Image

പാപ്പിലിയോ ബുദ്ധ സിനിമക്ക് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി

Published on 08 December, 2012
പാപ്പിലിയോ ബുദ്ധ സിനിമക്ക് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി
ന്യു യോര്‍ക്ക് മലയാളി ജയന്‍ ചെറിയാന്‍ (ജയന്‍ കെ.സി) രചനയും സംവിധാനവും നിര്‍വഹിച്ച പാപ്പിലിയോ ബുദ്ധ എന്ന സിനിമക്ക് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. രാജ്യമാകെ  ഉയര്‍ന്ന കടുത്ത എതിര്‍പ്പാണ് ഈ മനം മാറ്റത്തിന് കാരണമെന്ന് കരുതുന്നു. മാറ്റങ്ങളൊന്നും വരുത്താതെയാണ് അനുമതി നല്‍കിയതെന്ന് ജയന്‍ പറഞ്ഞു.
രണ്ടു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഈ ഫീച്ചര്‍ ഫിലിം ഗാന്ധിജിയെ അപമാനിക്കുന്നുവെന്നാണു ബോര്‍ഡ് അനുമതി നിഷേധിക്കാന്‍ കാരണമായി പറഞ്ഞത്. ദലിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള പോലീസ് അതിക്രമങ്ങളുടെയും ദലിതരെ ജാതിപ്പേര്‍ വിളിച്ച് അവഹേളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിനിമയിലുണ്ടെന്നും ബോര്‍ഡ് പറഞ്ഞു.
കേരളത്തിലെ ദലിതരുടെ ഇപ്പോഴത്തെ അവസ്ഥ ചിത്രീകരിക്കുന്നതാണു സിനിമ. ആദിവാസിയായ കല്ലേന്‍ പൊക്കൂടന്‍ (77) മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ തമ്പി ആന്റണി, പദ്മ പ്രിയ തുടങ്ങിയ മുഖ്യധാര താരങ്ങളുമുണ്ട്.
സിലികോണ്‍ മീഡിയ, തമ്പി ആന്റണിയുടെ കായല്‍ ഫിലിംസ്, ജയന്‍ ചെറിയാന്‍ എന്നിവര്‍ സംയുക്തമായാണു ഇത് നിര്‍മ്മിച്ചത്. ദളിത് ജീവിതം നേരിട്ടു കണ്ടാണു ജയന്‍ ഇതിനു രൂപം കൊടുത്തത്. ചെങ്ങറ സമരം, ദലീതര്‍ക്ക് നേരേയൂണ്ടായ പോലീസ് അതിക്രമങ്ങള്‍ എല്ലം ചിത്രത്തിലുണ്ട്. അംബേദ്കറിന്റെ കാലത്തെപ്പറ്റി ചിത്രത്തില്‍ പരാമര്‍ശമുണ്ട്. അവിടെയാകാം ഗാന്ധിജിക്ക് എതിരായ പരാമര്‍ശം സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തിയതെന്നു ജയന്‍ കരുതുന്നു.
മൂന്നു വര്‍ഷത്തേ അധ്വാനമാണിത്.

പിപ്പീലി ബുദ്ധ എന്ന ചിത്ര ശലഭത്തെക്കുറിച്ച് പഠിക്കാനെത്തുന്ന അമേരിക്കന്‍ സംഘം ആദിവാസികളും ദലിതരും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് നേരിട്ടറിയുന്നു. പശ്ചിമ ഘട്ട മേഖലയിലെ ദളിത് പീഡനങ്ങളും ദളിത് മുന്നേറ്റങ്ങളും ചിത്രീകരിക്കുന്നതാണ് സിനിമ. കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ദലിത് ആദിവാസി വിഷയങ്ങള്‍ സിനിമ പറയുന്നുണ്ട്. ചെങ്ങറ സമരവും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പോലീസ് അതിക്രമവും കണ്ണൂരിലെ ദലിത് ഓട്ടോ ഡ്രൈവര്‍ക്കുണ്ടായ അനുഭവവും സിനിമ ചിത്രീകരിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായ പെരുമ്പാവൂര്‍ സ്വദേശി ജയന്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയെഴുതിയത് ജയനും പ്രമുഖ നോവലിസ്റ്റ് പി സുരേന്ദ്രനുമാണ്.
സംസ്ഥാനത്ത് അടുത്ത കാലത്തായി ഉയര്‍ന്നുവന്ന ദലിത്‌ രാഷ്ട്രീയത്തെ പ്രമേയമാക്കിയതാണ് സിനിമയ്ക്ക് അനുമതി നിഷേധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തുന്നത്. കേരളത്തില്‍ പ്രചാരം നേടിവരുന്ന ബുദ്ധമത ആശയത്തെയും സിനിമ അടിസ്ഥാനമാക്കുന്നുണ്ട്.
പാപ്പിലിയോ ബുദ്ധ സിനിമക്ക് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക