Image

ഫൊക്കാനാ, ഫോമ, പ്രസ്‌ക്ലബ്ബ്, ജിഫ പ്രവാസികളെകൊണ്ട് കൊച്ചി നിറയുന്നു? നിങ്ങള്‍എന്തു ചെയ്യുന്നു?

അനില്‍ പെണ്ണുക്കര Published on 03 January, 2013
ഫൊക്കാനാ, ഫോമ, പ്രസ്‌ക്ലബ്ബ്, ജിഫ പ്രവാസികളെകൊണ്ട് കൊച്ചി നിറയുന്നു? നിങ്ങള്‍എന്തു ചെയ്യുന്നു?
കൊച്ചി :"കൊച്ചി കണ്ടവന് അച്ചിവേണ്ട" എന്നൊരു ചൊല്ലുണ്ട്. ജനുവരി ആദ്യ രണ്ട് വാരങ്ങള്‍ സ്വന്തം കുടുംബത്തെപ്പോലും മറന്ന് പ്രവാസിനക്ഷത്രങ്ങള്‍ കൊച്ചി കയ്യടക്കും. ഏതാണ്ട് ഏഴിലധികം കണ്‍വന്‍ഷനുകളും മെഗാ ഈവന്റുപോല പ്രവാസി ഭാരതീയ ദിവസും കൊച്ചിയെ തഴുകുമ്പോള്‍ പല രാജ്യത്തുള്ള സുഹൃത്തുക്കളുടെ സംഗമവേദിയായി മാറും കൊച്ചി.

കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം കുറിക്കുന്നത് ഫൊക്കാനായാണ്. ജനുവരി അഞ്ചിന് സാജില്‍ തുടങ്ങുന്ന പൊടിപൂരം പിന്നീട് പ്രസ്‌ക്ലബ്, ഫോമാ, തുടങ്ങിയവര്‍ ഏറ്റുവാങ്ങും. എല്ലാ പ്രവാസി സംഘടനകളും കണ്‍വന്‍ഷനോടൊപ്പം മികച്ച കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇന്ത്യാ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരചടങ്ങ് മറ്റു കണ്‍വന്‍ഷനുകളില്‍ നിന്ന് വേറിട്ട അനുഭവമായിരിക്കും. മാത്യൂ വര്‍ഗ്ഗീസും, മധുരാജനും, ശ്രീകണ്ഠന്‍ നായരും കൂടിചേരുമ്പോള്‍ കലയുടെ ഒരുകേളികൊട്ട് തന്നെയായിരിക്കും ബോള്‍ഗാട്ടി പാലസില്‍ നടക്കുക. പത്രപ്രവര്‍ത്തകരെ പലര്‍ക്കും ആദരിക്കാന്‍ മടിയുള്ള ഈ കാലഘട്ടത്തില്‍ അമേരിക്കയിലെ പത്രപ്രവര്‍ത്തകരുടെ സംഘടന കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിക്കുമ്പോള്‍ കേരളത്തിലെ മാധ്യമ കേസരികള്‍ അതിനെ അമേരിക്കന്‍ മലയാളിയുടെ പൊങ്ങച്ചമായി കാണാതെ മുന്തിയ ഒരു മനസ്സും അവര്‍ക്കുണ്ടെന്ന ്തിരിച്ചറിയുകയും അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ കൂടി ഇങ്ങേത്തലയ്ക്കലുള്ള ഇവര്‍ക്കും അംഗീകരിക്കാന്‍ കഴിയണം എന്നുകൂടി ചിന്തിക്കണം.

പ്രവാസിക്കൊരു പുരസ്‌കാരം കിട്ടിയാല്‍ നാട്ടിലുള്ള പലര്‍ക്കും ചിരിയും കൃമികടിയുമാണ്. എത്രകൊടുത്തു? എത്ര മുക്കി? എന്നൊക്കെ ചോദിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. പ്രവാസികളുടെ കാശും വാങ്ങി കള്ളും കുടിച്ച് ചീത്ത വിളിച്ച ഒരു നടന കേസരിയെ ന്യൂയോര്‍ക്ക് കെന്നഡി വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്കയച്ചിട്ട് പിന്നെ അയാളെ അമേരിക്ക കാട്ടിയിട്ടില്ല അവര്‍. അതുകൊണ്ട് കേരളത്തിലെ മാധ്യമസുഹൃത്തുക്കളോട് ഒരുവാക്ക്. ഉസ്താദ് എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലെ മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ഇടുമ്പോഴേക്കും… ഈ പ്രവാസി പരിപാടികള്‍ക്കെല്ലാം മികച്ച ഒരുകവറേജ്…അത്രയേയുള്ളൂ. അവര്‍ ആഗ്രഹിക്കുന്നത് അതാണ്. എന്തായാലും പ്രവാസി ഭാരതീയ ദിവസിന് നരേന്ദ്രമോഡിയുടേയും, ജയലളിതയുടേയും പിറകെ ക്യാമറയും തൂക്കി പോകുന്ന വേളയില്‍ നാടിനുവേണ്ടി കഷ്ടപ്പെടുന്ന, തന്റെ പഞ്ചായത്തില്‍ ആര്‍ക്കെങ്കിലും ഒരു കിടപ്പാടം ഉണ്ടാക്കിക്കൊടുത്ത, ഒരു വായനശാല പണിതുനല്‍കിയ, ചികിത്സാ സഹായം നല്‍കിയ ആരുടെയെങ്കിലും മുഖം നിങ്ങളുടെ ടിവിയിലോ, പത്രിത്താളുകളിലോ ഒരു തവണ കാണിക്കാന്‍ സന്മനസുകാട്ടണം. അല്ലാതെ ന്യൂസിന്റെ കാര്യമല്ലേ ഞാനേറ്റു എന്നു പറഞ്ഞ്, മദ്യവുംമോന്തി പരദേശിവാര്‍ത്തകള്‍ ചവിറ്റുകൊട്ടയില്‍ കളഞ്ഞ് പുലഭ്യം പറയരുതേയെന്ന് 12 വര്‍ഷമായി അന്നം തരുന്ന അമേരിക്കന്‍ മലയാളി പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി പറയാനുള്ളൂ.


ഇനി എന്റെ ചേട്ടന്‍മാരോട് ഒരു വാക്ക്,
അല്ലയോ പ്രവാസി സുഹൃത്തുക്കളെ! നാട്ടില്‍വരുന്നതു കൊള്ളാം. ഈ ഊച്ചാളി രാഷ്ട്രീയക്കാരുടെ തോളില്‍ കൈയ്യും തൂക്കി ഫോട്ടോയെടുക്കുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തണം. ഫോട്ടോഷോപ്പ് എന്നൊരു സംഭവമുണ്ട് കമ്പ്യൂട്ടറില്‍. സാക്ഷാല്‍ യേശുദേവന്റെ കൂടെ നിന്നുവരെ പടം എടുക്കാം. ഈ സാങ്കേതിക വിദ്യ നിങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ പിറകെ വരും ഈക്കൂട്ടര്‍. നിങ്ങള്‍ക്ക് ഞങ്ങള്‍ തരുന്ന ഒരു ഐഡന്റിറ്റിയുണ്ട്. അത് ഞങ്ങളുടെ മുന്നില്‍ തകര്‍ന്നു കാണുമ്പോള്‍ സങ്കടം വരും ചേട്ടന്‍മാരെ. അതുകൊണ്ട് അമേരിക്കന്‍ സംഘടനകളും, നേതാക്കളും ഒന്നു ചിന്തിക്കുക. പ്രോത്സാഹനം നാടിനു മാത്രമല്ല നിങ്ങളുടെ വാര്‍ത്തകള്‍, (ഈ ചാനലുകളും,വെബ് മാധ്യമങ്ങളും ഇല്ലാതിരുന്ന കാലത്തും) ചിത്രങ്ങള്‍ ഒക്കെ അച്ചടിച്ചുവന്ന പത്രങ്ങള്‍ , മാസികകള്‍ ഒക്കെ ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. അഭിമാനം കൊണ്ട് പറയാതിരിക്കുന്നതേയുള്ളൂ അവര്‍. അവരുടെ പ്രതിസന്ധിയില്‍ താങ്ങാകുക. നമ്മെ വളര്‍ത്തിയ അക്ഷരസമൂഹത്തെ മറക്കരുത്. ഈ ലേഖനം വെളിച്ചം കണ്ടാല്‍ ഞാന്‍ ധന്യനായി.


നിങ്ങളെ സംഘടനകളിലൂടെ നേതാവാക്കിയ, നിങ്ങളുടെ ചിത്രങ്ങള്‍ അച്ചടിച്ചുവന്ന, നിങ്ങളും ദൃശ്യങ്ങള്‍ കാട്ടിയ പ്രവാസി പത്രദൃശ്യമാധ്യമങ്ങളെ നിങ്ങള്‍ മറക്കരുത്. എല്ലാവരും പ്രതിസന്ധിയിലാണ്. എങ്കിലും വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. രണ്ട് നീതിക്ക് പോകണ്ട. ഒരു നീതി. എല്ലാവരും ഒന്ന് എന്ന് ചിന്തിക്കുക. നിങ്ങളെ നിങ്ങളാക്കിയ അക്ഷര സമൂഹത്തെ മറക്കരുത്. നാട്ടില്‍ ഞെളിഞ്ഞ് നിക്കാന്‍ ഇടം നല്‍കിയത് അവരാണെന്ന ഓര്‍മ്മ ഓരോ പ്രവാസി നേതാക്കന്മാര്‍ക്കും ഉണ്ടാകണം.

ഒരു ലക്ഷം മുടക്കിയാല്‍ നാട്ടില്‍ ഒരു പുരസ്‌കാരം നല്‍കാം എന്നുപറയുന്നവര്‍ക്ക് ലക്ഷ്യം ഒന്നേയുള്ളൂ. ടൈഉം കോട്ടും കെട്ടി ഫൊക്കാനയ്‌ക്കോ, ഫോമയ്‌ക്കോ അമേരിക്കയില്‍ വരണം. ഈ ഡപ്പാംകൂത്തിന് നിന്നുകൊടുത്ത പല നേതാക്കന്‍മാരേയും പലരും കയ്യൊഴിഞ്ഞു. അതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് ഫൊക്കാനയും, ഫോമയും, പ്രസ്‌ക്ലബ്ബുമൊക്കെയാണ്. നാട്ടിലെ പല പ്രമുഖ കമ്പനികള്‍, സ്ഥാപനങ്ങളൊക്കെ കൊച്ചി കണ്‍വന്‍ഷനുകളുടെ സ്‌പോണ്‍സര്‍മാരാകാന്‍ മടിക്കുന്നു. പലരും പിന്‍മാറി. ഇതിന്റെ പിന്നിലെ വിവരങ്ങള്‍ നിങ്ങള്‍ അന്വേഷിക്കണം. നാട്ടില്‍നിന്ന് നിങ്ങളുടെ കണ്‍വന്‍ഷനുകള്‍ നടത്താന്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഏജന്‍സി മുന്‍പോട്ടു വന്നോ? അല്ലെങ്കില്‍ ഒരുപരസ്യം നിങ്ങള്‍ക്കുലഭിച്ചോ…
ഏതെങ്കിലും എം.എല്‍.എയുടേയോ, ബോര്‍ഡ് ചെയര്‍മാന്‍മാരുടെയോ തോളില്‍ കയ്യിടുമ്പോള്‍ ചെവിയില്‍ പതിയെ ചോദിക്കണം. അമേരിക്കയിലെ ഞങ്ങളുടെ കണ്‍വന്‍ഷനുകള്‍ക്ക് അല്പം സ്‌പോണ്‍സേഴ്‌സിനെ പിടിച്ചുതരുമോ എന്ന്. അപ്പോള്‍ കാണാം യഥാര്‍ത്ഥ സ്‌നേഹം..

ഈ ലേഖനം അച്ചടിച്ചുവന്നാല്‍ ഞാന്‍ ധന്യനായി. എന്തായാലും നാട്ടിലെത്തുന്ന എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക