Image

കമല്‍നാഥ് ധനികനായ മന്ത്രി: എ.കെ.ആന്റണി: 32 ലക്ഷം രൂപ

Published on 03 September, 2011
കമല്‍നാഥ് ധനികനായ മന്ത്രി: എ.കെ.ആന്റണി: 32 ലക്ഷം രൂപ
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി. കേന്ദ്ര ഗ്രാമവികസന വകുപ്പുമന്ത്രി കമല്‍നാഥ് ആണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മന്ത്രി. 263കോടിരൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. 32 ലക്ഷം രൂപയുടെ സ്വത്ത് മാത്രമുള്ള പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ് ദരിദ്രന്‍മാരില്‍ ഒരാള്‍.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അഞ്ച് കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇതില്‍ 1.8 കോടി രൂപയുടെ വസ്തുവകകളും ബാങ്ക് ഡിപ്പോസിറ്റായി 3.2 കോടി രൂപയുമുണ്ട്. ചണ്ഡീഗഡിലുള്ള 90 ലക്ഷം രൂപയുടെ വീടും ഡല്‍ഹിയിലെ വസന്ത്കുഞ്ജിലുള്ള 88 ലക്ഷം രൂപയുടെ അപ്പാര്‍ട്ട്‌മെന്റും വസ്തുവകകളില്‍ ഉള്‍പ്പെടുന്നു.

ധനമന്ത്രി പ്രണബ് മുഖര്‍ജിയ്ക്ക് 1.8 കോടി രൂപയുടെ സ്വത്താണുള്ളത്. ഇതില്‍ 62 ലക്ഷം രൂപ വില വരുന്ന ഒരു വസ്തുവും 1.2 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപവുമുണ്ട്.

ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന് 11 കോടി രൂപയുടെ സ്വത്തും ഭാര്യ നളിനി ചിദംബരത്തിന് 12.8 കോടി രൂപയുടെ സ്വത്തുമുണ്ട്.

എ.കെ.ആന്റണിയുടെ 32 ലക്ഷം രൂപ സ്വത്തില്‍ 1.8 ലക്ഷം രൂപയുടേതാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തിന്റെ പേരില്‍ 30 ലക്ഷം രൂപയുടെ സ്വത്താണുള്ളത്.

കൃഷിമന്ത്രി ശരദ് പവാറിന് ബാങ്ക് നിക്ഷേപവും വിവിധ കമ്പനികളിലെ ഓഹരികളുമടക്കം 12 കോടി രൂപയുടെ സ്വത്താണുള്ളത്.

പെട്രോളിയം മന്ത്രി മുരളി ദേവരയ്ക്കും ഭാര്യയ്ക്കുമായി 15.2 കോടി രൂപയുടെ സ്വത്താണുള്ളത്. അദ്ദേഹത്തിന്റെ ഭാര്യ രണ്ട് കമ്പനികളുടെ ഉടമസ്ഥയാണ്.

മുന്‍ ടെക്‌സ്റ്റൈല്‍ മന്ത്രി ദയാനിധി മാരന് 2.94 കോടി രൂപയുടെ സ്വത്തുണ്ട്. അദ്ദേഹത്തിനും ഭാര്യയ്ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഓഹരികളുണ്ട്.

വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയുടെ പേരില്‍ 22 ലക്ഷം രൂപയുടെ സ്വത്തും അദ്ദേഹത്തിന്റെ ഭാര്യയുടെ പേരില്‍ 12 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. മന്ത്രി കൃഷ്ണയുടെ സ്വത്തില്‍ 2.34 ലക്ഷം രൂപയുടെ സ്ഥാവരജംഗമ സ്വത്തും 4.81 രൂപയുടെ ജംഗമ സ്വത്തുമാണുള്ളത്. 12 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും അദ്ദേഹത്തിനുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക