Image

കോണ്‍സുലേറ്റുകളില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ പ്രവാസികള്‍ സംഘടിക്കണം: അനിയന്‍ ജോര്‍ജ്‌

ജോയിച്ചന്‍ പുതുക്കുളം Published on 06 September, 2011
കോണ്‍സുലേറ്റുകളില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ പ്രവാസികള്‍ സംഘടിക്കണം: അനിയന്‍ ജോര്‍ജ്‌
പ്രവാസി ഇന്ത്യക്കാര്‍ ഒത്തൊരുമിച്ച്‌ സംഘടിക്കുകയും, ഒരേ സ്വരത്തില്‍ ശബ്‌ദമുയര്‍ത്തുകയും ചെയ്‌താല്‍, പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന നടപടികളില്‍ നിന്ന്‌ പ്രവാസികാര്യ വകുപ്പും ഇന്ത്യന്‍ കോണ്‍സുലേറ്റുകളും പിന്മാറുമെന്ന്‌ ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

ഒറ്റയ്‌ക്കുള്ള സമരമുറകളിലൂടെ ഗവണ്‍മെന്റിനെ മുട്ടുകുത്തിച്ച്‌ 40 വര്‍ഷമായി പൂഴ്‌ത്തിവെച്ചിരുന്ന ലോക്‌പാല്‍ ബില്ല്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ നിയമമാക്കുവാന്‍ അണ്ണാ ഹസ്സാരെയ്‌ക്ക്‌ കഴിയുമെങ്കില്‍ തീര്‍ച്ചയായും പ്രവാസി ഇന്ത്യക്കാര്‍ ഒന്നിച്ചാല്‍ അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലെ അഴിമതിയും, സ്വജനപക്ഷപാതവും, കാര്യക്ഷമതയില്ലായ്‌മയും അവസാനിപ്പിക്കുവാന്‍ സാധിക്കും. ഭരണഘടന ഒരു ഇന്ത്യക്കാരന്‌ അനുശാസിക്കുന്ന അവകാശങ്ങള്‍ കാറ്റില്‍പറത്തി പ്രവാസികാര്യ വകുപ്പും, ഇന്ത്യന്‍ കോണ്‍സുലേറ്റും, എയര്‍ ഇന്ത്യയും പ്രവാസികളോട്‌ നെറികേട്‌ കാണിക്കുവാന്‍ തുടങ്ങിയിട്ട്‌ ദശാബ്‌ദങ്ങളായി. പ്രവാസി സംഘടനാ നേതാക്കളും സംഘടനകളും കോണ്‍സുലേറ്റും ഒരുക്കുന്ന `ആഘോഷ സദ്യകളില്‍' പങ്കെടുക്കുമ്പോള്‍ `സായിപ്പിനെ കണ്ടാല്‍ കവാത്ത്‌ മറക്കുന്നു' എന്നു പറയുന്നതുപോലെ പ്രവാസികളുടെ ആവശ്യങ്ങളും അവകാശങ്ങളും ഉന്നയിക്കാതെ ഫോട്ടോ സെഷനുവേണ്ടിയുള്ള മത്സരങ്ങളിലാണ്‌ വ്യാപൃതരായി കാണാറുള്ളത്‌.

ഇന്ത്യയില്‍ നിന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും അമേരിക്കയിലെത്തുമ്പോള്‍ അവരുടെ ബഹുമാനാര്‍ത്ഥം എന്നുപറഞ്ഞ്‌ കോണ്‍സുലേറ്റുകളില്‍ വിരുന്നൊരുക്കാറുണ്ട്‌. ഇങ്ങനെയുള്ള ആഘോഷപരിപാടികളില്‍ നൂറിനും ഇരുനൂറിനും ഇടയ്‌ക്ക്‌ ഉദ്യോഗസ്ഥരും ശില്‍ബന്ദികളും പ്രവാസി സംഘടനാ നേതാക്കളും പങ്കെടുക്കും. ഇതുപോലെയുള്ള ഇരുപത്തഞ്ചോളം പാര്‍ട്ടികളാണ്‌ കോണ്‍സുലേറ്റില്‍ അരങ്ങേറുന്നത്‌. ഇതിനായി ധൂര്‍ത്തടിക്കുന്നത്‌ ലക്ഷണക്കണക്കിന്‌ ഡോളറുകളും. അടുത്തയിടയ്‌ക്ക്‌ ടീം ഇന്ത്യയുടെ വിജയാഘോഷം എന്നപേരില്‍ ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ഒഴുകിയത്‌ മുപ്പതോളം ബ്ലൂബെല്‍ വിസ്‌കിയാണ്‌. മദ്യത്തിനുമാത്രം 7000-ത്തോളം ഡോളര്‍! എവിടെനിന്ന്‌ കോണ്‍സുലേറ്റിന്‌ ഇതിനുള്ള ഫണ്ട്‌ ലഭിക്കുന്നു. ഉത്തരം വളരെ ലളിതമാണ്‌. യാതൊരു ന്യായീകരണവുമില്ലാതെ പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്‌, ഒ.സി.ഐ കാര്‍ഡ്‌ എന്ന പേരിലും പിരിച്ചെടുക്കുന്ന മില്യന്‍ കണക്കിന്‌ ഡോളറുകളാണ്‌ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കാതെ ആഘോഷങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കുന്നത്‌. ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്കും പ്രവാസി വകുപ്പിനും പണം ധൂര്‍ത്തടിക്കാന്‍ ആവശ്യംവരുമ്പോള്‍ ഓരോ പേരും പറഞ്ഞ്‌ പ്രവാസികളുടെ പിച്ചച്ചട്ടിയില്‍ കയ്യിടുന്ന പ്രവര്‍ത്തനം ഏറിവരുകയാണ്‌.

അടിയന്തരമായ പ്രവാസി ഇന്ത്യക്കാരന്‌ ഒരു അത്യാഹിതം വരുമ്പോഴോ, ഒരു അത്യാവശ്യം ഉണ്ടാകുമ്പോഴോ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ എടുക്കുവാനോ, ഇമെയിലിന്‌ റെസ്‌പോണ്‍സ്‌ ചെയ്യുവാനോ ആളുകളില്ല. കോണ്‍സുലേറ്റില്‍ നേരിട്ട്‌ ചെന്നാലോ- ഉദ്യോഗസ്ഥരുടെ പെരുമാറ്റം അസഹനീയം. ഉദ്യോഗസ്ഥരുടെ ആട്ടും നിന്ദയും അനുഭവിക്കുന്ന എത്രയോ പ്രവാസികള്‍ നമ്മുടെ ഇടയിലുണ്ട്‌. ഇവിടെയൊരു മാറ്റം ആവശ്യമല്ലേ? മലയാളികളുടെ ദേശീയ സംഘടനയായ ഫോമയും, വേള്‍ഡ്‌ മലയാളിയും, ഫൊക്കാനയും ഒരുമിക്കുകയും, മറ്റ്‌ ഇന്ത്യന്‍ സംഘടനകളായ എഫ്‌.ഐ.എയും, എന്‍.എഫ്‌.ഐ.എയുമായി കൈകോര്‍ത്ത്‌ പിടിച്ച്‌ നമ്മുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമായി പൊരുതിയാല്‍ തീര്‍ച്ചയായും ഒരു മാറ്റമുണ്ടാകും.

അഴിമതിക്കെതിരേ അണ്ണാ ഹസ്സാരെയുടെ സമരവിജയം നമുക്കൊരു പുതിയ പാത തുറന്നുതരികയാണ്‌. അമേരിക്കയിലെ പ്രവാസി സംഘടനകള്‍ പ്രതികരിക്കാന്‍ തയാറായില്ലെങ്കില്‍, ഒരു ജനകീയ മുന്നേറ്റത്തിന്‌ സാധ്യത അതിവിദൂരമല്ല. സംഘടനാ നേതാക്കള്‍ക്ക്‌ കോണ്‍സുലേറ്റുകളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളോടും, ശാപ്പാടിനോടും, നേതാക്കളോടൊത്തുള്ള ഫോട്ടോ എടുപ്പുകള്‍ക്കുമാണ്‌ താത്‌പര്യമെങ്കില്‍ അവര്‍ പ്രവാസികളുടെ ഇടയില്‍ ഒറ്റപ്പെടും.

മറിച്ച്‌ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കുംവേണ്ടി പൊരുതുകയാണെങ്കില്‍ അവരെ പ്രവാസികള്‍ സ്‌മരിക്കുകയും ജനനേതാക്കളായി കണക്കാക്കുകയും ചെയ്യും.

പ്രവാസികളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും:

1). ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിനിധികളായി അമേരിക്കയിലെത്തിയിരിക്കുന്ന കോണ്‍സുലേറ്റുകളിലേയും മറ്റു ഉദ്യോഗസ്ഥരും മനസ്സിലാക്കേണ്ട പ്രധാന കാര്യം: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനും സംരക്ഷണയ്‌ക്കും ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്‌ എംബസിയും കോണ്‍സുലേറ്റുകളും പ്രവാസികാര്യ വകുപ്പും. ഉദ്യോഗസ്ഥന്മാര്‍ ജനങ്ങളുടെ യജമാനന്മാരല്ല, മറിച്ച്‌ ദാസന്മാരാണ്‌ എന്ന വസ്‌തുത മനസ്സിലാക്കി, അമേരിക്കയിലേയും മറ്റും ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളും, സന്ദര്‍ശകരെ സ്വീകരിക്കുവാനുള്ള ആതിഥേയത്വവും, മര്യാദയും മനസ്സിലാക്കി പ്രവര്‍ത്തിക്കുക.

2). പ്രവാസി ഇന്ത്യക്കാരുടെ കൈയില്‍ നിന്നും 275 ഡോളര്‍ വീതം ഓരോരുത്തര്‍ക്കും ഒ.സി.ഐ കാര്‍ഡിനു വേണ്ടി ഈടാക്കുന്ന തുക വെട്ടിക്കുറച്ച്‌ 100 ഡോളര്‍ ആക്കുക. പി.ഐ.ഒ കാര്‍ഡിന്റെ ഫീസ്‌ 365 ഡോളറില്‍ നിന്നും 150 ഡോളര്‍ ആക്കുക. 2010 ജൂണ്‍ 1-ന്‌ ശേഷം അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ്‌ എടുത്ത ഇന്ത്യക്കാരില്‍ നിന്നും 175 ഡോളര്‍ ആണ്‌ പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിന്‌ ഈടാക്കാറുള്ളത്‌. ഇത്‌ ക്യാന്‍സല്‍ ചെയ്‌ത്‌, പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ്‌ 20 ഡോളര്‍ ആയി നിലനിര്‍ത്തുക.

3). 2005-ല്‍ നിലവില്‍ വന്ന `Right to Information Act' (R.I.T) പ്രകാരം ഇന്ത്യക്കാരില്‍ നിന്നും ഫീസിനത്തില്‍ പിരിച്ചെടുക്കുന്ന തുകയും ആഘോഷങ്ങള്‍ക്കും മറ്റ്‌ പരിപാടികള്‍ക്കുമായി ചിലവിടുന്ന തുകയും വര്‍ഷത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുക. അനാവശ്യമായി ചിലവിടുന്ന തുക പ്രവാസികളുടെ ക്ഷേമത്തിനായി ചെലവഴിക്കുക. ജനങ്ങളില്‍ നിന്നും ഫീസ്‌ ഇനത്തില്‍ പിരിച്ചെടുക്കുന്ന തുകയും ചിലവ്‌ കണക്കുകളും ഓഡിറ്റ്‌ ചെയ്യുക.

4). പ്രവാസികാര്യ വകുപ്പും ഇന്ത്യന്‍ എംബസിയും പ്രവാസികള്‍ക്ക്‌ അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുക. ഈ മൂന്ന്‌ വകുപ്പുകളേയും പ്രതിനിധീകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ്‌ ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും 1-800 നമ്പരിലൂടെ ഇദ്ദേഹവുമായി ബന്ധപ്പെടുവാനുള്ള സൗകര്യവും ഉണ്ടാക്കുക.

5). ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലേക്ക്‌ ഇമെയിലൂടെ ബന്ധപ്പെടുന്നവര്‍ക്ക്‌ 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കുവാനുള്ള നടപടികള്‍ സ്വീകരിക്കുക. മാസത്തിലൊരിക്കല്‍ അമേരിക്കയിലുള്ള എല്ലാ ഇന്ത്യന്‍ കോണ്‍സിലേറ്റുകളിലേയും ഉദ്യോഗസ്ഥര്‍ ദൃശ്യ വാര്‍ത്താ പ്രതിനിധികളേയും സംഘടനാ നേതാക്കളേയും ഉള്‍പ്പെടുത്തി പ്രസ്‌ കോണ്‍ഫറന്‍സ്‌ നടത്തുക. ഈ മീറ്റിംഗില്‍ വെച്ച്‌ കോണ്‍സുലേറ്റില്‍ പുതുതായി എന്തെങ്കിലും നിയമങ്ങള്‍ ഉണ്ടായെങ്കില്‍ ജനങ്ങളെ അറിയിക്കുവാനും ജനങ്ങളുടെ ആവശ്യങ്ങള്‍ സംഘടനാ പ്രതിനിധികള്‍ക്കു കോണ്‍സുലേറ്റിനെ അറിയിക്കാനും സാധിക്കും.

മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നിവേദന രൂപത്തില്‍ ആക്കി എല്ലാ സംഘടനകള്‍ക്കും അയയ്‌ക്കുകയും, പതിനായിരക്കണക്കിന്‌ പ്രവാസികളുടെ ഒപ്പോടുകൂടി അധികാരികള്‍ക്ക്‌ നല്‍കുകയാണ്‌ സമരത്തിന്റെ ഒന്നാംഘട്ടമെന്ന്‌ അനിയന്‍ ജോര്‍ജ്‌ അറിയിച്ചു. ഇതുപോലെതന്നെ മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസി സംഘടനകളും ഭീമഹര്‍ജി തയാറാക്കും. അധികാരികള്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രിമാരേയും, കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥരേയും ബഹിഷ്‌കരിക്കുക, എംബസിയുടേയും കോണ്‍സുലേറ്റുകളുടേയും മുന്നില്‍ ധര്‍ണ്ണ നടത്തുക തുടങ്ങിയ പ്രതിക്ഷേധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന്‌ അനിയന്‍ ജോര്‍ജ്‌ അറിയിച്ചു.

ഫോമാ, ഫൊക്കാന, ഡബ്ല്യു.എം.സി തുടങ്ങിയ സംഘടനകളുമായി കൂടിയാലോചിച്ച്‌ ഭാവി പരിപാടികള്‍ രൂപപ്പെടുത്തും. അനിയന്‍ ജോര്‍ജ്‌ (908 337 1289). ഇമെയില്‍: aniyang@gmail.com
കോണ്‍സുലേറ്റുകളില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ പ്രവാസികള്‍ സംഘടിക്കണം: അനിയന്‍ ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക