Image

വിശുദ്ധിയുടെ പ്രഭ ചൊരിഞ്ഞ്‌ മാര്‍ ബര്‍ണബാസ്‌ വിടവാങ്ങി; കബറടക്കം ബുധനാഴ്ച

Published on 08 December, 2012
വിശുദ്ധിയുടെ പ്രഭ ചൊരിഞ്ഞ്‌ മാര്‍ ബര്‍ണബാസ്‌ വിടവാങ്ങി; കബറടക്കം ബുധനാഴ്ച
ന്യൂയോര്‍ക്ക്‌: പതിനെട്ട്‌ വര്‍ഷം ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഭദ്രാസനാധിപനെന്ന നിലയില്‍ സഭാ നൗകയെ കാറ്റിലും കോളിലും മുങ്ങിത്താഴാതെ വിശ്വാസപാതയില്‍ നയിച്ച മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലിത്ത (88) കാലം ചെയ്‌തു.

ഞായറാഴ്‌ച പുലര്‍ച്ചെ 3.15-ന്‌ പുഷ്‌പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. പാമ്പാടി ദയറില്‍ താമസിച്ചിരുന്ന തിരുമേനി നേരിയ മൂത്ര തടസ്സത്തെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ അഡ്‌മിറ്റായത്‌. രോഗം ഗുരുതരമായിരുന്നില്ല. അതിനാല്‍ ഇത്ര പെട്ടെന്നൊരു അന്ത്യം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഉറക്കത്തിലായിരുന്നു അന്ത്യം.

കബറടക്കം ബുധനാഴ്ച  നടക്കും. നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ്‌ തിരുമേനിയും മറ്റ്‌ സഭാ നേതാക്കളും സംസ്‌കാര ചടങ്ങിന്‌ നാട്ടിലെത്തും.

ഞായറാഴ്ച 10 മണിയോടെ ഭൌതിക ശരീരം പാമ്പാടി ദയറയിലേക്ക് മാറ്റും. നിര്യാണ വാര്‍ത്തയറിഞ്ഞയുടന്‍ പരി . കാതോലിക്ക മാര്‍ ബസെലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ ബാവ ആശുപത്രിയിലെത്തി. ഇന്ന്   മെത്രാപ്പോലിത്തക്ക് വേണ്ടി പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദേശം  നല്‍കി.

തീഷ്‌ണമായ വിശ്വാസ ജീവിതം എന്തെന്നു സ്വന്തം ജീവിതംകൊണ്ട്‌ പഠിപ്പിച്ച ശ്രേഷ്‌ഠ ആചാര്യനാണ്‌ മാര്‍ ബര്‍ണബാസ്‌. ഭൗതികതയുടെ നാട്ടില്‍ അദ്ദേഹം ലാളിത്യത്തിന്റേയും വിനയത്തിന്റേയും പര്യായമായിമാറി. പിഞ്ഞിത്തുടങ്ങിയ കുപ്പായവും ധരിച്ച്‌, ഏറ്റവും കുറഞ്ഞ വ്യക്തിഗത ചിലവുകളുമായി അദ്ദേഹം അമേരിക്കയില്‍ ഓര്‍ത്തഡോസ്‌
സഭക്ക് ശക്തമായ അടിത്തറ പാകി. ആരംഭകാലത്ത്‌ നിലനിന്ന ഭിന്നതകളും പടലപിണക്കങ്ങളും അദ്ദേഹത്തിന്റെ ആത്മീയ ചൈതന്യത്തിന്റെ ശക്തിയില്‍ അലിഞ്ഞില്ലാതായി.

കഴിഞ്ഞവര്‍ഷം അദ്ദേഹം നാട്ടിലേക്ക്‌ മടങ്ങുമ്പോള്‍ അമേരിക്കയില്‍ ഭദ്രാസനങ്ങള്‍ രണ്ടായി. നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്‌ സ്വന്തമായ ആസ്ഥാനം ഉണ്ടായി. സഭാ നൗക ശക്തമായി മുന്നോട്ടുപോകുന്ന അവസ്ഥ അദ്ദേഹം അഭിലഷിച്ചതുപോലെ തന്നെ ആയി.
അസിസ്ടന്റ്  മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കൊളോവോസിന്  അധികാരം കൈമാറി പോകുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു `ഇനിയും അമേരിക്കയില്‍ വരണമെന്ന്‌ ആഗ്രഹമുണ്ട്‌. ആരോഗ്യം അനുവദിക്കുമെങ്കില്‍.' എന്തായാലും അതു സഫലമായില്ല.

വിശുദ്ധ ജീവിതം നയിച്ച അദ്ദേഹം അന്ത്യവിശ്രമത്തിനുള്ള സ്ഥലംകൂടി നേരത്തെ കണ്ടുപിടിച്ചിരുന്നു. മരണവും പുതിയൊരു ജീവിതത്തിന്റെ തുടക്കമായി അദ്ദേഹം കണ്ടു.

പുറമെ കര്‍ശനക്കാരനും, മൊശടനുമായി തോന്നുമെങ്കിലും തികച്ചും സാധുവും ലോലഹൃദയനുമായിരുന്നു അദ്ദേഹമെന്നു
നിക്കൊളോവോസ്‌   തിരുമേനി സാക്ഷ്യപ്പെടുത്തുന്നു. തത്വങ്ങളില്‍ അടിയുറച്ചു നില്‍ക്കും. പറയേണ്ട കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയും. ജനപ്രതീതിക്കായി വിശ്വാസങ്ങളെ വളച്ചൊടിക്കാനോ വ്യാഖ്യാനിക്കാനോ ഒന്നും അദ്ദേഹം മുതിര്‍ന്നില്ല. അമേരിക്കയിലെ എല്ലാ ക്രൈസ്‌തവരുടേയും ആചാര്യ പദവിതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.

മാര്‍ ബര്‍ണബാസിന്റെ നിര്യാണത്തില്‍ സഭാ മക്കള്‍ക്കൊപ്പം മറ്റു സഭാംഗങ്ങളും ഇതര മതസ്ഥരും അനുശോചനമര്‍പ്പിച്ചു.

`മെത്രാപ്പോലീത്ത എന്നത്‌ ഒരു പദവിയായിട്ടല്ല അദ്ദേഹം കണ്ടിരുന്നത്‌. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ തികച്ചും ലഘുവായിരുന്നു. അതിനാല്‍ അദ്ദേഹം ആര്‍ക്കും ഒരു ഭാരമായിരുന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ അദ്ദേഹം കടുകിട വിടാത്ത വിശ്വസ്ഥനായിരുന്നു.'- അദ്ദേഹത്തെപ്പറ്റിയുള്ള ജീവചരിത്രവിവരം തുടങ്ങുന്നത്‌ അങ്ങനെയാണ്‌.

വെങ്ങോല കല്ലറക്കുപറമ്പില്‍ മാത്തുക്കുട്ടി 1924 -ല്‍ ജനിച്ചു. കിടങ്ങേത്തു തോമ്പ്ര കുരുവിളയുടേയും മറിയാമ്മയുടേയും ആറു മക്കളില്‍ ഒരാള്‍. രണ്ടു സഹോദരിമാരിലൊരാളായ സിസ്റ്റര്‍ മേരി കിഴക്കമ്പലത്തെ ബേത്‌ലഹേം കോണ്‍വെന്റിന്റെ സ്ഥാപകരിലൊരാളാണ്‌.

തിരുമേനിയുടെ മുത്തച്ഛനും അമ്മാവനും ഓര്‍ത്തഡോക്‌സ്‌ വൈദീകരായിരുന്നു. അവരും ദീനാനുകമ്പ നിറഞ്ഞ അമ്മയുമായിരുന്നു വൈദീകജീവിതത്തിനുള്ള പ്രചോദനം.

ഏഴാം വയസില്‍ സന്യാസജീവിതം അഭിലഷിച്ച മാത്തുക്കുട്ടി ഇറച്ചിയും മീനും ഉപേക്ഷിച്ചു. അങ്കിള്‍ ഫാ കെ.പി. പൗലോസ്‌ കൂടി സ്ഥാപകനായ പ്രമാടത്തെ ഗത്‌സമനെ മൊണാസ്‌ട്രിയില്‍ കഴിയുന്ന കാലത്ത്‌ തിരുമേനി
യും  ഇരട്ട സഹോദരനും സഹപാഠികളെപ്പോലെ വിനോദപരിപാടികള്‍ക്കുപോലും പോകില്ലായിരുന്നു.

1943-ല്‍ ഡീക്കനായി. 1951-ല്‍ വൈദീക
ന്‍. മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍നിന്ന്‌ ബയോളജിയില്‍ ബിരുദം നേടിയ അദ്ദേഹം സെക്കന്‍ഡറാബാദില്‍ വൈദീകനായിരിക്കെ ബോട്ടണിയില്‍ മാസ്റ്റര്‍ ബിരുദം നേടി. കല്‍ക്കട്ടയില്‍ വൈദീകനായിരിക്കെ സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.ഡി ബിരുദമെടുത്തു.

ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയാണ്‌ സ്വന്തം ഇടവകയായ തുരുത്തിപ്പള്ളി സെന്റ്‌ തോമസ്‌ ചെറിയ പള്ളിയില്‍ വെച്ച്‌ ഡീക്കനായി അഭിഷേകം
ചെയ്തത്. 1978-ല്‍ ഫാ. കെ.കെ. മാത്യൂസ്‌ മെത്രാപ്പലീത്തയായി.

ഡീക്കനായിരിക്കെ കുറുപ്പംപടി എം.ജി.എം ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. കോട്ടയം എം.ഡി സെമിനാരി ഹൈസ്‌കൂളിലും പഠിപ്പിച്ചു.

കോട്ടയത്ത്‌ ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ അഞ്ചുവര്‍ഷം ലക്‌ചററായി പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ കാതോലിക്കാ ബാവയുടെ അധ്യാപകനുമായിരുന്നു.

കോട്ടയം, അങ്കമാലി എന്നിവടങ്ങളില്‍ ഭദ്രാസനാധിപനായിരുന്നശേഷം പുതുതായി രൂപംകൊണ്ട ഇടുക്കി ഭദ്രാസനത്തിന്റെ അധിപനായി. ഭദ്രാസന
സ്ഥാനത്തിനു പുറമെ ഇടുക്കി മെഡിക്കല്‍ മിഷനും അദ്ദേഹം രൂപംകൊടുത്തു.

അവിടെനിന്നാണ്‌ അദ്ദേഹത്തെ അമേരിക്കയിലേക്ക്‌ അയച്ചത്‌. തോമസ്‌ മാര്‍ മക്കാറിയോസ്‌ തിരുമേനിക്കൊപ്പമാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌.

സംഭാംഗങ്ങള്‍ക്കൊപ്പം ഇടയനും താമസിക്കണമെന്ന തത്വത്തില്‍ വിശ്വസിച്ച അദ്ദേഹം ബല്‍റോസില്‍ ചെറിയൊരു വീടാണ്‌ ഭദ്രാസന കേന്ദ്രമായി ഉപയോഗിച്ചത്‌.

സഭകളുടെ ഭിന്നതകളെപ്പറ്റി ഒരു പത്ര സമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ കത്തോലിക്കാ സഭയാണ്‌ ആദ്യത്തെ പ്രൊട്ടസ്റ്റന്റ്‌ സഭ എന്നദ്ദേഹം പറഞ്ഞത്‌ ഓര്‍ക്കുന്നു.

വിശുദ്ധിയുടെ പ്രഭ ചൊരിഞ്ഞ്‌ മാര്‍ ബര്‍ണബാസ്‌ വിടവാങ്ങി; കബറടക്കം ബുധനാഴ്ച വിശുദ്ധിയുടെ പ്രഭ ചൊരിഞ്ഞ്‌ മാര്‍ ബര്‍ണബാസ്‌ വിടവാങ്ങി; കബറടക്കം ബുധനാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക