Image

ലൂക്കോസ്‌ നടുപ്പറമ്പില്‍ വോളിബോള്‍: ബഫല്ലോ സോള്‍ജിയേഴ്‌സ്‌ ജേതാക്കള്‍

Published on 04 September, 2011
ലൂക്കോസ്‌ നടുപ്പറമ്പില്‍ വോളിബോള്‍: ബഫല്ലോ സോള്‍ജിയേഴ്‌സ്‌ ജേതാക്കള്‍
ജേഴ്‌സി സിറ്റി (ന്യൂജേഴ്‌സി): ആറാമത്‌ എന്‍.കെ. ലൂക്കോസ്‌ നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ബഫല്ലോ സോള്‍ജിയേഴ്‌സ്‌ വിജയകിരീടമണിഞ്ഞു. വാശിയേറിയ ഫൈനലില്‍ ചിക്കാഗോ കൈരളി ലയണ്‍സിനെ അവര്‍ തറപറ്റിച്ചു.

ജേഴ്‌സി സിറ്റിയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ആവേശകരമായ ടൂര്‍ണമെന്റില്‍ വന്‍ ജനാവലി കാഴ്‌ചക്കാരായി എത്തി. സെമി ഫൈനലില്‍ മുന്‍വര്‍ഷത്തെ ജേതാക്കളായ താമ്പ, ചിക്കാഗോ കൈരളി ലയണ്‍സിനോട്‌  പരാജയം ഏറ്റുവാങ്ങി. ന്യു യോര്‍ക്കും ബഫല്ലോ സോള്‍ജിയേഴ്‌സും തമ്മില്‍ നടന്ന സെമിയില്‍ സോള്‍ജിയേഴ്‌സ്‌ വിജയികളായി.

വിജയികള്‍ക്കുള്ള ട്രോഫി മെഗാസ്‌പോണ്‍സര്‍ സ്റ്റെര്‍ലിംഗ്‌ സീഫൂഡിന്റെ സൈമണ്‍ ജോര്‍ജ്‌, ബഫല്ലോ സോള്‍ജിയേഴ്‌സിന്‌ സമ്മാനിച്ചു. റണ്ണേഴ്‌സ്‌ അപ്പിനുള്ള ട്രോഫി ചിക്കാഗോ കൈരളി ലയണ്‍സ്‌ പോള്‍ കറുകപ്പള്ളിയില്‍ നിന്ന്‌ ഏറ്റുവാങ്ങി.

മോസ്റ്റ്‌ വാല്യുവബിള്‍ പ്ലെയര്‍ ജോര്‍ജ്‌ മുണ്ടന്‍ചിറയ്‌ക്ക്‌ (ബഫല്ലോ സോള്‍ജിയേഴ്‌സ്‌) ടി.എസ്‌. ചാക്കോ ട്രോഫി സമ്മാനിച്ചു. ബെസ്റ്റ്‌ ഡിഫന്‍സീനു‌ സുനു കോശി, ജോണ്‍  ഐസക്കില്‍ നിന്ന്‌ ട്രോഫി ഏറ്റുവാങ്ങി.

ബെസ്റ്റ്‌ ഒഫന്‍സ്‌: റിന്റു (ചിക്കാഗോ ലയണ്‍സ്‌).

സെറ്റേഴ്‌സ്‌: റിനോ രവീന്ദ്രന്‍, ജ്യോതിഷ്‌ (ബഫല്ലോ).

രാവിലെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ആവേശോജ്വലമായ മാര്‍ച്ച്‌ പാസ്റ്റോടെയാണ്‌ കളിക്കളം ഉണര്‍ന്നത്‌. മുന്‍ വര്‍ഷത്തെ ജേതാക്കളായ താമ്പാ മുന്നിലും, ആതിഥേയരായ ന്യൂജേഴ്‌സി പിന്നിലുമായി അണിനിരന്ന മാര്‍ച്ച്‌പാസ്റ്റില്‍ ബഫല്ലോ സോള്‍ജിയേഴ്‌സ്‌, ചിക്കാഗോ കൈരളി ലയണ്‍സ്‌, ഡലവേര്‍, ഗ്ലെന്‍വ്യൂ, ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ, വാഷിംഗ്‌ടണ്‍ ടീമുകള്‍ മാര്‍ച്ച്‌ ചെയ്‌തു.

കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ സ്‌പോര്‍ട്‌സ്‌ വിഭാഗമായ ഗാര്‍ഡന്‍ സ്റ്റേറ്റ്‌ സിക്‌സേഴ്‌സ്‌ ആണ്‌ ടൂര്‍ണമെന്റിന്‌ ആതിഥേയത്വം വഹിച്ചത്‌. ടി.എസ്‌. ചാക്കോ കണ്‍വീനറായും, ജെംസണ്‍ കുര്യാക്കോസ്‌ സെക്രട്ടറിയായും, മാത്യു സഖറിയ ടീം മാനേജരായും ദാസ്‌ കണ്ണംകുഴിയില്‍, ജെയമോന്‍ മാത്യു, ദേവസി പാലാട്ടി എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും ടൂര്‍ണമെന്റിന്‌ നേതൃത്വം നല്‍കി.

അന്തരിച്ച എന്‍.കെ. ലൂക്കോസിനും, കഴിഞ്ഞവര്‍ഷം നിര്യാതനായ ഷിജു ജോര്‍ജിനും ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന്‌ ടീമംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്കുശേഷം എന്‍.കെ. ലൂക്കോസിന്റെ പത്‌നി ഉഷ നടുപ്പറമ്പില്‍ കിക്കോഫ്‌ നടത്തി. ലൂക്കോസ്‌ മെമ്മോറിയല്‍ ടൂര്‍ണമെന്റ്‌ ഫൗണ്ടേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ കോശി ആമുഖ പ്രസംഗം നടത്തി. കണ്‍വീനര്‍ ടി.എസ്‌. ചാക്കോ സ്വാഗതമാശംസിച്ചു. ടോം മാത്യു, ബിനു തോമസ്‌ എന്നിവരായിരുന്നു എം.സിമാര്‍.

വൈകിട്ട്‌ സമ്മാനദാനത്തിനുശേഷം നടന്ന ബാങ്ക്വറ്റില്‍ ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം സോമനാഥിന്റെ ഗാനമേളയും അരങ്ങേറി.

സ്റ്റെര്‍ലിംഗ്‌ സീഫുഡിന്റെ സൈമണ്‍ ജോര്‍ജ്‌ മെഗാ സ്‌പോണ്‍സറും, റോയി മാത്യു, പോള്‍ കറുകപ്പള്ളി എന്നിവര്‍ സ്‌പോണ്‍സര്‍മാരുമായിരുന്നു.

ഇത്തവണത്തെ മത്സരത്തില്‍ എല്ലാവരും യുവതാരങ്ങളായിരുന്നു. മിക്കവരും ഇവിടെ ജനിച്ചുവളര്‍ന്നവര്‍. കായികരംഗത്തേക്കുള്ള അവരുടെ കുതിപ്പിനു വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ സംഘാടകര്‍ അഭിമാനംകൊള്ളുന്നു.
ലൂക്കോസ്‌ നടുപ്പറമ്പില്‍ വോളിബോള്‍: ബഫല്ലോ സോള്‍ജിയേഴ്‌സ്‌ ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക