Image

അനാദരിക്കപ്പെടുന്ന ഇന്ത്യന്‍ ദേശീയ പതാകയും ദേശീയഗാനവും

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 05 September, 2011
അനാദരിക്കപ്പെടുന്ന ഇന്ത്യന്‍ ദേശീയ പതാകയും ദേശീയഗാനവും
ഇന്ത്യയുടെ അറുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ അമേരിക്കയിലുടനീളം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ സംഘടനകളും ഇന്തോ-അമേരിക്കന്‍ സംഘടനകളും.അതുകൊണ്ടുതന്നെ ദേശീയപതാകയുടെ സാന്നിദ്ധ്യവും ഏറെയുണ്ടായിരുന്നു.

ഏതു പരിപാടിയായാലും ഇന്ത്യന്‍ ദേശീയ ഗാനവും അമേരിക്കന്‍ ദേശീയ ഗാനവും ആലപിക്കുന്ന പതിവ്‌ അമേരിക്കയില്‍ എല്ലായിടത്തും നിര്‍ബ്ബന്ധമാണ്‌. അതോടൊപ്പം തന്നെ ദേശീയപതാകകള്‍ നാട്ടുന്നുണ്ടെങ്കില്‍ ഇരുരാജ്യങ്ങളുടെയും പതാകകളും സ്റ്റേജിനിരുവശവും നാട്ടണമെന്ന നിബന്ധനയുമുണ്ട്‌. വിദേശരാജ്യങ്ങളിലെ പതാകയും ഇന്ത്യന്‍ ദേശീയപതാകയും ഒരേ ഉയരത്തില്‍തന്നെ നാട്ടണമെന്നും, യാതൊരു കാരണവശാലും ഇന്ത്യന്‍ ദേശീയ പതാക ഒരു വിദേശ പതാകയേക്കാള്‍ താഴ്‌ത്തി നാട്ടരുതെന്ന നിയമവുമുണ്ട്‌.

പതാകകള്‍ പുതപ്പായി ഉപയോഗിക്കുക,അരയില്‍ കെട്ടുക, പതാകകൊണ്ട്‌ വസ്‌ത്രങ്ങള്‍ നിര്‍മ്മിക്കുക, പതാക നിലത്തിടുക, നിലത്തു വിരിക്കുക,തലതിരിച്ച്‌ കെട്ടുക, പതാകകൊണ്ട്‌ അലങ്കാരവസ്‌തുക്കള്‍ ഉണ്ടാക്കുക, പതാക പ്രസംഗവേദിയില്‍ (പോഡിയം) പുതപ്പിക്കുക എന്നിവ കുറ്റകരവും ശിക്ഷാര്‍ഹവുമാണ്‌. എന്നാല്‍, അമേരിക്കയിലെ പല ഇന്ത്യന്‍ സംഘടനകളും ഈ നിയമങ്ങള്‍ പാലിക്കാറില്ല എന്ന്‌ അവരുടെ ചടങ്ങുകളുടെ ദൃശ്യങ്ങളില്‍നിന്ന്‌ വ്യക്തമാണ്‌. ഇന്ത്യയുടെ അറുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യദിനം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ആഘോഷിക്കുന്ന വേളയിലും കണ്ടു ഇന്ത്യന്‍ ദേശീയപതാകയോടുള്ള അനാദരവ്‌. അമേരിക്കക്കാരും ഇന്ത്യക്കാരുമടങ്ങുന്ന ഒരു ചടങ്ങിലെ പ്രസംഗവേദി (പോഡിയം) യെ ഇന്ത്യന്‍ ദേശീയ പതാക കൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. ഇന്തോ-അമേരിക്കന്‍ നേതാക്കളുടെ സാന്നിദ്ധ്യവും ആ സദസ്സില്‍ കണ്ടു.

ഇന്ത്യന്‍ ദേശീയഗാനാലാപനസമയത്ത്‌ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണമെന്നും, തലതിരിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നോക്കുകയോ, സംസാരിക്കുകയോ മുഖം വക്രിക്കുകയോ ചെയ്യരുതെന്നാണ്‌ നിയമം. അതേ സമയം അമേരിക്കന്‍ ദേശീയഗാനാലാപനസമയത്താകട്ടേ അമേരിക്കന്‍ പൗരന്മാര്‍ വലത്തേ കൈപ്പത്തി ഇടത്തുഭാഗത്ത്‌ നെഞ്ചോടുചേര്‍ത്ത്‌ വെച്ച്‌ നില്‍ക്കണമെന്നും നിയമമുണ്ട്‌. തല കുമ്പിട്ടു നില്‍ക്കരുതെന്നും ഇരുദേശീയഗാനത്തിലും നിഷ്‌ക്കര്‍ഷിക്കുന്നു. ഇന്ത്യന്‍ ദേശീയഗാനം 52 സെക്കന്റുകള്‍കൊണ്ട്‌ ആലപിച്ചു തീര്‍ക്കണമെന്നാണ്‌ നിയമം. ഈ നിയമങ്ങള്‍ എല്ലായിടത്തും ലംഘിക്കുന്നത്‌ ആരും മനസ്സിലാക്കാറില്ല.

കുറച്ചു നാളുകള്‍ക്കു മുന്‍പ്‌ അമേരിക്കയിലെ ഒരു മലയാളിക്കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയുടെ ദൃശ്യങ്ങള്‍ ഒരു പത്രത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടെ കാണാനിടയായി. കുട്ടികള്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത്‌ സദസ്സിലെ ആരുംതന്നെ എഴുന്നേറ്റു നിന്നില്ല. അതില്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരും, വിവിധ സംഘടനകളിലെ നേതാക്കളും ഉണ്ടായിരുന്നു. വളരെ ലാഘവത്തോടെ അവര്‍ കൈയും കെട്ടി കസേരകളില്‍ ഇരിക്കുന്നു. തൊട്ടുപുറകില്‍ ചായ/കോഫി മുതലായവ ഉണ്ടാക്കുന്ന തിരക്കില്‍ ചിലര്‍, മറ്റു ചിലരാകട്ടേ പത്രം വായിക്കുന്നു. ഇന്ത്യയിലായിരുന്നെങ്കില്‍ ഈ അവഹേളനത്തിന്‌ തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടുമായിരുന്നു. മുന്‍ എം.പി. ശശി തരൂര്‍ ന്യൂയോര്‍ക്കിലെ ഒരു ചടങ്ങില്‍ സംബന്ധിച്ച സമയത്ത്‌ ഇന്ത്യന്‍ ദേശീയഗാനാലാപനം നടക്കുമ്പോള്‍ നെഞ്ചില്‍ കൈവെച്ചു നിന്നതിന്‌ ഇന്ത്യയില്‍ അദ്ദേഹം നേരിട്ട പ്രശ്‌നങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു.

ദേശീയഗാനമായ `ജനഗണമന'യുടേയും ദേശീയഗീതമായ `വന്ദേമാതര'ത്തിന്റേയും പവിത്രത മനസ്സിലാക്കുന്നതോടൊപ്പം,ദേശീയ പതാകയുടെ മഹത്വവും മാഹാത്മ്യവും ഇന്ത്യന്‍ അമേരിക്കന്‍ സംഘടനാ നേതാക്കളും വ്യക്തികളും ഖണ്ഡശ്ശ: ഓര്‍ത്തിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ്‌.തന്നെയുമല്ല, ഇവയുടെ?യശ്ശസ്സ്‌ ഉയര്‍ത്തിപ്പിടിക്കേണ്ടതും അവരുടെ കടമയാണ്‌.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെപ്പോലും അവഹേളിക്കുന്ന രീതിയിലായിരുന്നു ഇക്കൊല്ലത്തെ ന്യൂയോര്‍ക്കിലെ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത ചിലര്‍ പ്രവര്‍ത്തിച്ചത്‌. സന്ദര്‍ഭം മറന്ന്‌ അവര്‍ ചെയ്‌തുകൂട്ടിയ വിഡ്‌ഢിത്തരങ്ങള്‍ കണ്ടപ്പോള്‍ ഇവരാണോ ഭാരതത്തിന്റെ മൂല്ല്യം കാത്തുസൂക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ എന്ന്‌ തോന്നിപ്പോയി. സ്വതന്ത്ര ഭാരത ശില്‌പികളായ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും അബുല്‍കലാം ആസാദും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മറ്റു നേതാക്കളും വീരമൃത്യു വരിച്ച ധീരജവാന്മാരുമെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്‌. അവരുടെ പേരുകളും പെരുമകളുമാണ്‌ അവിടെ പ്രതിധ്വനിക്കേണ്ടത്‌. അവരെ വിസ്‌മരിച്ചുകൊണ്ടാണ്‌ ഇന്ത്യന്‍-അമേരിക്കന്‍ കമ്യൂണിറ്റിയുടെ അപഹാസ്യപരമായ ഹാസ്യപ്രകടനങ്ങള്‍ ന്യൂയോര്‍ക്കിലും ന്യൂജെഴ്‌സിയിലുമൊക്കെ ആടിത്തകര്‍ത്തത്‌.

ഇന്ത്യ സ്വതന്ത്രയായത്‌ ആഘോഷിക്കാനാണ്‌ അവിടെ പരേഡും ഇതര പരിപാടികളും എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്‌. അതിനു ഘടകവിരുദ്ധമായി ഇത്തവണ അവിടെ ചിലര്‍ സംഘടിപ്പിച്ചത്‌ അണ്ണാ ഹസാരേ പരേഡായിരുന്നു. ഗാന്ധിജിയുടെ സന്ദേശത്തിനു പകരം `ഞാന്‍ അണ്ണാ' എന്നെഴുതിയ പ്ലേക്കാര്‍ഡുകളും ബാനറുകളുമേന്തി, അണ്ണാ ഹസാരേയ്‌ക്ക്‌ കീജയ്‌ വിളിച്ചുകൊണ്ട്‌ നടന്നു നീങ്ങുന്ന `ഇന്ത്യക്കാരെ' കണ്ടപ്പോള്‍ ഇവരാണോ സാമൂഹ്യസേവകരെന്നും, ഇന്ത്യയുടെ യശസ്സ്‌ ഉയര്‍ത്തുമെന്നുമൊക്കെ കൊട്ടിഘോഷിച്ചു നടക്കുന്ന നേതാക്കള്‍ എന്ന്‌ ഓര്‍ത്തുപോയി. 

ബാബ രാംദേവിന്റെ ചിത്രമാണ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രദര്‍ശിപ്പിച്ച്‌ നേതാക്കള്‍ ജയ്‌ വിളിച്ചത്‌. അഴിമതിക്കെതിരെ ആദ്യം രംഗത്തുവരികയും രാംലീലയില്‍ നിരാഹാര സത്യാഗ്രഹമിരിക്കുകയും അവസാനം പിടിക്കപ്പെടുമെന്നു തോന്നിയപ്പോള്‍ സ്‌ത്രീ വേഷത്തില്‍ രാത്രിയില്‍തന്നെ ഡല്‍ഹിയില്‍നിന്ന്‌ മുങ്ങി ഹരിയാനയില്‍ പൊങ്ങിയ ഇദ്ദേഹത്തെ പുകഴ്‌ത്തിപ്പാടുകയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ചിലര്‍ ചെയ്‌തത്‌.

മഹാത്മാഗാന്ധിയുടേ ഛായാചിത്രത്തിനു മുന്‍പില്‍ അണ്ണാ ഹസാരെയുടെ പേരെഴുതിയ ബാനറുകളുമേന്തി ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായി മുദ്രാവാക്യം മുഴക്കിയവര്‍ സ്വയം അപഹാസ്യരായതോടൊപ്പം, അമേരിക്കന്‍ തെരുവീഥികളില്‍ ഇന്ത്യയേയും ഇന്ത്യന്‍ ജനാധിപത്യമൂല്ല്യത്തേയും അവഹേളിക്കുകയായിരുന്നു എന്ന്‌ അവര്‍ മനസ്സിലാക്കിയോ ആവോ. സാക്ഷാല്‍ അണ്ണാ ഹസാരെ പോലും സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന്‌ മാത്രമാണ്‌ തന്റെ നിരാഹാരസമരം ആരംഭിച്ചത്‌. അതും ഒരു മാസം മുന്‍പേ മുന്‍കൂട്ടി അറിയിച്ച്‌ അധികാരികളില്‍നിന്ന്‌ അനുവാദം വാങ്ങിയതിനുശേഷം. അമേരിക്കയിലെ നേതാക്കളാകട്ടേ കിട്ടിയ അവസരം പാഴാക്കാതെ കൊടിയും തൊപ്പിയുമായി രംഗത്തിറങ്ങിയത്‌? അനൗചിത്യമായെന്നു മാത്രമല്ല, അമേരിക്കയിലെ ഇതര?ഇന്ത്യന്‍ വംശജരെ അപമാനിക്കുന്നതിനു തുല്ല്യവുമായി.

ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷവേളയിലും സ്വാതന്ത്ര്യദിനാഘോഷവേളയിലും സമരപ്പന്തലൊരുക്കി ജനാധിപത്യധ്വംസകരെന്ന്‌ വിശേഷിപ്പിക്കപ്പെട്ടവര്‍ക്കുവേണ്ടി മുദ്രാവാക്യം വിളിച്ച രീതി തീര്‍ത്തും അപമാനകരമാണ്‌. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടേയും അവരിലൂടെ അധികാരത്തില്‍ സ്വാധീനം നേടുന്ന കോടീശ്വരന്മാരുടെയും കോടികള്‍ കോഴ വാങ്ങി രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരുടേയും പിടിയില്‍ നിന്ന്‌ ഇന്ത്യയെ രക്ഷിക്കേണ്ടത്‌ ഓരോ പൗരന്റേയും കടമയും കര്‍ത്തവ്യവുമാണ്‌. പ്രതികരിക്കാനും പ്രകടനം നടത്താനും അവര്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, അതിന്‌ തെരഞ്ഞെടുക്കുന്ന വേദിയും രീതിയും സുതാര്യമായിരിക്കണം. അഴിമതിയെ അഴിമതികൊണ്ട്‌ ചെറുക്കാനാവില്ല.

സ്‌ത്രീകളേയും കുട്ടികളേയും വേഷംകെട്ടിച്ചു നിര്‍ത്തി അണ്ണാ ഹസാരേയ്‌ക്കും ബാബാ രാംദേവിനും കീജയ്‌ വിളിപ്പിച്ചതിനു പകരം ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ച ചരിത്രവും അതിനായി ജീവത്യാഗം ചെയ്‌ത മഹാത്മാക്കളുടെ ജീവചരിത്രത്തെക്കുറിച്ചും അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങളെ ബോധാവാരാക്കുകയായിരുന്നു വേണ്ടത്‌. അവരെക്കൊണ്ട്‌ അണ്ണാ ഹസാരേയ്‌ക്കും ബാബാ രാംദേവിനും അനുകൂലമായി മുദ്രാവാക്യം വിളിപ്പിച്ച നേതാക്കള്‍ ഇന്ത്യയെ സ്‌നേഹിക്കുന്ന, ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, ഇന്ത്യന്‍ പൗരന്മാരോട്‌ ചെയ്‌ത അനീതിയാണ്‌. ഇനിയെങ്കിലും ഇതുപോലെയുള്ള ആഘോഷങ്ങളുടെ പ്രസക്തി നേതാക്കള്‍ മനസ്സിലാക്കി വിവേകപൂര്‍വ്വം പെരുമാറുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

ജനാധിപത്യവ്യവസ്ഥയുടെ ആരോഗ്യകരമായ നിലനില്‌പിന്‌ ഭീഷണിയാകാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ബന്ധപ്പെട്ട അധികാരികള്‍ ഗൗരവപൂര്‍വ്വം കാണുകയും നിരുത്സാഹപ്പെടുത്തുകയും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം. ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനവും സ്വാതന്ത്ര്യദിനവും മഹത്വത്തോടെ കാണാനും ആദരിക്കാനും കഴിഞ്ഞില്ലെങ്കിലും അവയെ ഭത്സിക്കാന്‍ ആരേയും അനുവദിക്കരുതെന്നാണ്‌ എന്റെ അഭിപ്രായം.

puthenchirayil@gmail.com
അനാദരിക്കപ്പെടുന്ന ഇന്ത്യന്‍ ദേശീയ പതാകയും ദേശീയഗാനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക