Image

അമേരിക്കന്‍ സാമ്പത്തീകരംഗം അവശേഷിപ്പിക്കുന്ന അടയാളങ്ങള്‍ (കോരസണ്‍ വര്‍ഗീസ്)

കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക് Published on 28 December, 2012
അമേരിക്കന്‍ സാമ്പത്തീകരംഗം അവശേഷിപ്പിക്കുന്ന അടയാളങ്ങള്‍ (കോരസണ്‍ വര്‍ഗീസ്)
ഉത്കണ്ഠയോടെയാണ് നവവത്സരത്തെ, അമേരിക്കയും ലോകവും വരവേല്‍ക്കുന്നത്. 12.12.12 എന്ന ലോകാവസാന തീയ്യതി തെറ്റി എങ്കിലും, ഡിസംബര്‍ 31, 2012 എന്ന നിര്‍ണ്ണായക ദിനത്തിന് ആശങ്കയുടെ നിറം ചാര്‍ത്തപ്പെടുന്നത്; പ്രസിഡന്റ് ബാറക് ഒബാമയും യു.എസ്സ്. കോണ്‍ഗ്രസ്സ് സ്പീക്കര്‍ ജോണ്‍ ബൊയ്തറും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ വൈകുന്നതുകൊണ്ടാണ്. വ്യക്തമായും ചില ദിവസങ്ങള്‍ക്ക് ചില അടയാളങ്ങള്‍ അവശേഷിപ്പിക്കാനുള്ള മാന്ത്രിക സാധ്യതയുണ്ട്. ഈ ലേഖനം കുറിക്കുന്നതിനിടയിലും ഇത് നിങ്ങള്‍ വായിക്കുന്നതിനിടയിലും പ്രമാദമായ തീരുമാനങ്ങള്‍ സംഭവിച്ചുകൂടായ്കയില്ല.

1996 ഡിസംബര്‍ അഞ്ചാം തീയ്യതി അത്തരം ഒരു ദിനമായിരുന്നു. അന്ന് വാഷിംഗ്ടണ്‍ ഹില്‍ട്ടന്‍ ഹോട്ടലില്‍, അമേരിക്കന്‍ വ്യവസായിക സ്ഥാപനത്തെ അഭിസംബോധന ചെയ്ത്, ഫെടറല്‍ റിസര്‍വ് ബോര്‍ഡ് ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ ഒരു പുതിയ അടയാളവാക്കിനു ജീവന്‍ നല്‍കി.
"വിവേകരഹിതമായ ഉന്മാദം" (Irrational Exuberance). യാഥാര്‍ത്ഥ്യമല്ലാത്ത മൂല്യനിര്‍ണ്ണയത്തിന്റെ വെളിച്ചത്തില്‍, നിയന്ത്രണങ്ങള്‍ ഏറെയില്ലാതെ ഊതിപ്പെരുപ്പിച്ച ജാപ്പനീസ് വിപണി 10 വര്‍ഷത്തിലധികമായി നടുഒടിഞ്ഞുകിടപ്പായി എന്നു ചൂണ്ടിക്കാണിച്ചാണ് അലന്‍ ഗ്രീന്‍സ്പാന്‍ പുതിയ വാക്കിനു തുടക്കമിട്ടത്. 1996 ഡിസംബര്‍ 6-#ാ#ം തീയ്യതി ജപ്പാന്‍ ഓഹരി വിപണി പ്രഹരം ഏറ്റുവാങ്ങി, ലോകം എമ്പാടുമുള്ള ഓഹരി വിപണികളില്‍ ഇത് പ്രതിധ്വനിച്ചു. സമ്പത്ത് വ്യവസ്ഥയിലെ ഉല്‍പ്പാദനം, തൊഴില്‍, വിലനിയന്ത്രണം തുടങ്ങിയ മേഖലകളില്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ, ഊതിപ്പെരുപ്പിച്ച ആസ്തിക്കുമുകളില്‍ ഒന്ന് ഒന്നായി പൊട്ടാന്‍ തുടങ്ങിയാല്‍ ബാങ്കുകള്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്നായിരുന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. യാതൊരു നിയന്ത്രണവും കൂടാതെ കടക്കെണികളുമായി ഊതി വീര്‍ത്തുകൊണ്ടിരുന്ന അമേരിക്കന്‍ വിപണി. ഉന്മാദ വിസ്മയത്തില്‍ നിവൃതി കൊണ്ടു വികസിച്ചുകൊണ്ടേയിരുന്നു. ഊഹക്കച്ചവടത്തിലെ ഭീകരാവസ്ഥയെപ്പറ്റി ചിത്രീകരിക്കുന്ന ഇത്രനല്ല ഒരു പ്രയോഗം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ബാത്ത്ടബ്ബിലെ ചൂടുവെള്ളത്തില്‍ കിടന്നു ആലോചിച്ച ഒരു നിമിഷമായിരുന്നു തന്റെ മനസ്സില്‍ ഈ ലഡുപൊട്ടിയതെന്ന് അലന്‍ ഗ്രിന്‍സ്പാന്‍ തന്റെ ആത്മകഥയില്‍ പറഞ്ഞു. താന്‍ പറഞ്ഞതും എഴുതിയതുമായ ആയിരക്കണക്കിനു വാക്കുകള്‍ക്കിടയിലെ ഒരു ധ്രുവനക്ഷത്രമായി ഈ വാക്കിനു പരിണമിക്കാനായത് പില്‍ക്കാലം ലോകം കടന്നുപോയ ദുര്‍ഘട വിപണി തെളിവായി ശരിവെച്ചു.

അലന്‍ ഗ്രീന്‍സ്പാനിന്റെ പിന്‍ഗാമിയായി ഫെഡറല്‍ റിസര്‍വ്വ് ബോര്‍ഡ് ചെയര്‍മാന്‍ ആയി എത്തിയ ബെന്‍ ബെര്‍നകേ ഫെബ്രുവരി 2012 ല്‍ യു.എസ്സ് കോണ്‍ഗ്രസ്സിനു മുമ്പില്‍ മറ്റൊരു ലഡു പൊട്ടിച്ചു, സാമ്പത്തിക അപായതിട്ട(Fiscal Cliff). 2012 ഡിസംബര്‍ 31-#ാ#ം തീയ്യതിക്കകം, പ്രസിഡന്റ് ബാരക്ക് ഒബാമയും, യു.എസ്സ്.കോണ്‍ഗ്രസ്സും ഒരു ധാരണയില്‍ എത്തി ഇല്ലെങ്കില്‍, അമേരിക്ക സാമ്പത്തീക അപായതിട്ടയില്‍ നിന്നു കുത്തനേ താഴേക്കു വീഴും എന്നായിരുന്നു ബെന്‍ ബെര്‍നകേ പറഞ്ഞത്. പുതുവത്സരത്തില്‍ ഈ ധാരണ അസാദ്ധ്യമായി വന്നാല്‍ അമേരിക്ക 60 വര്‍ത്തിനുശേഷമുള്ള കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടി വരിക. 661 ബില്ല്യന്‍ ഡോളര്‍ അധിക നികുതിഭാരവും 1.2 ട്രില്ല്യന്‍ ഡോളര്‍ ചിലവു ചുരുക്കലും കൊണ്ട് ഓരോ അമേരിക്കക്കാരന്റേയും ജീവിതരീതികള്‍ ആകെ തകിടം മിറയും.

2012 ഡിസംബര്‍ 31-#ാ#ം തീയ്യതിയോടെ ബുഷ്-നികുതി-നിയന്ത്രണരേഖ മാഞ്ഞുപോകും(Bush Era Tax cut). 2010 ല്‍ ഇത് സംഭവിക്കേണ്ടതായിരുന്നു, എന്നാല്‍ ചില കുതിരക്കച്ചവടങ്ങള്‍ നടത്തി രണ്ടു വര്‍ഷം കൂടി ഇതു വലിച്ചു നീട്ടികൊണ്ടു പോയി എന്നു മാത്രം. ബുഷ് നികുതി നിയന്ത്രണ രേഖ മാഞ്ഞുകഴിഞ്ഞാല്‍, സാധാരണ അമേരിക്കക്കാരന്റെ നികുതിഭാരം 2000 ഡോളറിലധികം കൂടും. മുതല്‍ മുടക്കിലും, അനന്തര അവകാശമായി ലഭിക്കുന്ന മുതലിനും നികുതി കുത്തനെ വര്‍ദ്ധിക്കയും, ശരാശരി കുടുംബങ്ങല്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ലഭിച്ചു വരുന്ന നികുതി ഇളവുകള്‍ അപ്രത്യക്ഷമാവുകയും ചെയ്യും. വ്യാപാരികള്‍ക്ക് അല്പം ആശ്വാസം ലഭിച്ചിരുന്ന 2 ശതമാനം വേതന നികുതി ഇളവിനും അധികകാല തൊഴിലില്ലായ്മ വേതനത്തിനും 2012 ഡിസംബര്‍ 31 ഓടെ ബ്രേക്ക് വീഴും. ഇതിനു പുറമേ 26 മില്യന്‍ കുടംബങ്ങള്‍ക്കു കൂടി നികുതി ഇളവുകള്‍ പരിമിതപ്പെടുത്തുന്ന പരിധിയില്‍ വന്നുചേരും. ഇതുമൂലം സാധാരണ കുടുംബങ്ങളുടെ നികുതിഭാരം 3,700 ഡോളറോളം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ബഡ്ജറ്റ് കമ്മറ്റി കണക്കുകൂട്ടുന്നത്.

2013 ജനുവരി ഒന്നാം തീയ്യതി തിരികൊളുത്തുന്ന രണ്ടു തീപന്തങ്ങള്‍കൂടി നികുതി ദായകരുടെ ചൂളയിലേക്ക് എറിയപ്പെടും. വ്യവസായികള്‍ക്കു നല്‍കി വന്നിരുന്ന നികുതി ഇളവുകളും സബ്‌സിഡികളും അപ്രത്യക്ഷമാകുക വഴി നിത്യോപയോഗ സാധനങ്ങളുടെ വില കൂടുകയും ജീവിതചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യും. കറന്റ് അക്കൗണ്ടില്‍ പണത്തിന്റെ അഭാവത്തില്‍ രാജ്യത്തിന്റെ വായ്പാ നിലവാരം (Debt ceiling) ഉയര്‍ത്തേണ്ട സ്ഥിതി വിശേഷം ഉണ്ടാവും. ഇതിന് കോണ്‍ഗ്രസ് സമ്മതിച്ചില്ലെങ്കില്‍ വീണ്ടും കടം വാങ്ങാന്‍ ശേഷി കുറയുകയും ബില്ലുകള്‍ കൊടുക്കാനാവാതെ, ക്രെഡിറ്റ് ഏജന്‍സികള്‍ റേറ്റിംഗ് വെട്ടിക്കുറക്കുകയും ചെയ്യാം. ഇങ്ങനെ വരുകയാണെങ്കില്‍ ഓഹരി വിപണിയും കമ്പോളവും പുതിയ പ്രതിസന്ധിയെ നേരിടേണ്ടിവരും. പ്രതിരോധ ചിലവുകള്‍ക്ക് പണം മതിയാകാതെ വരുമ്പോള്‍ ലോക പോലീസ് ആവാനുള്ള ധൈര്യം നഷ്ടപ്പെടുകയും ലോക സുരക്ഷക്കു തന്നെ ഭീഷണി ഉയരുകയും ചെയ്യും.
2013 ലെ ആദ്യ ശമ്പളത്തില്‍ തന്നെ അമേരിക്കക്കാര്‍ക്ക് പ്രതിസന്ധിയുടെ കൈപ്പ് അനുഭവിച്ചു തുടങ്ങും. രണ്ടു മില്യനിലധികം പുതിയ തൊഴില്‍ നഷ്ടം, ആഭ്യന്തരവും, ആഗോളവുമായ ഭീഷണികള്‍ നേരിടാനുള്ള കെല്പ് നഷ്ടപ്പെടുക തുടങ്ങി ഉറക്കം നഷ്ടപ്പെടുന്ന ദിനങ്ങളാകാം ഇനിയും തീരുമാനങ്ങള്‍ എടുക്കുവാന്‍ താമസിച്ചാല്‍ രാജ്യം 16 ട്രില്യന്‍ ഡോളര്‍ കടത്തിലേക്ക് നീങ്ങിക്കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കൂട്ടായ ഒരു ദീര്‍ഘകാല സമീപനമാണ് ഇന്ന് അനിവാര്യമായിരിക്കുന്നത്. കേവലം താല്‍ക്കാലിക വേദനസംഹാരി പുരട്ടി വ്യക്തതയില്ലാത്ത ഒരു ഒത്തുതീര്‍പ്പിനാണ് വീണ്ടും ശ്രമമെങ്കില്‍ ഭാവിയെപ്പറ്റി പ്രവചനം അസാധ്യമാവും.

യാതൊരു ഒത്തുതീര്‍പ്പും കൂടാതെ ഇതേ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ഒരു നല്ല വാര്‍ത്ത ഉണ്ടെന്ന് കോണ്‍ഗ്രസിന്റെ ബഡ്ജറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 2022 ആകുമ്പോള്‍ രാജ്യത്തിന്റെ കടം1.1 ട്രില്യന്‍ ഡോളറില്‍ നിന്നും കേവലം 200 ബില്ല്യണ്‍ ഡോളറായി ചുരുങ്ങും. പക്ഷേ അതിനു അമേരിക്കക്കാര്‍ കൊടുക്കേണ്ടി വരുന്ന രക്തവില വളരെ കൂടുതലായിരിക്കും.

നികുതി കൂട്ടാതെ ചിലവുചുരുക്കുക എന്ന റിപ്പബ്ലിക്കന്‍ മന്ത്രവും, ചിലവു ചുരുക്കലിനോടൊപ്പം പണക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കുക എന്‌ന ഡമോക്രാറ്റിക് തന്ത്രവും രാജ്യത്തെ മുള്‍മുനയില്‍ കൊണ്ടുനിര്‍ത്തിയിരിക്കയാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല ഒന്നും സാധ്യമാകുന്നില്ലെങ്കില്‍ സമ്പത്ത്‌വ്യവസ്ഥ മുരടിക്കയും രാജ്യം വളരെ നാളത്തെ പ്രതിസന്ധികളിലേക്ക് മൂക്കുകുത്തുകയുമാവാം.

താത്വികമായി ഇരുദിശകളിലും നിലയുറപ്പിക്കുമ്പോഴും ഒരു ജനതയുടെ നാളകളെ ക്ലേശപൂര്‍ണ്ണമായ ദുരവസ്ഥയിലേക്ക് തള്ളിവിടാതിരിക്കാനുള്ള പര്‌സപരധാരണയും, രാഷ്ട്രീയ ആര്‍ജവവും നട്ടെല്ലുമാണ് നേതൃത്വത്തില്‍ നിന്നും കാലം ആവശ്യപ്പെടുന്നത്. നിസ്സംഗമായി, വിരല്‍ ചൂണ്ടിക്കളി നടത്തിയാല്‍ നഷ്ടസ്വപ്നങ്ങള്‍ക്കു മേല്‍ പണിയുന്ന ദുഃഖ സിംഹാസനമായി അമേരിക്കന്‍ സമ്പത്‌വ്യവസ്ഥ പരിണമിക്കുമെന്നതില്‍ അതിശയോക്തിയില്ല.

വാല്‍ക്കഷണം
"Life is not measured by the number of the breaths we take, but by the moments that take  our breath away"-George carlin

അമേരിക്കന്‍ സാമ്പത്തീകരംഗം അവശേഷിപ്പിക്കുന്ന അടയാളങ്ങള്‍ (കോരസണ്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക