Image

പ്രവാസിമലയാളികള്‍ കേരളത്തിലെ പ്രവാസി സംഗമങ്ങളിലേക്ക് -കൂടെ ഒരു ശ്രദ്ധ ക്ഷണിയ്ക്കല്‍-അപേക്ഷയും

എ.സി. ജോര്‍ജ്ജ് Published on 27 December, 2012
പ്രവാസിമലയാളികള്‍ കേരളത്തിലെ പ്രവാസി സംഗമങ്ങളിലേക്ക് -കൂടെ ഒരു ശ്രദ്ധ ക്ഷണിയ്ക്കല്‍-അപേക്ഷയും
2013 ജനുവരി ആദ്യവാരം മുതല്‍ ഏതാണ്ട് ജനുവരി പകുതിവരെ വിവിധ പ്രവാസി ഇന്ത്യന്‍ സംഗമങ്ങള്‍ക്ക് കേരളവും പ്രത്യേകിച്ച് കേരളത്തിലെ കൊച്ചിനഗരവും സാക്ഷ്യം വഹിക്കുകയാണ്. അതിനുള്ള സന്നാഹങ്ങളും ഒരുക്കങ്ങളും കൊച്ചിയില്‍ ആരംഭിച്ചു കഴിഞ്ഞു. പ്രവാസി സംഘടനാ പ്രതിനിധികളും മറ്റ് സ്വകാര്യപ്രവാസികളും സ്വദേശികളും വിവിധ പ്രവാസി സംഗമസമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സിന്റേയും, കേരളാ ഗവണ്‍മെന്റിന്റേയും ആഭിമുഖ്യത്തില്‍ "പ്രവാസി ഭാരതീയ ദിവസ്" ജനുവരി 7,8,9 തീയതികളില്‍ കൊച്ചിയിലെ "ലെ മെരിഡിയന്‍ " ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കാന്‍ പോകുന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ഇന്ത്യന്‍ പ്രവാസികളെ മുഴുവന്‍ പ്രതിനിധാനം ചെയ്തു കൊണ്ടാണ് കേരളത്തില്‍ ആദ്യമായി ഒരു ഗവണ്‍മെന്റ് സ്‌പോണ്‍സെര്‍ഡ് പ്രവാസി ഭാരതീയ ദിവസ് അരങ്ങേറുന്നത്. ഇന്ത്യയിലെ 11 മത് "പ്രവാസി ഭാരതീയ ദിവസ്" സമ്മേളനമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, കേരളാ മുഖ്യമന്ത്രി അടക്കം കേന്ദ്രത്തിലേയും കേരളത്തിലേയും പ്രമുഖ രാഷ്ട്രീയ നേതൃത്വവും, സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര പ്രമുഖരും പ്രതിനിധികളും അതില്‍ പങ്കെടുക്കും. പിന്നെ പ്രവാസികളെ പ്രീണിപ്പിയ്ക്കാനും അവരുടെ കണ്ണില്‍ മണ്ണിടാനുള്ള സുന്ദരമോഹന വാഗ്ദാനങ്ങളും പ്രതീക്ഷിയ്ക്കാം.

പ്രവാസികള്‍ ഇന്ത്യയില്‍ മുതല്‍ മുടക്കാനുള്ള പതിവ് ആഹ്വാനങ്ങളും കേള്‍ക്കാം. ഇതുവരെ അവര്‍ മുടക്കിയ മുതലും പലിശയും പലരീതിയില്‍ പല പ്രവാസികളില്‍ നിന്നും പലരീതിയില്‍ അവിടെ തട്ടിപറിച്ച് കൊണ്ടാണല്ലോ ഇരിക്കുന്നത്. പിന്നെ പണവും ഏതെങ്കിലും സ്വാധീനവുമുള്ള കുറച്ച് പ്രവാസി നേതൃമന്യന്മാര്‍ പൊന്നാടയും, ഫലകങ്ങളും പാരിതോഷികങ്ങളും ഏറ്റുവാങ്ങും. ചില പുംഗന്‍ ഫോട്ടോകളും വാര്‍ത്തകളും ദൃശ്യമാധ്യമങ്ങളില്‍ തെളിഞ്ഞു കാണും. ചില അര്‍ഹരേയും കാണാമെന്ന കാര്യം വിസ്മരിക്കുന്നില്ലാ. എന്നാല്‍ അധികവും അര്‍ഹര്‍ തഴയപ്പെട്ട് ശിങ്കിടികള്‍ ഇതെല്ലാം തേടുന്നതിന് ചരിത്രം സാക്ഷി.

പിന്നെ പ്രവാസിയുടെ രോദനവും വേദനയും
ആരറിയാന്‍ ? അവര്‍ ഇന്ത്യന്‍ കൗണ്‍സിലേറ്റുകളിലും, എയര്‍പോര്‍ട്ടുകളിലും കസ്ടംസിലും എന്നുവേണ്ടാ സഹായം തരേണ്ട ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്ന് നിരന്തരം അവഹേളിക്കപ്പെടുന്നു. നിന്ദിക്കപ്പെടുന്നു. പീഡിപ്പിയ്ക്കപ്പെടുന്നു. ഒത്തിരിപ്രവാസികളുടെ നാട്ടിലെ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമവസ്തുക്കള്‍ തട്ടിയെടുക്കപ്പെടുന്നു. അവര്‍ വിദേശത്ത് ദീര്‍ഘനാളായി ഒഴുകിയ വിയര്‍പ്പിന്റെ ഫലം നാട്ടിലെ സ്വന്തക്കാരായ വിദ്വാന്‍മാരടക്കം അനധികൃതമായും മുടന്തന്‍ ന്യായങ്ങളുടെ പേരിലും തട്ടിയെടുക്കുന്നു. മലയാളി മന്ത്രിതന്നെ നേതൃത്വം കൊടുക്കുന്ന ഒരു പ്രവാസി മന്ത്രാലയം പ്രവാസികള്‍ക്ക് ഇന്ന് ഭാരമേറിയ മരക്കുരിശായി മാറിയിരിക്കുകയാണ്. ഇതെല്ലാമാണ് പ്രവാസി ഭാരതീയ ദിവസില്‍ ചര്‍ച്ചാ വിഷയങ്ങളാകേണ്ടത്. പരിഹരിക്കേണ്ടത്.

ജനുവരി 5, 6 തീയതികളില്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ - ഗോപിയോ (GOPIO) കൊച്ചിയിലെ പ്രസിഡന്‍സി ഹോട്ടലില്‍വച്ച് അനവധി പ്രവാസി സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുന്നു. അവിടേയും പരസ്പരം പൊന്നാട ഉടുപ്പിക്കല്‍ പാരിതോഷികങ്ങള്‍ വാരിവിതരണവും നടക്കും. കാതലായ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശി വല്ല ഫലകവും ഉണ്ടാക്കാന്‍ പറ്റിയിരുന്നെങ്കില്‍ അതിനെല്ലാം ഒരു അര്‍ത്ഥമുണ്ടായിരുന്നു. ഏതായാലും ഒരു ബോട്ടുയാത്രയും, വെക്കേഷനും, മാനസികഉല്ലാസവും, അധരവ്യായാമങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരവും എന്ന രീതിയില്‍ കണക്കാക്കി അതിലും കാശുള്ളവര്‍ക്ക് സംബന്ധിക്കുന്നതില്‍ കുഴപ്പമില്ല.

ഇനിയുള്ളത് നമ്മുടെ അമേരിക്കന്‍ മലയാളി പ്രവാസികളുടെ സ്വന്തം ജനുവരി സംഗമങ്ങളാണ്. ഗോപിയൊ പ്രസിഡന്‍സി ഹോട്ടലിലും, ഡ്രീം ഹോട്ടലിലും, ക്രൗണ്‍പ്ലാസാ ഹോട്ടലിലും ഒക്കെയായി സംഗമം നടത്തുമ്പോള്‍ നമ്മുടെ ഫൊക്കാനാ സംഗമം വഴിനീളെയാണ്. അതായത് ജനുവരി 4, 5, തീയതികളിലായി മധ്യകേരളത്തിലെ വിവിധ പ്രവാസി സിറ്റിസെന്ററുകളിലായി ഉഗ്രന്‍ സൗഹൃദസന്ദേശയാത്രയും റാലിയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങലും കൊടുക്കലും ആയിരിക്കുമെന്ന് പത്രകുറിപ്പില്‍കാണുന്നു. അവര്‍ക്ക് പ്രത്യേകമായി സമ്മേളിയ്ക്കാന്‍ ഒരിടമില്ല.

കാരണം അവര്‍ കേരളമേ തറവാട് എന്ന രീതിയില്‍ യാത്രയിലായിരിക്കും. സമാധാനം-മതസൗഹാര്‍ദ-നോണ്‍വയലന്റ് കീ ജെയ് വിളികളായിരിക്കും. പിന്നെ നെടുമ്പാശേരി സാജ് റിസോര്‍ട്ടില്‍ എത്തി ചാരിറ്റി വാരി വിതറും. അതെല്ലാം കൈയ്യോടെ പകര്‍ത്താന്‍ ദൃശ്യമാധ്യമങ്ങള്‍ ആകാംഷഭരിതമായി കാത്തിരിക്കുകയാണ്. ഫൊക്കാനാ നേതാക്കള്‍ ജനാധിപത്യയുഗത്തിലല്ലാ ജീവിക്കുന്നതെന്നു തോന്നുന്നു. ഹ്യൂസ്റ്റന്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍ ഉല്‍ഘാടനം ചെയ്യാന്‍ "വരാന്നു പറഞ്ഞിട്ടു വരാതിരുന്ന"ഉത്രാടം തിരുനാള്‍ മഹാരാജാവിനെ കൊണ്ടുതന്നെയാണ് ഈ മതസൗഹാര്‍ദ സമാധാനസന്ദേശറാലി ഉല്‍ഘാടനം ചെയ്യിപ്പിക്കുന്നത്.

കേരളത്തിലെ ചില സ്വദേശികളില്‍ നിന്നുകേട്ടതാണ്. അമേരിക്കന്‍ മലയാളികള്‍ക്ക് ഇവിടെ കേരളത്തില്‍ മതസൗഹാര്‍ദ സമാധാനസന്ദേശറാലി നടത്താന്‍ എന്താണവകാശം! അമേരിക്കയില്‍ നിന്നും ഓരോ ആഴ്ചയിലും വിവിധ നഗരങ്ങളില്‍ തോക്കുകള്‍ കഥ പറയുന്നു. അനേകര്‍ കൊല്ലപ്പെട്ടുന്നു. പിന്നെ കേരളത്തില്‍ കാണാത്തതരത്തിലുള്ള വേലികളും, പള്ളികളും, ഒരമ്പലങ്ങളും അവിടെ മലയാളികളെ വേര്‍തിരിച്ചിരിക്കുകയല്ലെ. അവിടെ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളില്‍ പോലും മതത്തിന്റെ സ്വാധീനവും കുത്തിതിരിപ്പും, കാലുവാരവും വീതംവയ്ക്കലുമല്ലെ മലയാളികളുടെയിടയില്‍ നടക്കുന്നത്. താന്‍ ഏതു പള്ളിയില്‍ അമ്പലത്തിലാണ് പോകുന്നത് എന്ന ചോദ്യമല്ലെ അവിടെ മലയാളിയില്‍ നിന്ന് ആദ്യം കേള്‍ക്കുന്നത്? ഇത്രയും ചേരിതിരിവ്- മതത്തിന്റെ പേരിലുള്ള ചേരിതിരിവ് ഇങ്ങു കേരളത്തിലില്ലാ. അതിനാല്‍ സ്വയം നന്നായിട്ട്-സ്വയം മതസൗഹാര്‍ദവും മറ്റും മലയാളി അവിടെ പകര്‍ത്തിയിട്ട് ഇങ്ങോട്ടു ജാഥക്കും റാലിക്കും വന്നാല്‍ മതിയെന്നവര്‍ പറയുന്നു. അമേരിക്കയിലെ ഇന്ത്യക്കാരല്ലാത്ത മെയിന്‍ സ്ട്രീം അമേരിക്കക്കാരുടെ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും ആദ്യം കണ്ടുപഠിയ്ക്കാനാണ് കേരളത്തിലെ നല്ലൊരു പങ്ക് ജനം പറയുന്നത്. അതുകൊണ്ട് നാട്ടിലെത്തുന്ന ഫൊക്കാനാ പ്രവാസികളും ന്യായമായ മുന്‍ സൂചിപ്പിച്ച പ്രവാസി പീഢനങ്ങള്‍ക്കെതിരെയും നമ്മുടെ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷനുവേണ്ടിയും താല്‍പ്പര്യമെങ്കില്‍ ജാഥ തന്നെ നടത്തുന്നതല്ലെ ഉചിതം!

ഫോമ ജനുവരി പത്താംതീയ്യതി കൊച്ചിയിലെ പഞ്ചനക്ഷത്ര ഡ്രീം ഹോട്ടലില്‍ വച്ച് അവരുടെ കേരളാ കണ്‍വന്‍ഷന്‍ എന്ന സ്വപ്നം സാക്ഷാല്‍ക്കരിയ്ക്കാന്‍ പോകയാണ്. ചിക്കാഗോയില്‍ തുടങ്ങിയ ബ്രിഡ്ജിംഗ് ദ ഗ്യാപ് തന്നെ ഇവിടേയും സെമിനാരിലെ മുഖ്യവിഷയം. പക്ഷെ ഇവിടെ ചില സെമിനാറുകള്‍ നയിക്കുന്നത് കുറെകാലമായി അമേരിക്കയിലെ വിവിധ കണ്‍വന്‍ഷനുകളില്‍-ഒരേ കണ്‍വന്‍ഷനുകളില്‍ തന്നെ അഞ്ചും ആറും പ്രസംഗിച്ച് പഴപല്ലവികള്‍ പാടിയവര്‍ തന്നെ. പഴയവീഞ്ഞ് പുതിയ കുപ്പിയില്‍ അത്രതന്നെ. ചില നിത്യഹരിതങ്ങളേയും ബിംബങ്ങളേയും ഇടയ്‌ക്കൊക്കെ ഒന്നു മാറ്റി പ്രതിഷ്ഠിക്കുന്നത് നല്ലതാണ്. സാംസ്‌കാരിക നായ
ന്മാരും രാഷ്ട്രീയപ്രമുഖരും വ്യവസായികളും ഈ കേരളാ ഫോമാ സംഗത്തില്‍ പങ്കെടുക്കുമെന്നു കേട്ടു. പക്ഷെ മുതല്‍ മുടക്കുന്നത് സൂക്ഷിച്ചുവേണം. നാട്ടിലെത്തുന്ന പ്രവാസിയുടെ അണ്ടര്‍ വെയര്‍പോലും തട്ടിയെടുക്കപ്പെടുന്ന അനുഭവങ്ങളാണവിടെ കേള്‍ക്കുന്നത്. അതിനാല്‍ പ്രവാസിയുടെ ന്യായമായ അവകാശങ്ങളും ചുമതലകളുമാണവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നാണ് ഈ വിനീത വിധേയന്റെ അഭിപ്രായം. പിന്നെ പ്ലാനിട്ടിരിക്കുന്ന ഹൗസ്‌ബോട്ട് ഉല്ലാസയാത്രയൊക്കെ കൊള്ളാം. പരമാവധി ആസ്വദിക്കുക. നമ്മള്‍ വിട്ടിട്ടു പോന്ന ദൈവത്തിന്റെ സ്വന്തം നാടല്ലെ, സഞ്ചാരികളുടെ ആ പറുദീസാ. പിന്നെ ഫോമായുടെ ഒരു പത്രകുറിപ്പില്‍ പറഞ്ഞപോലെ ആരാലും പാടിപുകഴ്ത്തപെടാത്ത നിസ്വാര്‍ത്ഥരായ ചില സാമൂഹ്യ- സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് പട്ടും വളയും എന്ന പോലെ അംഗീകാരത്തിന്റെ ചിഹ്നമായ അവാര്‍ഡുകള്‍ കൊടുക്കുമെന്നു കേട്ടു. ആ പത്രകുറുപ്പില്‍ പറഞ്ഞതുപോലെ യാതൊരു ചരടുമില്ലാതെ നിഷ്പക്ഷമായി നടക്കുമെങ്കില്‍ അതൊരു മാതൃകയായിരിക്കും.

മുകളില്‍ സൂചിപ്പിച്ച പ്രവാസി സംഘടനകള്‍ക്കും സംഗമങ്ങള്‍ക്കും പേരും പെരുമയും തുടങ്ങി അവരുടെ അനവശ്യവും ആവശ്യവുമായ നടപടികള്‍ക്കും സംഗമങ്ങള്‍ക്കും ദൃശ്യമാധ്യമ രംഗങ്ങളിലൂടെ ജനലക്ഷങ്ങളിലെത്തിക്കുന്നവരുടെ ഒരു കൂട്ടായ്മയായ ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒരു സമ്മേളനവും മാധ്യമശ്രീ അവാര്‍ഡ് ദാനവും ജനുവരി 6ന് കൊച്ചിയിലെ ബൊള്‍ഗാട്ടി പാലസില്‍ (Bolgaty Palace) വച്ച് നടത്താനിരിക്കുന്ന "മാധ്യമശ്രീ" എന്ന അവാര്‍ഡ് മാധ്യമശ്രീമാനൊ, മാധ്യമശ്രീമതിയ്‌ക്കൊ, വിവാഹിത ആകാത്ത സ്ത്രീ ആണെങ്കില്‍ മാധ്യമകുമാരിയ്‌ക്കൊ ആയിരിക്കും എന്ന് ഈ ലേഖകന്‍ മനസ്സിലാക്കുന്നു. വിവിധ സംഘടനകളുടെയും വിവിധ മാധ്യമങ്ങളുടേയും ഒരു വിനീത സുഹൃത്താണ് ഈ ലേഖകന്‍. നാട്ടിലെ മാധ്യമങ്ങളും അമേരിക്കന്‍ പ്രവാസി മാധ്യമങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധവും, കൊടുക്കല്‍ വാങ്ങ
ലുകള്‍, ഒന്നു ദൃഢമാക്കാനും, പരസ്പര ഐക്യം ഊട്ടി ഉറപ്പിക്കുവാനും ഇത്തരം അവാര്‍ഡുകള്‍ അര്‍ഹതപെട്ടവരെ കണ്ടെത്തി നല്‍കുന്നത് അഭികാമ്യം തന്നെ. ആ സമ്മേളനത്തിലെത്തുന്ന നാട്ടിലെ വിവിധ മാധ്യമപ്രവര്‍ത്തകരെ ഈ അവസരത്തില്‍ പ്രവാസികള്‍ നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളെപറ്റി, പറ്റുന്ന രീതിയില്‍ ബോധവല്‍ക്കരിക്കുന്നതും നന്നായിരിക്കും. നീതി നടത്തിയെടുക്കാന്‍ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഏറ്റവും പവ്വര്‍ ഫുള്‍ ആയ സഹായം നല്‍കാന്‍ കഴിയുന്നത് മീഡിയാകള്‍ക്ക് മാത്രമാണ്.

ഈ ലേഖകന്റെ ഓര്‍മ്മയില്‍ ഒരുപക്ഷെ ഇത്രയും പ്രവാസി സംഗമങ്ങളും സമ്മേളനങ്ങളും കേരളത്തിലെ ഒരേ നഗരിയില്‍ ഏതാണ്ട് ഒരേ മാസം, ജനുവരിയില്‍ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. അതിനാല്‍ ഈ സുവര്‍ണ്ണാവസരം മുതലാക്കി പ്രവാസികളുടെ ന്യായമായ അവകാശങ്ങള്‍ അധികാരികളുടെ സത്വര ശ്രദ്ധയില്‍പ്പെടുത്തണമെന്നു മാത്രമല്ല അവ പ്രാവര്‍ത്തികമാക്കാമെന്നുള്ള ഉറപ്പും സമ്പാദിയ്ക്കണം. ആ ഉറപ്പുകള്‍ പാലിയ്ക്കപ്പെടുന്നുണ്ടൊ, പുരോഗതിയുണ്ടൊയെന്ന് നിരന്തരം പഠിക്കുകയും വീക്ഷിക്കുകയും വേണം.

അമേരിക്കയിലെ കെന്നടി എയര്‍പോട്ടു തുടങ്ങി വിവിധ എയര്‍പോട്ടുകളിലിറങ്ങി വിവിധ ഇന്ത്യന്‍ ഓവര്‍സീസ് പാര്‍ട്ടി നേതാക്കളുടെ കൂടെ നിന്ന് പുഷ്പവും, ഹാരവും വാങ്ങി ധാരാളം സുന്ദര വാഗ്ദാനം നല്‍കി പ്രവാസികളായ നമ്മളെ വിഡ്ഢികളാക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളോട് അവിടെ ആ സംഗമങ്ങളിലായാലും ഇനിഇവിടെ വ
രുമ്പോഴാണെങ്കിലും പ്രവാസിയുടെ ന്യായമായ അവകാശങ്ങള്‍ അവതരിപ്പിയ്ക്കണം. അവ പ്രാക്ടിക്കലായി നേടിയെടുക്കണം. പ്രത്യേകമായി വിവിധ സംഘടനകളുടെ ബാനറിലും അല്ലാതെയും ഈ പ്രവാസി സംഗമങ്ങളാല്‍ കൊച്ചിയിലെത്തുന്നവര്‍ വേണ്ടപോലെ ശബ്ദിക്കണം. ആ ശബ്ദം എത്തേണ്ടിടത്ത് എത്തണം. അതിന് ന്യായമായ പ്രതിഫലനങ്ങള്‍ ഉണ്ടാകണം. പ്രവാസി പീഡനം-പ്രവാസികളില്‍ നിന്നുള്ള പിടിച്ചുപറി അവസാനിക്കണം. അവസാനിപ്പിക്കണം.
പ്രവാസിമലയാളികള്‍ കേരളത്തിലെ പ്രവാസി സംഗമങ്ങളിലേക്ക് -കൂടെ ഒരു ശ്രദ്ധ ക്ഷണിയ്ക്കല്‍-അപേക്ഷയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക