Image

വോട്ടിനുകോഴ: അമര്‍സിങ്ങിനെ അറസ്റ്റു ചെയ്തു

Published on 06 September, 2011
വോട്ടിനുകോഴ: അമര്‍സിങ്ങിനെ അറസ്റ്റു ചെയ്തു
ന്യൂഡല്‍ഹി: 'വോട്ടിനു കോഴ' കേസില്‍ രാജ്യസഭാംഗം അമര്‍സിങ്ങിന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. സപ്തംബര്‍ 19 വരെ അദ്ദേഹത്തെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമര്‍സിങ്ങിനെക്കൂടാതെ ബി.ജെ.പി.യുടെ മുന്‍ ലോക്‌സഭാംഗങ്ങളായ ഫഗ്ഗന്‍സിങ് കുലസ്‌തെ, മഹാവീര്‍ ഭഗോറ എന്നിവരെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോടതി വിധിയെത്തുടര്‍ന്ന് അമര്‍സിങ് അടക്കമുള്ളവരെ പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്തു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ മൂന്നു ബി.ജെ.പി. ലോക്‌സഭാംഗങ്ങള്‍ക്കു കോഴ നല്‍കിയെന്നാണു കേസ്. ചില ടെലിഫോണ്‍ സംഭാഷണങ്ങള്‍ മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവായ അമര്‍സിങ്ങിനെതിരെ നിര്‍ണായക തെളിവായിത്തീര്‍ന്നിട്ടുണ്ടെന്നാണു സൂചന. എന്നാല്‍, കോണ്‍ഗ്രസ്സിനോ സമാജ്‌വാദി പാര്‍ട്ടിക്കോ സംഭവത്തില്‍ പങ്കില്ലെന്ന് അന്വേഷണഘട്ടത്തില്‍ത്തന്നെ പോലീസ് പറഞ്ഞിരുന്നു.

ബി.ജെ.പി. അംഗങ്ങളായ അശോക് അര്‍ഗലും കുലസ്‌തെയും ഭഗോറയും തങ്ങള്‍ക്കു കിട്ടിയ കോഴപ്പണമെന്ന പേരില്‍ ഒരു കോടി രൂപയുടെ നോട്ടുകെട്ടുകള്‍ വിശ്വാസ വോട്ടെടുപ്പു ദിവസം ലോക്‌സഭയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണു കേസിന്റെ തുടക്കം. മൂന്നുവര്‍ഷം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിന്റെ പേരില്‍ സുപ്രീംകോടതി ഈയിടെ ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് സഞ്ജീവ് സക്‌സേനയെയും സുഹൈല്‍ ഹിന്ദുസ്ഥാനിയെയും അറസ്റ്റ് ചെയ്യുകയും അമര്‍സിങ്ങടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

നിലവില്‍ ലോക്‌സഭാംഗമായ അശോക് അര്‍ഗലിനെ വിചാരണ ചെയ്യാന്‍ സ്പീക്കറുടെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തെ ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടില്ല. സ്പീക്കറുടെ അനുമതി തേടി കത്തയച്ചിട്ടുണ്ട്. അത് ലഭിച്ചുകഴിഞ്ഞാല്‍ അര്‍ഗലിനെക്കൂടി പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. അമര്‍സിങ്ങിനെ വിചാരണ ചെയ്യുന്നതിന് രാജ്യസഭാധ്യക്ഷന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.

അസുഖം മൂലം കിടപ്പിലായതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അമര്‍സിങിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അമര്‍സിങ്ങിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള മെഡിക്കല്‍ രേഖകള്‍ ഉച്ചയ്ക്ക് 12.30ന് ഹാജരാക്കാന്‍ കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ 12.30ന് അമര്‍സിങ് കോടതിയില്‍ ഹാജരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക