Image

ഈശ്വരാംശം ഉണ്ടോ ക്രിസ്മസില്‍?: മധ്യരേഖ: ഡി. ബാബുപോള്‍

Published on 01 January, 2013
ഈശ്വരാംശം ഉണ്ടോ ക്രിസ്മസില്‍?: മധ്യരേഖ: ഡി. ബാബുപോള്‍
ഓര്‍മയിലുള്ള ആദ്യത്തെ ക്രിസ്മസ് ഏതാണെന്ന് ഓര്‍മയിലില്ല. 1940കളില്‍ എന്നോ ആയിരിക്കണം. എന്തുകൊണ്ടെന്നാല്‍ ജനിച്ചത് ആ ദശകത്തിന്‍െറ തുടക്കത്തിലായിരുന്നു. രണ്ടാംലോകയുദ്ധം ജീവിതം ക്ളേശപൂര്‍ണമാക്കിയ നാളുകള്‍ എന്ന് ചരിത്രത്തില്‍ പിന്നെ വായിച്ചു. ഏതായാലും ആ ക്രിസ്മസ് ഇക്കാലത്തെ ഉത്സവങ്ങളെക്കാള്‍ നന്മയുടെ വെല്ലുവിളി എന്ന നിലയിലാവണം സമൂഹം പൊതുവെ കണ്ടിട്ടുള്ളത്. യാക്കോബായക്കാര്‍ക്കിടയിലെങ്കിലും മദ്യപാനം ഇത്ര പരന്നിട്ടില്ലായിരുന്ന കാലം. ഒരു മാസത്തെ വ്രതശുദ്ധി ക്രിസ്മസിനെ അടയാളപ്പെടുത്തിയ കാലം.
ഡിസംബര്‍ 25, ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ക്രിസ്മസ് ആചരിക്കുന്ന ദിവസമാണെങ്കിലും പഴയ പഞ്ചാംഗം പാലിക്കുന്ന സഭകള്‍ക്ക് ക്രിസ്മസ് ജനുവരിയിലാണ്. ഇന്ത്യയില്‍ തൃശൂരിന്‍െറ ചുറ്റുവട്ടത്തുള്ള കല്‍ദായസഭയും കൊല്‍ക്കത്തയിലും ചെന്നൈയിലും പേരിനെങ്കിലുമുള്ള അര്‍മീനിയന്‍ സഭയും മാത്രമാണ് ജനുവരിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാല്‍ ഇവിടെ ഡിസംബറില്‍ ആഘോഷിക്കുന്ന പലരുടെയും വിദേശസഖികള്‍ -ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലെ സഭകള്‍- ഇപ്പോഴും പഴയ തീയതി തന്നെ പിന്തുടരുന്നുണ്ട്. എന്‍െറ സഭയില്‍ തന്നെ രണ്ടുണ്ട് ക്രിസ്മസ്. ഒന്നിവിടെ, ഒന്ന് ശീമയില്‍. ജൂലിയന്‍ കലണ്ടറും അത് പരിഷ്കരിച്ച് നിര്‍മിച്ച ഗ്രിഗോറിയന്‍ കലണ്ടറും തമ്മിലുള്ള വ്യത്യാസമാണ് ഈ തീയതി വ്യത്യാസത്തില്‍ പ്രതിഫലിക്കുന്നത്. ഈ വ്യത്യാസം അത്ര പ്രധാനമല്ല. കാരണം ക്രിസ്തു ജനിച്ചത് ഡിസംബര്‍ 25ന് അല്ല.
റോമന്‍ സംസ്കാരത്തില്‍ ഡിസംബര്‍ 25 സൂര്യോത്സവമായി ആഘോഷിച്ചിരുന്നു. പൊതുവര്‍ഷം 318ല്‍ കോണ്‍സ്റ്റന്‍ൈറന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ (സ്വീകരിച്ചോ, അംഗീകരിക്കുക മാത്രം ചെയ്തോ എന്ന തര്‍ക്കം വേറെ കിടക്കുന്നു) ആ മതം ഔദ്യാഗിക മതമായെങ്കിലും ജനം തുടര്‍ന്നും സൂര്യോത്സവം ആഘോഷിച്ചുവന്നു. സാംസ്കാരികാനുരൂപണത്തെക്കുറിച്ചുള്ള ആധുനിക ക്രൈസ്തവ ചിന്തകള്‍ ഒന്നും വികസിച്ചിട്ടില്ലാതിരുന്ന ആ കാലത്ത് ഇത് സഭക്ക് ഒരു തലവേദന ആയിട്ടുണ്ടാവണം. പര്‍ദ നിരോധിച്ചിട്ടും അത് ഉപേക്ഷിക്കാതിരുന്ന സ്ത്രീകളെ ‘വ്യഭിചാരിണികള്‍ക്ക് പര്‍ദ തുടര്‍ന്നും ഉപയോഗിക്കാം’ എന്ന വിളംബരത്തിലൂടെ മാനസിക സമ്മര്‍ദത്തിനിരയാക്കി അനുസരിപ്പിച്ച കമാല്‍ പാഷയുടെ ചാണക്യസൂത്രം തന്നെയാണ് അന്ന് സഭ പ്രയോഗിച്ചത്. 354ല്‍ ലിബേരിയൂസ് മാര്‍പാപ്പ ക്രിസ്തു ലോകത്തിന്‍െറ വെളിച്ചവും നീതിസൂര്യനും ആകയാല്‍ ഡിസംബര്‍ 25 ക്രിസ്തു ജയന്തിയായി ആഘോഷിക്കാന്‍ തിട്ടൂരം പുറപ്പെടുവിച്ചു. അങ്ങനെ യൂറോപ്പില്‍ ക്രിസ്മസിന് തീയതി ക്ളിപ്തപ്പെട്ടു. പൗരസ്ത്യദേശങ്ങളില്‍ ക്രിസ്മസ് വലിയ ആഘോഷം ഒന്നും ആയിരുന്നില്ല അക്കാലത്ത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ വിജ്ഞാനികളായ ഗോളശാസ്ത്രജ്ഞര്‍ നക്ഷത്രത്തെ അനുധാവനം ചെയ്ത് ബെത്ലഹേമില്‍ എത്തിയതായിരുന്നു പൗരസ്ത്യര്‍ പ്രധാനമായി കണ്ടത്. ഇവിടെ പൗരസ്ത്യ ദര്‍ശനത്തിന്‍െറ നിഴലാട്ടം വിദൂരമായിട്ടെങ്കിലും  കാണാം. ഈശ്വരന്‍െറ അസ്തിത്വത്തെക്കാള്‍ നമുക്ക് പ്രധാനം ഈശ്വരസാക്ഷാത്കാരമാണ്  എന്ന ചിന്താസരണിയാണ് സൂചിപ്പിക്കുന്നത്. അവതാരം എന്ന് സംഭവിച്ചു എന്നതിനെക്കാള്‍ വലുത് ആ അവതാരവും മനുഷ്യനും തമ്മിലുള്ള സമാഗമം എന്ന് നടന്നു എന്ന ചിന്ത തന്നെ. പശ്ചാത്യ സംസ്കാരത്തിന്‍െറ അധീശത്വം അവഗണിക്കാനാവാത്ത മാനങ്ങള്‍ കൈവരിക്കുവോളം ഈസ്റ്ററും എപ്പിഫനിയും ആയിരുന്നു പൗരസ്ത്യ ക്രൈസ്തവര്‍ക്ക് പ്രധാനം.
ക്രിസ്തു ഡിസംബറില്‍ ആയിരിക്കയില്ല ജനിച്ചിട്ടുണ്ടാവുക എന്ന് കരുതാന്‍ ബൈബിള്‍ തന്നെ ഒരു ന്യായം സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തു ജനിച്ചപ്പോള്‍ മാലാഖമാര്‍ അജപാലകരെ സന്തോഷവര്‍ത്തമാനം അറിയിച്ചുവെന്ന് ബൈബ്ള്‍ പറയുന്നുണ്ട്. അവിടെ ആട്ടിടയന്മാര്‍ വെളിമ്പ്രദേശത്ത് തീകാഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പ്രസ്താവന. അങ്ങനെ ഇരിക്കാവുന്ന കാലമല്ല ഡിസംബറും ജനുവരിയും. നവംബര്‍ പകുതിയോടെ ആടുകള്‍ക്ക് താങ്ങാവുന്നതിലേറെയാവും തണുപ്പ്. പിന്നെ മാര്‍ച്ച് ആദ്യംവരെ ആടുകള്‍ക്ക് കൂരയുള്ള ശാലകളിലാണ് അഭയം. അതുകൊണ്ട് ക്രിസ്തു ജനിച്ചത് തണുപ്പുകാലത്തിന്‍െറ ആരംഭത്തിലോ അവസാനത്തിലോ ആയിരുന്നിരിക്കണമെന്നാണ് പണ്ഡിതമതം.
ഇത്രയും പറഞ്ഞത് തീയതിക്ക് അമിതപ്രാധാന്യം നല്‍കേണ്ടതില്ലെന്ന് സൂചിപ്പിക്കാനാണ്. പലവട്ടം പറഞ്ഞത് ആവര്‍ത്തിക്കട്ടെ ഞാന്‍ -ക്രിസ്മസിന്‍െറ പ്രാധാന്യം തീയതിയിലല്ല. സംഭവത്തിലാണ്. യേശുക്രിസ്തു മനുഷ്യാവതാരം ചെയ്ത ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. യേശു മഹാനായ ഒരു പ്രവാചകനായിരുന്നുവെന്ന് ഇസ്ലാം കരുതുന്നു. യഹൂദമതത്തിലെ പരിഷ്കരണവാദിയായ ഒരു ‘യുവതുര്‍ക്കി’ എന്ന നിലയിലാവാം യഹൂദന്മാര്‍ കാണുന്നത്. ‘സംഭവാമി യുഗേയുഗേ’ എന്ന പ്രമാണമനുസരിച്ച് കാലചക്രഭ്രമണത്തിന്‍െറ ഏതോ ഇടവേളയില്‍ ഇങ്ങനെ ഒരു അവതാരമുണ്ടായിയെന്ന്  പറയാന്‍ ഹിന്ദുമതവിശ്വാസികള്‍ക്കും ക്ളേശം ഉണ്ടാവേണ്ടതില്ല.
ഇപ്പറഞ്ഞ ഏതുവ്യാഖ്യാനം ക്രിസ്തുസംഭവത്തിന് നല്‍കിയാലും ക്രിസ്തുവും മനുഷ്യനും തമ്മില്‍ എങ്ങനെ ബന്ധപ്പെടുന്നുവെന്നതാവും പ്രധാനം. രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറത്തുണ്ടായ ആ മഹാസംഭവത്തോട് അന്നത്തെ മനുഷ്യര്‍ പ്രതികരിച്ചതിന്‍െറ മാതൃകകള്‍ പരതിയാല്‍ ആ പ്രതികരണഭേദങ്ങളില്‍ ഓരോന്നിനും ഇന്നും പ്രതിപുരുഷന്മാരുണ്ടെന്ന് കാണാം.
ഹേരോദ് രാജാവിനെ ഓര്‍ക്കുക. തന്‍െറ അധികാരത്തെക്കുറിച്ച് തികഞ്ഞ അരക്ഷിത ബോധമായിരുന്നു ഹേരോദിന്. ആ രാജാവിന്‍െറ കൊട്ടാരത്തില്‍ ചെന്ന വിദ്വല്‍ജനം യഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെയെന്ന് ചോദിച്ചാല്‍ രാജാവ് പരിഭ്രമിക്കാതിരിക്കുമോ? ഹേരോദ് നവജാതശിശുവിനെ വധിക്കാന്‍ നിശ്ചയിച്ചു. വിദ്വാന്മാര്‍ പറഞ്ഞ സമയംവെച്ച് കണക്കുകൂട്ടി ആണ്‍പൈതലുകളെ കൊന്നുകൂട്ടി. ‘മാസകര്‍’ (Massacre)  എന്നൊക്കെ പറയുമ്പോള്‍ ധ്വനിക്കുന്നത്ര വലുതായിരുന്നിരിക്കില്ല വധിക്കപ്പെട്ട ശിശുക്കളുടെ സംഖ്യ. അന്നത്തെ ബെത്ലഹേമിലെ ജനസംഖ്യവെച്ച് കൂട്ടിയാല്‍ പത്തുമുപ്പത് പിഞ്ചുകുഞ്ഞുങ്ങള്‍ പോയെന്ന് കരുതിയാല്‍ തെറ്റുണ്ടാവാനിടയില്ല. ഇവിടെ സംഖ്യയല്ല പ്രധാനം. സമീപനമാണ്. ജനിച്ച ഈ ശിശു എന്‍െറ സിംഹാസനത്തിന് ഭീഷണിയാവുമെങ്കില്‍ ഉടന്‍ തന്നെ അതിനെ ഉന്മൂലനം ചെയ്യുക. ശിശു ദൈവപുത്രനാകാം. പ്രവാചകനാവാം, ആദര്‍ശവാദിയാവാം, സദ്ഗുരുവാകാം, എന്‍െറ മനസ്സില്‍ തളിരിടുന്ന ഒരു ഉദാത്ത വികാരമാകാം. വിദൂരമായെങ്കിലും എന്‍െറ ഭൗതിക പ്രതാപങ്ങളെയോ മാനസിക സ്വസ്ഥതയെയോ മുന്‍ഗണനകളെയോ വെല്ലുവിളിക്കാനിടയുണ്ടോ? എങ്കില്‍ വധിക്കുകതന്നെ.
ഹേരോദിന് സംശയനിവാരണം നടത്തിക്കൊടുത്ത വേദപണ്ഡിതരോ? പഴയ നിയമത്തിലെ മീഖാ പ്രവചനത്തിന്‍െറ ചുരുള്‍ തുറന്ന് ബെത്ലഹേമിലാണ് യേശു ജനിക്കുകയെന്ന്  പറയാന്‍ അവര്‍ക്ക് ഒരു ക്ളേശവുമുണ്ടായില്ല. എന്നാല്‍ ഇസ്രായേല്‍ കാത്തിരുന്ന ശിശുവിനെ കാണാന്‍, പറഞ്ഞത് ശരിയോയെന്ന് കണ്ടെത്താനുള്ള കൗതുകംകൊണ്ട് എങ്കിലും അവര്‍ക്ക് മോഹം തോന്നിയില്ല. അവര്‍ രാജകൊട്ടാരത്തിന്‍െറ സുഖലോലുപതകളിലേക്ക് മടങ്ങി. ഭൗതിക സന്തോഷങ്ങള്‍ പ്രദാനം ചെയ്ത ആധ്യാത്മികവും  ബൗദ്ധികവുമായ ആന്ധ്യം അവരില്‍ നിസ്സംഗത സൃഷ്ടിച്ചു.
ക്രിസ്മസ് ആഘോഷിച്ചുതുടങ്ങിയത് നാലാം നൂറ്റാണ്ടില്‍. ആദ്യത്തെ കാര്‍ഡ് വില്യം ഈഗ്ളി അയച്ചത് 1842ല്‍. ക്രിസ്മസ് ട്രീ തുടങ്ങിയത് ഫ്രാന്‍സില്‍ 1837ല്‍. ജര്‍മനിയും ബോണിഫസും എട്ടാം നൂറ്റാണ്ടിലെ ദേവദാരുവും ചേര്‍ന്ന കഥ ശരിയെങ്കില്‍പോലും പ്രാഗ്രൂപംമാത്രം. ക്രിസ്മസ് ഫാദറിന്‍െറ ഇന്നത്തെ രൂപം 1863ല്‍ തോമസ് താസ്ത എന്ന അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് വരച്ചത്. എന്നിട്ടും അതൊക്കെയാണ് ഇന്ന് ക്രിസ്മസിന്‍െറ പ്രതീകങ്ങള്‍. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടൊപ്പം ചിരിക്കാനാണോ നാം ക്രിസ്മസ് ഉപയോഗിക്കുന്നത്? അതോ കീറ്റുശീലയില്‍ പൊതിഞ്ഞ നന്മയുടെ അവതാരം എവിടെയെങ്കിലും കാണുന്നുണ്ടോ നാം?
ഇവിടെയാണ് വാന്‍ഡൈക്കിന്‍െറ കഥ പ്രസക്തമാവുന്നത്. വിദ്വാന്മാര്‍ മൂന്ന് എന്ന് ബൈബിളില്‍ ഇല്ലെങ്കിലും അങ്ങനെയാണല്ലോ നാം ധരിച്ചിട്ടുള്ളത്. അവര്‍ക്കൊപ്പം ഉണ്ടാവേണ്ടിയിരുന്ന നാലാമത്തെ വിദ്വാനാണ് ഈ സ്കാന്‍ഡിനേവിയന്‍ കഥയിലെ നായകന്‍. ഉള്ളതെല്ലം വിറ്റുപെറുക്കി മൂന്ന് വിശിഷ്ടരത്നങ്ങള്‍ വാങ്ങി ശിശുവിനെ വന്ദിക്കാന്‍ പുറപ്പെട്ടവന്‍. ഒരു രോഗിയെ രക്ഷിക്കാന്‍ യാത്ര നിര്‍ത്തിയതിനാല്‍ മറ്റുമൂന്ന് പേര്‍ യാത്ര തുടങ്ങി. ഒറ്റക്ക് യാത്ര ചെയ്യാന്‍ സാര്‍ഥവാഹക സംഘത്തിന്‍െറ നേതാവിന് ഒരു രത്നം കൊടുത്തു. ബെത്ലഹേമില്‍ എത്തിയപ്പോഴേക്ക് ഹേരോദ് ശിശുവധം തുടങ്ങിയിരുന്നു. ഒരു ശിശുവിനെ രക്ഷിക്കാന്‍ മറ്റൊരു രത്നം കൊടുക്കേണ്ടിവന്നു. രാജകുമാരനെ തേടിയുള്ള അലച്ചില്‍ തുടര്‍ന്നു. പത്തുമുപ്പത് കൊല്ലം കഴിഞ്ഞു.
ഗോഗുല്‍ത്തായില്‍ ഒരു നന്മനിറഞ്ഞവന്‍ കുരിശേറ്റപ്പെടുന്നു എന്നുകേട്ട് അവനെ രക്ഷിക്കാനാവുമോ എന്ന് പരീക്ഷിക്കാന്‍ അങ്ങോട്ട് തിരിച്ചു. അവിടെ എത്തുംമുമ്പേ ഋണബാധ്യത അടിമയാക്കിയ ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മൂന്നാമത്തെ രത്നവും ചെലവായി.  അയാള്‍ ഹതാശനായി. പെട്ടെന്ന് സൂര്യന്‍ അസ്തമിച്ചു. പാറകള്‍ പിളര്‍ന്നു. ഒരു പാറക്കല്ല് ഈ ജ്ഞാനിയുടെ നെറ്റിയില്‍ തറച്ചു. അയാള്‍ താഴെവീണു. അയാള്‍ വഴി രക്ഷകിട്ടിയ യുവതിയുടെ മടിയില്‍ തല ചായ്ച്ച് അന്ത്യശ്വാസം വലിച്ചു നാലാമത്തെ വിദ്വാന്‍. അപ്പോള്‍ ആ യുവതി ഒരു നേര്‍ത്ത ശബ്ദം കേട്ടു; ഒരശരീരി-‘ ഈ ചെറിയവരില്‍ ഒരുവന് ചെയ്തത് നീ എനിക്കാണ് ചെയ്തത്’ നാലാമത്തെ വിദ്വാനും ക്രിസ്മസില്‍ പങ്കാളിയായി. ഇതാണ് കഥ.
നാം ക്രിസ്മസില്‍ പങ്കാളികളാകുന്നുണ്ടോ? അതോ വെറുതെ ക്രിസ്മസ് ആഘോഷിക്കുക മാത്രമാണോ? ഈ ചോദ്യം എല്ലാ ഈശ്വരവിശ്വാസികള്‍ക്കുമുള്ളതാണ്. ഈശ്വരനെ നാം നമ്മുടെ ആഘോഷങ്ങള്‍ക്കായി വിഗ്രഹവത്കരിക്കയാണോ? അതോ നമ്മിലുള്ള ഈശ്വരാംശത്തെ ഉദ്ദീപിപ്പിച്ച് നമ്മുടെ ചുറ്റുവട്ടത്ത് ഒരു നുറുങ്ങുവെട്ടം എങ്കിലും കൊടുക്കാന്‍ നമ്മുടെ ഉത്സവങ്ങള്‍-ക്രിസ്മസ്, നബിദിനം, അഷ്ടമിരോഹിണി -നമ്മെ പ്രേരിപ്പിക്കുന്നുണ്ടോ? ഈ ചോദ്യം നമ്മെ അലോസരപ്പെടുത്തട്ടെ ഈ ആഘോഷങ്ങള്‍ക്കിടയില്‍.
http://www.madhyamam.com/news/207017/130101
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക