Image

വിമാനമിറങ്ങുന്നത് നിരപ്പായ ഭൂമിയില്‍ - ജോണ്‍മാത്യൂ

ജോണ്‍മാത്യൂ Published on 10 December, 2012
വിമാനമിറങ്ങുന്നത് നിരപ്പായ ഭൂമിയില്‍ - ജോണ്‍മാത്യൂ
തുടക്കത്തിലെ പറയട്ടെ വയല്‍നികത്തിയാലും വേണ്ടില്ല വിമാനത്താവളം നിര്‍മ്മിക്കണമെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. വളരെ ചിന്തിച്ച് ഇടതും വലതും മാറിമാറി ചര്‍ച്ച ചെയ്ത് മുന്നോട്ടുവെച്ചകാല് എന്തിന് പിന്നോട്ടെടുക്കണം.

വയല്‍ നികത്താന്‍ പാടില്ല എന്ന് ആരോ പറയുന്നത് കേട്ട് പുരോഗമനവാദികളെല്ലാം അത് ചോദ്യം ചെയ്യപ്പെടാത്ത തത്ത്വശാസ്ത്രമാക്കിമാറ്റഇ. അല്ല, ചോദിക്കട്ടെ, ഈ വയല്‍ നികത്താതെ പിന്നെ എവിടെയാണ് വിമാനമിറക്കേണ്ടത്. പത്തനംതിട്ട ജില്ലയിലെ ചരല്‍കുന്നോ കൊരങ്ങുമലയോ നിരപ്പാക്കി അവിടെ താവളം പണിയണമെന്നാണോ പറഞ്ഞുവരുന്നത്. തൊഴിലാളികളെക്കിട്ടാനും പഞ്ഞം വരികേല. അതിന് മെനക്കേടുമുക്കുണ്ടല്ലേ. വരുന്നവഴി ആല്‍മാവ്മുക്കില്‍ ഒന്ന് തൊഴുകേം ആവാം. ഇനീം തെകഞ്ഞില്ലെങ്കില്‍ എരുമക്കാടുമലേം പന്നിവേലിച്ചിറേം നെരത്താം, രണ്ടായാലും റണ്‍വേ കുഴിക്കാലായിലെത്തി അവസാനിക്കണമെന്ന് മാത്രം. ഇത് ആധുനികതയിലെ സിസിഫസ് അതുമല്ലെങ്കില്‍ തനി നാടനായ നാറാണംമൂഴിയിലെ നാറാണത്തുഭ്രാന്ത്.

എന്തിനു എതിരുപിടിക്കുന്നത് ഇടതുപക്ഷ പുരോഗമനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ വയലിനും നീര്‍ച്ചാലിനും ഒന്നും കര്‍ഷകഉടമസ്ഥതയില്ലേ. ഇല്ല എന്നു വേണം കരുതാന്‍. അതൊക്കെ എന്നേ കച്ചവടക്കാര്‍ക്ക് കൈമാറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ ആരുടെയെങ്കിലും സ്വന്തമാണ് ഈ വയല്‍ എങ്കില്‍, അവിടെ മണിമണിയായി നെല്ലു വിളഞ്ഞുകിടക്കുന്നുവെങ്കില്‍ ആര്‍ക്കാണ് ഈ വയല്‍ നികത്താന്‍ ധൈര്യമുണ്ടാകുക. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇവിടെ കൃഷിയൊന്നുമല്ല പ്രശ്‌നം. നെല്ലും വിളഞ്ഞു കൊയ്തുമെതിച്ച് ഉണങ്ങിക്കുത്തി കഞ്ഞിവെച്ചുകുടിക്കാന്‍ കാത്തിരിക്കുന്നവരാരെങ്കിലും ഈ ദേശത്തെങ്ങാനുമുണ്ടോ.

ഭൂമിയും നീര്‍ച്ചാലുകളും സംരക്ഷിക്കാനെന്നപേരില്‍ വിമാനത്താവളം വേണ്ടെന്നുവെച്ചുവെന്ന് കരുതുക. പുരോഗമനവാദികള്‍ വിജയിക്കുകയും ചെയ്യും. പക്ഷെ, തുടര്‍ന്നും തരിശായികിടക്കുന്ന ഭൂമിയില്‍ മറ്റൊരുതലമുറ ഏതെങ്കിലുമൊരുകാലത്ത് ഷോപ്പിംഗ് കോപ്‌ളക്‌സുകള്‍ പണിതെന്നുമിരിക്കും.
അതായത് ഈ വയല്‍ ഒരു ചൂണ്ടുപലകമാത്രമാണ്. ഇവിടെ ഒരു സുപ്രധാന ചോദ്യം: കേരളം കാര്‍ഷകരാജ്യമായി, തോടും ചാലുകളുമുള്ള നാടായി തുടര്‍ന്നും നിലനില്‍ക്കണോ എന്നതാണ്. അങ്ങനെ ആഗ്രഹിച്ചത് പഴയതലമുറ, അവര്‍ ഇപ്പോഴും നീരൊഴുക്ക്, വനം, കൃഷി എന്നൊക്കെ പറഞ്ഞ് സ്വപ്നം കാണുന്നു.

ഇന്ന് വിദേശത്ത് 'പോയ്, പോയ്..' കൈനിറയെ കാശുമായി വരുന്നവരുടെ ആഢംബര ഭൂമിയായി കേരളം മാറുന്നു. അവര്‍ വിജയിച്ചുകൊണ്ടേയിരിക്കുന്നു. കൃഷി ചെയ്യാനാളില്ല. നഷ്ടമാണ് എന്നൊക്കെ പ്പറഞ്ഞ് നാമെല്ലാവരുംകൂടി കേരളത്തെ ഒരു 'പഞ്ചനക്ഷത്രആഢംബരഭൂമിയുടെ' പാതയിലെത്തിച്ചു. അതുകൊണ്ട് വയല്‍ നികത്തുന്നതൊന്നും ചര്‍ച്ചാവിഷയമാക്കേണ്ടതില്ല. ഇനിയും പ്രസംഗിച്ചുകൊള്ളൂ, കേള്‍ക്കാന്‍ രസമുണ്ട്.

അപ്പോള്‍ ചോദിക്കാന്‍ തോന്നുകയാണ്, ഇവിടെ എന്താണ് പ്രശ്‌നം. വിമാനത്താവളം വേണ്ടെന്ന് ആരും പറയുന്നില്ല. വയല്‍ നികത്തരുതെന്നേ ആവശ്യപ്പെടുന്നുള്ളൂ.

എന്നാല്‍ വയല്‍ അതിന്റെ ഉടമസ്ഥരുടേതും വിമാനത്താവളം നാട്ടുകാരുടേതും. അതായത് വയല്‍ നികത്താന്‍ പാടില്ല വിമാനത്താവളം വേണംതാനും. മലയാളത്തിലെ പഴഞ്ചൊല്ല് 'കക്ഷത്തിലേത് പോകുകേം അരുത് ഉത്തരത്തിലേത് എടുക്കുകേം വേണം'.

എല്ലാവരും കൂടി വിമാനത്താവളത്തിന് കല്ലിട്ടു. വെഞ്ചരിച്ചു, പേരെഴുതിവെച്ചു ഇതൊക്കെക്കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് വിമാനം ഇറങ്ങാന്‍ ഭൂമി വേണമെന്ന്. ഇനിയുമെന്താചെയ്യുക, ആകാശത്തുനിര്‍ത്തി ആളിറക്കാനുള്ള സാങ്കേതിക നമുക്കില്ലതാനും.

പത്തനംതിട്ട ജില്ലയില്‍ ഒരു വിമാനത്താവളം വേണോ എന്ന് ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ സര്‍ക്കാര്‍ അങ്ങനെയൊരു നിര്‍ദ്ദേശവുമായി വന്നപ്പോള്‍ എന്തുകൊണ്ട് ജനം നിശബ്ദരായിരുന്നു? അസംബ്ലി തെരെഞ്ഞെടുപ്പില്‍ ഇത് എന്തുകൊണ്ട് ചര്‍ച്ചാവിഷയമായില്ല?

പ്രത്യക്ഷമായും പരോക്ഷമായും ഒരു വിമാനത്താവളത്തിന്റെ ഗുണവും ദോഷവും അനുഭവിക്കേണ്ടുന്നത് പൊതുജനങ്ങളാണ്. സൗകര്യങ്ങളും അസൗകര്യങ്ങളും. ശബ്ദമലിനീകരണവും, വര്‍ദ്ധിക്കുന്ന ഗതാഗതപ്രശ്‌നങ്ങളും എല്ലാവര്‍ക്കുകൂടിയാണ്.

എന്തുകൊണ്ട് പത്തനംതിട്ട ജില്ലയിലെ ജനങ്ങളോട് ചോദിച്ചുകൂടാ അവര്‍ക്ക് തങ്ങളുടെ അയല്‍പക്കത്ത് ഒരു വിമാനത്താവളം വേണോന്ന്. പക്ഷെ ആര് എന്ത് ചോദിക്കാന്‍, ജനം ഒന്നും തീരുമാനിക്കുന്നില്ല, എല്ലാം കച്ചവടതാല്പര്യങ്ങളും ചേര്‍ത്ത് മുകളില്‍നിന്ന് വരുന്നതാണല്ലോ കീഴ് വഴക്കം. ജനത്തിന് വിമാനത്താവളം വേണമെങ്കില്‍ ഏതുവയലും നികത്തിക്കൊള്ളൂ, ഭൂമിയെങ്കിലും നിരന്നുകിട്ടുമല്ലോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക