Image

അച്ഛനുറങ്ങാത്ത വീട്‌ വീണ്ടും ! (ജോസ്‌ കാടാപുറം)

ജോസ്‌ കാടാപുറം Published on 30 December, 2012
അച്ഛനുറങ്ങാത്ത വീട്‌ വീണ്ടും ! (ജോസ്‌ കാടാപുറം)
ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്‌ 3 പെണ്‍മക്കളാണ്‌!
ഇന്ത്യയുടെ പ്രധാനമന്ത്രിയുള്‍പ്പടെയുള്ള ഡല്‍ഹിയിലെ വി.ഐ.പികളുടെ സുരക്ഷയ്‌ക്ക്‌ ആകെയുള്ള പോലീസ്‌ സന്നാഹങ്ങളിലെ പകുതിയിലധികം വിനിയോഗിക്കുന്നു. സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക്‌ എന്ത്‌ സുരക്ഷയാണ്‌ ഡല്‍ഹി പോലുള്ള പ്രധാന
നഗരങ്ങളില്‍ ഉള്ളതെന്നത്‌ നമ്മെ അത്ഭുതപ്പെടുത്തുന്നു.

ഡിസംബര്‍ 16-ന്‌ കൂട്ടബലാത്സംഗത്തിനിരയായ ജ്യോതി
രാത്രി 9 മണിക്ക്‌ സിനിമ കഴിഞ്ഞ്‌ ബസില്‍ പോരവെ ആക്രമിക്കപ്പെടുമ്പോള്‍ ബസ്‌ 3 ചെക്ക്‌ പോസ്റ്റുകള്‍ കടന്നു പോയി. ചെറുത്തുനില്‍പ്പിന്റെ അതിദയനീയമായ നിലവിളികള്‍ പോലും ഡല്‍ഹിയിലെ രാജവീഥിയില്‍ എങ്ങുമെത്തിയില്ല. ശരീരത്തിലെ അവയവങ്ങള്‍ എല്ലാം ഇവര്‍ അക്രമത്തിനിടയില്‍ തകര്‍ത്തുകളഞ്ഞു. മരണത്തിന്റെ അവസാന നിമിഷങ്ങളില്‍ പോലും ചെറുത്തുനില്‍പിന്റെ ഒരു നിര്‍ഭയത്വം ആ മുഖത്ത്‌ താന്‍ കണ്ടതായി പരിശോധിച്ച ഡോക്‌ടര്‍മാര്‍ പറയുകയുണ്ടായി. യു.പിയില്‍ നിന്നും ഫിസിയോതെറാപ്പി ഇന്റേണ്‍ഷിപ്പിന്‌ ഡല്‍ഹിയിലെ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെത്തിയ ജ്യോതി ജീവന്‍ തിരിച്ചുകിട്ടാന്‍ പോരാട്ടംതന്നെ നടത്തി. അവസാനം പരാജിതയായി  ക്രൂരമായ ഇന്ത്യയോട്‌  യാത്രപറഞ്ഞു.

ജീവിക്കാനാഗ്രഹിച്ച പെണ്‍കുട്ടിയായിരുന്നു ജ്യോതി. അവളുടെ അച്ഛന്‍, അമ്മ, കുടുംബം മുഴുവന്‍ അവളുടെ കൂടെയുണ്ടായിരുന്നു. ഡല്‍ഹി നഗരത്തില്‍ പഠനത്തിനായി വിടുമ്പോള്‍ പാവപ്പെട്ട ആ അച്ഛന്‌ എന്ത്‌ സ്വപ്‌നങ്ങളുണ്ടായിരുന്നു. ഡിസംബര്‍ 16-നു ശേഷം എത്ര ഉറങ്ങാത്ത രാത്രികള്‍ ജ്യോതിയുടെ അച്ഛനുണ്ടായി? ഉറങ്ങാത്ത എത്രയോ അച്ഛനമ്മമാരാണ്‌ ഇപ്പോള്‍ ഇന്ത്യയിലുള്ളത്‌. എല്ലാ തരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളും ഏതു സമയത്തും ഉണ്ടെന്ന്‌ പറയുന്ന തലസ്ഥാന നഗരിയിലാണ്‌ ഒരു പെണ്‍കുട്ടി, ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച്‌ ക്രൂരമായി മാനഭംഗത്തിനിരയായത്‌. മൃഗീയം എന്നി വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ക്കുപോലും നാണക്കേടാണിത്‌. കൂടെയുള്ളയാളെ മര്‍ദ്ദിച്ചവശനാക്കി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുമ്പോള്‍ മാനം രക്ഷിക്കാനായി ചെറുത്തുനിന്നപ്പോള്‍ കമ്പിപ്പാരകൊണ്ട്‌ അടിച്ചുവീഴ്‌ത്തി, ബ്ലേഡിന്‌ മുറിവേല്‍പിച്ച്‌, വയറിനു ചവിട്ടിവീഴ്‌ത്തി അബോധാവസ്ഥയിലാക്കിയശേഷം മാനഭംഗപ്പെടുത്തി അവസാനം ബസില്‍ നിന്ന്‌ തെരുവിലേക്കെറിഞ്ഞു. 

ഉത്തരം പറയേണ്ടവര്‍ ഏഴാം ദിവസമാണ്‌ മൗനം ഭഞ്‌ജിച്ചത്‌. സംഭവം കഴിഞ്ഞ്‌ ആറാം ദിവസമാണ്‌ ഡല്‍ഹിയിലെ ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി വന്നത്‌. പറഞ്ഞതെല്ലാം പ്രതിക്ഷേധങ്ങള്‍ അടിച്ചമര്‍ത്തുമെന്നു തന്നെയായിരുന്നു. നിലവിലുള്ള നിയമങ്ങള്‍ `ഫാസ്റ്റ്‌ ട്രാക്ക്‌' ആക്കണമെന്ന ആവശ്യം ഇപ്പോഴും പരിഗണനയിലെത്തിയില്ല. സ്‌ത്രീ പീഡന നിയമങ്ങള്‍ അനുസരിച്ച്‌ ചാര്‍ജ്‌ ചെയ്യുന്ന കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത്‌ വളരെ കുറച്ചാണ്‌.

വിചാരണ സംവിധാനം തന്നെ അപമാനകരമായ അനുഭവമായി മാറുന്നു.
കോടതി കയറിയാല്‍ പെണ്‍കുട്ടികള്‍ വീണ്ടും പീഡിപ്പിക്കപ്പെടുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തവിധം ശാരീരിക പീഡനത്തിന്‌ പുറമെ മാനസീക പീഡനം കൂടി അനുഭവിച്ച്‌ തളര്‍ന്നു കഴിയും. ഈ സംഭവം നടന്ന പെണ്‍കുട്ടി ആശുപത്രിയിലായപ്പോള്‍ മറ്റൊരു കേസ്‌ ഡല്‍ഹിയില്‍ ഉണ്ടായി. ഇരയായ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും പോലീസ്‌ കേസെടുക്കാത്തതിനാല്‍ മനംനൊന്ത്‌ ആത്മഹത്യ ചെയ്‌തു.

ബലാത്സംഗ കേസില്‍ പ്രതികളായ 15 എംപിമാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ട്‌! ഇവരൊക്കെയുള്ളപ്പോള്‍ ഏതു നിയമമാണ്‌ ഇന്ത്യയില്‍ പരിഷ്‌കരിക്കപ്പെടുക? ഇത്തരക്കാരുടെ പിന്തുണയോടെ ഭരിക്കുന്ന ഇന്ത്യയിലെ സര്‍ക്കാരിന്‌ മൗനം ഭൂഷണമായിരിക്കും. പക്ഷെ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌, ഇന്ത്യയെ സ്‌നേഹിക്കുന്ന മനസാക്ഷി മരിച്ചിട്ടില്ലാത്തവര്‍ക്ക്‌ നിശബ്‌ദമായി നില്‍ക്കാന്‍ കഴിയില്ലല്ലോ? ജനരോഷം വന്നപ്പോഴാണ്‌ ആഭ്യന്തര മന്ത്രി ഷിന്‍ഡെ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിന്റെ ഭേദഗതിയെക്കുറിച്ച്‌ പറയുന്നത്‌.

2011-ല്‍ സര്‍ക്കാരിന്റെ കണക്ക്‌ പ്രകാരം ഇന്ത്യയില്‍ 24,206 ബലാത്സംഗങ്ങളുണ്ടായി. ഇതില്‍ 600 എണ്ണം ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ തന്നെ. ആകെ 5,724 പേര്‍ മാത്രമാണ്‌ ശിക്ഷിക്കപ്പെട്ടത്‌. നാം അറിയുന്നത്‌ സര്‍ക്കാരില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ മാത്രമാണ്‌. റിപ്പോര്‍ട്ട്‌ ചെയ്യാത്തവ എത്രയോ ഏറെ! എങ്ങനെയാണ്‌ അച്ഛനമ്മമാര്‍ക്ക്‌ പെണ്‍കുട്ടികളുടെ സുരക്ഷയെ ഓര്‍ത്ത്‌ ഉറങ്ങാന്‍ കഴിയുക!

സ്‌ത്രീകള്‍ക്ക്‌ വൈകിയും ജോലിക്കു പോകണം. ജോലി കഴിഞ്ഞ്‌ തിരികെ വീട്ടിലെത്തണം. ബസുകളില്‍ രാത്രികളില്‍ പരിശോധന വേണമെന്ന്‌ തോന്നാത്തതെന്തുകൊണ്ട്‌? പോലീസുകാരെല്ലാം വി.ഐ.പികളുടെ വീടുകളില്‍ മാത്രം കാവല്‍ നിന്നാല്‍ മതിയോ? ഡല്‍ഹിയുടെ മാത്രം കഥയാണോ ഇത്‌?

നമ്മുടെ കൊച്ചു കേരളത്തില്‍ ഒന്നര വര്‍ഷത്തിനിടെ 1600 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തെന്നാണ്‌ നിയമസഭയില്‍ പറഞ്ഞത്‌. പോരെ. നമ്മുടെ വീതം നമ്മളും.! യഥാര്‍ത്ഥത്തില്‍ പെണ്‍മക്കളുള്ള വീടുകളിലെല്ലാം ഇന്ന്‌ ഉറക്കംകെടുകയാണ്‌.

ആരെയും ഭയപ്പെടുന്ന തരത്തിലേക്കു പോകുന്ന നാടിനെ തിരിച്ചുപിടിക്കേണ്ടതുണ്ട്‌. ഭരണത്തിലിരിക്കുന്നവരും ഉദ്യോഗസ്ഥരും ഉത്തരം പറയണം. ഭരിക്കുന്നവരുടെ പെണ്‍മക്കള്‍ക്കുമാത്രം മതിയോ സുരക്ഷിതത്വം. അരക്ഷിതബോധത്തിലുഴലുന്ന ഇന്ത്യയിലെ സ്‌ത്രീ സമൂഹത്തോട്‌, തന്റെ സ്വന്തം 3 പെണ്‍മക്കളെ ഓര്‍ത്തെങ്കിലും പ്രധാനമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട്‌ മറുപടി പറയേണ്ടതിന്റെ കടപ്പാടുണ്ട്‌, ബാധ്യതയുണ്ടെന്ന്‌ ഓര്‍ക്കുക. സ്‌ത്രീകള്‍ക്കെതിരേയുള്ള ആക്രമങ്ങള്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കുന്ന തരത്തിലുള്ള ഒരു ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനെങ്കിലും ഭരിക്കുന്നവര്‍ തയാറായിരുന്നെങ്കില്‍!!

അച്ഛനുറങ്ങാത്ത വീട്‌ വീണ്ടും ! (ജോസ്‌ കാടാപുറം)അച്ഛനുറങ്ങാത്ത വീട്‌ വീണ്ടും ! (ജോസ്‌ കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക