Image

ശ്രീ അയ്യപ്പന്റെ ഉറക്കുപാട്ട്‌ (ഹരിവരാസനം...സുധീര്‍ പണിക്കവീട്ടില്‍)

Published on 15 December, 2012
ശ്രീ അയ്യപ്പന്റെ ഉറക്കുപാട്ട്‌ (ഹരിവരാസനം...സുധീര്‍ പണിക്കവീട്ടില്‍)
പശ്‌ചിമഘട്ടത്തിലെ സഹ്യാദ്രിസാനുക്കളില്‍ സ്‌ഥിതി ചെയ്യുന്ന ശബരിമലയില്‍ ഹരിഹരപുത്രനായ ശ്രീ അയ്യപ്പനാണ്‌ പ്രതിഷ്‌ഠ. മണ്‌ഡലം നോയമ്പ്‌ നോറ്റ്‌, വ്രുതശുദ്ധിയോടെ, വളരെ പൊക്കമുള്ളതും ദുര്‍ഘടം പിടിച്ചതുമായ മലകള്‍ ചവുട്ടി കാടിന്റെ വിജനതയിലൂടെ ശരണം വിളിച്ച്‌ കലിയുഗവരദനെ ദര്‍ശിക്കാന്‍ അയ്യപ്പഭക്‌തന്മാര്‍ കാല്‍നടയായിട്ടാണ്‌ സന്നിധാനത്തില്‍ എത്തിചേര്‍ന്നിരുന്നത്‌. ഇപ്പോള്‍ ആധുനിക സൗകര്യങ്ങള്‍ മൂലംഭക്‌തി ഒരു ഫാഷനായി കരുതുന്നവര്‍ ആചാരങ്ങള്‍ പാലിക്കുന്നതില്‍ പണ്ടത്തെപ്പോലെ നിഷ്‌ക്കര്‍ഷയില്ലാത്തവരാണ്‌. കലിയുഗത്തിലെ തിന്മകളില്‍ നിന്ന്‌ മനുഷ്യരെ കാത്ത്‌ സംരക്ഷിച്ച്‌്‌ അവരെ ധാര്‍മ്മികച്യുതി വരാതെ ശ്രീ അയ്യപ്പന്‍ രക്ഷിക്കുമെന്നാണ്‌്‌്‌ ഭക്‌തന്മാരുടെ വിശ്വാസം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച്‌ ഇവിടെ പതിനെട്ടാം പടി കയറി മുകളിലെത്തുന്ന ഭക്‌തന്മാര്‍ വായിക്കുന്ന ഒരു ഫലകം ഉണ്ട്‌ `തത്ത്വമസി' (അതു നീയാകുന്നു)

നീ ആരേ അന്വേഷിക്കുന്നുവോ അത്‌ നീയാണ്‌. ആ ശക്‌തി നിന്നില്‍ തന്നെ സ്‌ഥിതി ചെയ്യുന്നുവെന്നും ഈ സന്ദേശത്തിനു അര്‍ഥം കല്‍പ്പിക്കാം. അതേപോലെ പഞ്ചമഹാവാക്യങ്ങളിലെ മറ്റൊന്നായ `അഹം ബ്രഹ്‌മാസ്‌മി' (ഞാനാണ്‌ ബ്രഹ്‌മം) എന്ന വചനത്തിന്റെ പൊരുളും, അയ്യപ്പഭക്‌തന്മാര്‍ മനസ്സിലാക്കുന്നു, അവര്‍ പരസ്‌പരം സംമ്പോധന ചെയ്യുന്നത്‌ `സ്വാമി'എന്നാണ്‌. ഈശ്വരന്‍ നമ്മില്‍ തന്നെ സ്‌ഥിതി ചെയ്യുന്നു എന്ന വിശ്വാസത്തിന്റെ പ്രതീകമാണാ സംബോധന.

ഇരുമുടി കെട്ടുമേന്തി, കഠിനമായ വ്രുതാനുഷ്‌ഠാനത്തോടെ ശരണം വിളിച്ച്‌, മലകയറി, ഒടുവില്‍ പതിനെട്ടാം പടി കയറി ചെല്ലുമ്പോള്‍ ഹരിവരാസനത്തില്‍ ഇരിക്കുന്ന ഭഗവാന്‍ പറയുന്നപോലെയാണു അമ്പലനടയില്‍ തൂങ്ങുന്ന ബോര്‍ഡ്‌ `തത്വമസി'. ക്ഷേത്രങ്ങളില്‍ തൊഴുത്‌ നില്‍ക്കുമ്പോള്‍ ഭക്‌തന്മാരുടെ തള്ളവിരല്‍ അവര്‍ക്ക്‌ നേരെയാണെന്ന്‌ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്‌. തത്ത്വമസി എന്ന മഹാവാക്യത്തിന്റെ പൊരുള്‍ ഇവിടെയാണ്‌. തത്ത്വമസി എന്ന ബോര്‍ഡ്‌ വായിക്കുകയും ഈശ്വരനെ കൈകൂപ്പുകയും ചെയ്യുമ്പോള്‍ നെഞ്ചിനു നേരേ ചൂണ്ടികൊണ്ട്‌ തള്ളവിരലുകള്‍ ഓര്‍മ്മിപ്പിക്കുന്നത്‌ അതാണ്‌. ഹിന്ദുക്കള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു എന്ന്‌ പറയുന്നവര്‍ ഇതൊന്നും മനസ്സിലാക്കാതെയാണ്‌ അങ്ങനെ പറയുന്നത്‌. വിഗ്രഹാരാധനയെപ്പറ്റി ഭഗവാന്‍ കൃഷ്‌ണന്‍ പറഞ്ഞതിങ്ങനെ -ഹൃദയത്തില്‍ എന്നെ സാക്ഷാത്‌കരിക്കയും അതേ സമയം സകല ജീവികളിലും എന്റെ സാന്നിദ്ധ്യം ദര്‍ശിക്കുകയും ചെയ്യുന്നത്‌ വരെ മാത്രമേ ഒരുവന്‍ വിഗ്രഹാരാധന നടത്തേണ്ടതുള്ളു.കാപട്യവും പൊങ്ങച്ചവും കാട്ടുന്ന ഭക്‌തന്‍ എന്നേയും ജീവജാലങ്ങളേയും വെറുക്കുന്നു. പലരുടേയും തെറ്റിദ്ധാരണ കെട്ടുറപ്പുള്ള ഒരു കെട്ടിടത്തിനകത്ത്‌ കല്ലു കൊണ്ടോ, പഞ്ചലോഹങ്ങള്‍ കൊണ്ടോ ഉണ്ടാക്കി പ്രതിഷ്‌ഠിച്ചിരിക്കുന്ന ല്‌പവിഗ്രഹത്തെ വിശ്വാസികള്‍ ആരാധിക്കുന്നു, തൊഴുന്നു എന്നാണ്‌. ഭാരതീയ തത്വചിന്ത/ ദര്‍ശനങ്ങള്‍ സാധാരണക്കാരനു മനസ്സിലാക്കാന്‍ പ്രയാസമാണ്‌. പലരും അവര വര്‍ക്ക്‌ മനസ്സിലായത്‌ പോലെ അതിനെ വ്യാഖാനിക്കുന്നത്‌കൊണ്ടാണ്‌ നാനാര്‍ഥങ്ങള്‍ വന്നുചേരുന്നത്‌.

യോഗശാസ്ര്‌തമനുസരിച്ച്‌ `കുണ്‌ഡലിനി' ശക്‌തിയാണ്‌ ഏറ്റവും പ്രധാനം. നിരന്തരമായ സാധനയിലൂടെ ഇതുണര്‍ത്തി ശിരശ്ശിലേക്കത്തുമ്പോള്‍ ശരിയായ ചിന്തയും ബുദ്ധിയുമുണരുന്നു.`കുണ്‌ഡലിനി' ഒരു പാമ്പിന്റെ രൂപത്തിലായിട്ടാണ്‌കാണുന്നത്‌. തന്മൂലം കേരളത്തിലെ അമ്പലങ്ങളില്‍ല്‌പഒരരയാല്‍ ചുവട്ടില്‍ ഒരു പാമ്പിന്റെ രൂപം കുണ്‌ഡലിനിയുടെ പ്രതീകമായി പ്രതിഷ്‌ഠിച്ചപ്പോള്‍ ജനങ്ങള്‍ പാമ്പിനെ പൂജിക്കാന്‍ തുടങ്ങി. അറിവില്ലായ്‌മയുടെ ഒരുദാഹരണം. പ്രമാണങ്ങളെല്ലാം സംസ്‌കൃതത്തില്‍ എഴുതി വയ്‌ക്കുകയും നാനാഭാഷകള്‍ സംസാരിക്കുന്ന ഭാരതീയരില്‍ ഒരംശത്തിനു പോലും സംസ്‌കൃതം വശമില്ലാതെ വരുകയും ചെയ്‌തത്‌ കൊണ്ടുണ്ടായ അനര്‍ഥങ്ങള്‍ തീരണമെങ്കില്‍ ഹിന്ദുമത ദര്‍ശനങ്ങളും ഭാരതീയ തത്വചിന്തകളും ഓരോരുത്തരുടേയും മാത്രുഭാഷയില്‍ സരളമായി മൊഴിമാറ്റം ചെയ്യണം. ഈ ബുദ്ധിമുട്ടിനു പോകാതെ മതം മാറി സ്വര്‍ഗ്ഗം നേടാനും ശ്രമിക്കുന്നു അനവധി ആളുകള്‍.

വേദങ്ങളിലും ഭഗവത്‌ഗീതയിലും ശരീരത്തെ ക്ഷേത്രമായി സങ്കല്‍പ്പിക്കുന്നുണ്ട്‌. `ഇദം ശരീരം കൗന്തേയ, ക്ഷേത്രമിത്യഭിധീയതേ, ഏത്‌ദ്യോ വേത്തി തം പ്രാഹുഃ,ക്ഷേത്രജ്‌ഞ ഇതി തദ്വിദഃ(13ഃ1) കുന്തീപുത്ര ഈ ശരീരം ക്ഷേത്രമെന്നു പറയപ്പെടുന്നു. ഇതിനെ അറിയുന്നവന്‍ ക്ഷേത്രജ്‌ഞന്‍ എന്ന്‌ അതിനെ അറിയുന്നവര്‍ പറയുന്നു, പിന്നെ ഭഗവാന്‍ പറയുന്നത്‌ എല്ലാ ക്ഷേത്രങ്ങളിലും എന്നെ ക്ഷേത്രജ്‌ഞനായി അറിഞ്ഞാലും എന്നാണു്‌. എല്ലാ ശരീരങ്ങളിലും (ക്ഷേത്രം) ക്ഷേത്രജ്‌ഞന്‍ അതായ്‌ത്‌ ആത്മാവ്‌ ഭഗവാന്‍ തന്നെ എന്ന തിരിച്ചറിവാണത്രെ യഥാര്‍ത്ഥ ജ്‌ഞാനം. അതു കൊണ്ട്‌ ക്ഷേത്രങ്ങളിലെ പൂജ വിധികള്‍ മനുഷ്യശരീരഘടനയനുസരിച്ചാണു നിര്‍മ്മിച്ചിട്ടുള്ളത്‌. ശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്‌ (വായു, അഗ്നി, ജലം, ഭൂമി, ആകാശം (ഇടം) . ഒരാള്‍ മരിക്കുമ്പോള്‍ ആദ്യം അയാളില്‍ നിന്നും ശ്വാസം (വായു) പോകുന്നു. പിന്നെ ശരീരത്തിന്റെ ചൂട്‌ (അഗ്നി) നഷ്‌ടപെടുന്നു, പിന്നീട്‌ ശരീരത്തിലെ ജലവും. ശരീരം ദഹിപ്പിക്കുകയോ, മറവ്‌ ചെയ്യുകയോ ചെയ്യുമ്പോള്‍ ശരീരവയവങ്ങള്‍ മണ്ണിനോട്‌ (ഭൂമി) ചേരുന്നു, പരേതനായ വ്യക്‌തി അന്നു വരെ ഭൂമിയില്‍ നടന്നിരുന്ന,ജീവിച്ചിരുന്ന `ഇടവും' ശൂന്യമാകുന്നു. ക്ഷേത്രത്തില്‍ പൂജാവിധികളും ഈ തത്വം പ്രായോഗികമാക്കുന്നു. അതായ്‌ത്‌ അവിടെ ഉപയോഗിക്കുന്ന ജലം, വായു, അഗ്നി, നിവേദ്യം, പുഷ്‌പ്പം എന്നിവ മനുഷ്യശരീരത്തെ പ്രതിനിധീകരിക്കുന്നതാണു.അറിവില്ലായ്‌മമൂലം ആചാരങ്ങളെപ്പറ്റി അനവധി തെറ്റിദ്ധാരണകള്‍ മനുഷ്യര്‍ക്കുണ്ടാകുന്നത്‌ സാധാരണമാണ്‌. ശബരിമലയിലെ പതിനെട്ടാം പടിയെപ്പറ്റി നിരവധി വ്യാഖാനങ്ങള്‍ ഉണ്ട്‌. ഭഗവത്‌ ഗീത പതിനെട്ടദ്ധ്യായമായതിന്റെ പ്രതീകമാണാ പടികള്‍ അല്ല അവ പതിനെട്ട്‌ പുരാണങ്ങലെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന്‌ മറ്റൊരു വാദം.

പതിനെട്ട്‌ പടികള്‍ പതിനെട്ട്‌ വനദേവതമാരെ ഉദ്ദേശിച്ചാണെന്നും വിശ്വസിക്കുന്നു. താഴെ കാണുന്ന വിധത്തിലും വ്യാഖ്യാനങ്ങള്‍ ഉണ്ട്‌. 5 പടികള്‍ പഞ്ചേന്ദ്രിയങ്ങള്‍, 8 പടികള്‍ അഷ്‌ടരാഗങ്ങള്‍, (കാമം, ക്രോധം, ലോഭം, മാത്സര്യം,മദം, ദം,മ്പ്‌, അസൂയ) 3 പടികള്‍ ത്രിഗുണങ്ങള്‍ (സത്വം,ല്‌പരജസ്സ്‌, തമസ്സ്‌) 2 പടികള്‍ - വിദ്യ, അവിദ്യ.

ധര്‍മ്മ ശാസ്ര്‌തങ്ങള്‍ അറിയുന്നവനായത്‌ കൊണ്ട്‌ ധര്‍മ്മ ശാസ്‌താവ്‌ എന്ന്‌ അയ്യപ്പനെ വിളിക്കുന്നു. നിരന്തരം പ്രവഹിക്കുന്ന ആഴം കാണാത്ത പമ്പ നദിയില്‍ മുങ്ങുന്നത്‌ അളക്കാന്‍ കഴിയാത്ത വിധം എപ്പോഴും ഭഗവാന്‍ ചൊരിയുന്ന ദിവ്യ കൃപയുടെ പ്രതീകമാണത്രെ. പാപം എന്ന വാക്ക്‌ തിരിച്ചിട്ടാല്‍ പംപാ (പമ്പ) എന്നാകുന്നുവെന്ന്‌ ശ്രദ്ധിക്കുക.

അയ്യപ്പന്റെ ഉറക്ക്‌ പാട്ടായി കരുതുന്ന കീര്‍ത്തനമാണീ പേജില്‍ കൊടുത്തിരിക്കുന്നത്‌, അത്താഴപൂജ കഴിഞ്ഞ്‌ തുടങ്ങുന്ന കീര്‍ത്തനം ചൊല്ലലിലെ അവസാനത്തെ വരികള്‍ എത്തുമ്പോള്‍ ശാന്തിക്കാര്‍ ഓരോരുത്തരായി പിരിഞ്ഞ്‌ പോകുന്നു, കീര്‍ത്തനം നിലക്കുമ്പോള്‍ല്‌പമേല്‍ശാന്തി വിളക്കുകള്‍ല്‌പഊതികെടുത്തി ശ്രീകോവില്‍ അടക്കുന്നു. ദിനം പ്രതി ഈ കീര്‍ത്തനം ചൊല്ലുന്നത്‌ ഐശ്വര്യദായകവും, അഭീഷ്‌ടപൂര്‍ണ്ണവുമാണെന്ന്‌ ഭക്‌തന്മാര്‍ വിശ്വസിക്കുന്നു, വായനക്കാരുടേയും പ്രത്യേകിച്ച്‌ അയ്യപ്പ ഭക്‌തന്മാരുടേയും അറിവിലേക്കായ്‌ ഈ കീര്‍ത്തനത്തിന്റെ സ്വതന്ത്ര പരിഭാഷ താഴെ ചേര്‍ക്കുന്നു. 1955ല്‍ കുമ്പകുടികുളത്തല്‍ അയ്യരാണ്‌ ഈ കീര്‍ത്തനം രചിച്ചത്‌.സംസ്‌ക്രുതവും, മലയാളവും കൂടി ചേര്‍ന്ന മണിപ്രവാളഭാഷയാണീ കീര്‍ത്തനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പലര്‍ക്കും ഇതിന്റെയര്‍ഥം പൂര്‍ണ്ണമായി അറിയണമെന്നില്ല.

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണകീര്‍ത്തനം ശക്‌തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

പ്രണയ സത്യകാ പ്രാണനായകം
പ്രണതകല്‍പ്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം
വരഗദായുഗം ദേവവര്‍ണിതം
ഗുരുക്രുപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ

ഭയഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്‌മിതംസുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശ്രിതിജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

പ്രശാന്തമായ ഭാവത്തോടെ ഹരിവരാസനത്തിലിരുന്ന്‌ വിശ്രമിക്കുന്ന ഭഗവാനെ, അങ്ങയുടെ മോഹനരൂപം ഈ വിശ്വത്തെ മോഹിപ്പിക്കുന്നു, വിഷ്‌ണുവിന്റെ കൃപാംശമായ അങ്ങയുടെ പാദങ്ങള്‍ ആരാദ്ധ്യനീയമാകുന്നു. ഭക്‌തന്മാരുടെ മനസ്സിലെ സദ്‌ ചിന്തകള്‍ക്ക്‌ വിഘാതമായി നില്‍ക്കുന്ന പ്രതികൂല ശക്‌തികളെ ഉന്മൂലനം ചെയ്‌ത്‌, ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന നൃത്തം ചെയ്‌ത്‌ അവരെ സംരക്ഷിക്കുന്ന ശിവന്റേയും, വിഷ്‌ണുവിന്റേയും ചൈതന്യം ഒരുമിച്ച്‌ വിളങ്ങുന്ന സ്വാമിയേ, അങ്ങയില്‍ ഞാന്‍ ആശ്രയം തേടുന്നു, ഭക്‌തന്മാരുടെ കീര്‍ത്തനം കേള്‍ക്കാന്‍ പ്രിയമുള്ളവനും അവരുടെ മനസ്സില്‍ നിറഞ്ഞ്‌ നില്‍ക്കുന്നവനും, ഈ വിശ്വ്‌ത്തിന്റെ അധീശനും നര്‍ത്തനപ്രിയനും ഉദയസൂര്യന്റെ കാന്തിവിളങ്ങുന്നവനും , സര്‍വ്വചരാചരങ്ങള്‍ക്കും അധിപനുമായ ഹരിഹരപുത്ര അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു..

പരമോന്നത സത്യ സ്വരൂപനും പ്രാണനായകനും പ്രപഞ്ച സ്രുഷ്‌ടാവും ഒരു ദീപ്‌തി വലയത്തോടെ പ്രകാശിക്കുന്നവനും പ്രണവമന്ത്രത്തിന്റെ ആധാരവും, സ്‌തുതിഗീതങ്ങള്‍ കേള്‍ക്കാനിഷ്‌ടമുള്ളവനുമായ ഹരിഹരപുത്ര അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു. കുതിരപ്പുറത്ത്‌ സവാരിചെയ്യുന്നവനും, അഴകുള്ള മുഖമുള്ളവനും, അനുഗ്രഹീതമായ ഗദ വരമായി കിട്ടിയവനും കീര്‍ത്തനപ്രിയനുമായ ഹരിഹരപുത്ര അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു. ത്രിലോകങ്ങളില്‍ ആരാധിക്കപ്പെടുന്നവനും, ദേവന്മാരുടെ ആത്മാവായവനും, ശിവപുത്രനും, ദേവന്മാരാല്‍ പൂജിക്കപ്പെടുന്നവനും, ഭക്‌തന്മാരുടെ ആഗ്രഹങ്ങളെ സാക്ഷാതകരിക്കുന്നവനുമായ ഹരിഹരപുത്ര അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു, ഭയത്തെ അകറ്റുന്നവനെ, ഐശ്വ്യര്യം കൊണ്ടുവരുന്നവനേ , ഭസ്‌മ വിഭൂഷിതനേ, ഈ പ്രപഞ്ചത്തെ മോഹിപ്പിക്കുന്നവനേ, വേഗമേറിയ വാഹനമുള്ളവനേ, അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു. വശ്യസുന്ദരമായ മന്ദഹാസമുള്ളവനേ, സൗന്ദര്യം തുളുമ്പുന്ന വദനമുള്ളവനേ,കളഭാലംക്രുതമായോനേ, പുലിവാഹനനേ, ഹരിഹരപുത്ര അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു. ഭക്‌തജനങ്ങളോട്‌ വത്‌സല്യമുള്ളവനേ, അവരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നവനേ, വേദങ്ങള്‍ കീര്‍ത്തിക്കുന്നവനെ, സന്യാസിമാര്‍ക്ക്‌ അനുഗ്രഹമരുളുന്നവനേ, വേദങ്ങളുടെ സാരാംശമേ, ദിവ്യഗീതങ്ങള്‍ കേട്ടാസ്വദിക്കുന്നവനേ, ഹരിഹരപുത്ര അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു.

ശബരിമല സന്ദര്‍ശനം നടത്തിയ ശ്രീ യേശുദാസിന്റെ വരികള്‍ കടമെടുത്ത്‌ ഈ ലേഖനം അവസാനിപ്പിക്കുന്നു, `നമ്മിലെ ഈശ്വരനെ അനുഭവിക്കാനും, അനുഭവിപ്പിക്കാനുമുള്ള ഒരു മണ്‌ഡലകാലമാവട്ടെ മനുഷ്യജീവിതം. മേല്‍പ്പറഞ്ഞതില്‍ ജാതിയില്ല, മതമില്ല എന്നാല്‍ ഈശ്വരനുണ്ട്‌. അത്‌ നമ്മളിലാണു്‌. മത ചിന്തകളില്‍ നിന്നകന്ന്‌ മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കുന്ന ഒരു കാലം ഭൂമിയില്‍ വരുമെന്ന്‌ പ്രത്യാശിക്കാം.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക