Image

പ്രവാസി ഭാരതീയ സമ്മേളനത്തിന്റെ ബാക്കി പത്രം-ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 11 January, 2013
പ്രവാസി ഭാരതീയ സമ്മേളനത്തിന്റെ ബാക്കി പത്രം-ഷോളി കുമ്പിളുവേലി
മൂന്നു ദിവസം നീണ്ടു നിന്ന പതിനൊന്നാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് കൊടിയിറങ്ങി. ഇത് ആദ്യമായാണ് 'പ്രവാസി ഭാരതീയ ദിവസിന് 'കേരളം ആതിഥേയത്വം വഹിക്കുന്നത്. അതില്‍ നമുക്ക് അഭിമാനിക്കാം.

പ്രവാസികള്‍ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നല്‍കിപ്പോരുന്ന സംഭാവനകളെ ബഹുമാനപ്പെട്ട രാഷ്ട്രപതിയും, പ്രധാനമന്ത്രിയും നിര്‍ലോഭം പ്രശംസിച്ചു. തെരഞ്ഞെടുക്കപ്പെട്ട പ്രവാസികളെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന കുറച്ച് ഇന്‍ഡ്യാക്കാര്‍ക്ക് ഒരുമിച്ച് കാണാനും, ആശയവിനിമയം നടത്താനും അവസരം ലഭിച്ചു. എല്ലാ നല്ല കാര്യങ്ങള്‍ തന്നെ!

കടന്നുപോയ ഓരോ പ്രവാസി ഭാരതീയ ദിവസ് സമ്മേളനങ്ങളേയും, അത് അര്‍ഹിക്കുന്ന എല്ലാ ബഹുമാനത്തോടും, പരിഗണനയോടും കൂടി വിലയിരുത്തുമ്പോള്‍ പോലും, ഒരു സാധാരണ പ്രവാസിക്ക് എന്ത് നന്മയാണഅ ഈ സമ്മേളനങ്ങള്‍ കൊണ്ടുണ്ടായത് എന്ന് പരിശോധിക്കുന്നത് അഭികാമ്യം.

ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള ഇന്‍ഡ്യന്‍ എംബസികളുടേയും, കോണ്‍സുലേറ്റുകളുടേയും സേവനം ഇനിയും എത്രയോ മെച്ചപ്പേടേണ്ടതുണ്ട്#? സ്ഥലസൗകര്യങ്ങളുടെ കാര്യം പറയുകയും വേണ്ട? ലോക തലസ്ഥാനമായ ന്യൂയോര്‍ക്കിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിന്റെ സ്ഥലപരിമിധി അറിയാവുന്നതല്ലേ? ബേസ്‌മെന്റിലെ ഒരുഇടുങ്ങിയ ഹാളില്‍ എത്ര ബുദ്ധിമുട്ടിയാണ് പലപ്പോഴും നമ്മള്‍ കഴിച്ചുകൂട്ടുന്നത്. മറ്റുചിലപ്പോള്‍ അതിശൈത്യവും, കാറ്റും സഹിച്ച് മണിക്കൂറുകള്‍ റോഡില്‍ ക്യൂ നില്‍ക്കേണ്ടിവരും. ഇതിനൊക്കെ മാറ്റമുണ്ടാകാതെ പ്രവാസി സമ്മേളനം നടത്തിയിട്ട് എന്തുകാര്യം?

അതുപോലെ, വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഇന്‍ഡ്യക്കാര്‍ക്ക് നിയമ സഹായം നല്‍കാന്‍ എത്ര എംബസികള്‍ തയ്യാറാവുന്നുണ്ട്? പ്രത്യേകിച്ച ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ കാര്യത്തില്‍. അമേരിക്കയിലെ ജീവിത സാഹചര്യവുമായി, ഗള്‍ഫിനെ നമ്മുക്ക് തുലനം ചെയ്യുവാന്‍ സാധിക്കില്ല. സൗദി അറേബ്യയില്‍ മാത്രം ആയിരത്തി ഇരുന്നൂറിലധികം ഇന്‍ഡ്യക്കാര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. നല്ലൊരു ശതമാനം മലയാളികള്‍ തന്നെ. ഇവരില്‍ ഭൂരിഭാഗവും വലിയ കുറ്റങ്ങള്‍ ചെയ്തവരല്ലെന്ന്, സൗദിയില്‍ പതിനാലു വര്‍ഷം ജീവിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് തറപ്പിച്ചു പറയുവാന്‍ സാധിക്കും. കൂടാതെ വെള്ളിയാഴ്ചകളില്‍ നിസ്‌കാരം കഴിഞ്ഞ് പള്ളി പിരിയുമ്പോള്‍ ആള്‍ക്കാരെ വിളിച്ചുകൂട്ടി, എല്ലാവരുടേയും മുന്നില്‍ വച്ച് ചൂരലുകൊണ്ടുള്ള അടി! പല വെള്ളിയാഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന അമ്പതും നൂറും വീതം അടികള്‍!! ചെയ്ത കുറ്റമോ, ഒരു "മസാല" ചിത്രത്തിന്റെ കാസറ്റ് കൈവശം വച്ചതിന്, അല്ലെങ്കില്‍ അത് കണ്ടതിന്!! ഇന്‍ഡ്യക്കാരനെ തല്ലിയാല്‍ ആരു ചോദിക്കാന്‍ !! എന്നാല്‍ ഇതേ കുറ്റം വെള്ളക്കാര്‍ ചെയ്താല്‍ ഒരു കുഴപ്പവുമില്ല, കാരണം അവരെ തൊട്ടാല്‍ ചോദിക്കാനാളുണ്ട്.

ഏജന്‍സികളുടെ ചതിക്കുഴിയില്‍പ്പെട്ട്, ഗള്‍ഫിലെ മണലാരിണ്യത്തില്‍ ആടിനെ വളര്‍ത്തിയും, വീട്ടുജോലി ചെയ്തും, ശമ്പളം കിട്ടാതെ, നാട്ടില്‍ പോകാന്‍ സാധിക്കാതെ കണ്ണീരൊഴുക്കി കഴിയുന്ന എത്രയോ ഇന്‍ഡ്യക്കാരുണ്ട്. അങ്ങനെയുള്ള പ്രവാസികളെ ഒന്നും നമ്മുക്ക് 'പ്രവാസി ഭാരതീയ ദിവസി'ല്‍ കാണാന്‍ കഴിയില്ല. അവരുടെ കാര്യങ്ങളും ആരും പറയാറില്ല. കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുണ്ടെങ്കില്‍പ്പോലും, ഏജന്‍സികളുടെ ചൂഷണങ്ങളും, ഒരു ചെറിയ ശതമാനം അറബികളുടെ കബളിപ്പിക്കലുകളും പൂര്‍ണ്മമായി ഇല്ലാതാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളിലെ ജീവിത സൗകര്യങ്ങളാണ് മറ്റൊരു പ്രശ്‌നം. പലപ്പോഴും രണ്ടായിരവും-മൂവായിരവും തൊഴിലാളികളാണ് ഓരോ ലേബര്‍ ക്യാമ്പുകളിലും കഴിയുന്നത്. പല രാജ്യങ്ങളുടെ എംബസികളും ഇത്തരം ക്യാമ്പുകള്‍ സന്ദര്‍ശിച്ച്, തങ്ങളുടെ പൗരന്മാരുടെ ക്ഷേമങ്ങള്‍ അന്വേഷിക്കാറുണ്ട്. പക്ഷേ ഇന്‍ഡ്യന്‍ എംബസി തിരിഞ്ഞു നോക്കാറില്ല.

എയര്‍ഇന്‍ഡ്യയുടെ കുറ്റകരമായ അനാവസ്ഥയാണ് മറ്റൊരു പ്രശ്‌നം. എത്രയോ പ്രവാസി സമ്മേളനങ്ങളില്‍ ഉന്നയിച്ചിടുള്ള കാര്യമാണിത്.പ്രവാസ മന്ത്രിയും, വ്യോമയാന മന്ത്രിയും, സാക്ഷാല്‍ പ്രധാനമന്ത്രിപോലും ഇടപെട്ടിട്ടും, ഇനിയും നന്നാവാത്ത എയര്‍ ഇന്ത്യയുടെ മനോഭാവം മാറ്റാന്‍ എത്ര പ്രവാസി ഭാരതീയ സമ്മേളനങ്ങള്‍ കൂടി കഴിയണം.

അടിക്കടിയുണ്ടാകുന്ന ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവ് നിയന്ത്രിക്കപ്പെടണം. എംബസികള്‍ ചെയ്തുതരുന്ന സേവനങ്ങള്‍ക്ക് ന്യായമായ ഫീസേ ഈടാക്കാവൂ. സാധാരണക്കാരോടുള്ള എംബസി ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടണം. ന്യായമായ കാര്യങ്ങള്‍ക്ക് നിയമ സഹായം വേണം. അങ്ങനെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. ഒരു പക്ഷേ പ്രവാസികളുടെ വോട്ടവകാശത്തെക്കാള്‍ നമ്മുക്ക് വേണ്ടത് ഇത്തരം കാര്യങ്ങളാണ്. പ്രവാസി കാര്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും, പ്രവാസി ഭാരതീയ ദിവസ് സമ്മേളനങ്ങളുടെ ഫലങ്ങളും, പ്രവാസികളിലെ മേല്‍ത്തട്ടുകാരില്‍ മാത്രം ഒതുങ്ങാതെ, സാധാണക്കാരനായ, ദുരിതങ്ങളുടെ നടുവില്‍ ജീവിക്കുന്ന, യാഥാര്‍ത്ഥ പ്രവാസികള്‍ക്കൂടി ലഭ്യമാകണം. ഭീതി കൂടാതെ, ഇന്‍ഡ്യക്കാരനെ ആത്മാഭിമാനത്തോടെ ലോകത്ത് ഏതു രാജ്യത്തും ജീവിക്കുന്നതിനുള്ള സാഹചര്യം ഓരോ പ്രവാസിക്കും ഉണ്ടാക്കണം. അതിന് ഇന്‍ഡ്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന്, പ്രത്യേകിച്ച് പ്രവാസി കാര്യവകുപ്പിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുകള്‍ ഇനിയും ഉണ്ടാകണം.
പ്രവാസി ഭാരതീയ സമ്മേളനത്തിന്റെ ബാക്കി പത്രം-ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക