Image

പ്രശാന്ത് ഭൂഷണിന് അവകാശലംഘന നോട്ടീസ്‌

Published on 03 September, 2011
പ്രശാന്ത് ഭൂഷണിന് അവകാശലംഘന നോട്ടീസ്‌
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് പ്രശസ്ത അഭിഭാഷകനും അണ്ണാ ഹസാരെയുടെ സംഘത്തിലെ പ്രമുഖനുമായ പ്രശാന്ത് ഭൂഷണിന് അവകാശലംഘന നോട്ടീസ്. പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കാന്‍ എം.പിമാര്‍ പണം കൈപ്പറ്റുന്നുവെന്ന പ്രശാന്ത് ഭൂഷണിന്റെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്. സപ്തംബര്‍ 14 നകം നോട്ടീസിന് മറുപടി നല്‍കണം.

എം.പിമാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള പരാമര്‍ശം നടത്തിയതിന് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. ഇത് തീര്‍ത്തും അന്യായമാണ്. പൊതുജന താല്പര്യ പ്രകാരം സത്യങ്ങള്‍ തുറന്നുപറയുന്നത് അവകാശലംഘനമല്ല-പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. താന്‍ ചെയ്തത് അവകാശലംഘനമാണെങ്കില്‍ പാര്‍ലമെന്ററി അവകാശങ്ങളെക്കുറിച്ചുള്ള ധാരണകള്‍ പുന:പരിശോധിക്കേണ്ടതുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അന്നാഹസാരെ ടീമിലുള്‍പ്പെട്ട മൂന്നമത്തെയാള്‍ക്കാണ് അവകാശലംഘന നോട്ടീസ് ലഭിക്കുന്നത്. പാര്‍ലിമെന്റിനെ അപഹസിച്ചതിന്റെ പേരില്‍ മുന്‍പ് കിരണ്‍ബേദി, ഓംപുരി എന്നിവര്‍ക്ക് അവകാശലംഘന നോട്ടീസ് കിട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക