച്ചെ മൂന്നു മണിക്ക് മണല്‍ക്കടത്ത് തടയാനിറങ്ങിയ ജില്ലാ കലക്ടര്‍ മറ്റു കലക്ടര്‍മാര്‍ക്കൊക്കെ മാതൃകയാവേണ്ടതാണെന്നതില്‍ സംശയമില്ല. എന്നാല്‍, കോഴിക്കോട് കലക്ടര്‍ വിചാരിച്ചാല്‍ പൂട്ടാന്‍ പറ്റുന്ന ഐറ്റങ്ങളൊന്നുമല്ല ഈ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവര്‍ ഈ കേരളമാകെ വ്യാപിച്ചു കിടക്കുന്നു. ആവശ്യക്കാരുള്ളിടത്തോളം അവര്‍ മണല്‍ക്കടത്തു തുടരുകയും അത് തടയുന്നവരെ ഉന്‍മൂലനം ചെയ്യാന്‍ വേണ്ടതുപോലെ പരിശ്രമിക്കുകയും ചെയ്യും. കേരളത്തില്‍ മണല്‍മാഫിയ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നത് ഇതാദ്യമൊന്നുമല്ല. ഡസന്‍ കണക്കിനു വധശ്രമങ്ങളും ഒന്നിലേറെ കൊലപാതകങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്. പിടിക്കാന്‍ വരുന്നവന്‍റെ തലയിലേക്ക് മണല്‍ തട്ടുന്നത് ഇവര്‍ക്കിടയിലെ ഒരാചാരമാണ്. പൊലീസ് ലോറിയുടെ അടുത്തെത്തുമ്പോള്‍ മണല്‍ അവരുടെ മേലേക്ക് മറിച്ച് ലോറിയോടിച്ചു പോകുന്ന സംഭവങ്ങള്‍ ദിവസേനയെന്നോണം നാട്ടില്‍ നടക്കുന്നുണ്ട്.ഇതിപ്പോള്‍ കലക്ടറായതുകൊണ്ട് നമ്മള്‍ ഞെട്ടി എന്നു മാത്രം (കലക്ടറാണെന്നറിഞ്ഞോണ്ടല്ല അവര്‍ മണല്‍ തട്ടിയതെന്നതു വേറെ കാര്യം).

എന്തുകൊണ്ട് മണല്‍മാഫിയയെ നിയന്ത്രിക്കാന്‍ നമുക്കു സാധിക്കുന്നില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. എല്ലാ മണല്‍ക്കടത്തു സംഘങ്ങളുടെയും രക്ഷാധികാരി ഏതെങ്കിലും ഒരു രാഷ്ട്രീയനേതാവായിരിക്കും. സിഐമാരും ഡിവൈഎസ്പിമാരും എന്തിന് എസ്പിമാര്‍ പോലും ഈ മാഫിയയില്‍ അംഗങ്ങളാണെന്നു പറയുമ്പോള്‍ മണല്‍ എന്ന വസ്തുവിന്‍റെ അത്ര നിസ്സാരമല്ല ഇവരുടെ ബിസിനസിന്‍റെ ലാഭവും ശൃംഖലയുടെ കരുത്തും എന്നത് നമ്മള്‍ മനസ്സിലാക്കണം. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മണല്‍ക്കടത്തുകാരനെ പിടിച്ചതിന്‍റെ പിന്നാലെ ചെന്ന് എസ്ഐയെ വിരട്ടിയത് കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ കാവല്‍മാലാഖയായ കെ.സുധാരന്‍ എംപിയാണെന്നതും മറക്കാനുള്ള സമയമായിട്ടില്ല. രാഷ്ട്രീയക്കാര്‍ക്ക് ആവശ്യത്തിനു ഫണ്ട്, ലാഭവിഹിതം, ഗുണ്ടാ സപ്പോര്‍ട്ട്, പോലീസുകാര്‍ക്ക് സ്ഥലംമാറ്റം, വിനോദയാത്ര തുടങ്ങിയ അനവധി പാക്കേജുകളും. മണല്‍ എന്നു പറയുന്നത് കഞ്ചാവു പോലെയോ സ്പിരിറ്റ് പോലെയോ കുഴപ്പം പിടിച്ച ഒരു സാധനമല്ലാത്തതിനാല്‍ കുറ്റബോധത്തിന്‍റെ ആവശ്യവുമില്ല.

എന്നാല്‍, മണല്‍ക്കടത്ത് പിടിക്കാന്‍ ചെല്ലുമ്പോഴുള്ള അക്രമങ്ങള്‍ക്കു പുറമേ രാത്രിയിലെ സ്വൈര്യവിഹാരത്തിനു വേണ്ടി ജനങ്ങള്‍ രാത്രിയില്‍ വീടനു പുറത്തിറങ്ങാത്തവണ്ണം നാട്ടില്‍ സംഘര്‍ഷവും അരാജകത്വവും കലാപങ്ങളും സൃഷ്ടിക്കാന്‍ ഇവര്‍ തുനിഞ്ഞിറങ്ങുമ്പോള്‍ മാഫിയയുടേത് കലര്‍പ്പില്ലാത്ത ദേശദ്രോഹമായി മാറുകയാണ്. മണല്‍മാഫിയ ആസൂത്രണം ചെയ്ത സാമുദായിക ചേരിതിരിവുകള്‍ മുതല്‍ അതിഭീകരനായ ബ്ലാക്മാന്‍ വരെ കേരളത്തില്‍ വിജയകരമായി മുന്നോട്ടു പോവുന്നു. മണലില്ലാതെയും ജീവിക്കാം എന്നു പറയാവുന്ന ഒരു സ്ഥിതിയിലേക്ക് നമ്മളെത്തിയിട്ടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ മണല്‍ കൂടിയേ തീരൂ. അംഗീകൃത മണല്‍ക്കടവുകളും മണല്‍പാസുകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും ആവശ്യക്കാരന്‍ കാത്തിരിക്കാതെ മണല്‍ കിട്ടണമെങ്കില്‍ മാഫിയ കൂടിയേ തീരൂ. മാറേണ്ടത് ഇവിടുത്തെ സാഹചര്യമാണ്. മണലിന്‍റെ വിതരണം സ്വകാര്യവ്യക്തികള്‍ നിര്‍വഹിക്കുന്നിടത്തോളം അക്രമങ്ങളും തുടരും. വെറുതെയുള്ള വിരട്ടുകളല്ലാതെ ക്രിയാത്മകമായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതിനുള്ള സമയമാണിത്. അടുത്ത ലോഡിന് വരാനിരിക്കുന്നത് അരാജകത്വമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക