Image

കപ്പളങ്ങ മുത്തി (കവിത: സന്തോഷ്‌ പാലാ)

Published on 25 December, 2012
കപ്പളങ്ങ മുത്തി (കവിത: സന്തോഷ്‌ പാലാ)
നാട്ടിലൊത്തിരി പെണ്ണുങ്ങടെ
പേറെടുത്തിട്ടുണ്ട്‌ മുത്തി.
പേറെടുക്കുന്ന നേരത്ത്‌
അവര്‍ പെണ്ണുങ്ങടെ ചെവിയില്‍
ഒരു രഹസ്യസൂത്രം പറയുമത്രെ;
പിന്നെ വേദനയറിയില്ലെന്ന്‌ സാക്ഷ്യം.

മുത്തിയുടെ
പുക്കിളിന്‌ ചുറ്റും
മുന്തിരിക്കുല പോലെ
കുറെ അരിമ്പാറക്കുരുക്കള്‍
തൂങ്ങിക്കിടന്നിരുന്നു.
പതിന്നാലു പെറ്റെങ്കിലും
ഇനിയും
പെറാതെ പറ്റിച്ച
പിള്ളേരാണിതെന്നാണ്‌
സംശയക്കാരോട്‌ അവര്‍ പറയുക

മുത്തിക്ക്‌ ഏറ്റവും ഇഷ്ടം
കപ്പളങ്ങാപ്പഴവും
പച്ചകപ്പളങ്ങയുമാണ്‌.
കൃമിദീനത്തിന്‌
ഉഗ്രനാണ്‌ സാധനം
എന്ന്‌ ആരോ
അവരോട്‌ പറഞ്ഞുവത്രെ.

പള്ളിക്കൂടത്തിന്റെ
അയലത്തെ പറമ്പിലുള്ള
നാണിയമ്മയുടെ വീടിന്റെ
കരോട്ടെ തൊട്ടിയിലെ
കപ്പളങ്ങത്തില്‍
കപ്പളങ്ങ കുത്താന്‍
ഒരു തോട്ടിയും പിടിച്ചു നില്‍പ്പുണ്ടാവും
മിക്കപ്പോഴും അവര്‍.

ഡ്രില്ലു ക്ലാസിലെ
പിള്ളേരെല്ലാം
അവരെ
`കപ്പളങ്ങാ മുത്തീ'
`പതിച്ചിത്തള്ളേ'
എന്നൊക്കെ വിളിച്ചു കളിയാക്കും.

`നിന്നെയൊക്കെ
വലിച്ചു പുറത്തു ചാടിക്കുമ്പോള്‍
ഇത്ര നാശമാണെന്ന്‌
ഓര്‍ത്തില്ലടാന്ന്‌'
അവര്‍ അലറും

പിന്നെ
അടുത്ത്‌ വിളിച്ച്‌
കപ്പളങ്ങാപ്പഴം പങ്കുവെക്കും
`ഒരു കപ്പളങ്ങാ
വൈമ്പാട്‌ വീട്ടില്‍ കൊണ്ടുപൊയ്‌ക്കൊട്‌'
എന്ന്‌ പറഞ്ഞ്‌
ചിലര്‍ക്ക്‌ കൊടുക്കും

വീടിന്‌ മോളില്‍
കപ്പളം വളര്‍ന്നൂന്നും പറഞ്ഞ്‌
പിന്നീട്‌
ആരോ അതു
ചോടെ വെട്ടി വീഴ്‌ത്തി

മുത്തിയെ
അതില്‍ പിന്നെ
ആരും അവിടെ കണ്ടിട്ടില്ല

പുത്തന്‍ പേറുകാരൊക്കെ
മലയിറങ്ങുമ്പോള്‍
`മുത്തീ മുത്തീ'യെന്ന്‌
അവരുടെ അമ്മമാര്‍ ഉറക്കെ വിളിക്കും

അവിടെയൊന്നും
ഒരു കപ്പളവും കാണാതെ
ഒരൊച്ച അടിവയറ്റില്‍ നിന്നും
ആകാശത്തേക്ക്‌
പുളഞ്ഞ്‌ പുളഞ്ഞ്‌ പറന്ന്‌ പോകും

ഉരുളിമല മാതെവി മെമ്മോറിയല്‍
വെയിറ്റിങ്ങ്‌ ഷെഡും
കവണാരംകുന്ന്‌ അടിവാരത്താശൂത്രീം
കടന്ന്‌
അതങ്ങനെ
അന്തരീക്ഷത്തിലലിഞ്ഞലിഞ്ഞ്‌
ആംബുലന്‍സ്‌
അലാറമായ്‌
അങ്ങനെ.. അങ്ങനെ...

(സന്തോഷ്‌ പാലാ)
mcsanthosh@yahoo.com
കപ്പളങ്ങ മുത്തി (കവിത: സന്തോഷ്‌ പാലാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക