Image

വര്‍ഷാരംഭം, ശ്രുതിതാളം (ഒരു നവവത്സരക്കുറിപ്പ്) - സുധീര്‍പണിക്കവീട്ടില്‍

സുധീര്‍പണിക്കവീട്ടില്‍ Published on 31 December, 2012
വര്‍ഷാരംഭം, ശ്രുതിതാളം (ഒരു നവവത്സരക്കുറിപ്പ്) - സുധീര്‍പണിക്കവീട്ടില്‍
മൂന്നാം സഹസ്രാബ്ദത്തിലെ പതിമൂന്നാം വര്‍ഷം ഇതാ സമാഗതമാകുന്നു. മറ്റ്‌ വര്‍ഷങ്ങളെ അപേക്ഷിച്ച് 2013ന്റെ പ്രത്യേകത അതിലെ അക്കങ്ങള്‍ എല്ലാം വ്യത്യ്‌സ്ഥമാണെന്നാണു് (2013) ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് മുമ്പാണു ഇങ്ങനെ സംഭവിച്ചതെന്ന് ശാസ്ര്തജ്ഞന്മാര്‍. മലയാളികളെ സംബന്ധിച്ചേടത്തോളം പുണ്യവ്രുതാനുഷ്ഠാനങ്ങളുടെ ശ്രുതിതാളങ്ങള്‍ വര്‍ഷാരംഭത്തിലും അവര്‍ കേള്‍ക്കുന്നു. നൂപുരധ്വനികളുടെ, വളകിലുക്കങ്ങളുടെ, ന്രുത്തചുവടുകളുടെ മോഹിപ്പിക്കുന്നശബ്ദം. ഡിസെംബര്‍ 29 ധനുമാസത്തിലെ തിരുവാതിര കേരളം കൊണ്ടാടുന്നദിവസം. പരമശിവന്റെ തിരുനാളായി സങ്കല്‍പ്പിക്കുന്ന ഈ ദിവസത്തെ അംഗനമാരുടെ ഉത്സവമായി മലയാളികള്‍ കണക്കാക്കുന്നു. അംഗനമാരുടെ ഉത്സവമെന്ന് പറയുമെങ്കിലും ഈ ആഘോഷത്തിന്റെ തംബുരുകള്‍ മീട്ടപ്പെടുന്നത് പുരുഷ ഹ്രുദയങ്ങളിലാണു ധനുമാസത്തിലെ ശിശിരകുളിരില്‍ ആതിരനിലാവിന്റെ നേര്‍മ്മയില്‍ ഏഴരവെളുപ്പിനുതുടിച്ച് കുളിക്കുന്ന അംഗനമാരുടെ പാട്ടിന്റെ താളം ഒരുന്മാദ പരിവേഷത്തോടെ മലയാളികളുടെ മനസ്സില്‍ അനുഭൂതിപകര്‍ന്ന്‌ കൊണ്ട് എന്നും പ്രതിദ്ധ്വനിക്കുന്നു.

കുളിച്ചീറനുടുത്ത് ഉടലാകെ കുളിരും മുഗ്ദ്ധസങ്കല്‍പ്പങ്ങളുടെ മ്രുദുമന്ദഹാസവുമായിനറുനിലാവിലൂടെ നടന്ന്‌പോകുന്ന ഗ്രാമീണസൗന്ദര്യങ്ങളെ കൊതിയോടെ നോക്കിനില്‍ക്കുന്ന കാമദേവന്മാര്‍. അങ്ങനെ ഒരിക്കല്‍ നോക്കിനിന്നപ്പോഴാണു( ആ കഥ വേറെയെങ്കിലും) കാമദേവന്‍ ഭസ്മമായിപോയത്. തീപ്പൊരിനിറമുള്ള ആതിരതാരം ശിവന്റെ മൂന്നാം കണ്ണിനെ ഓര്‍മ്മിപ്പിക്കുന്നു. കാമദേവനെ മുക്കണ്ണുകൊണ്ട് ദഹിപ്പിച്ച് കളഞ്ഞതിനുശേഷം വീണ്ടും പുനര്‍ജ്ജീവിപ്പിച്ച ദിവസമത്രെതിരുവാതിര. കാമദേവനും രതിദേവിയും പുനര്‍ജ്ജനിച്ച് ഒന്നിച്ച ഈ ദിവസത്തിന്റെ സന്തോഷം പങ്കിടാന്‍ കന്യകമാരും സുമംഗലിമാരും വ്രുതമനുഷ്ഠിക്കുന്നു. നിഴലും നിലാവും ആലിംഗനബദ്ധരായി മനുഷ്യമനസ്സുകളെ മോഹിപ്പിക്കുമ്പോള്‍ കുളകടവുകളില്‍നിന്നും തുടിച്ച് കുളി പാട്ടിന്റെ മായിക നിര്‍ഝരി കാതില്‍വന്നലക്കുകയായി.

ധനുമാസത്തിലെതിരുവാതിര
ഭഗവാന്‍ തന്റെതിരുനാളല്ലോ
ഭഗവതിക്കും തിരുനൊയമ്പ്
ഉണ്ണരുത്, ഉറങ്ങരുത്
തുടിക്കണം പോല്‍,
കുളിക്കണം പോല്‍
ആടണം പോല്‍, പാടണം പോല്‍
പൊന്നൂഞ്ഞാലിലാടണം പോല്‍

തിരുവാതിരതലേന്ന് (മകയിരം നാള്‍) ദശപുഷ്പങ്ങള്‍(കറുക, ചെറുള, വിഷ്ണുകാന്തി, നിലപ്പന്‍, മുയല്‍ചെവി, ഉഴിഞ്ഞ, തിരുതാളി, പൂവ്വാംകുറുന്നില, മുക്കുറ്റി, കയ്യോന്ന) പാലുള്ള ഏതെങ്കിലും വ്രുക്ഷത്തിന്റെ ചുവട്ടില്‍നിക്ഷേപിച്ച് തിരുവാതിര പുലരുമ്പോള്‍ പുതുതായി വിവാഹം കഴിഞ്ഞ സ്ര്തീയെകൊണ്ട് എടുപ്പിക്കുന്നു. ഭര്‍ത്താവിന്റെ ആയുരാരൊഗ്യത്തിനും, ഐശ്വര്യത്തിനും വേണ്ടി സ്ര്തീകള്‍ ദശപുഷ്പങ്ങള്‍ ചൂടുന്നു. വ്രുതാനുഷ്ഠാനത്തിലൂടെ പാര്‍വ്വതിദേവി പരമശിവനെ വരനായി നേടിയത്തിരുവാതിര ദിവസമാണെന്ന്‌ വിശ്വസിച്ച്‌ വരുന്നു. മകയിരം നാള്‍ നാലുമണിക്ക് കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ മുതലായവ ശ്രീപാര്‍വ്വതിക്ക്‌ നിവേദിച്ചതിനുശേഷം ആചരിക്കുന്നതാണു ആര്‍ദ്രവ്രുതം. ആദ്രവ്രുതം തുടങ്ങി ഏഴുനാളുകള്‍ രാത്രി കാലങ്ങളില്‍ കത്തിച്ച്‌വച്ച നിലവിളക്കിനു ചുറ്റുമായ് സ്ര്തീകള്‍ കൈക്കൊട്ടികളി കളിക്കുക പതിവാണു്. നൂറ്റിയെട്ട്‌ വെറ്റില നിവേദിച്ച് മൂന്നും കൂട്ടിമുറുക്കിമുടിയില്‍ പാതിരാപൂവ്വ് ചൂടുകയും അര്‍ദ്ധരാത്രി മുതല്‍ ആര്‍ദ്രജാഗരണം ആചരിക്കുകയും ചെയ്യുന്നു. നേരം പുലരുംവരെ തിരുവാതിരക്കളിയും ഊഞ്ഞാലാട്ടവുമായി തിരുവാതിരാഘോഷം തിമിര്‍ക്കുന്നു.കുളിരണഞ്ഞ്‌ നില്‍ക്കുന്ന ധനുമാസ ചന്ദ്രിക, ഈറനുടുത്ത്, വരള്‍മഞ്ഞക്കുറിയിട്ട്, ദശപുഷപ്ം ചൂടി, ഭര്‍ത്താക്കന്മാരുടെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്ന സുമംഗലിമാര്‍ . ഇഷ്ടമംഗല്യത്തിനുവേണ്ടി വ്രുതാനുഷ്ഠാനങ്ങള്‍ ആചരിക്കുന്ന കന്യകമാര്‍ . ഈ വര്‍ഷാരംഭത്തില്‍ അനുഭൂതികളുടെ ശ്രുതി താളം കേള്‍പ്പിക്കുന്ന പുണ്യവ്രുതങ്ങളുടെ അരങ്ങേറ്റം കഴിഞ്ഞതിന്റെ ഓര്‍മ്മയില്‍ ആയിരിക്കും മലയാളക്കര.

കാലചക്രം തിരിഞ്ഞ്‌ കൊണ്ടേയിരിക്കുന്നു. കടമകളും കര്‍ത്തവ്യങ്ങളും നിര്‍വ്വഹിച്ച്‌ കൊണ്ട് മനുഷ്യര്‍ക്ക് അതിനൊപ്പം മുന്നോട്ട്‌ പോകേണ്ടതുണ്ട്. പുതുവര്‍ഷം തിരിഞ്ഞ്‌ നോക്കാനും മുന്നോട്ട്‌ നോക്കാനും അവസരം നല്‍കുന്നു. മനുഷ്യന്‍ ഒരു വിദ്യാര്‍ഥിയും ജീവിതം ഒരു പാഠശാലയുമാണു. വര്‍ഷങ്ങളിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന ജ്ഞാനം കൊണ്ട് അജ്ഞത അകറ്റി നമ്മള്‍ക്ക്‌ വിജയം കൈവരിക്കേണ്ടതുണ്ട്. വിശ്രമിക്കാന്‍ സമയമില്ല. റോബെര്‍ട്ട്‌ഫ്രോസ്റ്റ് എന്ന് അമേരിക്കന്‍ കവിപാടിയത് ഓര്‍ക്കുക. 'മനോഹരം, ഘനശ്യാമം വനവീഥികളെങ്കിലും നാഴികകള്‍ കഴിയും മുമ്പേ കാതമേറെ കടക്കണം. പാലിക്കാനുണ്ട്‌വാഗ്ദാനം.'

വര്‍ഷാരംഭത്തില്‍ ഇടിമുഴക്കവും മിന്നല്‍പിണരുകളും ഭയപ്പെടുത്തുമെങ്കിലും അതിനുശേഷം കോരിചൊരിയുന്ന മഴയുടെ താളവും, സംഗീതവും നമുക്ക് കുളിര്‍മ്മയും സുവും പകരുന്നു. മേഘങ്ങളെ നോക്കി പീലിവിടര്‍ത്തുന്ന മയിലുകള്‍ ദാഹശമനത്തിനായി ചുണ്ട്പിളര്‍ത്തുന്ന വേഴാമ്പല്‍ പുതുവര്‍ഷത്തെ എതിരേല്‍ക്കുന്ന മനുഷ്യമനസ്സുകളിലും പ്രതീക്ഷകളുടെ മയില്‍പീലിയുണ്ട്, അവരുടെ ചുണ്ടുകളിലേക്ക് അനുഗ്രഹത്തിന്റെ മഴത്തുള്ളികള്‍ വീഴുമെന്ന വിശ്വാസമുണ്ട്.

ജീവിതത്തിന്റെ അനിശ്ചിതത്തേയും കര്‍മ്മ ഫലത്തേയും കാണിക്കുന്ന ഒരു കഥയുണ്ട്. സംസാരമെന്ന വ്യാഘ്രം മോഹതിമിരം എന്ന് കാട്ടില്‍ അലഞ്ഞ്‌നടന്ന ജീവനെ പിടിച്ച് ഭക്ഷിക്കുവാന്‍ പിന്നാലെ ഓടി ചെന്നപ്പോള്‍ പേടിച്ചരണ്ട മനുഷ്യന്‍ പുലിയില്‍നിന്നും രക്ഷപ്പെടാനായി അനിശ്ചിത കിണറ്റിലേക്ക് എടുത്ത് ചാടി. അപ്പോള്‍ ആ കിണറ്റില്‍ കര്‍മ്മ ഫലമെന്നപാമ്പ്‌വായും പിളര്‍ന്ന് കിടക്കുന്നു. മുകളിലേക്ക് കയറിയാല്‍ അവിടെ പുലി കാത്ത്‌നില്‍പ്പുണ്ട്. താഴെ പാമ്പ്‌ വിഴുങ്ങാന്‍ തയ്യാറായി കിടക്കുന്നു.കിണറ്റില്‍ ഞാന്ന് കിടന്ന ഒരു വേരില്‍ കടന്ന്പിടിച്ചുഅയാള്‍. അങ്ങനെ കിണറിന്റെമദ്ധ്യത്തില്‍ത്രിശങ്കുവിനെപോലെ കിടന്നപ്പോള്‍ ഒരു മരകൊമ്പിലെ തേനീച്ച കൂട്ടില്‍നിന്നും ഒരുതുള്ളി തേന്‍ തലയില്‍വീണു. അത് ഒഴുകി ചുണ്ടോളമെത്തിയപ്പോള്‍ നാക്ക്‌നീട്ടി. വളരെമധുരം, സും. ആ സും നുകരുമ്പോള്‍ കാണുന്നതെന്താണു, താന്‍ പിടിച്ച് തൂങ്ങി നില്‍ക്കുന്നവേരു്‌ രണ്ടു എലികള്‍ കരണ്ട്തിന്നുന്നു ഒന്ന് കറുത്ത എലിമറ്റേത്‌ വെളുത്ത എലി. , രാത്രിയും, പകലുമെന്ന എലികള്‍.

ജീവിതം ക്ഷണഭംഗുരമാണു. ഇവിടെ ഒന്നും ശാശ്വതമല്ല. ഓരൊ പുതുപുലരിയും ഓര്‍മ്മിപ്പിക്കുന്നത് അതാണു. പഴയത് അസ്തമിക്കുന്നുപുതിയത് ഉദിക്കുന്നു ജനനത്തിനും മരണത്തിനുമിടക്കുള്ള ജീവിതം സുന്ദരമാക്കുക. ഒ.ന്‍.വി പാടിയത്‌ പോലെ ' ഹാ ജനിമ്രുതികള്‍ തന്നിടവേളയെദ്രാക്ഷാപാകമാക്കുക കൊക്കുരുമ്മിയും കുറുകിയും.ആര്‍ദ്രമീധനുമാസരാവുകളൊന്നില്‍ ആതിരവരും. പുതുവര്‍ഷ പുലരിവരും. കാലത്തിന്റെ ജന്നലഴികളിലൂടെ ഉഷസ്സിന്റെ സൗന്ദര്യം നുകരാം, പകലുകള്‍ മനോഹരങ്ങളാണെന്ന് മനസ്സിലാക്കാം. ജീവിതയാത്ര സഫലമാക്കാം. സുപ്രതീക്ഷകളോടെ 2013 നെ എതിരേല്‍ക്കാം....എല്ലാവര്‍ക്കും നവവത്സരാശംസകള്‍!

ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത....


ശുഭം
വര്‍ഷാരംഭം, ശ്രുതിതാളം (ഒരു നവവത്സരക്കുറിപ്പ്) - സുധീര്‍പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക