Image

ആവിലായിലെ സൂര്യോദയം (ഒരു ഹൃസ്വാസ്വാദനം: ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 21 December, 2012
ആവിലായിലെ സൂര്യോദയം (ഒരു ഹൃസ്വാസ്വാദനം: ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)
മലയാളത്തിലെ ആധുനിക സാഹിത്യത്തിന്റെ വക്‌താവായിട്ടാണല്ലോ ശ്രീ എം. മുകുന്ദനെന്ന പ്രശസ്‌തനായ സാഹിത്യകാരന്‍ അറിയപ്പെടുന്നത്‌. ജീവിതത്തിന്റെ അധികഭാഗവും പ്രവാസിയായി കഴിഞ്ഞ്‌ കൂടേണ്ടി വന്ന ഇദ്ദേഹം സ്വന്തം നാടിന്റെ ഓരൊ സ്‌പന്ദനവും അടുത്തറിഞ്ഞിരുന്നു. അദ്ദേഹം ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളും ചുറ്റുമുള്ള ജീവിതരീതികളും അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കൃതികളേയും സ്വാധീനിച്ചിട്ടുളതായി കാണാം. ചെറിയ കാര്യങ്ങളേയും വ്യക്‌തി ജീവിതങ്ങളേയും സസൂക്ഷ്‌മം നിരീക്ഷിക്കാനും അതെല്ലാം മേമ്പൊടി ചേര്‍ത്ത്‌ ആവിഷ്‌ക്കരിക്കാനുമുള്ള അദ്ദേഹത്തിന്റെ പാടവം ഒന്നു വേറെ തന്നെ. വെറും കഥ പറച്ചിലല്ലാതെ കഥയും കഥാസാരവും അനുവാചക ഹൃദയങ്ങളില്‍ ആഞ്ഞ്‌പതിപ്പിക്കാനുതകുന്ന കഥനാ രചനാ തന്ത്രം മികവുറ്റതാണ്‌. കാല്‍പ്പനികതകളെക്കാളും യാഥാര്‍ത്ഥ്യത്തിന്റെ ചേരുവകള്‍ക്ക്‌ കൃതികളില്‍ പ്രാധാന്യം നല്‍കുന്നതില്‍ പ്രാഗത്ഭ്യം നേടിയതിനാലാവണം ഇദ്ദേഹത്തിന്റെ പല കഥകളും ജീവിത ഗന്ധിയായി ഉരുതിരിഞ്ഞത്‌. കഥാപാത്രത്തിനണങ്ങുന്ന ആഖ്യാനരീതിയും മറ്റൊരു ഘടകമാണന്നതില്‍ സംശയമില്ല. ഞാനിവിടെ അല്‍പ്പമെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നത്‌ `ആവിലായിലെ സൂര്യോദയം' എന്ന 1970ല്‍ ഡി.സി. ബൂക്‌സ്‌ പ്രസിദ്ധീകരിച്ച നോവലിനെക്കുറിച്ചാണ്‌. വെറും ദേഹപുഷ്‌ടിയും ശരീര കാന്തിയും മാത്രം കൈമുതലായ കുസിനിക്കാരി മാതുവമ്മ എന്ന അഭിസാരികയുടെ പുത്രനായി പിറന്ന കോയിന്നനെന്ന ഗോവിന്ദക്കുറിപ്പിന്റെ പടിപടിയായുള്ള വളര്‍ച്ചയും, എല്ലാവിധ ലൗകിക സൗഭാഗ്യങ്ങളുടേയും നടുവില്‍ പിറന്ന പ്രഭാകരരനെന്ന പുത്രന്റെ പിറന്ന വീണ പൈത്രുകത്തോടുള്ള അവജ്‌ഞയും നിന്ദയും പാപബോധത്തിന്റെ നിരന്തരമായ വേട്ടയാടലും ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്‌.

കൃതിയില്‍ , തടിച്ചു കൊഴുത്ത കോയിന്ദന്‍ ചാണകവും ആട്ടിന്‍കാഷ്‌ഠവും തിന്ന്‌ ജീവിതം തുടങ്ങിയെങ്കിലും അവന്‍ കൗമാര പ്രായത്തിലേക്കെത്തിയതോടെ സ്വവര്‍ഗ്ഗ രതിയില്‍ ആകൃഷ്‌ടരായ അന്തോണി സായ്‌പ്പും, ഉസ്‌മാന്‍ പോലിസും സ്‌ഥലത്തെ തടിക്കച്ചവടക്കാരനും കള്ളകടത്തുകാരനുമായ ഇബ്രാഹിം സാഹിബും കോയിന്ദനു ചുറ്റും കഴുകന്മാരെപോലെ വട്ടമിട്ട്‌ പറക്കാന്‍ തുടങ്ങി. ഒടുവില്‍ നാട്ടുകാരുടെ മുമ്പില്‍ പൊടി ഇടാന്‍ വേണ്ടി മാത്രം തടി കച്ചവടക്കാരനായി ചമഞ്ഞ ഇബ്രാഹിം സാഹിബ്‌ കോവിന്ദന്റെ തടിയും സ്വന്തമാക്കിയതോടെ , കോവിന്ദന്‍ ഗോവിന്ദക്കുറുപ്പായി. ലക്ഷ പ്രഭുവായി, ആവിലായിലെ മേയറായി, മന്ത്രിയായി ജീവിതത്തില്‍ തന്നെ തേടിയെത്തിയ ഒരു നിയോഗത്തോടും എതിര്‍പ്പ്‌ പ്രകടിപ്പിക്കാത്തതാവണം അടിവച്ചുള്ള ഗോവിന്ദന്റെ ഉയര്‍ച്ചയ്‌ക്ക്‌ കാരണം.

ലൗകികവും ലൈംഗികവുമായ എല്ലാ സുഖഭോഗപാരമ്യതക്കിടയിലും വന്ന പാത പാടെ മറക്കാന്‍ കഴിയാത്തതിനാലാവണം ദുര്‍ന്നടവടിക്കാരിയായ സ്വന്തം മാതാവിനേയും സമ്മര്‍ദ്ദത്താല്‍ സ്വന്തം ഭാര്യയെത്തന്നെ അടിയറ വക്കേണ്ടി വന്നിട്ടും തന്റെ സകല പുരോഗതിക്കും കാരണക്കാരനായ ഇബ്രാഹിം സാഹിബ്ബിനേയും അവസാനം വരെ കൈവെടിയാതിരുന്നത്‌. പിറന്ന നാല്‍ മുതല്‍ തന്റെ ജീവിതത്തിന്റെ അംശമായി മാറിയ പാപബോധം കൊണ്ട്‌ വേണമെങ്കില്‍ എല്ലാ സുഖസൗകര്യങ്ങളോടും കൂടെ, അല്ലലൊന്നും കൂടാതെ തന്റെ അച്‌ഛന്റെ ധ്‌നാഢ്യതയില്‍ മുഴുകി ജീവിക്കാമായിരുന്നിട്ടും സകലതും ത്യജിച്ച്‌ വെറും ഉടുതുണി മാത്രമായി പ്രഭാകരന്‍ ദേശാടനത്തിനിറങ്ങി. ദേശാടനത്തിനിടയിലും അവനു മുഖാമുഖമായി വന്നതോ പാപങ്ങളും പാപികളും മാത്രം. ഭൂതകാലത്തോട്‌ വിട പറയാന്‍ ആഗ്രഹിച്ചെങ്കിലും കാസിപ്പെറ്റിലും, ഹരിഹാനയിലും, ദില്ലിയിലും വാരാണാസിയിലും കണ്ട മുഖങ്ങളായ ഭട്‌നാഗറും, ഊര്‍മ്മിളയും, ലാലാജിയും എല്ലാവരും തന്നെ മാതുവമ്മ എന്ന തന്റെ സ്വന്തം അച്‌ഛമ്മയുടേയും ആണ്‍ വേശ്യയും സ്‌ത്രീലമ്പടനുമായ സ്വന്തം പിതാവ്‌ ഗോവിന്ദക്കുറിപ്പിന്റേയും, ഇബ്രാഹിം സായ്‌പ്പിന്റേയും, സൂട്ടും കോട്ടും ഹാറ്റും ധരിച്ച്‌്‌ പോക്കറ്റില്‍ നാരങ്ങ മിഠായിയുമായി നടന്ന്‌ ചുറ്റുവട്ടത്തുള്ള യുവതി തരുണിമണികളെ കീശയിലാക്കി നടന്നിരുന്ന അന്തോണി സായ്‌പ്പിന്റേയും പ്രതിച്‌ഛായകളായ പാപത്തിന്റെ പുതുമുഖങ്ങള്‍ പ്രഭാകരനെ വേട്ടയാടി കൊണ്ടേയിരുന്നു.

പാപത്തില്‍ നിന്ന്‌ ഓടി രക്ഷപ്പെടാന്‍ അവന്‍ മാളങ്ങള്‍ തേടി അലഞ്ഞു. എവിടേയും അവന്‍ കണ്ടുമുട്ടുന്നത്‌ പാപത്തിന്റെ വിവിധ മുഖങ്ങള്‍ മാത്രം. ഒടുവില്‍ പാപമോചാനത്തിനുള്ള പലായത്തിനടയില്‍ തോറ്റിട്ടെന്നോണം മുടിയനായ പുത്രന്റെ തിരിച്ചുവരവുപോലെ സ്വന്തം ജന്മ നാട്ടിലേക്ക്‌ തിരിച്ചു പോകുന്നു. അച്‌ഛനമ്മമാരുടെ അഭിലാഷപ്രകാരം ദാമ്പ്യത്യ ജീവിതം നയിക്കാനും അച്‌ഛന്റെ വ്യാപാര സ്‌ഥാപനങ്ങള്‍ കൊണ്ടു നടക്കാനും തീരുമാനിക്കുന്നു. സ്വസഹോദരി സുധ തന്റെ സുഹ്രുത്തും കലാലയ വിദ്യാര്‍ഥിനിയുമായ ഗീതയെ പരിചയപ്പെടുത്തുകയും പിന്നീട്‌ അവര്‍ വിവാഹിതരാകുകയും ചെയ്യുന്നു, അങ്ങനെ പൊക്കിളിനു താഴെ സാരി ഉടുക്കുന്ന അതീവ സുന്ദരിയായ ഗീത പ്രഭാകരന്റെ സ്വന്തമാകുന്നു. മധുവിധു ആഘോഷിച്ചുകൊണ്ടിരിക്കവേ, നവ വധൂവരന്മാരെ സന്ദര്‍ശിക്കാന്‍ ഗീതയുടെ കോളേജിലെ രവീന്ദ്രന്‍ മാഷ്‌ എത്തുന്നു. വന്ന ദിവസം തന്നെ അര്‍ദ്ധരാത്രി ഉണര്‍ന്നപ്പോള്‍ തന്റെ മെത്തയില്‍ കാണാഞ്ഞ ഭാര്യയെ തേടി നടക്കുമ്പോള്‍ കണ്ടത്‌ അവര്‍ രവീന്ദ്രന്‍ മാഷോടൊപ്പം ശയിക്കുന്നതണ്‌. ഇതോടെ കഥ അവസാനിക്കുന്നു,

ബഷീറിനെപോലെ നാടോടി ഭാഷയാണ്‌ കഥാഖ്യാനത്തിനായി മുകുന്ദന്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഈ നോവല്‍ അല്‍പ്പാപ്പം ഫ്രെഞ്ച്‌ ഭാഷയും ഫ്രെഞ്ചധീന പ്രദേശമായ മാഹിയുടെ സംസ്‌കാരത്തെക്കുറിച്ചും നമുക്ക്‌ ഈ നോവലില്‍ ദര്‍ശിക്കാന്‍ കഴിയും. മയ്യഴിപുഴുയോടും മണല്‍ തീരത്തോടും കടല്‍ കാറ്റിനോടും കടല്‍ കാക്കകളോടും കഥയിലെ കഥാപാത്രങ്ങല്‍ നിമന്ത്രണം ചെയ്യുന്നതായി കഥാക്രുത്ത്‌ കൂടെ കൂടെ ധ്വനിപ്പിക്കുന്നുണ്ട്‌. സന്ദര്‍ഭത്തിനൊത്ത്‌ ആവര്‍ത്തന വിരസതയില്ലാതെ ഇത്തരത്തില്‍ സംവേദനം നടത്തുന്നത്‌ ഈ നോവലില്‍ ഉടനീളം കാണാം. വായിച്ച്‌ രസിക്കാവുന്ന ഒരു നോവലാണിതെന്നതില്‍ ഒരു സംശയവുമില്ല. മുകുന്ദനെന്ന ആധുനിക കാഥികനു സകല ഐശ്വര്യങ്ങളും നേരുന്നു.
ആവിലായിലെ സൂര്യോദയം (ഒരു ഹൃസ്വാസ്വാദനം: ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)ആവിലായിലെ സൂര്യോദയം (ഒരു ഹൃസ്വാസ്വാദനം: ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക