Image

സാമ്പത്തിക പ്രതിസന്ധി: ഗള്‍ഫില്‍ മലയാളി കുടുംബം ആത്മഹത്യ ചെയ്‌തു

Published on 04 September, 2011
സാമ്പത്തിക പ്രതിസന്ധി: ഗള്‍ഫില്‍ മലയാളി കുടുംബം ആത്മഹത്യ ചെയ്‌തു
റാസല്‍ഖൈമ (യുഎഇ): സാമ്പത്തിക പ്രതിസന്ധി മൂലം മലയാളി കുടുംബം ഗള്‍ഫില്‍ ആത്മഹത്യ ചെയ്‌തു. പെരുമ്പാവൂര്‍ കൂവപ്പടി പുതിയേടത്ത്‌ പരേതനായ പരമേശ്വരന്‍നായരുടെ മകന്‍ അനില്‍കുമാര്‍ നായര്‍ (44), ഭാര്യ ശ്രീമൂലനഗരം വാരണംകുടത്ത്‌ ഓമനക്കുട്ടന്റെ മകള്‍ ശ്രീജ (31), മകള്‍ അനുശ്രീ (എട്ട്‌) എന്നിവരെയാണു റാസല്‍ഖൈമലയിലെ ജുലാനിലെ വില്ലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഇവര്‍ ഏറെ സാമ്പത്തിക പ്രയാസത്തിലായിരുന്നെന്നു പരിചയക്കാര്‍ പറയുന്നു. റാസല്‍ഖൈമയില്‍ `യുണൈറ്റഡ്‌ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ എന്ന ട്രെയിലര്‍ സര്‍വീസ്‌ കമ്പനി നടത്തുകയായിരുന്ന അനില്‍കുമാറിനു ഏകദേശം 24 ലക്ഷം രൂപ കടമുണ്ടായിരുന്നെന്നാണു വിവരം.വാടക കുടിശികയും വൈദ്യുതി ബില്‍ തുകയും വാങ്ങാനെത്തിയ മലയാളി കെട്ടിട നടത്തിപ്പുകാരനാണു വില്ലയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്ന വിവരം ഉടമയെ അറിയിച്ചത്‌. പിന്നീടു പൊലീസ്‌ എത്തി മൃതദേഹങ്ങള്‍ സെയ്‌ഫ്‌ ആശുപത്രിയിലേക്കു മാറ്റി.

അനില്‍കുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടേതും മകളുടേതും രണ്ടു മുറികളിലുമായിരുന്നു. മരണം നടന്നിട്ട്‌ ഏതാനും ദിവസങ്ങളായെന്നാണു നിഗമനം. ശ്രീജ ഗര്‍ഭിണിയായിരുന്നു. അനിലിനു പലരില്‍ നിന്നായി വന്‍ തുക കിട്ടാനുണ്ടെന്നും സൂചനയുണ്ട്‌.

അനില്‍കുമാര്‍ കഴിഞ്ഞദിവസം വീട്ടിലേക്കു വിളിച്ചു സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഭാര്യയെയും മകളെയും നാട്ടിലേക്ക്‌ അയയ്‌ക്കുകയാണെന്നും പറഞ്ഞെന്നു ഭാര്യാപിതാവ്‌ പറയുന്നു. അനുശ്രീ റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌.
സാമ്പത്തിക പ്രതിസന്ധി: ഗള്‍ഫില്‍ മലയാളി കുടുംബം ആത്മഹത്യ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക