Image

മാത്യൂസ് മാര്‍ ബര്‍ണബാസ് : പകരം വയ്ക്കാനില്ലാത്ത ആത്മീയഗുരു (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 13 December, 2012
മാത്യൂസ് മാര്‍ ബര്‍ണബാസ് : പകരം വയ്ക്കാനില്ലാത്ത ആത്മീയഗുരു (ബാബു പാറയ്ക്കല്‍)
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപനായി വിരമിച്ച അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ 88-#ാ#ം വയസ്സില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഇത് വലിയ നഷ്ടമാണ് കാരണം വലിയ സ്വര്‍ണ്ണമാലയും സ്വര്‍ണ്ണകുരിശും ധരിച്ച് വിദേശ നിര്‍മ്മിത കാറുകളില്‍ തലങ്ങും വിലങ്ങും പാഞ്ഞ് സ്വന്തമായി മെനഞ്ഞുണ്ടാക്കിയ പ്രോജക്ടുകള്‍ക്കുവേണ്ടി കോടികള്‍ സമാഹരിച്ച് ദൈവനിയോഗത്തിന്റെ ദൗത്യപാതയില്‍നിന്ന് വഴിമാറിപോകുന്ന പുരോഹിത സമൂഹത്തില്‍ മാത്യൂസ് മാര്‍ ബര്‍ണബാസ് എന്ന ലാളിത്യത്തിന്റെ അപ്പോസ്‌തോലന്‍ വേറിട്ടു നിന്നിരുന്നു.

ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയായിരിക്കുമ്പോള്‍ അവിടത്തെ മലനിരകളില്‍ കാല്‍നടയായി സഞ്ചരിച്ച് ദുഃഖിതരുടെ കണ്ണീരൊപ്പുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും തിരുമേനി സമയം കണ്ടെത്തി. ഇടുക്കിയിലെ ജനങ്ങള്‍ ജാതിമതഭേദമെന്യേതിരുമേനിയെ ബഹുമാനിച്ചിരുന്നു. ഒരുചരടില്‍ കോര്‍ത്ത തടിക്കുരിശും ധരിച്ച് വഴിയില്‍ കാണുന്നവരോടൊക്കെ കുശലം പറഞ്ഞ് ആത്മാവില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന സ്വതസിദ്ധമായ പുഞ്ചിരിയുമായി നടന്നു പോകുന്ന തിരുമേനിയെ ആര്‍ക്കും മറക്കാനാവില്ല. ഇടുക്കിയില്‍ പാവങ്ങളുടെ അത്താണിയായി ജനങ്ങള്‍ അദ്ദേഹത്തെ കണ്ടു. ഇടുക്കിയിലെ പ്രത്യേക ഭൂപ്രകൃതികാരണവും സാമ്പത്തിക പരാധീനതമൂലവും ജനങ്ങള്‍ക്കു വൈദ്യസഹായം ലഭിക്കുവാനുള്ള ബുദ്ധിമുട്ടു മനസ്സിലാക്കിയ തിരുമേനി അവിടെ ഒരാശുപത്രി സ്ഥാപിച്ചു. ഇടുക്കിയിലെ അജപാലനത്തിനിടയില്‍ മറക്കാനാവാത്ത സംഭവമായി തിരുമേനി പലപ്പോഴും അനുസ്മരിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. അവിചാരിതമായി ഇടുക്കിയില്‍ വീശിയടിച്ച കൊടുങ്കാറ്റ്. പാവപ്പെട്ട മനുഷ്യരുടെ വളരെയധികം വീടുകള്‍ കൊടുങ്കാറ്റില്‍ നിലംപൊത്തി. വളരെയധികം വീട്ടുകാര്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. കൃഷിത്തോട്ടങ്ങള്‍ പിഴുതെറിയപ്പെട്ടു. അവരുടെ സഹായത്തിനായി മുന്‍പന്തിയിലുണ്ടായിരുന്ന തിരുമേനിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തില്‍ പണസമാഹരണം നടത്തി അവരെയൊക്കെ പുനരധിവസിക്കുവാന്‍ സാധിച്ചുവെന്നത് വലിയൊരുനേട്ടമായി ഇന്നും ജനങ്ങള്‍ കാണുന്നു. ഒരിക്കല്‍ ഒരു പാവപ്പെട്ട വിധവയുടെ വീട് കനത്ത പേമാരിയില്‍ ചോര്‍ന്നൊലിച്ച് താമസയോഗ്യമല്ലാതായി. മറ്റേതോ കാര്യത്തിന് ആസ്ഥലത്തെത്തിയ തിരുമേനിയെ കണ്ട് അവര്‍ തന്റെ സങ്കടം പറഞ്ഞ് തിരുമേനി വന്ന് ആ വീടു കാണണമെന്നപേക്ഷിച്ചു. വീട്ടില്‍ വരാമെന്നു സമ്മതിച്ച തിരുമേനി പക്ഷേ അല്പം അകലെ മാത്രം നിന്ന് വീടു കണ്ടിട്ട് ഒന്നും മിണ്ടാതെ മടങ്ങിപ്പോയി. ആ സ്ത്രീയ്ക്ക് അതു വളരെ വിഷമമുണ്ടാക്കി. എന്നാല്‍ ആഴ്ചകള്‍ക്കകം തിരുമേനി വേണ്ടതുക സംഭരിച്ച് ചുമതലപ്പെട്ടവരെ ഏല്‍പ്പിച്ച് അവര്‍ക്കു ഭേദപ്പെട്ട ഒരു വീട് പണിതുകൊടുത്തു. അതിനുശേഷം അദ്ദേഹം അവിടെപോയി പ്രാര്‍ത്ഥിച്ചപ്പോള്‍ മാത്രമാണ് അന്നു തിരുമേനി ഒന്നും മിണ്ടാതെ മടങ്ങിപ്പോയതിന്റെ പൊരുള്‍ മനസ്സിലായത്. ക്രിസ്തുവിന്റെ സ്‌നേഹം വാക്കുകളില്‍ കൂടിയല്ല പ്രവൃത്തിയില്‍ കൂടിയാണു കാണിച്ചുകൊടുക്കേണ്ടതെന്ന സത്യം സ്വന്തം ജീവിതശൈലിയില്‍ കൂടി തിരുമേനി മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുത്തു.

അങ്ങനെയിരിക്കെയാണ് അമേരിക്കന്‍ ഭദ്രാസനത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് അഭിവന്ദ്യ തോമസ് മാര്‍ മക്കാറിയോസ് തിരുമേനി ആയിരുന്നു അന്ന് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ ചില പള്ളികള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുവാന്‍ തയ്യാറായില്ല.

പോരുമുറുകിയതോടെ കോട്ടയത്തുള്ള സഭാ ആസ്ഥാനത്ത് പ്രശ്‌ന പരിഹാരത്തിനുള്ള വഴികള്‍ ആരാഞ്ഞ് കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നു. സഭയുടെ മന്ദീഭവിച്ച യശസ്സു വീണ്ടെടുക്കുവാന്‍ നിയോഗം വന്നുവീണത് അഭിവന്ദ്യ ബര്‍ണബാസ് തിരുമേനിക്കായിരുന്നു. കൃശഗാത്രനും ലളിത ജീവിതശൈലിക്കാരനുമായ ഇദ്ദേഹത്തിന് അമേരിക്കയിലെ ആഢംബരത്തിലേക്കെന്തുകാര്യം എന്നുചിന്തിച്ച് പലരും നെറ്റിചുളിച്ചു. ഇദ്ദേഹത്തെ ഇങ്ങോട്ടു വിട്ട സഭാനേതൃത്തിനു തെറ്റു പറ്റിയെന്നു പലരും കരുതി. എന്നാല്‍ നേതൃത്വം എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.

തിരുമേനിയുടെ ദൗത്യം അത്ര എളുപ്പമായിരുന്നില്ല. ഏതാനും ദേവാലയങ്ങള്‍ തിരുമേനിയെ അംഗീകരിക്കാതെ ഈ ഭദ്രാസനത്തിന്റെ ഭാഗമേയല്ല എന്ന മട്ടില്‍ മാറിനിന്നു. സ്‌നേഹത്തിന്റെ സന്ദേശവുമായി അവരെ സ്വീകരിക്കുവാന്‍ ചെന്ന തിരുമേനിയെ കരിങ്കൊടികാട്ടി അവര്‍ മടക്കി അയച്ചു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഈ ദേവാലയങ്ങള്‍ തിരുമേനിയെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചാനയിച്ചപ്പോള്‍ ഈ അത്ഭുതകരമായ മാറ്റത്തിന്റെ കാരണമെന്തെന്ന് ചോദിച്ചതിന് തിരുമേനിയുടെ മറുപടി, “എല്ലാം ദൈവത്തിന്റെ കൃപ”.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പ്രബലമായ ഒരു വിഭാഗമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ. എന്നിട്ടും അവര്‍ക്ക് ഒരു ഭദ്രാസന ആസ്ഥാനം ഉണ്ടായിരുന്നില്ല. തിരുമേനിയുടെ ആഗമനത്തോടെ അതിന്റെ ആവശ്യകത ആളുകള്‍ക്കു മനസ്സിലായി. താമസിയാതെ ന്യൂയോര്‍ക്കിലുള്ള ബെല്‍റോഡില്‍ അത്യാവശ്യ താമസസൗകര്യങ്ങളുള്ള ഒരു ഭവനം വാങ്ങി. എന്നാല്‍ കോണ്‍ഫറന്‍സോ മറ്റു മീറ്റിംഗുകളോ നടത്തുവാനുള്ള സൗകര്യം അവിടെയില്ലായിരുന്നു. അപ്രയാസം മനസ്സിലാക്കി തിരുമേനി മുന്‍കൈ എടുത്ത് ലോംഗ്‌ഐലന്റിലുള്ള മട്ടണ്‍ടൗണില്‍ ചാപ്പല്‍, കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിംഗുകള്‍, അതിഥികള്‍ക്കു പ്രത്യേക താമസ സൗകര്യങ്ങള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഒരു സമുച്ചയം പണിത് പ്രവര്‍ത്തനമാരംഭിച്ചു. ഇന്നു പ്രൗഢഗംഭീരമായി നില്‍ക്കുന്ന ഭദ്രാസന ആസ്ഥാനം സഭാമക്കള്‍ക്കു മാത്രമല്ല മലയാളികള്‍ക്കെല്ലാം അഭിമാനിക്കാന്‍ വക നല്‍കുന്നു. സ്‌നേഹത്തിന്റെ ഭാഷകൊണ്ട് ആരെയും കീഴടക്കാമെന്ന് തെളിയിച്ചുകൊണ്ട് അദ്ദേഹം 18 വര്‍ഷം അമേരിക്കന്‍ ഭദ്രാസനത്തെ പടിപടിയായി അഭിവൃദ്ധിയിലേക്കു നയിച്ചു.

2011 മെയ്മാസത്തില്‍ അമേരിക്കന്‍ ഭദ്രാസനത്തില്‍നിന്നും വിരമിച്ച് കേരളത്തില്‍ വിശ്രമജീവിതം നയിക്കുവാനായി പോകുന്നതിനുമുമ്പ് ഒരു പ്രമുഖ പത്രത്തിനുവേണ്ടി ഈ ലേഖകന്‍ ഒരഭിമുഖം നടത്തുകയുണ്ടായി. അന്നു തിരുമേനി പറഞ്ഞ പ്രസക്തമായ ചില കാര്യങ്ങള്‍കൂടി ഇവിടെ കുറിക്കട്ടെ. അമേരിക്കയിലെ സഭയുടെ ഭാവിയെപ്പറ്റി ചോദിച്ചപ്പോള്‍ "ഭാവിയെപ്പറ്റി ആശങ്കപ്പെടുവാനൊന്നുമില്ല. എല്ലാം ഭദ്രമാണെന്നായിരുന്നു" മറുപടി. പടയിറങ്ങുന്ന ഇടയന്റെ ചാരിതാര്‍ത്ഥ്യത ആമുഖത്തു നിഴലിച്ചുകണ്ടു. പാത്രിയര്‍ക്കീസ് പക്ഷവുമായുള്ള വഴക്കിനെപ്പറ്റി ചോദിച്ചപ്പോള്‍ ആ മുഖത്തെ പ്രസന്നത പെട്ടെന്നു മായന്നതുകണ്ടു. അദ്ദേഹം അല്പനേരം ചിന്താധീനനായി ഇരുന്നു. എന്നിട്ടു പറഞ്ഞു, "മനുഷ്യമനസ്സില്‍ സ്വാര്‍ത്ഥത നിറഞ്ഞു നില്‍ക്കുമ്പോള്‍ സ്‌നേഹത്തിനു വസിക്കാന്‍ ഇടമില്ല. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കോലാഹലം കൂട്ടുന്നവര്‍ ദൈവത്തെ മറന്നുപോകുന്നു. ദൈവം സ്‌നേഹമാണ്. അന്യോന്യം ബഹുമാനിക്കാന്‍ പഠക്കണം. മനസ്സില്‍ നിന്നും സ്വാര്‍ത്ഥത മാറാതെ സമാധാനം കൈവരിക്കുവാന്‍ സാധിക്കയില്ല. ഏതുസാധനവും രണ്ടാക്കാന്‍ എളുപ്പമാണ്. എന്നാല്‍ അതു വീണ്ടും ഒന്നാക്കാന്‍ ബുദ്ധിമുട്ടും". തിരുമേനി പറഞ്ഞത് എത്രയോ ശരിയാണെന്ന് അനുഭവങ്ങള്‍ തെളിയിച്ചിരിക്കുന്നു!

യാത്രയാകുന്നതിനുമുമ്പ് സഭാമക്കളോട് ഒരു സന്ദേശമായി എന്താണു പറയുവാനുള്ളതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം വീണ്ടും വാചാലനായി. "ഞാന്‍ വൈദിക സെമിനാരിയില്‍ അദ്ധ്യാപകനായിരുന്ന കാലത്ത് ഗ്രാജ്വേറ്റു ചെയ്തുപോകുന്ന ശെമ്മാശന്മാരോടു പറയുന്ന ഒരു മെസേജുണ്ട്. അതുതന്നെ ഇവിടെയും പറയുവാനാഗ്രഹിക്കുന്നു. പരസ്പരം ബഹുമാനിക്കണം. അന്യോന്യം ബഹുമാനിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കണം. പിന്നെപ്രശ്‌നമില്ല. മറ്റുള്ളവരോടു ക്ഷമിക്കുവാന്‍ കഴിയണം. അതു ക്രിസ്തീയ ധര്‍മ്മമാണ്. നാം മറ്റുള്ളവരുടെ കുറവുകളെപ്പറ്റി വിമര്‍ശിക്കുന്നവരാണ്. എന്നാല്‍ സ്വന്തം ജീവിതത്തിലേക്ക് ഒന്നെത്തി നോക്കുവാന്‍ നമുക്കു കഴിയണം. അപ്പോഴാണ് ഈശ്വരന്‍ പ്രസാദിക്കുക."

ജനിച്ച നാട് എന്നും തിരുമേനിക്കു പ്രിയപ്പെട്ടതായിരുന്നു. ഒരാളെ പരിചയപ്പെടുമ്പോള്‍ വീട് എവിടെയാണെന്ന ചോദ്യത്തിന്, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം മേഖലയിലെവിടെയെങ്കിലുമാണെന്നു പറഞ്ഞാല്‍ ആ മുഖത്ത് ഒരു പ്രത്യേക പുഞ്ചിരി ദര്‍ശിക്കാനാവും. അത്രകണ്ട് തിരുമേനി ആ നാടിനെ സ്‌നേഹിച്ചിരുന്നു. പെരുമ്പാവൂരിനടുത്ത് വളയന്‍ചിറങ്ങര എന്ന കൊച്ചു ഗ്രാമം ഈ വന്ദ്യപിതാവിന്റെ ഭൗതികശരീരം ഏറ്റുവാങ്ങിക്കൊണ്ട് ഇനി മേല്‍ ധന്യമാകുകയാണ്. ക്രൈസ്തവ സുവിശേഷത്തിന്റെ നേര്‍ക്കാഴ്ചയായി ജീവിച്ച ലാളിത്യത്തിന്റെ ഈ അപ്പോസ്‌തോലനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ളവര്‍ക്കെല്ലാം ആ ഭാഗ്യസ്മരണകള്‍ സാക്ഷാത്കാരത്തിന്റെ ധന്യമുഹൂര്‍ത്തങ്ങളായിരിക്കുമെന്നതിനു സംശയമില്ല. ആ പാദാരവിന്ദങ്ങളില്‍ അശ്രുപൂജ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക