Image

ജീവിതത്തിന്റെ മറുകര കണ്ടു മടക്കം

Published on 28 December, 2012
ജീവിതത്തിന്റെ മറുകര കണ്ടു മടക്കം
എല്‍സി യോഹന്നാന്‍ ശങ്കരത്തിലുമായി (ന്യൂയോര്‍ക്ക്‌) ജോണ്‍ കക്കാട്‌ (മലയാള മനോരമ) നടത്തിയ അഭിമുഖം

ജീവിതത്തിന്റെ അങ്ങേപ്പുറത്ത്‌ എന്താണ്‌? അതു കണ്ടവര്‍ വിവരിക്കാന്‍ തിരിച്ചു വന്നിട്ടില്ല. ജീവിതത്തിനും അപ്പുറം എന്താണെന്ന്‌ കണ്ടെത്താന്‍ ദിവ്യദൃഷ്ടിയുള്ള മഹായോഗികളുടെ വെളിപാടുകളോ അപൂര്‍വ്വം. ജീവിതത്തിനും മരണത്തിനുമിടയ്‌ക്കുള്ള നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന അത്യാസന്നരായ ചില രോഗികള്‍ക്ക്‌ അപൂര്‍വ്വമായി ചില അനുഭവങ്ങളോ സ്വപ്‌ന ദര്‍ശനങ്ങളോ ഉണ്ടായിട്ടുണ്ടാവാം. എന്നാല്‍ പൂര്‍ണ്ണാരോഗ്യവതിയായ സ്‌ത്രീയുടെ ശരീരത്തില്‍ നിന്ന്‌ ആത്മാവ്‌ വേര്‍പെട്ട അവസ്ഥ. പിന്നീട്‌ ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചു വരുമ്പോള്‍ എല്ലാം ഒരു സ്വപ്‌നം പോലെ. ഈ അനുഭവമുണ്ടായത്‌ പ്രശസ്‌ത എഴുത്തുകാരിയും കവയിത്രിയുമായ എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനാണ്‌. ഇപ്പോഴും എന്താണെന്നോ എങ്ങനെ സംഭവിച്ചുവെന്നോ വിവരിക്കാന്‍ അവര്‍ക്കാവുന്നില്ല. ഇപ്പോഴും മനസ്സിനെ ത്രസിപ്പിക്കുന്ന ആ ദിവ്യാനുഭവത്തിന്റെ ചുരുള്‍ അവര്‍ നിവര്‍ത്തുകയാണിവിടെ.

ചോദ്യം: എപ്പോഴാണ്‌ ഇത്തരമൊരു അനുഭവം?

ജൂണ്‍ 12, 2012, ഒരു ചൊവ്വാഴ്‌ചദിവസം നട്ടുച്ചനേരം. സ്ഥലം ന്യൂയോര്‍ക്കിലെ ലോംഗ്‌ഐയലന്‍ഡിലെ എന്റെ വീടിന്റെ അകത്തളങ്ങളില്‍ വിവിധതരം ജോലികളില്‍ വ്യാപൃതയായിരുന്നു ഞാന്‍. വീട്ടില്‍ അപ്പോള്‍ വേറെ ആരുമില്ലായിരുന്നു. എന്റെ ഭര്‍ത്താവ്‌ (അച്ചന്‍ വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ) പള്ളിപണി നോക്കുന്നതിനം മറ്റു പല വിധ ആവശ്യങ്ങള്‍ക്കുമായി പുറത്തു പോയിരിക്കുകയായിരുന്നു.

വീട്ടുജോലികളൊക്കെ കഴിഞ്ഞ്‌ കുറെ വായിക്കണം, എഴുതണം എന്നൊക്കെ ചിന്തിച്ചുകൊണ്ട്‌ ജോലികളില്‍ മുഴുകി. ചൊവ്വാഴ്‌ചകളിലാണ്‌ ഞാന്‍ മുറികള്‍ വൃത്തിയാക്കാറുള്ളത്‌. പതിവുപോലെ മുറികള്‍ വൃത്തിയാക്കി, അടുക്കിലും ചിട്ടയിലും ക്രമീകരിച്ചു. കിടക്കവിരികളൊക്കെ മാറ്റിവിരിച്ചു, എല്ലാ മുറികളിലെയും കാര്‍പ്പെറ്റുകള്‍്‌ വാക്വം ക്ലീനര്‍ കൊണ്ടു വൃത്തിയാക്കി. ഞങ്ങളുടെ ബെഡ്‌റൂമിന്റെ വാതില്‍ക്കല്‍ നിന്നുകൊണ്ട്‌ മുറിയിലേക്ക്‌ കണ്ണോടിച്ചിട്ടു സ്വയം മനസ്സില്‍ പറഞ്ഞു, `ഹാ, എന്തു വൃത്തിയായിരിക്കുന്നു, എത്ര നന്നായി ഞാന്‍ മുറി വൃത്തിയാക്കി' ഭംഗിയായി ജോലി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം.

ചോ. പിന്നീട്‌ എന്താണ്‌ സംഭവിച്ചത്‌?

മുറി അടച്ചിട്ട്‌, തുണികള്‍ കഴുകാനായി വീടിന്റെ ബേസ്‌മെന്റിലുള്ള വാഷിങ്‌ മെഷീനില്‍ ബെഡ്‌ഷീറ്റുകളും മറ്റും നിക്ഷേപിച്ച്‌ മെഷീന്‍ ഓണ്‍ ചെയ്‌തിട്ട്‌ മടങ്ങുന്നേരം തലയുടെ ഇടതുവശത്തായി പെട്ടെന്നൊരു മിന്നല്‍ അനുഭവപ്പെട്ടു, ശരീരത്തിന്റെ ഇടതു വശത്തിന്‌്‌ ചലനശേഷി നഷ്ടപ്പെടുന്നതായി തോന്നി. ആരെയെങ്കിലും വിളിക്കാനാവട്ടെ തോന്നിയില്ല, സംസാരശേഷി നഷ്ടപ്പെടുന്നു! മെല്ലെ പറഞ്ഞതോര്‍ക്കുന്നു, "something is happening to me, I can not move my body, it is getting slowly numb, I can not talk', സമയം 11:55 മണി ആണെന്ന്‌ തോന്നുന്നു.

എങ്ങനെയോ ബേസ്‌മെന്റില്‍ നിന്നുമുള്ള പടവുകളിലൂടെ, ഏതോ ശക്തി മൂലം വീടിന്റെ രണ്ടാമത്തെ നിലയിലെ കിടക്കമുറിയില്‍ എത്തിപ്പെട്ടു, സ്റ്റെപ്പുകള്‍ കയറിയതൊന്നും ഓര്‍മ്മയില്ല, ബെഡ്‌ഡിലെത്തി കിടന്നതും. 'My body is dying, my inside is alert' എന്ന്‌ മന്ത്രിച്ചത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌. വീട്ടില്‍ ധരിക്കുന്ന വേഷത്തില്‍ കിടക്കുന്ന, തളര്‍ന്നു കിടക്കുന്ന ശരീരത്തെ നോക്കി എന്നില്‍നിന്നും അകന്നുപോകുന്ന ബോധമനസു മന്ത്രിച്ചതും ഓര്‍ക്കുന്നു.. (മലയാളം അറിവില്ലാത്ത വിധം ഇംഗ്ലീഷിലാണ്‌ അപ്പോള്‍ ബോധമനസ്സിന്റെ സംസാരഭാഷ). വളഞ്ഞുകൂടി കിടക്കുന്ന നല്ല വേഷവിധാനങ്ങളില്ലാത്ത നിശ്ചലമായ എന്റെ ശരീരത്തെ നോക്കി എന്നില്‍ നിന്നു വേര്‍പെട്ട ഞാന്‍ പറഞ്ഞത്‌ ഇങ്ങനെയാന്ന്‌, 'my body looks so curled up', നിശ്ചലമായി കിടക്കുന്ന എന്റെ ശരീരം എന്നില്‍ നിന്നും അകന്നുപോകുന്ന എന്റെ ആത്മാവിനു വ്യക്തമായി കാണാമായിരുന്നു.

ചോ: ആത്മാവു വേര്‍പെട്ട ശരീരത്തിനെന്താണ്‌ സംഭവിച്ചതെന്ന്‌ പീന്നീട്‌ അന്വേഷിച്ചറിഞ്ഞു കാണുമല്ലോ ?

എന്താണ്‌ സംഭവിച്ചതെന്ന്‌ എനിക്കു തന്നെ അറിയില്ല. പക്ഷേ ഞാന്‍ യഥാര്‍ത്ഥ ബോധാവസ്ഥയില്‍ മടങ്ങിയെത്തിയപ്പോള്‍ ഭര്‍ത്താവും മറ്റുള്ളവരും പറഞ്ഞാണ്‌ പിന്നീട്‌ സംഭവച്ചതൊക്കെ ഞാനറിഞ്ഞത്‌.

ഇതിനിടെ ഉച്ചകഴിഞ്ഞ്‌ 1:15 മണിയോടുകൂടി അച്ചന്‍, അദ്ദേഹം ഉപയോഗിക്കുന്ന ഒരു മരുന്നിനെക്കുറിച്ച്‌ അറിയാനായി ഡോക്ടറുടെ ഓഫീസില്‍നിന്ന്‌ എന്നെ വിളിച്ചു, ഫോണ്‍ പല പ്രാവശ്യം ബെല്ലടിച്ചപ്പോള്‍, തലയ്‌ക്കരികിലായി വച്ചിരുന്ന ഫോണ്‍ എങ്ങനെയോ അമര്‍ത്തി,
'I can't..t..a..l..k' എന്ന്‌ മന്ത്രിച്ചുവെന്ന്‌ പിന്നീട്‌ അറിഞ്ഞു, എനിക്കോര്‍മ്മയേയില്ല. അദ്ദേഹം വീടിനടുത്തു താമസിക്കുന്ന സുഹൃത്തുക്കളായ സാമിനെയും ഗ്രേസിയെയും ഉടന്‍ വിളിച്ചു പറഞ്ഞു, വീട്ടില്‍ പൊന്നമ്മയ്‌ക്ക്‌്‌ (എന്റെ pet name പൊന്നമ്മയെന്നാണ്‌) എന്തോ പ്രശ്‌നമുണ്ട്‌, കുറെ ബെല്ലടിച്ചപ്പോള്‍ മെല്ലെ എന്തോ പറഞ്ഞു, ഫോണ്‍ വീണുപോയി, സംസാരിക്കുവാന്‍ പ്രയാസപ്പെടുന്നു, ഉടന്‍ ചെല്ലണം, ഇരുവരും പെട്ടെന്നു വന്നു. ദൈവത്തിന്റെ കരുണയുടെ പ്രവര്‍ത്തനം അവിടെയുണ്ടായിരുന്നു, വീടിന്റെ drive way യുടെ വശത്തു നിന്നും വീടിനകത്തേക്കുള്ള വാതില്‍ പൂട്ടാതെ കിടന്നിരുന്നതിനാല്‍ അതുവഴി അവര്‍ക്ക്‌ വീടിനകത്തു പ്രവേശിക്കാന്‍ കഴിഞ്ഞു, അവര്‍ കുറേയേറെ വിളിച്ചു, താഴത്തെ നിലയില്‍ കാണാഞ്ഞിട്ട്‌ ഓടി മുകളിലത്തെ ബെഡ്‌ റൂമില്‍ എത്തി. എന്റെ അബോധമനസ്സില്‍ ഒരു വിളിയുടെ നേരിയ ശബ്ദം കേള്‍ക്കാമായിരുന്നു, പക്ഷേ ചലനശേഷിയറ്റ ശരീരത്തിന്‌ പ്രതികരിക്കാനായില്ല. `സാമും', `ഗ്രേസി'യും ബെഡ്‌റൂമിലെത്തി എന്നെ കുറെ വിളിക്കയും കുലുക്കി വിളിക്കയും ചെയ്‌തെന്നും, 'my body is dead, my soul is alive, take a cream silk saree and a maroon blouse and dress me up, put my hair up with some clips, make my body presentable, a lot of people are going to come'.

എന്നു ഞാന്‍ മന്ത്രിച്ചുവെന്നും, യാതൊരു അനക്കവും ഇല്ലായിരുന്നുവെന്നും പിന്നിടറിഞ്ഞു. അപ്പോഴേയ്‌ക്കും കുറേപ്പേര്‍ വീട്ടിലോടിയെത്തി, ആരോ വിളിച്ചതനുരിച്ച്‌ ഉടന്‍ ആംബുലന്‍സും എമര്‍ജന്‍സി റ്റീമും വന്നു. വീടു നിറയെ പൊലീസ്‌, ആംബുലന്‍സ്‌, മറ്റാളുകള്‍, ആകെ ബഹളം. അപ്പോഴേയ്‌ക്കും അച്ചന്‍ (എന്റെ ഭര്‍ത്താവ്‌) വീട്ടിലെത്തി.

ചോ: ശരീരത്തില്‍ നിന്നുയര്‍ന്നു പോയ ആത്മാവ്‌ എവിടെപ്പോയി ?

എന്റെ ശരീരത്തില്‍ നിന്നും ബോധമനസ്സ്‌ (ആത്മാവ്‌) അതിവേഗം ഉയര്‍ന്ന്‌്‌ ഒരു വലിയ പ്രകാശവലയത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. മരിച്ചുപോയ എന്റെ മാതാപിതാക്കള്‍ ആദ്യം എന്റെ മുന്നിലെത്ത,ി, അമ്മ ദുഃഖിതയായി പറഞ്ഞു, (അതേ ദിവസം, ജൂണ്‍ 12 എന്റെ അമ്മയുടെ പന്ത്രണ്ടാം ചരമവാര്‍ഷിക ദിനമായിരുന്നു) `നിങ്ങള്‍ ഇത്രയും മക്കള്‍ ഇവിടെയുണ്ടായിട്ടും എല്ലാവരും കൂടി ഒരുമിച്ച്‌ എന്നെയോര്‍ത്ത്‌ ഒന്ന്‌ പ്രാര്‍ത്ഥിക്കുന്നില്ലല്ലോ' എന്ന്‌, അതിനടുത്ത ഞായറാഴ്‌ചയാണ്‌ അമ്മയുടെ ഓര്‍മ്മകുര്‍ബ്ബാന ഞങ്ങള്‍ നടത്തുവാനുദ്ദേശിച്ചികുന്നത്‌. മരിച്ചുപോയ എണ്ണിയാലൊടുങ്ങാത്ത ആത്മാക്കള്‍ കൂട്ടമായി വേഗത്തില്‍ അടുക്കുന്നതു ഞാന്‍ കണ്ടു. അവരെയൊന്നും ശ്രദ്ധിക്കാതെ അതിവേഗത്തില്‍ ഒരു നീണ്ട ബലൂണ്‍ കണക്കെ, കണ്ണഞ്ചിക്കുന്ന പ്രകാശ വീഥിയിലൂടെ എങ്ങോട്ടോ ഞാന്‍ ഉയര്‍ന്നുയര്‍ന്നു പോയിക്കൊണ്ടിരുന്നു. ആ പ്രകാശമാധ്യമത്തിലൂടെ മറ്റനേകം ബലൂണ്‍ പോലെയുള്ള രൂപങ്ങള്‍ ഒഴുകി നടക്കുന്നുണ്ടായിരുന്നു. ഒന്നും ശ്രദ്ധിക്കാതെ അതിവേഗം ഞാന്‍ പായുകയായിരുന്നു. പിന്നീട്‌ അപ്പുറത്തേയ്‌ക്ക്‌ കടക്കാനാവാത്ത ഏതോ അതിര്‍ത്തിയില്‍ എത്തി. അവിടെ തൂമഞ്ഞിനേക്കാള്‍ വെണ്‍മയാര്‍ന്ന, പറന്നു നില്‍ക്കുന്ന, മൂന്ന്‌ രൂപങ്ങള്‍. അവര്‍ എന്നെ തടഞ്ഞു. ഞാന്‍ അവരോടപേക്ഷിച്ചു, ' please give my life back for some more time, I have to get only two more things done, our church construction gets finished and'. ആ അഭൗമ രൂപങ്ങള്‍ പരസ്‌പരം എന്തോ മന്ത്രിച്ചതിനുശേഷം പറഞ്ഞതോര്‍ക്കുന്നു, 'she has more good deeds to her account,' go back and come back after??..years?. ഞാന്‍ ചോദിച്ചു, ജൂണ്‍ 12, 20-ന്‌ എന്ന്‌ ഉടന്‍ തന്നെ അതിവേഗത്തില്‍ തീവ്രപ്രകാശമണ്ഡലത്തിലൂടെ എന്റെ ആത്മാവ്‌ തിരികെ വരികയും, എന്റെ ശരീരത്തിനു മുകളിലേക്ക്‌ താണിറങ്ങുകയും ചെയ്‌തു.

ചോ : ആത്മാവ്‌ തിരികെ ശരീരത്തില്‍ പ്രവേശിച്ചപ്പോള്‍ എന്തു സംഭവിച്ചു ?

നിശ്ചലമായി കിടന്നിരുന്ന എന്റെ ശരീരത്തില്‍ ജീവന്‍ തിരികെ വരുന്നതും, എന്റെ വിരലുകള്‍ക്ക്‌ ചലനശേഷി അനുഭവപ്പെടുന്നതും, അസഹനീയമായ ഒരു വേദന എന്റെ ഹൃദയത്തെ പിളര്‍ക്കുന്നതായും അനുഭവപ്പെട്ടു. അപ്പോഴേക്കും ഉച്ചകഴിഞ്ഞ്‌ രണ്ടുമണിയായി (ഇത്‌ പിന്നീടറിഞ്ഞതാണ്‌). ആത്മാവ്‌ എന്റെ ശരീരത്തില്‍നിന്ന്‌ വേര്‍പെട്ടു പോയിട്ട്‌ അപ്പോഴേക്കും ഏകദേശം ഒന്നര മണിക്കൂറിലധികമായി., 'I got my life back, I got . Years more to live, I am alive now, my heart is breaking, some thing is wrong with my heart, I can not bear it.'

വീട്ടിലെത്തിയ Emergency Ambulance Team പാഥമിക പരിശോധനാ പരിചരണങ്ങള്‍ക്കു ശേഷം ന്യൂയോര്‍ക്ക്‌ ലോങ്‌ അയലന്റ്‌ നോര്‍ത്ത്‌ ഷോര്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ എന്നെ എത്തിച്ചു. അപ്പോഴും കണ്ണുകള്‍ തുറക്കാനുള്ള ശക്തിയോ ശരീരം യഥേഷ്ടം ചലിപ്പിക്കാനുള്ള ശേഷിയോ ശരീരം കൈവരിച്ചിരുന്നില്ല. ആശുപത്രിയില്‍ അപ്പോഴേക്കും ബന്ധുമിത്രാദികള്‍, ഇടവകജനങ്ങള്‍ അങ്ങനെ പലരും എത്തിക്കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ ആദ്യം കാര്യമായ ശ്രദ്ധ അവിടെ ലഭിച്ചില്ലെന്ന്‌ പിന്നീടറിഞ്ഞു. പിന്നീട്‌ ഞങ്ങളുടെ ഇടവകയില്‍പ്പെട്ടതും ഞങ്ങളുടെ ഉറ്റ മിത്രവുമായ ഡോ. തോമസ്‌ മാത്യുവിന്റെയും, ചില നേഴ്‌സുമാരുടെയും ഇടപെടല്‍ അവിടുത്തെ പരിചരണങ്ങള്‍ കാര്യക്ഷമമാക്കി.

ചോ. : ഹൃദയത്തിനോ തലച്ചോറിനോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ?

നാലു ദിവസത്തെ നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നു. CT Scan, MRI തുടങ്ങി അവിടെ ചെയ്യാവുന്ന ടെസ്റ്റുകളെല്ലാം ചെയ്‌തു, എല്ലാം നെഗറ്റീവ്‌,. യാതൊരു കുഴപ്പവും ഹൃദയത്തിനോ, തലച്ചോറിനോ, ശരീരത്തിനോ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാലാം ദിവസം എന്നെ വീട്ടിലേക്കു വിട്ടു. ചലനമറ്റ ശരീരവുമായി ആംബുലന്‍സില്‍ എത്തിയ ആള്‍ യാതൊരു കുഴപ്പവുമില്ലാതെ പൂര്‍ണ്ണാരോഗ്യത്തോടെ തിരികെ പോന്നത്‌ ഒരത്ഭുതം തന്നെ.

ചോ. : ഈയൊരു അഭൗമ സംഭവത്തെപ്പറ്റി മനസിലേക്കു കടന്നുവരുന്നതെന്താണ്‌?

ഒരിക്കലും മറക്കാനാവാത്ത ഈ അനുഭവം ഇപ്പോഴും ഒരു മായാലോകത്ത്‌ സംഭവിച്ചതുപോലെ തോന്നുന്നു. എന്റെ മനസ്സ്‌ മിക്കപ്പോഴും അത്‌ അയവിറക്കാറുണ്ട്‌. ഒന്നു വ്യക്തമാണ്‌: ഈ ശരീരം വെറും നശ്വരം, ബോധമനസ്സിനെ ആത്മാവെന്നോ, ദേഹിയെന്നോ വിളിക്കാം, ബോധമനസ്സ്‌ ഓജസ്സും, തേജസ്സും ഉള്ളതും, വരും കാലാകാലങ്ങളോളം അനശ്വരമായതും ജീവസ്സുറ്റതുമാണ്‌. ബോധമനസ്സിന്‌ ശരീരം വിട്ടു കഴിഞ്ഞാല്‍ കൂടുതല്‍ കഴിവും ബോധവും ശക്തിയുമാണ്‌. ഭൂത വര്‍ത്ത
മാന ഭാവി വിവേചിച്ചറിയാനുള്ള കഴിവും ചിന്താമണ്ഡല വികാസവും ഏറെയാണ്‌. ശരീരം വെടിഞ്ഞാലും ആത്മാവ്‌ ജീവിക്കുന്നുവെന്ന്‌ അനുഭവത്തിലൂടെ അറിയാന്‍ കഴിഞ്ഞു. ഇതെന്റെ രണ്ടാം ജന്മമാണ്‌. സല്‍പ്രവൃത്തികള്‍ക്കു വേണ്ടിയാണ്‌ ഈ പുതു ജന്മം എന്നു ഞാന്‍ മനസ്സിലാക്കുന്നു. മരണാനന്തരം ദേഹി ജീവിക്കുന്നു, ഈ ലോകത്തിലെ ജീവിതം നന്മ നിറഞ്ഞതാക്കാന്‍ ശ്രമിക്കുന്നത്‌ മരണാനന്തരം ആത്മാവിന്‌ശാന്തി ലഭ്യമാക്കുവാന്‍ നമ്മെ പ്രാപ്‌തരാക്കും. തീര്‍ച്ചയായും ഈ ലോകത്തെയും മനുഷ്യനെയും സൃഷ്ടിച്ച ഒരദൃശ്യ ശക്തിയുണ്ട്‌, ആ ശക്തിയുടെ വിധിന്യായങ്ങള്‍ക്ക്‌ നാം കീഴടങ്ങേണ്ടതാണ്‌. നന്മയും, സല്‍പ്രവൃത്തികളും നിറഞ്ഞതാകട്ടെ നമ്മുടെ ഇഹലോകജീവിതം!!
ജീവിതത്തിന്റെ മറുകര കണ്ടു മടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക