Image

കേരളാ സെന്ററിന്റെ തിരുവോണ മഹോത്സവം അരങ്ങേറി

Published on 05 September, 2011
കേരളാ സെന്ററിന്റെ തിരുവോണ മഹോത്സവം അരങ്ങേറി
എല്‍മോണ്ട്‌ (ന്യൂയോര്‍ക്ക്‌): ഓഗസ്റ്റ്‌ 27-ന്‌ ശനിയാഴ്‌ച ഓണസദ്യയോടെ കേരളാ സെന്ററിന്റെ ഓഡിറ്റോറിയത്തില്‍ തിരുവോണ മഹോത്സവം അരങ്ങേറി. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും ഒന്നിച്ചു നടന്ന പ്രസ്‌തുത പരിപാടികളില്‍ പ്രവേശനം സൗജന്യമായിരുന്നു. ന്യൂയോര്‍ക്കിന്റെ ദിശയില്‍ അടുത്തുകൊണ്ടിരുന്ന ഐറീന്‍ കൊടുങ്കാറ്റിനെ പ്രതിയുള്ള ആശങ്കകള്‍ക്കും ഒരുക്കങ്ങള്‍ക്കുമിടയിലും, പാലം കടന്നുവരേണ്ട ആരുംതന്നെ വന്നില്ലെങ്കിലും, സമീപ പ്രദേശങ്ങളില്‍ നിന്നെത്തിയ നൂറില്‍പ്പരം ധീര മലയാളികള്‍ ഈ സംഗമത്തെ സജീവമാക്കി.

ഏതാനും മലയാളികളുടെ ശ്രമഫലമായും അമേരിക്കയിലെങ്ങുമുള്ള അനേകരുടെ ഉദാരമായ സഹകരണത്തോടെയും 1990 ഏപ്രില്‍ സമാരംഭിച്ച ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ ആന്‍ഡ്‌ സിവിക്‌ സെന്റര്‍ ഇന്ന്‌ പരക്കെ അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ ഒരു പ്രസ്ഥാനമായി വളര്‍ന്നിരിക്കുകയാണ്‌. ഇക്കഴിഞ്ഞ മെയ്‌ 14-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ സെന്റര്‍ അതിന്റെ ഇരുപത്തിയൊന്നാമത്‌ വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. അടുത്ത വലിയ പരിപാടി നവംബറിലെ ആനുവല്‍ അവാര്‍ഡ്‌ ഡിന്നറാണ്‌.

പ്രസിഡന്റ്‌ തമ്പി തലപ്പള്ളിലിന്റെ സ്വാഗത പ്രസംഗത്തെ തുടര്‍ന്ന്‌ സെന്ററിലെ വനിതാ നേതാക്കളും മുഖ്യാതിഥിയും ചേര്‍ന്ന്‌ നിലവിളക്ക്‌ കൊളുത്തി. നൂപുര ഡാന്‍സ്‌ സ്‌കൂളിന്റെ നൃത്തങ്ങളും, കുമാരി ജോസ്‌ലിന്‍ ജോണിന്റെ ഗാനാലാപനവും, പൗലോസ്‌ പെരുമറ്റം ആന്‍ഡ്‌ പാര്‍ട്ടിയുടെ മാവേലി എഴുന്നള്ളത്തുമൊക്കെ ഉത്സവക്കൊഴുപ്പേകിയ ഈ സംരംഭം സെന്ററിലെ യൂത്ത്‌ ക്ലബ്‌ സാരഥികള്‍ എം.സി. ചെയ്‌തു. കേരളത്തില്‍ നിന്നുള്ള പി.കെ. സ്റ്റീഫന്‍ (ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍) മുഖ്യാതിഥിയായി സരസവും ശുദ്ധ മലയാളത്തിലുള്ളതുമായ ഉത്തേക പ്രഭാഷണം നടത്തി. ഡോ. ഷീല എന്‍.പി, മാമ്മന്‍ മാത്യു, രാജേഷ്വര്‍ പ്രസാദ്‌ എന്നിവരുടെ ഹ്രസ്വമായ ആശംസാ പ്രസംഗങ്ങള്‍ക്കുശേഷം സെന്ററിലെ യുവാക്കളുടെ ബോളിവുഡ്‌ നൃത്തത്തോടെ 3.15-ന്‌ സമാപിച്ച ഈ ആഘോഷങ്ങളുടെ ചുക്കാന്‍ പിടിച്ചത്‌ ചാക്കോ കോയിക്കലേത്തും, വര്‍ഗീസ്‌ തെക്കേക്കരയുമായിരുന്നു.
കേരളാ സെന്ററിന്റെ തിരുവോണ മഹോത്സവം അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക