Image

നമ്മുടെ കുട്ടികള്‍ പെരുമാറുന്നത് നമ്മുടെ ശീലങ്ങള്‍ കണ്ടാണ്.

അനില്‍ പെണ്ണുക്കര Published on 02 January, 2013
നമ്മുടെ കുട്ടികള്‍ പെരുമാറുന്നത് നമ്മുടെ ശീലങ്ങള്‍ കണ്ടാണ്.

മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തപ്പെടുത്തുന്നത് എന്തു ഗുണമാണ്? ചിലര് പറയും ചിരിക്കാനുള്ള കഴിവ് എന്ന്. ചിലര് പറയും ചിന്തിക്കാനുള്ള കഴിവ് എന്ന്. മറ്റു ചിലരാകട്ടെ പറഞ്ഞേക്കാം നാണം എന്ന വികാരമാണെന്ന്. അതൊക്കെ ശരിയാണെന്നു സമ്മതിച്ചേ പറ്റൂ. പക്ഷേ ഇതൊന്നുമല്ല മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം നിര്ണ്ണയിക്കുന്ന ഘടകം. അത് വിവേകം എന്ന ഗുണമാണ്. വിവേകം എന്നു പറയുമ്പോള് തിരിച്ചറിവ് എന്ന് വേണമെങ്കില് സാധാരണമായ ഭാഷയില് പറയാം. എന്താണീ തിരിച്ചറിവ്?

അതാണ് ചിരിക്കേണ്ടപ്പോള്‍ ചിരിപ്പിക്കുന്നതും നാണിക്കേണ്ടപ്പോള്‍ നമ്മെ നാണിപ്പിക്കുന്നതും ആരെന്നും എന്തെന്നും വിവേചിച്ച് എവിടെ എങ്ങനെ ആരോട് എന്തു പറയണമെന്നും പെരുമാറണമെന്നും തോന്നിപ്പിക്കുന്നത്.

മറ്റെല്ലാ കാര്യത്തിലും മൃഗവും മനുഷ്യരും തുല്യമായ ജീവഘട്ടങ്ങള് ആചരിക്കുന്നവരാണ്. ഇരതേടുന്നതും ഇണചേരുന്നതും മക്കളെ സ്നേഹിക്കുന്നതും എല്ലാം മനുഷ്യനും അനുവര്ത്തിക്കുന്നു. ഇവിടെ മനുഷ്യന് സഹോദരങ്ങള് മാതാപിതാക്കള്, ഗുരുക്കന്മാര് എന്നൊക്കെ വകഭേദമുണ്ട്. വകഭേദങ്ങള്ക്ക് കാരണമായ വസ്തുത വിവേകമെന്ന ബുദ്ധിഭേദം തന്നെയാണ്. വിശേഷബുദ്ധി ഉള്ളതുകൊണ്ടാണ് നാം ബന്ധങ്ങള്ക്ക് വില കല്പിക്കുന്നത്. കൂട്ടുകാരേയും കൂടപ്പിറപ്പുകളേയും കാമുകനേയും കാമുകിയേയും അച്ഛനേയും അമ്മയേയും മറ്റു ഗുരുതുല്യരേയും വ്യത്യസ്തമായ കാഴ്ചപ്പാടില് കണ്ട് അര്ഹതയുള്ള ആദരവും സ്നേഹവും പരിഗണനയും നല്കുന്നത്. വിശേഷബുദ്ധി നശിച്ചാലോ? പിന്നെ മൃഗവും മനുഷ്യനും തമ്മില് ഒരു വ്യത്യാസവുമില്ല.

വിശേഷബുദ്ധിയാണ് നമ്മേ മാനേഴ്സ് പഠിപ്പിക്കുന്നത്. നാം പെരുമാറുന്ന സ്ഥലങ്ങള്‍, സമൂഹങ്ങള്‍, സ്ഥാനങ്ങള്‍ വ്യത്യസ്തമെന്നും അവിടെ വ്യത്യസ്തമായ രീതികള്‍ ആവശ്യപ്പെടുന്നതും വിശേഷബുദ്ധി തന്നെ! നാം ചിന്തിക്കാറുണ്ട്. വീട്ടില്വെച്ചും നിരത്തില്വെച്ചും, സിനിമാശാലയിലോ മറ്റേതെങ്കിലും വിനോദവേദികളില് വെച്ചോ ചിരിക്കാറുണ്ട്. വീട്ടിലെ ചിരിയാണോ ഒരു സഭയില് നാം കൈമാറുന്നത്? സ്ഥലകാലഭേദങ്ങള് അതില്പ്പോലും നാം ഉള്പ്പെടുത്തുന്നു. അതാണ് സംസ്കാരം എന്ന നിലയില് വ്യവഹരിക്കുന്ന ശീലത്തിന്റെ പ്രത്യേകത (ചിരി) ഒരു ഉദാഹരണമായി പറഞ്ഞുവെന്നേയുള്ളു.

പിതാവിനോട് സംസാരിക്കുന്നതുപോലെയല്ല ഭര്ത്താവിനോടും കാമുകനോടും കാമുകിയോടും ഭാര്യയോടും സംസാരിക്കുന്നത്. അമ്മയോടുള്ള പെരുമാറ്റമല്ല ഭാര്യയോട്. ഭാര്യയോടുള്ള പെരുമാറ്റമോ അല്ലെങ്കില്‍ ഭര്ത്താവിനോടുള്ള പെരുമാറ്റമോ അല്ല മക്കളോട്, അയല്ക്കാരോടും ഒരു സമൂഹത്തോടും ഉള്ളത്.

വീടിനുള്ളില്‍ നാമെന്തെല്ലാം കാട്ടിയാലും എന്തെല്ലാം വാശികളും വാക്കുകളും വേഷവും ശീലമാക്കിയാലും നാട്ടിലിറങ്ങുമ്പോള് മറ്റൊരു മാന്യമായ അന്യമന വശ്യമാനമായ ഒരു രീതി കിട്ടും. ഇതൊക്കെ നമുക്ക് പ്രേരിപ്പിച്ചു തരുന്നത് നമ്മുടെ വിശേഷബുദ്ധി-വിവേകം എന്നൊക്കെ പേരു വിളിക്കുന്ന സംസ്കാരബന്ധിതമായ ചിന്തകളാണ്.

വിവേകത്തെക്കുറിച്ചു പറയാനല്ല ഒരുമ്പെടുന്നത്. എന്നാല് അതു സംബന്ധമായ ഒരു വിഷയമാണ്. നമ്മുടെ മലയാളികളുടെ ഇടയില് പ്രത്യേകിച്ചു ചെറുപ്പക്കാരുടെയും കൌമാരക്കാരുടെയും ഇടയില് കണ്ടുവരുന്ന നമ്മുടെ സംസ്കാരത്തിനെതിരേയുള്ള ചില വെല്ലുവിളികളെപ്പറ്റിയാണ്. പുതുതലമുറ അറിയാതെയോ അറിഞ്ഞോ ചെയ്യുന്ന ചില ശീലക്കേടുകളെപ്പറ്റിയാണ്.

വസ്ത്രം ധരിക്കുന്നത് മനുഷ്യന് മാത്രമാണ്. നാണം മറയ്ക്കാനും മോടി നല്കാനും, മാന്യത കാട്ടാനുമൊക്കെ വസ്ത്രധാരണം സഹായിക്കും. മനോഹരമായ വേഷങ്ങള് മറ്റുള്ളവരെ ആകര്ഷിക്കുമെന്നതും ശരിതന്നെ. പക്ഷേ വേഷങ്ങള്, സഭ്യതയും, പ്രകാരഭേദവും, യുക്തിയും ആവശ്യപ്പെടുന്നു എന്ന കാര്യം നാം വസ്ത്രധാരണത്തില് മറന്നുകൂടാ. എന്നാല് വസ്തുതകള് നമ്മുടെ പുതിയ തലമുറ മറക്കുന്നതായി കാണുന്നു.

മുമ്പ് പറഞ്ഞ സ്ഥലകാലഭേദങ്ങള്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ധരിക്കുമ്പോഴും കാത്തുസൂക്ഷിക്കണം. കിടക്കറയിലെ, കുളിമുറിയിലെ, നീന്തല്ക്കുളത്തിലെ, മാതാപിതാക്കളുടെ മുന്നിലെ, സഹോദരങ്ങളുടെ മുന്നിലെ, സ്കൂളിലെ എല്ലാം വേഷങ്ങള്‍ വ്യത്യസ്തമായിരിക്കും, വ്യത്യസ്തമായിരിക്കണം. ഇടങ്ങളിലെ വേഷങ്ങളില് നിന്നെല്ലാം വ്യത്യസ്തവും യുക്തിയുള്ളതുമായിരിക്കണം ദേവാലയത്തിലെത്തുമ്പോള് വേണ്ടത്! എന്നാല് യുക്തിബോധം നമ്മുടെ യുവതലമുറ കാട്ടുന്നില്ല. നാം  അമേരിക്കയിലാണ് ജീവിക്കുന്നതെങ്കിലും നമുക്ക് രൂപവും ജീവനും തന്നൊരു മണ്ണും സംസ്കാരവും ഉണ്ട്. അതിനോട് കുറച്ചെങ്കിലും ബഹുമാനവും പരിഗണനയും കാട്ടാന് നാം ബാദ്ധ്യസ്ഥരാണ്.

ദേവാലയങ്ങളിലും ദൈവാരാധനവേളകളിലും പങ്കെടുക്കുന്ന കൌമാരക്കാരായ പെണ്കുട്ടികളും ആണ്കുട്ടികളും (ചെറുപ്പക്കാരും) വസ്ത്രധാരണത്തില് അതിനനുസരിച്ച മാന്യതയും ആദരവും കാട്ടുന്നില്ല. നാം എല്ലാം മറന്ന് നമുക്ക് ജീവനും ആഹാരവും വായുവും ഭൂമിയും തന്നവനെ സ്തുതിക്കുന്ന ചടങ്ങാണ് ആരാധന. അവിടെ വരുന്ന യുവതിയുവാക്കളുടെ വസ്ത്രധാരണം കാണുമ്പോള് അവരുടെ പങ്കാളിത്തം കാണുമ്പോള് ആരാധനയുടെ അര്ത്ഥം മാറിപ്പോകുന്നതായി തോന്നുന്നു. മുതിര്ന്നവരും വിവിധ പ്രായഭേദങ്ങളുള്ളവരും, പുരോഹിതന്മാരും എല്ലാമുള്ള ഒരു പ്രാര്ത്ഥനാസഭയില് അല്പം മറച്ചും തെളിച്ചും വരുന്നവര് അവിടെ കൂടുന്നവരുടെ മനസ്സുകളില് ഈശ്വരാര്പ്പണമെന്ന വികാരമല്ല ഉണര്ത്തുന്നത്! മാത്രമല്ല വേഷങ്ങള് നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും നിരക്കുന്നതുമല്ല. അത് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാനു അരങ്ങ് അറിഞ്ഞ് ആടാനും പഠിപ്പിക്കേണ്ടതു മാതാപിതാക്കളാണ്. അമേരിക്കന് നിയമങ്ങളും വ്യക്തിസ്വാതന്ത്യ്രങ്ങളും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നത് ശരിതന്നെ. പക്ഷേ നാം കുട്ടിക്കാലത്ത് പകര്ന്ന് കൊടുക്കുന്ന പാഠങ്ങളാവണം അവരെ നയിക്കേണ്ടത്. നിയമങ്ങളും സഭ്യതയുമാണ് അവരെ ഭരിക്കേണ്ടത്.

ദേവാലയത്തില് പോകുന്നത് ഫാഷന്ഭ്രമം കാട്ടാനോ ശരീരസൌന്ദര്യവും വശ്യതയും പ്രകടിപ്പിക്കാനോ അല്ലെന്നുള്ള കാര്യം പഠിപ്പിക്കേണ്ടതു നമ്മുടെ ചുമതലയാണ്. ദേവാലയങ്ങളിലും പ്രാര്ത്ഥനാലയങ്ങളിലും സഭ്യേതരമായ വേഷവിധാനത്തോടെ വരുന്നവര് ചടങ്ങിനെ അപമാനിക്കുകയാണ്. ശരിക്കുമുള്ള ഈശ്വരനിന്ദയാണ് അത്. സ്ഥലമറിയാതെ, സഭയറിയാതെ കാട്ടുന്ന സെക്സ് പ്രദര്ശനം അങ്ങേയറ്റം അപരിഷ്കൃതവും പുച്ഛിച്ചു തള്ളേണ്ടതുമാണ്.നമുക്ക് മക്കളോട് സ്നേഹമുണ്ട്. അവരുടെ സൌന്ദര്യവും ചുറുചുറുക്കും ഇഷ്ടമാണ്. പക്ഷേ അതിന്റെ പേരില് അവര് എവിടെയും എങ്ങനെയും പെരുമാറുന്നത് കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല. മക്കളുടെ സ്വഭാവരൂപീകരണത്തില് മാതാപിതാക്കളുടെ പങ്ക് കുറച്ചൊന്നുമല്ല. അവരുടെ ഓരോ പെരുമാറ്റത്തിലും പ്രവര്ത്തിയിലും വാക്കിലും നമുക്ക് സ്വാധീനിക്കാനും മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും സദസ്സറിഞ്ഞ് പ്രവര്ത്തിക്കാനുള്ള പരിശീലനവും അവര്ക്ക് സിദ്ധിക്കണം. നമ്മുടെ പൈതൃകവും സംസ്കാരവും ആചാരമര്യാദകളും പഠിപ്പിക്കണം. ആഹാരത്തിനുള്ള വഴിതേടി വന്നവരാണു നാം ഇവിടെ. നമ്മുടേതായ പ്രോജ്വലമായ ഒരു സംസ്കാരമുണ്ടെന്നും അവിടെ നമ്മുടെ സമൂഹം ജീവിക്കുന്നത് എങ്ങനെയാണെന്നും അവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം.

ഇവിടെ മറ്റെല്ലായിടത്തും എങ്ങനെ വസ്ത്രവേഷങ്ങള് ധരിച്ചാലും ദേവാലയങ്ങളിലും ആരാധനകളിലും മാന്യത വേണം. ഒന്നും ഇവിടെ വിഷയമേയല്ല. നമ്മുടെ കുട്ടികള് പെരുമാറുന്നത് നമ്മുടെ ശീലങ്ങള്‍ കണ്ടാണ്. അവരുടെ മോശമായ പെരുമാറ്റവും രീതികളും മാതാപിതാക്കളുടേതന്നേ സമൂഹം കരുതുകയുള്ളു. ഈശ്വരചിന്തകള് വിളയുന്ന സദസ്സുകളില് വിനയാന്വിതരായി ലാളിത്യമോടെ വേണം കടന്നുചെല്ലാന്. മനസ്സും വാക്കും പ്രവര്ത്തിയും അവിടെ ശുദ്ധവും പൊരുത്തപ്പെടുന്നതുമായിരിക്കണം.

എളിമയും തെളിമയുമുള്ള മനസ്സും ബുദ്ധിയും നമുക്ക് വേണ്ടുന്ന സ്ഥലമാണത്. അവിടെ ലൌകികമായ ആവേശമല്ല ആദ്ധ്യാത്മികമായ ചിന്തകള്ക്കാണ് പ്രാധാന്യം. അതറിയാനുള്ള വ്യഗ്രതയോ സംസ്കാരമോ ഇല്ലാത്തവര് വിശുദ്ധവേളകളെ തകര്ക്കാന് പുറപ്പെടരുത്.

(ഈ ലേഖനം ഒരു അമേരിക്കന്‍ മലയാളി പിതാവിന്റെ ആവശ്യപ്രകാരം എഴുതിയതാണ്.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക