Image

കേരളം പച്ചപരവാതാനിയില്‍ സ്വര്‍ണ്ണം ചാലിച്ചെഴുതിയ കാവ്യം(പുസ്തക അവലോകനം): -ബി.അരവിന്ദാക്ഷന്‍

ബി.അരവിന്ദാക്ഷന്‍ Published on 01 January, 2013
കേരളം പച്ചപരവാതാനിയില്‍ സ്വര്‍ണ്ണം ചാലിച്ചെഴുതിയ കാവ്യം(പുസ്തക അവലോകനം): -ബി.അരവിന്ദാക്ഷന്‍
രചന :കെ.ജയകുമാര്‍ ഐ.എ.എസ്സ്
കേരളത്തിന്റെ പ്രകൃതിമനോഹാരിത കണ്ടനുഭവിച്ച കേരളീയര്‍ ചുരുക്കം. ഒരുപക്ഷെ ബ്രിട്ടീഷുകാര്‍ കണ്ട് കീഴടക്കിയത്രം ഇന്നത്തെ ജനാധിപത്യ വാദികള്‍ കേരളത്തെ മനസിലാക്കിയിട്ടുണ്ടോ? ആ കുറവാണ് പ്രശസ്ത ഭരണാധികാരിയും, കവിയും, ലേഖകനും, ചരിത്രകാരനുമായ കേരളംകണ്ട 21-#ാ#ം നൂറ്റാണ്ടിലെ അത്യപൂര്‍വ്വ പ്രതിഭയുമായ കെ.ജയകുമാര്‍, ഐഎഎസ്സ് പരിഹരിച്ചിരിക്കുന്നത്.

കണ്ടാലും അനുഭവിച്ചാലും മതിവരാത്ത പ്രകൃതിഭംഗി, വിവിധങ്ങളായ സാമൂഹ്യചട്ടക്കൂടുകള്‍, മണ്‍മറഞ്ഞു തുടങ്ങിയ അകത്തളങ്ങളിലെ നിഗൂഡതകള്‍ ഇവയെല്ലാം ജയകുമാറിന് ഇന്നത്തേയും എന്നത്തേയും കേരളത്തിന്റെ അനശ്വര സ്വപ്നങ്ങളാണ്.

അടുത്തയിടെ ഈ പ്രശസ്ത എഴുത്തുകാരന്റെ തൂലികയില്‍ വിടര്‍ന്ന ഒരു കാവ്യാത്മക രചനയാണ് കേരള; എ പോയം ഇന്‍ ഗ്രീന്‍ ആന്‍ഡ് ഗോള്‍ഡ്(A Poem in Green and Gold) എന്ന ഇംഗ്ലീഷ് രചന.
കേരളത്തിലെ യഥാര്‍ത്ഥ പ്രകൃതി ദൃശ്യങ്ങളും ചരിത്ര യാഥാര്‍ത്ഥ്യങ്ങളും കോര്‍ത്തിണക്കി കാവ്യാത്മകമായ ഒരു അപൂര്‍വ്വ പ്രതിഛഭലനം, വാക്കുകളിലൂടെ, ചിത്രങ്ങളിലൂടെ ലേഖകന്‍ പകരുന്നു.

സംശുദ്ധമായ ഭാഷയില്‍ ലളിതമായി വിവരിക്കുന്ന ഈ ബുക്ക് സ്വര്‍ണ്ണം കൊണ്ടെഴുതി പച്ചപരവതാനിയില്‍ പൊതിഞ്ഞ് യാഥാര്‍ത്ഥ്യങ്ങളുടെ നിലവറിയില്‍ നിന്നെടുത്ത് നല്‍കുന്ന ഒരു മഹാ ഉപഹാരം.
അതിന്റെ ഉള്ളടക്കത്തിന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് കേരളം തേടിയെത്തിയ അന്വേഷകരേക്കാള്‍ പഴമയും പടിഞ്ഞാറന്‍ സംസ്‌ക്കാരത്തിന് ബിബ്ലിക്കന്‍ കാലഘട്ടത്തിന് മുമ്പ് പരിചിതമായ വാണിജ്യ-വ്യവസായ ബന്ധത്തിന്റെ പൈതൃകവും ഉണ്ട്.

കേരളത്തിന്റെ തനതായ ചരിത്രവും, കലവും, സംസ്‌ക്കാരവും, രാഷ്ട്രീയവും, പൗരാണികതയും നിലനിന്നിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളേക്കുറിച്ചുള്ള അറിവിലൂടെ മാത്രമേ ഈ ബുക്ക് ഇത്ര സംപുഷ്ടമാക്കാന്‍ കഴിയൂ.

ഒരെഴുത്ത്കാരന്റെ ദൃശ്യഭാവനയ്ക്കുപരി കാവ്യാത്മക വിവരണത്തിലൂടെ ജയകുമാര്‍ എന്ന എഴുത്തുകാരന്റെ സൗമ്യഭാവന ദൃശ്യമാകുന്നു. മനംമയക്കുന്ന കാവ്യ ശകലങ്ങളിലൂടെ തുഞ്ചത്തെ പനംതത്ത കേരളത്തിന് വെളിയിലേയ്ക്ക് പാറിപ്പറക്കുന്നത് ജയകുമാറിന്റെ വിവരണത്തിലെ കളങ്കമില്ലാത്ത ലാളിത്യം കൊണ്ടാണ്.
കേരളത്തിന്റെ കാവ്യഭംഗിയേക്കുറിച്ചുള്ള ഈ ബുക്ക് വായനക്കാര്‍ക്ക് ഒരു ചിത്രക്കൂട്ടാണെന്ന് തോന്നുംവിധം കേരളത്തിന്റെ ദൃശ്യത നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ ഓരോ വിവരണത്തിന്റേയും ദൃശ്യത തല്‍സമയം വായനക്കാരന്റെ മുന്നില്‍ എത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.

നീണ്ട വര്‍ഷങ്ങളുടെ യത്‌നം സ്വര്‍ണ്ണം ചാലിച്ചെഴുതിയ ഈ ബുക്കിന്റെ രൂപകല്‍പ്പനയില്‍ ദൃശ്യമാകും. ചരിത്രത്തിന്റെ ഇടനാഴിയിലൂടെയുള്ള പ്രയാണം ഏതൊരു സത്യാന്വേഷിക്കും കൂടുതല്‍ പ്രചോദനം നല്‍കും. ലോകത്തിലെ പത്ത് പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങളില്‍ ഒന്നായ കേരളത്തിന്റെ പ്രകൃതി അറബിക്കടലിന്റെ റാണിയായ കേരളത്തിനുമാത്രം അവകാശപ്പെട്ടതാണെന്ന് ജയകുമാറിന്റെ വിവരണ ലാളിത്യത്തിലൂടെ വായനക്കാര്‍ക്ക് ലഭിക്കും.

'കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് 'ജയകുമാര്‍ നാമകരണം ചെയ്ത് 15 വര്‍ഷം പിന്നിട്ടപ്പോഴാണ് 'കേരള; എ പോയം ഇന്‍ ഗ്രീന്‍ ആന്‍ഡ് ഗോള്‍ഡ് 'എന്ന ബുക്കിലൂടെ അദ്ദേഹം കേരളത്തെ ലോകത്തിന് കൂടുതല്‍ പരിചയപ്പെടുത്തുന്നത്. രചന ഇംഗ്ലീഷിലായതുകൊണ്ട് ഈ ബുക്കിന് ആഗോള ആസ്വാദകര്‍ ഏറെയുണ്ടാകും.

പൗരാണികതയേയും പ്രകൃതിയേയും സംയോജിപ്പിച്ച് തലമുറകളുടെ ചരിത്രം ഉറങ്ങുന്ന തറവാടുകളും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന മനുഷ്യരും നിലക്കാത്ത ആഘോഷങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളും ലോകത്തിലെ 'ഏറ്റവും വലിയ പട്ടണം' എന്ന് വിശേഷിപ്പിക്കാവുന്ന കേരളത്തെക്കുറിച്ചുള്ള വിവരണം എങ്ങും അധികരിച്ചിട്ടില്ല.

പ്രകൃതിയേയും മനുഷ്യരേയും മാത്രമല്ല കേരളത്തിന്റേതെന്ന് മാത്രം അവകാശപെപെടുന്ന തനത് കുടില്‍വ്യവസായങ്ങളേയും ജയകുമാര്‍ വായനക്കാര്‍ക്ക് മുന്നില്‍ വിവരിച്ചിട്ടുണ്ട്. ആരാധനാകര്‍മ്മങ്ങള്‍ക്കുള്ള നിലവിളക്ക്,ക്ഷേത്ര-പള്ളിമണികള്‍, ദൈവീക പാചകവിധിക്കുള്ള പാത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം വൈദഗത്യവും പൗരാണികതയും നിറഞ്ഞതാണെന്ന് ഈ ബുക്കിലൂടെ ലോകം അിറയുന്നു.

പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ ഗ്ലാസ്സില്ലാതെ നിര്‍മ്മിക്കുന്ന ദിവ്യതയാര്‍ന്ന “ആറന്മുള കണ്ണാടി” കേരളത്തിന്റെ മാത്രം പൈതൃകസ്വത്താണ്. ഇതിന്റെ നിര്‍മ്മാണം അതീവരഹസ്യവും വൈദഗത്യമാര്‍ന്നതും ആണെന്ന് രചയിതാവ് ലോകത്തോട് പറയുന്നു.

സാഹിത്യപര്‍വ്വതത്തിന്റെ നെറുകയിലെ മൂന്നാര്‍ മലകളും കൊടുമുടിയും പേജ് 205-ല്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ശ്വാസം അടക്കി വായിക്കാന്‍ വിധം വിവര്‍ണ്ണനാതീതമാണ് ദിവ്യതപൂണ്ട നീലപൂക്കളോടെ “നീലക്കുറിഞ്ഞി” മൂന്നാറില്‍ ബഹുലക്ഷം വിനോദസഞ്ചാരികളെ 12 വര്‍ഷം കൂടുമ്പോള്‍ ആകര്‍ഷിക്കുന്നത്. അദ്ദേഹം അത് ദൃശ്യഭംഗിയോടെ വിവരിച്ചിരിക്കുന്നു. മൂന്നാറിലെ വരയന്‍ ആടുകളും കേരളത്തിന്റെ കാവ്യഭംഗിയുടെ ഭാഗമാണ്.

മാറുന്ന മൂന്നാറും, മറയുന്ന വയനാടും, മയക്കുന്ന മറയൂരും, പുനര്‍ജ്ജനിക്കുന്ന മലബാറും മലയാളത്തിന്റെ മധുരിമയോടെ വിവരിച്ചുനല്‍കാന്‍ ജയകുമാറിനുമാത്രമേ ഇന്നോളം കഴിഞ്ഞിട്ടുള്ളൂ. മഞ്ഞുമൂടിയ മലകള്‍ക്കിടയില്‍ പ്രകൃതിമെനയുന്ന ജീവജാലകങ്ങളുമായുള്ള ഒരു ചങ്ങാത്തം.
വിഭിന്ന വിഭാഗം മനുഷ്യരുടെ പ്രാകൃതവും ലളിതവുമായ ജീവിതം കാത്തുസൂക്ഷിക്കുന്ന പര്‍വ്വതങ്ങള്‍ താണ്ടി ഒരു സത്യാന്വേഷിയായ സഞ്ചാരി നല്‍കുന്ന ദൃശ്യാനുഭവമാണ് കേരളീയരേക്കുറിച്ചുള്ള വിവരണം; നമുക്ക്തന്നെ അറിയാത്ത നമ്മുടെ കഥ.

വിശദാംശങ്ങള്‍ക്ക് പൂര്‍ണ്ണതയും ജിജ്ഞാസ ഉളവാക്കുന്ന തുടര്‍ച്ചയും കെ. ജയകുമാറിന്റെ ഒരു പ്രത്യേക ശൈലിയാണ്. വിദേശീയര്‍ക്കും ഇന്ത്യയിലെ പുത്തന്‍ തലമുറക്കും ഈ ബുക്ക് ഒരു സചിത്രകേരള വിജ്ഞാനകോശം മാത്രമല്ല, എത്താനാകാത്ത പ്രകൃതിയുടെ നിഗൂഡതയിലേക്കുള്ള ഒരു സ്വകാര്യയാത്രകൂടിയാണ്. ഓരോന്നും മനസ്സിന്റെ ഉള്ളറയില്‍ കാത്തുസൂക്ഷിക്കാന്‍ വിധം സ്പുടം ചെയ്ത ഭാഷയില്‍ തയ്യാറാക്കിയതാണ് ഈ ബുക്ക്.

ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫസര്‍ ഡോ. ശ്രീധര്‍ കാവില്‍ നല്‍കിയ ബുക്കില്‍ മറന്നിട്ടും മറക്കാത്ത പുണ്യകേരളത്തിന്റെ തീരവും, താഴ് വരകളും ഒന്നുകൂടി നുകരാന്‍ എനിക്ക് അവസരം നല്‍കി.

ഇന്ത്യ ടൂറിസം ഡവലപ്‌മെന്റ് വകുപ്പ് ഈ ബുക്കിന്റെ വിജ്ഞാനമഹിമ ലോകജനതയില്‍ എത്തിക്കാന്‍ ശ്രദ്ധിക്കണം. അമേരിക്കയില്‍ തന്നെ 16800 ലൈബ്രറികള്‍ക്ക് ഇംഗ്ലീഷില്‍ രചിച്ച ഈ ബുക്ക് നിഷ്പ്രയാസം വായനക്കാര്‍ക്ക് ലഭ്യമാക്കാന്‍ കഴിയും.

ആദരവുകൊണ്ട് രുചിച്ചുനോക്കിയശേഷം ശ്രീരാമന് ശബരിനല്‍കിയ കനിപോലെ ശ്രീ.കെ. ജയകുമാര്‍ ഐ.എ.എസ്സ് പച്ചപരവതാനിയില്‍ പൊതിഞ്ഞ കേരളത്തെ ഈ ബുക്കിലൂടെ ലോകജനതക്ക് സമ്മാനിച്ചിരിക്കുന്നു. വായിക്കുകയും പരിരക്ഷിക്കുകയും ചെയ്യേണ്ട അത്യപൂര്‍വ്വ സൃഷ്ടിയാണ് കെ. ജയകുമാറിന്റെ കേരള; എ പോയം ഇന്‍ ഗ്രീന്‍ ആന്‍ഡ് ഗോള്‍ഡ് എന്ന അവിസ്മരണീയ രചന.

പ്രസാദകര്‍ : ഇന്‍വിസ് ഇന്‍ഫോടെക്, കൗടിയാര്‍,തിരുവനന്തപുരം
പേജ് 254, വില 1600 രൂപ/ $ 32
കേരളം പച്ചപരവാതാനിയില്‍ സ്വര്‍ണ്ണം ചാലിച്ചെഴുതിയ കാവ്യം(പുസ്തക അവലോകനം): -ബി.അരവിന്ദാക്ഷന്‍കേരളം പച്ചപരവാതാനിയില്‍ സ്വര്‍ണ്ണം ചാലിച്ചെഴുതിയ കാവ്യം(പുസ്തക അവലോകനം): -ബി.അരവിന്ദാക്ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക