Image

വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗ വീക്ഷണം- 2-എ.സി.ജോര്‍ജ്

എ.സി.ജോര്‍ജ് Published on 10 January, 2013
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗ വീക്ഷണം- 2-എ.സി.ജോര്‍ജ്
രണ്ടായി വിഭജിക്കപ്പെടാതിരുന്ന കാലത്ത് ഒരു ഫൊക്കാനാ കണ്‍വന്‍ഷനു വരുന്നത്ര ആളുകളെ മാത്രമാണ് തിരുവനന്തപുരത്തെ വിശ്വമലയാള മഹോല്‍സവത്തില്‍ കണ്ടത്. അവിഭാജ്യ ഫൊക്കാനാ കണ്‍വന്‍ഷനുകള്‍ മലയാളിയുടെ ഒരു സാമൂഹ്യ സാംസ്‌ക്കാരിക കലാമേളകളാണ്. എന്നാല്‍ വിശ്വമലയാള മഹോല്‍സവം അത്തരത്തില്‍ ഒന്നല്ല. അത് ഭാഷക്കും സാഹിത്യത്തിനും മാത്രം ഊന്നല്‍ നല്‍കിയ ഒരു മഹോല്‍സവും നികുതിദായകരുടെ പണം കൊണ്ട് കേരളാ ഗവണ്‍മെന്റ് ഔദ്യോഗികമായി നടത്തിയ ഒരു മേളയുമായിരുന്നു. അവിടെ മഹോല്‍സവത്തില്‍ സംബന്ധിച്ചവര്‍ക്ക് പ്രത്യേക റജിസ്‌ട്രേഷന്‍ അഡ്മിഷന്‍ ഫീ ഒന്നുമില്ലായിരുന്നു എന്നു മാത്രമല്ലാ മൂന്നു ദിവസവും സൗജന്യമായ ഭക്ഷണവും ലഭ്യമായിരുന്നു. ദൂരെ ദേശത്ത് നിന്നെത്തിയവര്‍ക്കും പ്രവാസികള്‍ക്കും സംഘാടക സമിതി താമസ സൗകര്യവും ട്രാന്‍സ്‌പോര്‍ട്ടേഷനും വാഹനങ്ങളും ഒരുക്കിയിരുന്നു. അതേ പോലെ അമേരിക്കയിലെ മഹോല്‍സവങ്ങള്‍ക്കും കണ്‍വന്‍ഷനുകള്‍ക്കും നമ്മള്‍ പ്രതീക്ഷിക്കുന്നത് ന്യായവും യുക്തിയുമല്ലല്ലോ.

അമേരിക്കയില്‍ ജേര്‍ണലിസം പഠിപ്പിക്കുന്ന കോളേജ് അധ്യാപകന്‍ ഡോക്ടര്‍ ജോര്‍ജ് തോട്ടം തിരുവനന്തപുരത്തെ ഈ വിശ്വമലയാള മഹോല്‍സവത്തിലേക്ക് അമേരിക്കന്‍ മലയാളികളെ പ്രത്യേകിച്ച് മലയാളഭാഷയിലും, എഴുത്തിലും മാധ്യമപ്രവര്‍ത്തനത്തിലും താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് പത്രകുറിപ്പും ഈമെയിലും പലര്‍ക്കും അയക്കുകയുണ്ടായി. അപ്രകാരമാണ് ഈ ലേഖകനും, ഭാര്യയും ഈ സമ്മേളനത്തില്‍ സംബന്ധിയ്ക്കാനിടയായത്. സാഹിത്യ അക്കാഡമി ചെയര്‍മാനും വിശ്വമലയാള മഹോല്‍സവത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമായ ശ്രീ പെരുമ്പടം ശ്രീധരന്റെ നാടായ ഇലഞ്ഞിയിലെ, നാട്ടിലെ അയല്‍വാസികൂടിയാണ് ഡോക്ടര്‍ ജോര്‍ജ് തോട്ടം. അവിടത്തെ അനേകം സെമിനാറുകളിലെ ഒരു സെമിനാറില്‍ പ്രഭാഷകനായി അദ്ദേഹത്തെയും പ്ലെയറില്‍ പേരടിച്ചിരുന്നു. ഒരു തരത്തില്‍ അതിലെ ഒരു സംഘാടകന്‍ പോലെ എന്നിക്കു തോന്നിയ അദ്ദേഹത്തെ കൂടാതെ മറ്റ് ആരൊക്കെ, എത്രപേര്‍ അമേരിക്കയില്‍ നിന്നെത്തുമെന്ന വിവരം എനിക്കറിവില്ലായിരുന്നു. ഏതായാലും ഈ ലേഖകന്‍(എ.സി.ജോര്‍ജ്), ഭാര്യ (മോളി ജോര്‍ജ്) വിശ്വമലയാളമഹോല്‍സവത്തിലേയ്ക്ക് രജിസ്ട്രര്‍ ചെയ്ത് സെലിഗേറ്റുകളായെത്തി. മഹോല്‍സവത്തിന്റെ തലേദിവസം തിരുവനന്തപുരത്തെത്തി ഞങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ഹോട്ടലില്‍ ചെക്കിംഗ് ചെയ്തപ്പോഴാന്നറിയുന്നത് അമേരിക്കയില്‍ നിന്ന് മറ്റ് മൂന്ന് പ്രമുഖരായ ഭാഷാ സ്‌നേഹികള്‍ കൂടെയുണ്ടെന്ന്. ഫിലാഡല്‍ഫിയായില്‍ നിന്ന് പ്രസിദ്ധ നോവലിസ്റ്റ് നീനാ പനക്കല്‍, സമീപകാലത്തായി എഴുതി തുടങ്ങി പെട്ടെന്ന് ഒത്തിരി എഴുതി പ്രസിദ്ധയായ ഡാലസിലെ മീനു എലിസബത്ത് മാത്യൂ, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ ചെയര്‍മാന്‍ വര്‍ഗീസ് തെക്കേകര എന്നിവരാണവര്‍. തിരുവനന്തപുരത്ത് വെള്ളയമ്പലം കനകകുന്ന് കൊട്ടാരത്തിന് സമീപം ഒരു മുന്തിയ സ്റ്റാര്‍ ഹോട്ടല്‍ ആണ് സംഘാടകര്‍ ഞങ്ങള്‍ക്ക് നല്‍കിയത്. അതുപോലെ ഭക്ഷണവും ട്രാന്‍സ്‌പോര്‍ട്ടേഷനും സൗജന്യമായി തന്നിരുന്നു. നീനാ പനയ്ക്കലിന് തിരുവനന്തപുരത്ത് സ്വന്തമായി ഭവനമുള്ളതുകൊണ്ട് അവരൊഴികെ മറ്റ് അമേരിക്കന്‍ പ്രവാസികളായ ഞങ്ങള്‍ ഒരേ ഹോട്ടലില്‍ വിവിധ ഹോട്ടല്‍ സ്യൂട്ടുകളിലായി താമസിച്ചു.

ഭാഗ്യമാല ഓഡിറ്റോറിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, വി.ജെ.റ്റി. ഹാള്‍, കനകകുന്ന് കൊട്ടാരം, ഒളിമ്പ്യാ ചേമ്പര്‍, കനകകുന്ന് പുസ്‌തോല്‍സവ ഓഡിറ്റോറിയം തുടങ്ങിയ വിവിധ വേദികളിലായി ഒരേ സമയം തന്നെ വൈവിധ്യമേറിയ സെമിനാറുകളും, പരിപാടികളും, ചടങ്ങുകളും, സംവാദങ്ങളും, ഓപ്പണ്‍ഫോറവും അരങ്ങേറി. ചില വേദികള്‍ ഒഴികെ വിവിധ വേദികള്‍ തമ്മില്‍ അകലമുണ്ടായിരുന്നതിനാല്‍ ഓരോ പരിപാടിയിലേക്കും വാഹനങ്ങളില്‍ സഞ്ചരിയ്‌ക്കേണ്ടി വന്നത് ഒരു അസൗകര്യം തന്നെയായിരുന്നു. ഒരേ സമയത്ത് വിവിധ വേദികളില്‍ എങ്ങനെ ഒരാള്‍ക്ക് സംബന്ധിയ്ക്കാന്‍ പറ്റും? ഒരേ സമയത്ത് ഒരേ പരിപാടിയിലല്ലേ സംബന്ധിയ്ക്കാന്‍ പറ്റും? പക്ഷെ വ്യക്തികള്‍ക്ക് അവരുടെ അഭീഷ്ടവും താല്‍പ്പര്യവുമനുസരിച്ച് ഏതു പരിപാടിയും തെരഞ്ഞെടുത്ത് സംബന്ധിയ്ക്കാമായിരുന്നു. ഓഡിറ്റോറിയങ്ങളും വേദികള്‍ തമ്മിലുള്ള അകലവും, ഗതാഗതകുരുക്കും, ഒരേ സമയത്തും, അസ്ഥാനത്തുമുള്ള കാര്യപരിപാടികളുടെ സെറ്റ് അപ്പ്, മറ്റു പാകപ്പിഴകള്‍, ഒക്കെ കാരണത്തില്‍ ഒരാള്‍ക്ക് മൂന്നിലൊന്ന് പരിപാടികളില്‍ പോലും സാങ്കേതികമായി സംബന്ധിക്കാന്‍ പറ്റിയില്ല. എന്നാല്‍ പരമാവധി സെമിനാറുകളിലും പരിപാടികളിലും സംബന്ധിയ്ക്കാന്‍ ഈലേഖകന് കഴിഞ്ഞു. അമേരിക്കയില്‍ നിന്നെത്തിയ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ടിവി ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളുടെ ചെറിയ ചെറിയ അഭിമുഖങ്ങളില്‍ കൂടെ സംബന്ധിയ്ക്കാനും ഭാഗവാക്കാകാനും കഴിഞ്ഞു. ദൃശ്യ മാധ്യമങ്ങളില്‍ വായിച്ചും കണ്ടുംകേട്ടും മാത്രം അിറവുള്ള വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക-സാഹിത്യ-ഭാഷാ പ്രമുഖരേയും വളരെ അടുത്ത് നേരില്‍ കാണാനും സംസാരിക്കാനും ഒരവസരമുണ്ടായി. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തു വച്ച് നടത്തിയ ഈ വിശ്വമലയാള മാമാങ്കത്തില്‍ ഇത്രയധികം പ്രസിദ്ധരെ ഒരേ വേദിയില്‍ കാണുക എന്നത് ഒരു അസുലഭ കൗതുകം മാത്രം. അവരില്‍ ചിലര്‍ക്കൊക്കെ അമേരിക്കയില്‍ എത്തുമ്പോള്‍ നമ്മോളോട് എന്തു സ്‌നേഹവും ഭവ്യതയുമാണ്. പക്ഷെ അവിടെ വച്ചു കണ്ടപ്പോള്‍ ചിലര്‍ക്ക് അിറയുന്ന ഭാവമേയില്ല. ചിലര്‍ക്ക് അമേരിക്കന്‍ മലയാളികളെ പുച്ഛമാണ്. എന്നാല്‍ ചിലര്‍ക്ക് നമ്മളോട് താല്പര്യവും സൗഹാര്‍ദ്ദവുമുണ്ട്. ഈ ലേഖകന്‍ ഒരിക്കലും ഒരു വഴിവിട്ട പ്രത്യേക പരിഗണന എവിടെനിന്നും ആഗ്രഹിക്കുന്നില്ല. അര്‍ഹമായ തത്തുല്യമായ, ന്യായമായ പരിഗണന മാത്രം പ്രതീക്ഷിക്കുന്നു.

അപ്രായോഗികമായ കാരണങ്ങളാല്‍ അവിടെ വന്നിരുന്നവരില്‍ പലരും വളരെ കുറച്ച് സെമിനാറുകളിലും പരിപാടികളിലും മാത്രമാണ് പങ്കെടുത്തത്. അതിനാല്‍ ആരൊക്കെ ഏതൊക്കെ പരിപാടികളില്‍ പങ്കെടുത്തു എന്ന വിവരം പങ്കെടുത്തവര്‍ക്ക് മാത്രം അറിയാം. അതിനാല്‍ ഈ റിപ്പോര്‍ട്ടില്‍ അറിവില്ലാത്തതായ ഒന്നും ചേര്‍ക്കാന്‍ താല്പര്യമില്ല.

ഒക്‌ടോബര്‍ 30ന് കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തിരിതെളിയിച്ച് വിശ്വമലയാള മഹോല്‍സവത്തിന് തുടക്കം കുറിച്ചത്. കേരളാ ഗവര്‍ണ്ണര്‍ എച്ച്.ആര്‍. ഭരദ്വാജ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.സി. ജോസഫ് സ്വാഗതവും, സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടം ശ്രീധരന്‍ നന്ദിയും പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, കെ. എം. മാണി എന്നിവര്‍ ആശംസാപ്രസംഗകരായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, കേന്ദ്രസഹമന്ത്രിമാരായ കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, കേരളാ സ്റ്റേറ്റ് മന്ത്രിമാരായ പി.എസ്. ശിവകുമാര്‍ മേയര്‍ കെ. ചന്ദ്രിക, എം.എല്‍.എമാരായ കെ.മുരളീധരന്‍, പാലോളി രവി, പ്രമുഖ സാഹിത്യകാരന്മാരായ എം.ടി.വാസുദേവന്‍ നായര്‍, ഒ.എന്‍.വി. കുറുപ്പ്, എന്നിവര്‍ വേദിയിലുണ്ടായിരുന്നു. മറ്റ് മന്ത്രിമാരും എം.എല്‍.എമാരും സാഹിത്യകാരന്മാരും,മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓഡിറ്റോറിയത്തിന്റെ രണ്ടു മുന്‍നിരകളിലായിട്ടിരുന്നു. മറ്റ് പ്രശസ്ത അതിഥികള്‍ക്കൊപ്പം തന്നെ ഏതാണ്ട് അഞ്ചാം നിരയില്‍ തന്നെ അമേരിക്കയില്‍ നിന്നും മറ്റും എത്തിയ പ്രവാസികളായ ഞങ്ങള്‍ക്കും ഇരിപ്പിടം കിട്ടി. ഉല്‍ഘാടക സമ്മേളനത്തില്‍ സംബന്ധിച്ചത് സ്‌പെഷ്യല്‍ പാസ്സുള്ളവര്‍ മാത്രമാണ്. ഉല്‍ഘാടനസമ്മേളനത്തിനുശേഷം സൂര്യാകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള നൃത്തകലാസംഘം "ഭാരതം കേരളം …"എന്ന നൃത്ത ആവിഷ്‌ക്കാരം സെനറ്റ് ഹാളില്‍ അവതരിപ്പിച്ചു.

ഈ ദിവസങ്ങളില്‍ അമേരിക്കയിലെ നോര്‍ത്ത ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ഹരിക്കെയിന്‍ സാന്‍ഡിയുടെ സംഹാര താണ്ഡവം ജനം അനുഭവിക്കുകയായിരുന്നു. അമേരിക്കന്‍ മലയാളിയായ എന്നോട് പല രാഷ്ട്രീയ നേതാക്കളും സാഹിത്യക്കാരന്മാരും നാശനഷ്ടങ്ങളെ പറ്റി അന്വേഷിക്കുകയും സഹതാപം അറിയിക്കുകയും ചെയ്തു. ഞാന് ഏകദേശം 38 വര്‍ഷം ജീവിച്ച ന്യൂയോര്‍ക്ക് സ്റ്റേറ്റ് മേഖലയിലായിരുന്നു അതീവ നാശനഷ്ടങ്ങളുണ്ടായത്. എന്നാലിപ്പോള്‍ ഞങ്ങള്‍ ടെക്‌സാസിലെ ഹൂസ്റ്റണിലാണ് അതിവസിക്കുന്നതെന്ന് അന്വേഷിച്ചവരോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമ തന്നെ വിജയിക്കുമെന്നാണഅ അവിടെ കൂടിയ പലരും അഭിപ്രായപ്പെട്ടത്.

(തുടരും…)
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗ വീക്ഷണം- 2-എ.സി.ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക