Image

`തോക്കുകള്‍ വില്‍ക്കാനുണ്ട്‌' (മൊയ്‌തീന്‍ പുത്തന്‍ചിറ)

Published on 19 December, 2012
`തോക്കുകള്‍ വില്‍ക്കാനുണ്ട്‌' (മൊയ്‌തീന്‍ പുത്തന്‍ചിറ)
കണക്‌റ്റിക്കട്ടിലെ ന്യൂടൗണ്‍ സാന്റിഹൂക്ക്‌ എലിമെന്ററി സ്‌കൂളില്‍ നിരപരാധികളും നിഷ്‌ക്കളങ്കരുമായ 20 കുരുന്നുകളെ നിഷ്‌ഠൂരം തോക്കിനിരയാക്കിയ സംഭവം ലോകത്തെയാകമാനം ഞെട്ടിച്ചു. അമേരിക്കയില്‍ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ലോകജനത ഉറ്റുനോക്കുകയാണ്‌. അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകള്‍ പലയിടത്തും നടക്കുന്നു. എങ്ങനെ ഇതു സംഭവിച്ചു? എന്തുകൊണ്ട്‌ സംഭവിച്ചു? ഇങ്ങനെയുള്ള ദുരന്തങ്ങള്‍ ഭാവിയില്‍ എങ്ങനെ ഒഴിവാക്കാം എന്ന ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തിലും ജനകീയ തലത്തിലും നടന്നുകൊണ്ടിരിക്കുന്നു.

എന്നാല്‍, ഇത്രയും ഹൃദയഭേദകമായ ദുരന്തം സംഭവിച്ചിട്ടും തന്റെ ബിസിനസ്സ്‌ കൊഴുപ്പിക്കാന്‍ തത്രപ്പെടുന്ന ഒരു ബിസിനസ്സുകാരനേയും, സര്‍ക്കാര്‍ തോക്കുകള്‍ നിരോധിക്കുന്ന നിയമം കൊണ്ടുവരുന്നതിനുമുന്‍പ്‌ കഴിയുന്നത്ര തോക്കുകള്‍ കൈവശപ്പെടുത്താന്‍ വെമ്പല്‍ കൊള്ളുന്ന ജനങ്ങളേയും എന്തിനോടു ഉപമിക്കണം?

പ്രകൃതിക്ഷോഭങ്ങള്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ഗവണ്മെന്റും മുന്നറിയിപ്പു കൊടുക്കാറുണ്ട്‌. അത്യാഹിതം സംഭവിച്ചാല്‍ കരുതിവെക്കേണ്ട സാധനസാമഗ്രികളുടെ വിവരണവും നല്‍കാറുണ്ട്‌. അതനുസരിച്ച്‌ ജനങ്ങള്‍ അവ വാങ്ങി സൂക്ഷിക്കാറുമുണ്ട്‌. പക്ഷേ, ഒരു സ്‌കൂളില്‍ അല്ലെങ്കില്‍ ഒരു പൊതുവേദിയില്‍ കൂട്ട നരഹത്യ നടന്നയുടനെ ആ ഹത്യയ്‌ക്കുപയോഗിച്ച മാരകായുധം കഴിയുംവിധം എത്രയും വേഗം കൈക്കലാക്കി സ്വന്തം വീട്ടില്‍ സൂക്ഷിക്കാന്‍ വെമ്പുന്നവരെ അമേരിക്കയില്‍ മാത്രമേ കാണൂ.

ന്യൂയോര്‍ക്കിലെ റോട്ടര്‍ഡാമിലാണ്‌ ഒരു തോക്കു കച്ചവടക്കാരന്‍ തന്റെ കച്ചവടം കൊഴുപ്പിക്കുന്നത്‌. ആഘോഷങ്ങളടുക്കുമ്പോള്‍ `സെയില്‍' എന്ന ബോര്‍ഡു തൂക്കി കച്ചവടം കൊഴുപ്പിക്കുന്നവരെ കണ്ടിട്ടുണ്ട്‌. എന്നാല്‍, ഈ വ്യക്തി തോക്കുകളും റൈഫിളുകളും പിസ്റ്റളുകളുമാണ്‌ `സെയിലില്‍' ഇട്ടിരിക്കുന്നത്‌.

സാന്റിഹൂക്ക്‌ സ്‌കൂള്‍ വെടിവെപ്പിനെത്തുടര്‍ന്ന്‌ പ്രസിഡന്റ്‌ ഒബാമ അമേരിക്കയിലെ ഗണ്‍ നിയമങ്ങള്‍ കര്‍ക്കശമാക്കുകയോ നിരോധിക്കുകയോ ചെയ്യാന്‍?സാദ്ധ്യതയുണ്ടെന്ന തിരിച്ചറിവാണ്‌ ടെയ്‌ലര്‍ ആന്റ്‌ വാഡ്‌നി എന്ന സ്ഥാപന ഉടമ പാട്രിക്ക്‌ പൊപ്പൊലിസിയോ എന്ന ഈ തോക്കു വ്യാപാരി തന്റെ സ്ഥാപനത്തില്‍ സ്റ്റോക്കുള്ളവ വിറ്റഴിക്കാന്‍ കുറുക്കുവഴി തേടിയത്‌. തന്നെയുമല്ല, പലരും തോക്കുകള്‍ ലഭ്യമാണോ എന്ന്‌ ഫോണിലൂടെ അന്വേഷണവും നടത്തുന്നുണ്ടത്രേ ! അതുകൊണ്ട്‌ Home Defense Headquarters  എന്നും, Now in Stock എന്നുമെഴുതിയ ബാനറുകള്‍?കടയുടെ മുന്‍പിലും അകത്തും തൂക്കിയിടുകയും ചെയ്‌തു. നൂറുകണക്കിന്‌ പേരാണ്‌ തോക്കുകള്‍ ലഭ്യമാണോ എന്നന്വേഷിച്ച്‌ തനിക്ക്‌ ഫോണ്‍ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

സാന്റിഹൂക്ക്‌ സ്‌കൂള്‍ ദുരന്തം നടന്നതിന്റെ പശ്ചാത്തലത്തില്‍ ഗണ്‍ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ തങ്ങള്‍ സഹകരിക്കാമെന്ന്‌ നാഷണല്‍ റൈഫിള്‍ അസോസ്സിയേഷന്‍ ഓഫ്‌ അമേരിക്കയുടെ (എന്‍.ആര്‍.എ.) പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്‌. ധ്രുതഗതിയില്‍ പ്രയോഗിക്കാവുന്ന മാരക പ്രഹരശേഷിയുള്ള റൈഫിളുകള്‍ അമേരിക്കയില്‍ നിരോധിച്ചുകൊണ്ടുള്ള നിയമം 2004-ല്‍ അവസാനിച്ചെങ്കിലും ആ നിയമം പുന:പ്പരിശോധിക്കുമെന്നള്ള പ്രസിഡന്റിന്റെ പ്രഖ്യാപനവുമായിരിക്കാം എന്‍.ആര്‍.എ.യുടെ ഈ തീരുമാനത്തിന്റെ മുഖ്യ കാരണം.

ഫ്രീഡം ഗ്രൂപ്പ്‌ എന്ന ആയുധ നിര്‍മ്മാതാക്കളുടെ പങ്കാളികളായ സെര്‍ബറസ്‌ ക്യാപിറ്റല്‍ മാനേജ്‌മെന്റ്‌ അവരുടെ പങ്കാളിത്തം അവസാനിപ്പിച്ചതിനു പിറകെ കണക്ടിക്കട്ടിലെയും ന്യൂയോര്‍ക്കിലേയും തോക്കുകള്‍ വില്‍പന നടത്തിയിരുന്ന Dick s Sporting Goods എന്ന സ്ഥാപനങ്ങളും തോക്കു വില്‍പന നിര്‍ത്തിവെച്ചു എന്ന്‌ വിവിധ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കണക്‌റ്റിക്കട്ടിലെ തന്നെ മറ്റൊരു സ്ഥാപനമായ കബേലാസും വില്‍പ്പന നിര്‍ത്തിവെച്ചു.

2004-ല്‍ കാലഹരണപ്പെട്ട തോക്ക്‌ നിയന്ത്രണ നിയമം പുന:പ്പരിശോധിക്കുന്നതൊടൊപ്പം, 1993-ല്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണ്‍ കൊണ്ടുവന്ന `ബ്രാഡി ബില്‍' (തോക്കുകള്‍ വാങ്ങുന്നവരുടെ Instant Background Check) നിയമവും കര്‍ശനമാക്കാന്‍ സാധ്യതയുണ്ടെന്ന്‌ അറിയുന്നു. ഈ നിയമം ന്യൂയോര്‍ക്കില്‍ പ്രാബല്യത്തിലായതിനുശേഷം ഒരു ദശകം കൊണ്ട്‌ തോക്ക്‌ വില്‍പ്പന കുതിച്ചുയര്‍ന്നുവത്രേ. ഇക്കഴിഞ്ഞ നവംബര്‍ വരെ ന്യൂയോര്‍ക്കില്‍ മാത്രം 290000 പേരുടെ, 2008ല്‍ നടന്നതിനേക്കാല്‍ 30 ശതമാനം കൂടുതല്‍, പാശ്ചാത്തല പരിശോധനകള്‍ നടന്നിട്ടുണ്ടെന്ന്‌ എഫ്‌.ബി.ഐ.യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

പശ്ചാത്തല പരിശോധനയില്‍?അനുകൂല ഫലമാണെങ്കിലും കസ്റ്റമേഴ്‌സിന്റെ പെരുമാറ്റം സംശയാസ്‌പദമാണെങ്കില്‍?അവര്‍ക്ക്‌ താന്‍ തോക്കുകള്‍ വില്‍ക്കാറില്ല എന്ന്‌ ടെയ്‌ലര്‍ & വാഡ്‌നി ഉടമ പൊപ്പൊലീസിയോ പറയുന്നു. തന്നെയുമല്ല, തോക്കിനെക്കുറിച്ച്‌ അറിയാത്തവവര്‍ക്കും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കും താന്‍ തോക്ക്‌ വില്‍ക്കാറില്ലത്രേ.

അഞ്ചു വര്‍ഷം മുമ്പാണ്‌ തന്റെ അമ്മാവനില്‍ നിന്ന്‌ ഈ സ്ഥാപനം താന്‍ വാങ്ങിയതെന്ന്‌ അദ്ദേഹം പറയുന്നു. സാന്റിഹൂക്ക്‌ സ്‌കൂള്‍ ദുരന്തത്തില്‍ താനും അതീവ ദു:ഖിതനാണ്‌. `ഒരു കാവല്‍ക്കാരന്റേയോ, ടീച്ചറുടേയോ കൈയില്‍ ഒരു തോക്കുണ്ടായിരുന്നെങ്കില്‍ സംഗതികള്‍ മാറിമറിയുമായിരുന്നില്ലേ' എന്നാണ്‌ പൊപ്പൊലീസിയുടെ ചോദ്യം !! എല്ലാവരുടേയും കൈവശം തോക്കുകള്‍ വേണമെന്ന ഗൂഢസന്ദേശവും അതില്‍ അടങ്ങിയിട്ടുണ്ടെന്നു സാരം.

ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്റെ (എഫ്‌.ബി.ഐ.) National Instant Criminal Background Check System പ്രകാരം ന്യൂയോര്‍ക്കിലെ Background Check അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നത്‌ കാണാം: 2004 (160,222), 2005 (158,781), 2006 (199,015), 2007 (212,174), 2008 (221,920), 2009 (241,165), 2010 (241495), 2011 (271837), 2012 (290,299).

സാന്റിഹൂക്ക്‌ ദുരന്തം അതീവഗൗരവത്തോടെ കൈകാര്യം ചെയ്‌ത്‌ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തിയില്ലെങ്കില്‍ ഇനിയും അനേകം സമാനദുരന്തങ്ങള്‍ക്ക്‌ സമാധാനകാംക്ഷികളായ അമേരിക്കന്‍ ജനത സാക്ഷികളാകേണ്ടിവരും. അധികൃതരുടെ കണ്ണുകള്‍ തുറക്കട്ടേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.
`തോക്കുകള്‍ വില്‍ക്കാനുണ്ട്‌' (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക