Image

ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജി പരിഗണിക്കുന്നത് 22 ലേക്ക് മാറ്റി

Published on 05 September, 2011
ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജി പരിഗണിക്കുന്നത് 22 ലേക്ക് മാറ്റി
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബര്‍ 22 ലേയ്ക്ക് മാറ്റി.

പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന് വി.എസ്സിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ രജീന്ദര്‍ സച്ചാര്‍ കോടതിയില്‍ പറഞ്ഞു. ഏഴ് മാസമായി നടന്നുവരുന്ന അന്വേഷണത്തില്‍ പരോഗതിയില്ല. ഈ സാഹചര്യത്തില്‍ സുഗമമായ അന്വേഷണം നടത്താന്‍ കേസ് സി.ബി.ഐയെ ഏല്പിക്കണമെന്ന് സച്ചാര്‍ ആവശ്യപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാള്‍ ഇപ്പോള്‍ മന്ത്രിയാണ്. അതുകൊണ്ടുതന്നെ ബാഹ്യ ഇടപെടലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സച്ചാര്‍ വാദിച്ചു.

എന്നാല്‍ കേസില്‍ തൃപ്തികരമായ അന്വേഷണമാണ് നടക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി കോടതിയില്‍ പറഞ്ഞു. കേസില്‍ ഇതുവരെയായി എണ്‍പതോളം സാക്ഷികളെ വിസ്തരിച്ചുകഴിഞ്ഞു. അമ്പതോളം രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയെന്ന വാദം തെറ്റാണ്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ 42 സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നുവെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു.

ഇതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 22ന് കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജിയില്‍ വാദം കേട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക