Image

അനുപമ വേദാന്ത ചിന്തകന്‍- സ്വാമി വിവേകാനന്ദ് : സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 16 January, 2013
അനുപമ വേദാന്ത ചിന്തകന്‍- സ്വാമി വിവേകാനന്ദ് : സുധീര്‍ പണിക്കവീട്ടില്‍
(സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാമത് ജന്മദിനാഘോഷ വേളയില്‍ ആദരപൂര്‍വ്വം ഈ കൊച്ച് ലേഖനം സമര്‍പ്പിക്കുന്നു,)

'ഈ ജീവിതം അമൂല്യമാണു. നമ്മള്‍ ഈ ജീവിതത്തെ സാധാരണവും, അര്‍ഥമില്ലാത്തതുമായ കാര്യങ്ങള്‍ക്കായി പാഴാക്കുന്നു. അര്‍ഥപൂര്‍ണ്ണമായ എന്തെങ്കിലും നമുക്ക് അന്വേഷിക്കാം. മഹത്തായ കാര്യങ്ങള്‍ അറിയാന്‍ നമുക്ക് മുന്നോട്ട് പോകാം. നമ്മള്‍ പാപികളും കൊള്ളരുതാത്തവരുമാണെന്ന വിചാരം എന്നന്നേക്കുമായ് ഉപേക്ഷിക്കാം. നമ്മളില്‍ അനശ്വരമായ ആത്മാവുണ്ടെന്നന്ന ബോധമുള്ളവരാകുക നാം..'സ്വാമി വിവേകാനന്ദ്

'നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടൊ?'

ഉണ്ട്, നിന്നെ ഞാന്‍ കാണുന്നപോലെ എന്നാല്‍ അത്‌ സാധിക്കുന്നത് ഉല്‍ക്കടമായ ഇന്ദ്രിയബോധത്തിലൂടെയാണെന്ന് മാത്രം''

ബ്രഹ്മ സമാജത്തില്‍ നിന്ന് അവരുടെ വിശ്വാസങ്ങളോട് പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയാതെവേറിട്ട്‌നിന്ന ഒരു വിഭാഗത്തില്‍ നരേന്ദ്രനാഥ് ദത്ത എന്ന വിദ്യാര്‍ഥിയും അംഗമായിരുന്നു. ബ്രഹ്മ സമാജക്കാര്‍ ഈശ്വരനു രൂപമില്ലെന്നും വിഗ്രഹാരാധന തെറ്റാണെന്നും വിശ്വ്‌സിച്ചിരുന്നു. ഈശ്വരനെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നായിരുന്നു അന്ന്‌ വിദ്യാര്‍ഥിയായിരുന്ന നരേന്ദ്രനാഥിന്റെ ചിന്ത.അദ്ദേഹം അതു പലരോടും ചോദിച്ചെങ്കിലും
തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചില്ല. ആ അവസരത്തിലാണു ഇന്നത്തെ സ്‌കോട്ടിഷ് ചര്‍ച്ച്‌ കോളേജിലെ ഇംഗ്ലീഷ്‌ സാഹിത്യക്ലാസ്സില്‍ ആംഗല കവി വേഡ്‌സ്‌വര്‍ത്തിന്റെ ' ദി എക്‌സ്‌കര്‍ഷന്‍'' എന്ന കവിത പഠിപ്പിച്ച്‌കൊണ്ടിരുന്ന അദ്ധ്യാപകന്‍ 'ട്രാന്‍സ്' എന്ന ഇംഗ്ലീഷ്‌ വാക്കിന്റെ അര്‍ഥം വിശദീകരിക്കുന്നതിനിടയില്‍ ആ വാക്കിന്റെ യഥാര്‍ഥ അര്‍ഥം അറിയാന്‍ ദക്ഷിണേശ്വരിലെ സ്വാമി രാമക്രുഷ്ണയെ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചത്. പ്രായത്തില്‍ കവിഞ്ഞ ബുദ്ധി എപ്പോഴും പ്രകടിപ്പിച്ചിരുന്ന വിദ്യാര്‍ഥിയായിരുന്നു നരേന്ദ്രനാഥ്. ശ്രീരാമക്രുഷ്ണനോട് ആ വിദ്യാര്‍ഥി ചോദിച്ച ചോദ്യവും അതിന്റെ ഉത്തരവുമാണു ഈ ലേനത്തിന്റെ ആരംഭത്തില്‍ കൊടുത്തിര്‍ക്കുന്നത്.ആ കൂടികാഴ്ച്ച ഭാരതമാതാവിനു എന്നും അഭിമാനിക്കാവുന്ന ഒരു പുത്രനെ സമ്മാനിച്ചു. അദ്ദേഹം സത്യാന്വേഷണത്തിനായി തന്റെ ജീവിതം ഉഴിഞ്ഞ്‌വച്ചു. ഭാരതീയ സന്യാസപാരമ്പര്യത്തിന്റെ ഒരു കണ്ണിയായി. സ്വാമിവിവേകാനന്ദന്‍ എന്ന പേരില്‍ വിശ്വപ്രശസ്തനായി. ഭാരതീയസിദ്ധാന്തങ്ങളും ദര്‍ശനങ്ങളും പുറം ലോകത്തെത്തിച്ച ആത്മീയ ഗുരുവായി. സ്വരാജ്യസ്‌നേഹിയായ സിദ്ധന്‍ എന്ന് ആദരപൂര്‍വ്വം സ്വാമി അറിയപ്പെട്ടു .അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ യുവദിനം ആയി ആഘോഷിക്കുന്നു.

ജന ലക്ഷങ്ങള്‍ ഗംഗമാതാവിനു അര്‍ച്ചനകള്‍ അര്‍പ്പിക്കുന്ന ഹിന്ദുക്കളുടെ വിശേഷ ദിവസമായ മകരസംക്രാന്തി നാള്‍ സൂര്യോദയത്തിനു കുറച്ച്മുമ്പ് അദ്ദേഹത്തിന്റെ അമ്മയുടെ വിശ്വാസപ്രകാരം ശിവന്റെ അവതാരം പോലെ ഭൂജാതനായി. വീട്ടില്‍നിന്നും വളരെയകലെ അല്ലാതെ സ്ഥിതിചെയ്തിരുന്ന ഗംഗതീരത്ത് ഭക്തജനങ്ങള്‍ ആരാധനകളും പൂജകളും മന്ത്രങ്ങളും ചൊല്ലുന്നത്‌ കേട്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലെ വായു ആദ്യം ശ്വസിച്ചും ഭാരതീയദര്‍ശനങ്ങള്‍ക്ക് ആധികാരിക പകരാന്‍ ആ ബാലന്‍ ഒരു പക്ഷെ നിയുക്തനായത്‌ ദൈവവിഹിതമാകാം. കല്‍ക്കത്തയിലെ സമ്പന്നവും കുലീനവുമായ ഒരു കുടുംബത്തില്‍ ജനിച്ച നരേന്ദ്രനാഥ്ദത്തക്ക് കുട്ടിക്കാലത്ത്‌ വീട്ടിലെ കുതിരവണ്ടികാരനെ പോലെ ഒരു വണ്ടിക്കാരാനാകനായിരുന്നു മോഹം.വക്കീലായിരുന്ന പിതാവിന്റെ പുരോഗമന ചിന്താഗതിയും മാതാവിന്റെ ധാര്‍മ്മിക മൂല്യ്ങ്ങളോടുള്ള നിഷ്ഠയും അവലംബവും നരേന്ദ്രനാഥ് എന്ന ചെറുപ്പക്കാരന്റെ ചിന്തയേയും വ്യക്തിത്വത്തേയും സ്വാധീനിച്ചു. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കണ്ടുമുട്ടിയ ശ്രീരാമക്രുഷ്ണനെ നരേന്ദ്രനാഥ് ആദ്യം സ്വീകരിച്ചില്ല. കാളിയെ പൂജിക്കുന്ന അദ്ദേഹത്തോട്‌ വിഗ്രഹാരാധന എതിര്‍ത്തിരുന്ന അദ്ദേഹത്തിനു യോജിപ്പുണ്ടായില്ല. ശ്രീരാമക്രുഷ്ണപരമഹംസന്റെ പരമാനന്ദ ചിന്തയും ദര്‍ശനങ്ങളും നരേന്ദ്രനാഥിനു തുടക്കത്തില്‍ സ്വീകാര്യമായിരുന്നില്ല.അതെല്ലാം അദ്ദേഹത്തിന്റെ മതിഭ്രമവും നിറമാര്‍ന്ന കല്‍പ്പനകളും മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു.എന്നാല്‍ അനവധി പരീക്ഷകളിലൂടെ, വാദ-വിവാദങ്ങളിലൂടെ അദ്ദേഹം തന്റെ ഗുരുവിനെ തിരിച്ചറിഞ്ഞു, ഗുരുവിന്റെ സമാധിക്ക്‌ശേഷം രാമക്രുഷ്ണ മഠം എന്ന പേരില്‍ മഠം സ്ഥാപിച്ചു, മഠത്തിന്റെ അധിപനായി. ഭാരതത്തിന്റെ നാനാഭാഗത്തേക്കും സ്വാമി യാത്രചെയ്തു. തന്റെ യാത്രക്കിടയില്‍ ദാരിദ്ര്യവും ക്ലേശപൂര്‍ണ്ണമായ ജീവിതവും നയിക്കുന്ന ദരിദ്രനാരായണന്മാരെ അദ്ദേഹം കണ്ടു. അവഗണിക്കപ്പെട്ട ഈ ജനവിഭാഗമാണു ഭാരതത്തിന്റെ പതനത്തിനു കാരണമെന്ന് അദ്ദേഹം വിളിച്ച്പറഞ്ഞു. ദാരിദ്ര്യത്തിനിടയിലും ജനങ്ങള്‍ അവരുടെ മതത്തോട് പുലര്‍ത്തുന്ന വിശ്വാസം കണ്ട് അവര്‍ക്കായി അദ്ദേഹം രണ്ട് കാര്യങ്ങള്‍ ആവശ്യമാണെന്ന് മനസ്സിലാക്കി. മതേതരമായ അറിവിലൂടെ അവരുറ്റെ ഉന്നമനം, ആത്മീയ ജ്ഞാനത്തിലൂടെ അവരുടെ ധാര്‍മ്മിക ബോധം ഉണര്‍ത്തല്‍.

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഈശ്വരന്റെ പ്രതിരൂപങ്ങളാണു തന്മൂലം ദൈവാരാധന മന്‍ഷ്യര്‍ക്ക്‌ വേണ്ടിചെയ്യുന്ന സേവനമാണെന്ന് ഗുരുവായ ശ്രീപരമഹംസനില്‍ നിന്ന്‌ സ്വാമി മനസ്സിലാക്കിയിരുന്നു,
ശക്തിയുടെ ഭണ്ഡാരമാണു ഉപനിഷത്തുക്കള്‍ എന്ന്‌ സ്വാമി പറഞ്ഞു. ഉപനിഷത്തുക്കള്‍ ഭയരഹിതരായിരിക്കാന്‍ മനുഷ്യരെ പഠിപ്പിക്കുന്നു എന്ന്‌ സ്വാമി പ്രസംഗിച്ചു ഇതെക്കുറിച്ച്‌ സ്വാമിപറഞ്ഞ ഒരുകഥയുണ്ട്. സിന്ധുനദീതീരത്ത്‌ വച്ച് മഹാനായ അല്‍ക്‌സാണ്ടര്‍ ചക്രവര്‍ത്തി ഒരു കൂസലുമില്ലാതെ നഗ്നനായി ഒരുകല്ലില്‍ കയറി ഇരിക്കുന്ന സന്യാസിയെ കാണുന്നു. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവംകണ്ട് ചക്രവര്‍ത്തി അദ്ദേഹത്തെ സ്വര്‍ണ്ണവും പദവികളും കൊടുത്ത് ഗ്രീസിലേക്ക്‌ വിളിക്കുന്നു. സന്യാസി ആ ഔദാര്യത്തെ നിരസിച്ചപ്പോള്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ച്‌ സന്യാസിയെ കൊല്ലുമെന്ന്‌ പേടിപ്പെടുത്തി. സന്യാസി അത്‌കേട്ട്‌ പൊട്ടിച്ചിരിച്ച്‌ കൊണ്ട് ചക്രവര്‍ത്തിയോട് പറഞ്ഞു :നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞപ്പോലെ ഒരുനുണ ജീവിതത്തില്‍ പറഞ്ഞിട്ടുണ്ടവില്ല. ഭൗതികലോകത്തിലെ ചക്രവര്‍ത്തി, നിങ്ങള്‍ക്ക് എന്നെകൊല്ലാന്‍ കഴിയില്ല. ഒരിക്കലും നശിക്കാത്ത, ജനിക്കാത്ത ആത്മാവാണു ഞാന്‍. എനിക്ക് ജനിമ്രുതികളില്ല. ഞാന്‍ അപരിമിതനാണു, സര്‍വ്വവ്യാപിയാണു, സര്‍വ്വജ്ഞാനിയാണു. നീവെറും ശിശു, നീ എന്നെ കൊല്ലുകയോ? അതാണു ശക്തി, അതാണു നിര്‍ഭയത്വം. കഠോപനിഷത്തിലെ ' ഉത്തിഷ്ഠത ജാഗ്രതപ്രാപ്യവരാന്നിബോധത.. സ്വാമിക്കിഷ്ടമുള്ള മന്ത്രങ്ങളില്‍ ഒന്നായിരുന്നു. ആത്മതത്വം അറിയുന്നതിനു അലസത വിട്ട് ഉണര്‍ന്നെണീറ്റ്‌ ശ്രേഷ്ടന്മാരായ് ആചാരന്മാരെ സമീപിക്കാന്‍ ഈ മന്ത്രം ഉപദേശിക്കുന്നു. ഈ ഉപനിഷത്തില്‍ പറയുന്ന നാചികേതസ്സ് എന്ന ബാലന്റെ അസാമാന്യവ്യക്തിത്വവും നിര്‍ഭയത്വവും സ്വാമിയെ ആകര്‍ഷിച്ച് കാണും. നചികേത എന്നാല്‍ സന്തോഷത്തിനും ദു:ത്തിനും അതീതനായവന്‍ എന്നര്‍ഥമാണു. അദ്ദേഹത്തിന്റെ ശിക്ഷണങ്ങളും ദര്‍ശന
ശാസ്ത്രങ്ങളും മനുഷ്യരുടെ സ്വഭാവരൂപികരണത്തിനും, വിദ്യാഭ്യാസത്തിനും ഊന്നല്‍ കൊടുത്തു, മനുഷ്യരില്‍ ഉള്ള പൂര്‍ണ്ണതയെ സാക്ഷത്കരിക്കുന്നതാണു വിദ്യാഭ്യാസം എന്ന് അദ്ദേഹം വിശസിച്ച്‌പോന്നു. ഒരു രാഷ്ട്രത്തിന്റെ ഭാവി അതിലെ ജനങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കരുതി. ഒരു മനുഷ്യനെ, ഒരു രാഷ്ട്രത്തെ മഹത്വപൂര്‍ണ്ണമാക്കുന്നത് മൂന്ന് കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അവ- നന്മയുടെ ശക്തിയിലുള്ള ദ്രുഡവിശ്വാസം, അസൂയയില്‍നിന്നും സംശയങ്ങളില്‍നിന്നും മുക്തി, നന്മചെയ്യുന്നവരേയും, ചെയ്യുന്നവരേയും സഹായിക്കല്‍.

ഭാരതീയദര്‍ശനങ്ങളും വേദാന്തവും പാശ്ചാത്യനാടുകളിലേക്ക്‌ വ്യാപിപ്പിക്കുക മാത്രമല്ല അവയെ പുനര്‍ജീവിപ്പിക്കുകയും സ്പ്ഷ്ടമാക്കുകയും ചെയ്തു സ്വാമികള്‍. ഭാരതത്തെ കുറിച്ച് അറിയാന്‍ സ്വാമിവിവേകാനന്ദനെ പഠിക്കുക എന്ന് ടാഗോര്‍ ഒരിക്കല്‍ പറയുകുണ്ടായി. ചിക്കാഗോയില്‍ സ്വാമി ചെയ്ത പ്രസംഗം എന്നും എവിടെയും ഉദ്ധരിക്കപ്പെടുന്നു. ബ്രിട്ടിഷ് ആധിപത്യ്ത്തില്‍ സ്വന്തം കഴിവും മന:ശ്ശക്തിയും നഷ്ടപ്പെട്ട ഭാര്‍തീയര്‍ക്ക് ആത്മീയ ഉണര്‍വ്വും കര്‍ത്തവ്യനിര്‍വ്വഹണത്തിനുള്ള കരുത്തും സ്വാമി പകര്‍ന്ന്‌ കൊടുത്തു. അദ്ദേഹത്തിന്റെ അനവധി പ്രഭാഷണങ്ങളില്‍ നിന്ന്‌ വിപുലമായ ലേനങ്ങള്‍ ഉണ്ടായി. ആധുനിക യുഗത്തിനു അനിവാര്യമായ വേദാന്ത ചിന്തകള്‍ അദ്ദേഹം പഠിപ്പിച്ചു. ഭഗവത്ഗീതയില്‍ നിന്നും ഉപനിഷുത്തുക്കളില്‍നിന്നും ഉത്ഭവിച്ച ഭാരതീയ ദര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ നാലുപ്രധാന ഗ്രന്ഥങ്ങളില്‍ ഉള്‍കൊള്ളുന്നു.

പലപ്പോഴും നമ്മുടെ പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കുന്നില്ലെന്ന്‌ നമുക്ക്‌ തോന്നുന്നത്‌ ദൈവത്തിന്റെ വഴികള്‍ നമ്മള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തത്‌ കൊണ്ടാണു. അതെക്കുറിച്ച്‌ സ്വാമി വിവരിക്കുന്നത് ഇങ്ങനെ: ഞാന്‍ ദൈവത്തോട് ശക്തിതരണമെന്ന് പ്രാര്‍ഥിച്ചപ്പോള്‍ ദൈവം എനിക്ക് അഭിമു
ഖീകരിക്കാന്‍ പ്രയാസമുള്ള അവസരങ്ങള്‍ തന്നു. ഞാന്‍ ദൈവത്തോട് ബുദ്ധിയും ബലവും ചോദിച്ചപ്പോള്‍ എനിക്ക് പൂരിപ്പിക്കാന്‍ ജീവിതത്തിന്റെ സമസ്യകള്‍ തന്നു.സന്തോഷം വേണമെന്ന് പറഞ്ഞപ്പോള്‍ ദുഃഖിതരായ ചിലരെ കാണിച്ച് തന്നു. ഞാന്‍ ധനം ചോദിച്ചപ്പോള്‍ എങ്ങനെ അദ്ധ്വാനിക്കാമെന്ന് കാണിച്ച്തന്നു.ഞാന്‍ ആനുകൂല്യങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ധ്വാനിച്ചാല്‍ അവസരങ്ങള്‍ എങ്ങനെ കൈവരുമെന്ന് കാണിച്ച്തന്നു, ഞാന്‍ സമാധാനം ചോദിച്ചപ്പോള്‍ മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്ന് കാണിച്ച്തന്നു.ഞാന്‍ ചോദിച്ചതൊന്നും ദൈവം തന്നില്ല എന്നാല്‍ എനിക്ക് ആവശ്യമുള്ളതെല്ലാം തന്നു.

ലോകത്തിലെ ഏറ്റവും വലിയനിര്‍ഭാഗ്യം ജനങ്ങള്‍ മറ്റുമതങ്ങളോട്‌ സഹിഷ്ണത കാണിക്കുകയോ അവയെ അറിയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നാണു. വിശ്വസാഹോദര്യത്തിന്റെ
ആവശ്യകതക്ക് ഊന്നല്‍ കൊടുത്ത സ്വാമി മതവിദ്വേഷം ഭൂമിയെ രകതം കൊണ്ട്‌ നനക്കുമെന്ന് അന്നേ ശങ്കിച്ചിരുന്നുത് ഇന്ന്‌ വാസ്ഥവമാകുന്നു.


ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക