Image

2008-ല്‍ രണ്ടു നിലവറ തുറന്നു; അമുല്യ വസ്‌തുക്കള്‍ നഷ്‌ടപ്പെട്ടു: കമ്മീഷന്‍

Published on 05 September, 2011
2008-ല്‍ രണ്ടു നിലവറ തുറന്നു; അമുല്യ വസ്‌തുക്കള്‍ നഷ്‌ടപ്പെട്ടു: കമ്മീഷന്‍
തിരുവനന്തപുരം: 2008-ല്‍ കോടതി ഉത്തരവ്‌ പ്രകാരം രണ്ടു നിലവറകള്‍ തുറന്നിരുന്നതായും, അവിടെ നിന്ന്‌ കണ്ടെത്തിയ അമുല്യ വസ്‌തുക്കള്‍ നഷ്‌ടപ്പെട്ടതായും തിരുവനന്തപുരം സബ്‌ കോടതിയില്‍ സമര്‍പ്പിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2008ലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌ കോടതിയുടെ ഉത്തരവനുസരിച്ച്‌ അല്‍പ്പശി ഉത്സവത്തിനായി വ്യാസകോണ്‍ നിലവറയില്‍ നിന്ന്‌ എടുത്ത ആഭരണങ്ങളുടെ ചില ഭാഗങ്ങളാണ്‌ കാണാതായത്‌. ഇതിന്‌ പകരമായി ചെമ്പ്‌ കൊണ്ടുണ്ടാക്കിയ ആഭരണങ്ങളാണ്‌ മടക്കിവെച്ചതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രഭക്തരെ ഞെട്ടിയ്‌ക്കുന്ന ഒട്ടേറെ വിവരങ്ങള്‍ അഭിഭാഷകന്റെ റിപ്പോര്‍ട്ടിലുണ്ട്‌.

കോടതി ഉത്തരവ്‌ പ്രകാരം 2008 ഒക്‌ടോബര്‍ 19ന്‌ വ്യാസര്‍കോണ്‍ കല്ലറയും നിത്യാദി കല്ലറയും തുറന്നത്‌. ക്ഷേത്രം മുതല്‍പ്പിടി നല്‍കിയ പട്ടികയനുസരിച്ച്‌ പൂജാവശ്യത്തിനുള്ള അമൂല്യവസ്‌തുക്കളാണ്‌ കല്ലറകളില്‍ നിന്ന്‌ എടുക്കേണ്ടിയിരുന്നത്‌. തുറന്നപ്പോള്‍ വലിയൊരു സ്വര്‍ണക്കുടയിലെ 44 സ്വര്‍ണ്ണക്കൊളുത്തുകള്‍ ഊരി മാറ്റിയതായിരുന്നു. ചെമ്പുകൊളുത്തുകള്‍ ഘടിപ്പിച്ചാണ്‌ കൃത്രിമം മറച്ചത്‌.

കൂടാതെ നാലു വെള്ളിമണികളില്‍ രണ്ടെണ്ണം അപ്രത്യക്ഷമായി. തങ്കക്കുടയില്‍ തൊങ്ങലുകള്‍ ഇഴ കെട്ടിയ നീണ്ട സ്വര്‍ണ്ണനൂലും കാണാനില്ലായിരുന്നു. പച്ചനിറത്തിലുള്ള രത്‌നങ്ങളും സ്വര്‍ണ്ണങ്ങളും കൊണ്ട്‌ തീര്‍ത്ത തങ്കക്കുടയിലെ 14 രത്‌നങ്ങള്‍ പൊട്ടിയ നിലയിലായിരുന്നു. കുടയ്‌ക്കും കേടുപാട്‌ സംഭവിച്ചു. ക്ഷേത്രം അധികൃതരോട്‌ ഇക്കാര്യങ്ങളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വിശദീകരണം നല്‍കാന്‍ അവര്‍ക്കായില്ല. ഇതൊക്കെ രേഖപ്പെടുത്തിക്കൊണ്ടു തന്നെ അല്‍പശി ഉത്സവത്തിനുള്ള വസ്‌തുക്കള്‍ കൈമാറി. എന്നാല്‍ ഉത്സവം കഴിഞ്ഞ്‌ സാധനങ്ങള്‍ തിരിച്ചുവയ്‌ക്കാന്‍ നോക്കുമ്പോള്‍ ഒരു വെള്ളിമണി നഷ്ടപ്പെട്ടിരുന്നു. ഇതേക്കുറിച്ച്‌ ക്ഷേത്രം അധികാരികള്‍ക്ക്‌ യാതൊരു വിവരവുമില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക