Image

ദുബായില്‍ മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്‌ഘാടനം വെള്ളിയാഴ്‌ച

Published on 05 September, 2011
ദുബായില്‍ മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്‌ഘാടനം വെള്ളിയാഴ്‌ച
ദുബായ്‌: തിരുവോണ നാളില്‍ മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്‌ഘാടനം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മുന്‍കൂട്ടി പ്രഖ്യാപിച്ച പോലെ വെള്ളിയാഴ്‌ച പൂര്‍ണതോതില്‍ സ്‌റ്റേഷനുകളും അനുബന്ധ സംവിധാനങ്ങളും സജ്‌ജമാകും. ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായറുടെ നേതൃത്വത്തിലുള്ള ആര്‍ടിഎ ഉന്നതതല സംഘം ഇന്നലെ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച്‌ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഓരോ സ്‌റ്റേഷനിലെയും ബസ്‌-ടാക്‌സി പാര്‍ക്കിങ്‌ മേഖലകളിലും റോഡുകളിലും നടപ്പാതകളിലും സംഘം സന്ദര്‍ശനം നടത്തി.

സിഗ്നല്‍-ലൈറ്റിങ്‌-ശീതീകരണ സംവിധാനങ്ങള്‍, വൈദ്യുതി വിതരണം തുടങ്ങിയവയുടെ പ്രവര്‍ത്തനവും വിലയിരുത്തി. റെഡ്‌ ലൈന്‍ ഉദ്‌ഘാടനം ചെയ്‌ത 09-09-09 നു പിന്നാലെ 09-09-2011 എന്നീ അക്കങ്ങളും അറേബ്യന്‍ റയില്‍വേ ചരിത്രത്തില്‍ സുവര്‍ണശോഭയോടെ ഇടംപിടിക്കാനൊരുങ്ങുകയാണ്‌. പുതിയ സ്‌റ്റേഷനുകളിലെ ഫീഡര്‍ ബസുകളിലേക്കുള്ള ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്‌. 39 റൂട്ടുകളിലായി 456 ബസുകളാണുണ്ടാവുക. പുലര്‍ച്ചെ അഞ്ചര മുതല്‍ രാത്രി പന്ത്രണ്ടുവരെ ഫീഡര്‍ ബസുകള്‍ ലഭ്യമാണ്‌. ഗ്രീന്‍ ലൈനില്‍ തിരക്കേറിയ സമയങ്ങളില്‍ പതിനാലും അല്ലാത്തപ്പോള്‍ പത്തും ട്രെയിനുകള്‍ സര്‍വീസ്‌ നടത്തും. 6-8 മിനിറ്റ്‌ ഇടവേളകളില്‍ ട്രെയിന്‍ ഉണ്ടായിരിക്കും. റെഡ്‌ലൈനിലും ഗ്രീന്‍ലൈനിലും കൂടി തിരക്കേറിയ സമയങ്ങളില്‍ 50 ട്രെയിനുകളുണ്ടാകും. മറ്റു സമയങ്ങളില്‍ 28 ട്രെയിനുകളും.

ശനി മുതല്‍ ബുധന്‍ വരെ രാവിലെ ആറു മുതല്‍ രാത്രി പന്ത്രണ്ടുവരെയാണു സര്‍വീസ്‌. വ്യാഴാഴ്‌ചകളില്‍ രാത്രി ഒന്നുവരെയുണ്ടാകും. വെള്ളിയാഴ്‌ചകളില്‍ ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ രാത്രി ഒന്നുവരെ. വെള്ളിയാഴ്‌ച തുറക്കുന്ന 16 സ്‌റ്റേഷനുകളിലും മത്തര്‍ അല്‍ തായറും സംഘവും എത്തി. 23 കിലോമീറ്റര്‍ വരുന്ന ഗ്രീന്‍ലൈനില്‍ 20 സ്‌റ്റേഷനുകളാണുള്ളത്‌. റെഡ്‌ലൈന്‍ കൂടി കടന്നുപോകുന്ന ഖാലിദ്‌ ബിന്‍ അല്‍ വലീദ്‌, യൂണിയന്‍ ഭൂഗര്‍ഭ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയാണിത്‌.

ട്രാന്‍സ്‌ഫര്‍ സ്‌റ്റേഷനുകള്‍ എന്നാണിവ അറിയപ്പെടുക. ബാക്കിയുള്ളതില്‍ ജെദാഫ്‌, ക്രീക്ക്‌ സ്‌റ്റേഷനുകള്‍ പിന്നീടേ തുറക്കൂ. റയില്‍ ഏജന്‍സി സിഇഒ: അഡ്‌നാന്‍ അല്‍ ഹമദി, ബോര്‍ഡ്‌ അംഗവും സിഇഒയുമായ മുഹമ്മദ്‌ ഉബൈദ്‌ അല്‍ മുല്ല തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഗ്രീന്‍ ലൈനില്‍ ആഴ്‌ചകളായി ട്രയല്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്‌. എസ്‌കലേറ്ററുകള്‍, ലിഫ്‌റ്റുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും കുറ്റമറ്റ രീതിയിലാണ്‌. സ്‌റ്റേഷനുകളിലെ അവസാനവട്ട ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. റെഡ്‌ ലൈന്‍ സ്‌റ്റേഷനുകള്‍ പോലെ ജലം, വായു, അഗ്നി, ഭൂമി എന്നിവയെ അടിസ്‌ഥാനമാക്കിയാണ്‌ ഗ്രീന്‍ലൈന്‍ സ്‌റ്റേഷനുകളുടെയും നിര്‍മാണം. അല്‍ റാസ്‌, ഗുബൈബ സ്‌റ്റേഷനുകള്‍ രാജ്യത്തിന്റെ പൈതൃകം വിളിച്ചോതും വിധമാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളത്‌.

ഇത്തിസലാത്ത്‌, ക്രീക്ക്‌ സ്‌റ്റേഷനുകളാണ്‌ ഗ്രീന്‍ലൈനിന്റെ രണ്ടറ്റങ്ങളിലുമുള്ളത്‌. റെഡ്‌ ലൈനില്‍ വരുന്ന യാത്രക്കാര്‍ക്ക്‌ ഖാലിദ്‌ ബിന്‍ അല്‍ വലീദ്‌, യൂണിയന്‍ സ്‌റ്റേഷനുകളില്‍ ഇറങ്ങി ഗ്രീന്‍ലൈനിലെ ട്രെയിനില്‍ കയറാം. 25,000 ചതുരശ്രമീറ്റര്‍ വരുന്ന യൂണിയന്‍ സ്‌റ്റേഷന്‍ ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ സ്‌റ്റേഷനാണ്‌.
ദുബായില്‍ മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്‌ഘാടനം വെള്ളിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക