Image

സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ് നടപടി ഉപേക്ഷിച്ചു

Published on 05 September, 2011
സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ് നടപടി ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: രാജിവെച്ച കല്‍ക്കത്ത ഹൈകോടതി ജഡ്ജി സൗമിത്ര സെന്നിനെതിരെ ലോക്‌സഭയില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇംപീച്ച്‌മെന്റ് നടപടി ലോക്‌സഭ ഉപേക്ഷിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പാര്‍ലമെന്റികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

സെന്നിന്റെ രാജിക്കത്ത് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അംഗീകരിച്ചതായി നിയമമന്ത്രാലയം ഞായറാഴ്ച രാത്രി തിരക്കിട്ട് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ ലോക്‌സഭ ഉപേക്ഷിച്ചത്. ഹൈദരാബാദില്‍ നിന്ന് ഞായറാഴ്ച രാത്രി ഡല്‍ഹില്‍ മടങ്ങിയെത്തിയ രാഷ്ട്രപതി ഉടന്‍തന്നെ വിജ്ഞാപനത്തില്‍ ഒപ്പുവെക്കുകയായിരുന്നു.

സാധാരണഗതിയില്‍ ഒരു ഹൈകോടതി ജഡ്ജിയുടെ രാജി സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിപ്പിക്കാറില്ല. സെന്നിന്റെ രാജി സ്വീകരിച്ചെന്ന വിജ്ഞാപനം ലോക്‌സഭയിലെ നടപടികള്‍ നിര്‍ത്തിവെക്കുന്നതിന്റെ മുന്നോടിയായിരുന്നെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ കുറ്റവിചാരണക്ക് വിധേയനായ സൗമിത്ര സെന്നിനെതിരെ ലോക്‌സഭ തിങ്കളാഴ്ച കുറ്റവിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. സെന്‍ സ്വന്തം കൈപ്പടയിലെഴുതിയ രാജിക്കത്ത് അഭിഭാഷകന്‍ മുഖേന നേരിട്ട് രാഷ്ട്രപതിയുടെ സെക്രട്ടറിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസിന് ശനിയാഴ്ച രാവിലെ കൈമാറിയിരുന്നെങ്കിലും തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ലോക്‌സഭയിലെ കുറ്റവിചാരണ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക