Image

ടൈറ്റാനിയം കേസ്: വിജിലന്‍സിന് കോടതി വിമര്‍ശനം

Published on 06 September, 2011
ടൈറ്റാനിയം കേസ്: വിജിലന്‍സിന് കോടതി വിമര്‍ശനം
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ തെളിവുകള്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതുതായി ലഭിക്കുന്ന തെളിവുകള്‍ പരിശോധിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കേസില്‍ നിലവില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇതിനായി പ്രത്യേകം ഉത്തരവ് ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ ഇതുവരെയുണ്ടായ വിജിലന്‍സ് അന്വേഷണത്തെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അഞ്ച് വര്‍ഷം പിന്നിട്ട അന്വേഷണത്തില്‍ ഇതുവരെ 17 സാക്ഷികളെ മാത്രം ചോദ്യം ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല.  സര്‍ക്കാര്‍, ടൈറ്റാനിയം മലിനീകരണ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രേഖകള്‍ കൈപറ്റാത്തതും വിമര്‍ശനത്തിന് ഇടയാക്കി.

കോടികണക്കിന് രൂപയുടെ നഷ്ടം പൊതുഖജനാവിന് വരുത്തിയെന്ന ആരോപണത്തില്‍ ഇതുവരെ നടന്ന അന്വേഷണം ഒച്ചിന്റെ വേഗതയിലാണെന്നും കോടതി വിധിന്യായത്തില്‍ പരിഹസിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് എന്നിവരുള്‍പ്പെടെ 11 പേര്‍ക്കെതിരെ തിരുവനന്തപുരം മണക്കാട് സ്വദേശി ജയന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണങ്ങള്‍.

അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെങ്കില്‍ ഹര്‍ജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും അങ്ങനെയെങ്കില്‍ വ്യക്തമായ ഉത്തരവ് നല്‍കുമെന്നും വിധിന്യായത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക