Image

കെസിഎയുടെ വാര്‍ഷിക ധ്യാനവും ഐല്‍സ്‌ഫോര്‍ഡ്‌ തീര്‍ഥാടനവും

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 02 September, 2011
കെസിഎയുടെ വാര്‍ഷിക ധ്യാനവും ഐല്‍സ്‌ഫോര്‍ഡ്‌ തീര്‍ഥാടനവും
ലണ്ടന്‍: കേരളാ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ യുകെയുടെ നേതൃത്വത്തില്‍ വാര്‍ഷിക ധ്യാനം സംഘടിപ്പിച്ചു. കുടുംബ നവീകരണം, പരിശുദ്ധാത്മ അഭിഷേകം, മരിയഭക്‌തി, സന്ധ്യാ കുടുംബപ്രാര്‍ഥന എന്നീ മേഖലകളില്‍ ശക്‌തമായ വചന ശുശ്രൂഷകളാണ്‌ കെസിഎയുടെ ധ്യാനത്തില്‍ പ്രഘോഷിച്ചത്‌.

ധ്യാനഗുരുവും പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്‌ടറുമായ ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍ വിസി ആണ്‌ ധ്യാനത്തിന്‌ നേതൃത്വം നല്‍കിയത്‌. ഫാ. സ്‌റ്റീവന്‍ ജി. കുളകയത്തില്‍ (സെക്രട്ടറി, കേരള റീജന്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സില്‍സ ഡപ്യൂട്ടി സെക്രട്ടറി കേരള റീജന്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍), ഫാ. ജോണ്‍സണ്‍ അലക്‌സാണ്ടര്‍ (സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഓഫ്‌ കെസിഎ, യുകെ കേരള കമ്യൂണിറ്റിയുടെ ചാപ്ലെയിന്‍) എന്നിവര്‍ സഹകാര്‍മികരും ശുശ്രൂഷകളില്‍ പങ്കാളികളാവുകയും ചെയ്‌തു.

ജേക്കബ്‌ തോമസ്‌ ജീവിത നവീകരണവും അംഗവൈകല്യം മാറിയ സാക്ഷ്യവും ധ്യാനത്തില്‍ പങ്കുവച്ചു. ഓഗസ്‌റ്റ്‌ 15 മുതല്‍ 27 വരെ ഈസ്‌റ്റ്‌ ഹാം, ക്രോയിഡോണ്‍, മാനോര്‍ പാര്‍ക്ക്‌, അപ്‌ടണ്‍ പാര്‍ക്ക്‌, സൗത്ത്‌ ഹാള്‍ എന്നീ അല്‍മായ കേന്ദ്രങ്ങളിലായിരുന്നു കെസിഎ ധ്യാനം സംഘടിപ്പിച്ചത്‌.

28ന്‌ അഞ്ഞൂറോളം വിശ്വാസികള്‍ പങ്കെടുത്ത ധ്യാനത്തിന്റെ സമാപനമായി നടന്ന വാര്‍ഷിക ഐല്‍സ്‌ഫോര്‍ഡ്‌ പ്രെയറി തീര്‍ഥാടനം മരിയ ഭക്‌തി സാന്ദ്രമായി. ഉത്തരീയം മാതാവ്‌ വിശുദ്ധനായ സൈമണ്‍ സ്‌റ്റോക്കിന്‌ നല്‍കിയ വിശുദ്ധ തീര്‍ഥാടന കേന്ദ്രത്തില്‍ ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ഉച്ചയ്‌ക്കുശേഷം ജപമാലാ റാലി പ്രെയറിയുടെ പരിസരത്തായി നടന്നു. ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ രണ്ടാഴ്‌ച നീണ്ടുനിന്ന ശുശ്രൂഷകള്‍ക്ക്‌ സമാപനമായി. കെസിഎ പ്രസിഡന്റ്‌ ബാസ്‌റ്റിയന്‍ ബെന്നറ്റ്‌ സ്വാഗതവും സെക്രട്ടറി ജോസഫ്‌ ഗോമസ്‌ നന്ദിയും പ്രകാശിപ്പിച്ചു.
കെസിഎയുടെ വാര്‍ഷിക ധ്യാനവും ഐല്‍സ്‌ഫോര്‍ഡ്‌ തീര്‍ഥാടനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക