Image

സന്മനസുള്ളവര്‍ക്ക്‌ ഭൂമിയില്‍ സമാധാനം (ജി. പുത്തന്‍കുരിശ്‌)

Published on 20 December, 2012
സന്മനസുള്ളവര്‍ക്ക്‌ ഭൂമിയില്‍ സമാധാനം (ജി. പുത്തന്‍കുരിശ്‌)
തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതും വര്‍ണ്ണ കടലാസില്‍ പൊതിയാത്തതുമായ ഒരു വലിയ ക്രിസ്‌തുമസ്സ്‌ സമ്മാനമാണ്‌ ഈ വര്‍ഷം അവര്‍ക്ക്‌ കിട്ടിയത്‌. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒന്‍പതിലാണ്‌ ജോ ലൂക്കന്‍ തന്റെ സഹോദരനില്‍ നിന്നും ആ ഗ്രോസറി സ്‌റ്റോര്‍ വാങ്ങിയത്‌. ഇന്ന്‌ അത്‌ മിനസോട്ടയിലെ ഏകദേശം നാനൂറ്‌ ജോലിക്കാരുള്ള മൂന്ന്‌ വലിയ ഗ്രോസറി സ്‌റ്റോറായി വളര്‍ന്നിരിക്കുന്നു. തന്നെ, വളര്‍ച്ചയുടെ പടവുകള്‍ കയറ്റിയ ജോലിക്കാര്‍ക്ക്‌ എഴുപതുകാരനായ സ്‌റ്റോര്‍ ഉടമ നല്‍കുന്ന ഈ വര്‍ഷത്തെ ക്രിസ്‌തുമസ്‌ സമ്മാനം, അദ്ദേഹത്തിന്റെ മൂന്ന്‌ സ്‌റ്റോറുകള്‍ തൊഴിലാളികള്‍ക്കായി വിട്ടു നല്‍കി കൊണ്ടാണ്‌. അതും യാതൊരു പ്രതിഫലവും ഇല്ലാതെ. തൂപ്പുകാരനായി സ്‌റ്റോറില്‍ ജീവിതം ആരംഭിച്ച തൊഴിലാളിയായിരിക്കും പുതിയ സാരഥി.

നഗ്നപാദനും വൃണംകൊണ്ട്‌ നടക്കാന്‍ കഴിയാതെ വഴിയിരികില്‍ ഇരുന്ന ഭവനരഹിതന്‌ ഒരു ജോഡി ഷൂസും സോക്‌സു വാങ്ങി കൊടുക്കുമ്പോള്‍ ന്യൂയോര്‍ക്ക്‌ പൊലിസ്‌ ഓഫിസര്‍ ലാറി ഡിപ്രിമോസ്‌ വിചാരിച്ചില്ല താന്‍ അറിയാതെ ആരോ തന്റെ ചിത്രം എടുക്കുന്നുണ്ടന്ന്‌. മറ്റൊരു സഹജീവിയോടുള്ള ഏറ്റവും വലിയ കരുണയാണ്‌ ഇവിടെ ആ പൊലിസ്‌ ഓഫിസറെ എഴുപത്തിയഞ്ചു ഡോളര്‍ വിലയുള്ള ഷുസ്‌ വാങ്ങികൊടുക്കുവാന്‍ പ്രേരിപ്പിച്ചത്‌. പതിനേഴു വര്‍ഷത്തെ തന്റെ ജീവിതത്തിനിടയില്‍ മനസ്സിന്‌ ഇത്രയും സന്തോഷം നല്‍കുന്ന ഒരു ദിനം വേറെ ഇല്ലായിരുന്നു എന്നാണ്‌ പത്ര റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്‌ ഓഫിസര്‍ നല്‍കിയ മറുപടി. അതിലുപരി ചിത്രം എടുത്ത്‌ ന്യുയോര്‍ക്ക്‌ പൊലിസ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്‌ അയച്ചു കൊടുത്ത ജന്നിഫര്‍ തന്നെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്‌ പത്തു വയസുകാരിയായിരുന്നപ്പോള്‍ തന്റെ പിതാവ്‌ ഇതുപോലൊരവസ്ഥയില്‍ മറ്റൊരു സഹജീവിക്ക്‌ സഹായഹസ്‌തം വച്ചു നീട്ടിയതിന്റെ ഓര്‍മ്മയിലാണ്‌.

തിരക്കിട്ട പട്ടണത്തിലൂടെ നടന്നുപോകുമ്പോള്‍ വഴിയരികില്‍ സ്‌കൂട്ടറുമായി എല്ലാവരെയും നോക്കി എന്തോ ചോദിക്കുന്ന വ്യക്‌തി അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അടുത്തു ചെന്ന്‌ കാര്യം തിരക്കിയപ്പോള്‍ പെട്രോള്‍ തീര്‍ന്നു പോയെന്നും, സഹായിക്കണം എന്നും പറഞ്ഞു. താങ്കള്‍ക്ക്‌ എങ്ങനെയുള്ള സഹായമാണ്‌ വേണ്ടെതെന്ന്‌ ചോദിച്ചപ്പോള്‍, സ്‌കൂട്ടര്‍ ഒന്ന്‌ ചരിച്ചിട്ട്‌ പൊക്കി വച്ചു തന്നാല്‍ മതിയെന്നു പറഞ്ഞു. അതെന്തിനാണെന്ന്‌ ചോദിച്ചപ്പോള്‍, ടാങ്കിന്റെ അടിയില്‍ അല്‌പം പെട്രോള്‍ കാണാന്‍സാദ്ധ്യതയുണ്ടെന്നും, അങ്ങനെ ചെയ്‌താല്‍ അത്‌ ഒരു പക്‌ക്ഷെ ഒരല്‌പ ദൂരം കൂടി പോകാന്‍ സാഹായിക്കുമെന്നും പറഞ്ഞപ്പോള്‍ അയാളു ൈനിസഹായതയില്‍ അലിവ്‌ തോന്നി പോക്കറ്റില്‍ നിന്ന്‌ ഇരുപതു രൂപ പെട്രോള്‍ മേടിച്ചൊഴിക്കാന്‍ കൊടുത്ത്‌ .

ഈ സംഭവത്തിനിടയില്‍ സുഹൃത്തുക്കള്‍ മുന്നോട്ട്‌ പോയതറിഞ്ഞില്ല. പെട്ടന്ന്‌ അവരോടൊപ്പം എത്തിപ്പിടിക്കുയും ഉണ്ടായതെല്ലാം വിവരിക്കുകയും ചെയ്‌തപ്പോള്‍ അവരുടെ നെറ്റിചുളിയുന്നത്‌ കാണാമായിരുന്നു. കൂടാതെ ഒരു ഉപദേശവും. ഇത്തരക്കാര്‍ക്ക്‌ ഒന്നും കൊടുക്കരുത്‌. കള്ളന്മാരാണ്‌ കൊടുത്ത കാശു കൊണ്ടു പോയി കള്ളോ കഞ്ചാവോ വാങ്ങി കഴിക്കുകയുള്ളു.

അവിടെ നിന്നു അയാള്‍ക്ക്‌ അതിക ദൂരം പോകേണ്ടി വന്നില്ല ഹൃദയഭേദകമായ മറ്റൊരു കാഴ്‌ച കാണാന്‍. അതി ശീഘ്രം പാഞ്ഞു വന്ന ഒുരു ചെത്തില പട്ടി കുന്നു കൂടി കിടന്ന മാല്യന്യ കുമ്പാരത്തില്‍ കിടന്ന ഒരു പൊതികെട്ടില്‍ മണത്തു ഓടിക്കളഞ്ഞു. ആ കാഴ്‌ച കണ്ടു നില്‌ക്കുമ്പോളാണ്‌ ഒരു വശത്തു നിന്നും താടിനിട്ടി വളര്‍ത്തി ജട നിറഞ്ഞ മുടിയുമായി ഒരു മനുഷ്യകോലം ഓടി വന്ന്‌ പൊതി അഴിച്ച്‌ അതിലെ ആഹാരം കഴിക്കാന്‍ തുടങ്ങിയത്‌. അടുത്ത്‌ ചെന്ന്‌ അയാളുടെ തോളില്‍ തട്ടി വിളിച്ചപ്പോള്‍ അയാള്‍ ഇന്ന്‌വരെ കണ്ടിട്ടില്ലാത്ത നിന്ദയോടെ നോക്കുന്നത്‌ കണ്ടു. ആ നോട്ടത്തില്‍ നീ ഇതുപോലും എന്നെ കഴിക്കാന്‍ അനുവദിക്കില്ലെ എന്ന ചോദ്യം മുഴച്ചു നില്‍ക്കുന്നതുപോലെ തോന്നി. കൈയുടെ വിരലുകള്‍ക്കിടയില്‍ ഒരു നൂറു രൂപാ നോട്ട്‌ തിരുകി വച്ച്‌, പോയി ആഹാരം വാങ്ങി കഴിക്കാന്‍ പറഞ്ഞപ്പോള്‍ തിളങ്ങുന്ന കണ്ണുകളോടെ അയാള്‍ എഴുനേറ്റു നിന്നു ചോദിച്ചു താങ്കളുടെ പേരെന്താണ്‌. എവിടെയാണ്‌ താമസം. പേരുപറയുകയും താന്‍ താമസിക്കുന്ന സ്ഥലത്ത്‌ പ്രവേശിക്കാന്‍ കാവല്‍ക്കാര്‍ അനുവദിക്കത്തതുകൊണ്ട്‌ തരപ്പെടുമ്പോളൊക്കെ വന്നു കണ്ടുകൊള്ളാം എന്ന്‌ പറഞ്ഞ്‌ അവിടെ നിന്നു പോയി കാത്തുനിന്ന സുഹൃത്തുക്കളോട്‌ ചേര്‍ന്നു. മറ്റുള്ളവര്‍ തന്റെ വഴിവിട്ട പ്രവര്‍ത്തിയെ വിമര്‍ശിക്കുമ്പോള്‍ ഹൃദയം ശാന്തമായിരുന്നു. പരിമിതമായതില്‍ നിന്നും മറ്റൊരു സഹജീവിയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്‌തി വേറെയും.

ഏല്ലാ ക്രയവിക്രയങ്ങളിലും ലാഭനഷ്‌ടം നോക്കുന്ന മനുഷ്യരും അതിന്റെ അടിസ്ഥാനത്തില്‍ ദൈവാനുഗ്രഹത്തെ വിലയിരുത്തുന്നവര്‍ക്കും പച്ചയായ മനുഷ്യന്റെ ദൂഃഖങ്ങള്‍ കാണാനൊ കേള്‍ക്കാനൊ സമയം ഇല്ലാതെയായിരിക്കുന്നു. നാം എന്തു കൊടുക്കുന്നു എന്നതില്‍ അല്ല അതില്‍ എത്രമാത്രം സ്‌നേഹം ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നതിലാണ്‌ എന്ന്‌ പറഞ്ഞ മതര്‍ തെരസായും, മറ്റൊരുത്തന്റെ കഷ്‌ടപ്പാടുകള്‍ കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ ആരും ഈ ലോകത്തിന്‌ വേണ്ടാത്തവരല്ല എന്നു പറഞ്ഞ ചാള്‍സ്‌ ഡിക്കന്‍സും, നമ്മള്‍ക്കു കിട്ടുന്നതുകൊണ്ട്‌ നമ്മള്‍ക്ക്‌ ജീവിക്കാം പക്ഷെ നമ്മള്‍ കൊടുക്കുന്നതുകൊണ്ട്‌ ഒരു ജീവിതത്തെ കെട്ടിപ്പെടുക്കാം എന്നു പറഞ്ഞ ചര്‍ച്ചിലുമൊക്കെ, മിനസോട്ടയിലെ സ്‌റ്റോര്‍ ഉടമായായ ജോ ലൂക്കനേയും, ന്യൂയോര്‍ക്ക്‌ പൊലിസ്‌ ഓഫിസര്‍ ലാറി ഡിപ്രിമോസിനേയും, തിരക്കിട്ട പട്ടണത്തിലെ മാല്യനെ കൂമ്പാരത്തില്‍, നായ്‌ പോലും ഉപേക്ഷിച്ച ഉച്ഛിഷ്‌ടം ആര്‍ത്തിയോടെ കഴിക്കുന്ന മനുഷ്യകോലത്തിന്റെ ഒരു നേരത്തെ വിശപ്പടക്കാന്‍, ശ്രമിക്കുന്ന സാധാരണക്കാരനേയും ഓര്‍മിപ്പിക്കുന്നു.

സന്മനസുള്ളവര്‍ക്ക്‌ ഭൂമിയില്‍ സമാധാനം.
സന്മനസുള്ളവര്‍ക്ക്‌ ഭൂമിയില്‍ സമാധാനം (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക